This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരികാലചോഴന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരികാലചോഴന്‍

സംഘകാലത്ത്‌ (ക്രിസ്‌ത്വബ്‌ദത്തിന്റെ ആദിമ ശതകങ്ങള്‍) തമിഴകം ഭരിച്ചിരുന്ന പ്രശസ്‌തനായ ചോള രാജാവ്‌ ("ചോഴ' ശബ്‌ദം "ചോള' എന്നും ഉച്ചരിക്കാറുള്ളതിനാല്‍ കരികാലചോളന്‍ എന്ന പേരിലും അറിയപ്പെടുന്നു). ആദ്യത്തെ ചോളരാജാവായ ഉരുവപ്പറേര്‍ ഇളംചേട്‌ ചെന്നിന്റെ പുത്രനാണ്‌ കരികാലചോളന്‍. അഞ്ചാമത്തെ വയസ്സില്‍ത്തന്നെ കരികാലന്‍ രാജാവായി. ബാല്യത്തില്‍ ശത്രുക്കള്‍ ഒരുക്കിയ തീയില്‍പ്പെട്ട്‌ കാല്‍വെന്ത്‌ കറുത്തുപോയതിനാല്‍ കരികാലന്‍ എന്ന പേര്‌ ലഭിച്ചു എന്ന്‌ ഒരഭിപ്രായമുണ്ട്‌. ശത്രുക്കളുടെ (ആനകളുടെ എന്നും) കാലനായിരുന്നതുകൊണ്ടാണ്‌ ആ പേരു ലഭിച്ചതെന്ന മറ്റൊരഭിപ്രായവും നിലവിലുണ്ട്‌. ഭരണാരംഭത്തില്‍ ഇദ്ദേഹത്തിനു നിരവധി വൈഷമ്യങ്ങള്‍ നേരിട്ടു. രണ്ടു ചോഴശാഖകള്‍ തമ്മിലുള്ള മത്സരത്തില്‍ ഒരു കൂട്ടര്‍ ഉറയൂരിലും മറ്റേ കൂട്ടര്‍ പുകാറിലും (കാവേരി പൂം പട്ടണം) നിലയുറപ്പിച്ചു. കരികാലന്റെ ജന്മാവകാശം അവഗണിച്ച്‌ ശത്രുക്കള്‍ ഇദ്ദേഹത്തെ ബന്ധനത്തിലാക്കി. വിസ്‌മയാവഹമായ വിധത്തില്‍ കരികാലന്‍ തടവു ചാടി രക്ഷപ്പെട്ടു. തടവു ചാടിയ വിധത്തെയും ഇദ്ദേഹത്തിന്‍െറ സാമര്‍ഥ്യത്തെയും പറ്റി സംഘംകവികള്‍ വികാരവായ്‌പോടെ വര്‍ണിച്ചിട്ടുണ്ട്‌.

കരികാലന്‍ നടത്തിയ സമരങ്ങളില്‍ ശ്രദ്ധേയമായത്‌ വെണ്ണിയിലെയും വാകൈപ്പറന്തലൈയിലെയും ആണ്‌. തഞ്ചാവൂരിന്‌ 24 കി.മീ. കിഴക്ക്‌ വെണ്ണിയെന്ന സ്ഥലത്തു വച്ചു നടന്ന പോരാട്ടത്തെക്കുറിച്ച്‌ സംഘം കവികളില്‍ പലരും വര്‍ണിച്ചിട്ടുണ്ട്‌. പാണ്ഡ്യനും ചേരനും പതിനൊന്നു വേളിര്‍ പ്രഭുക്കന്മാരും അതില്‍ നിശ്ശേഷം പരാജിതരായി. മുതുകില്‍ വെട്ടേറ്റതിനാല്‍ മാനഹാനിക്കു പാത്രമായ ചേരന്‍ അക്കാലത്തെ പതിവനുസരിച്ച്‌ "വടക്കിരിക്കല്‍' (ഉത്തരഗമനംവടക്കോട്ട്‌ നോക്കിയിരുന്നു മരണപര്യന്തം നിരാഹാരവ്രതം അനുഷ്‌ഠിക്കല്‍) നടത്തി പ്രാണത്യാഗം ചെയ്‌തു. ചേരന്റെ ആത്മാഭിമാനം പ്രകടമാക്കിയ ആ സംഭവം കരികാലന്‌ കുണ്‌ഠിതമുളവാക്കിയെന്നു പറയപ്പെടുന്നു.

വെണ്ണിയിലെ വിജയം കരികാലനെ തെക്കേ ഇന്ത്യയിലെ രാജാധിരാജനായി ഉയര്‍ത്തി. വാകൈപ്പറന്തലൈയില്‍ വച്ചു നടന്ന മറ്റൊരു യുദ്ധത്തില്‍ ഇദ്ദേഹം ഒമ്പതു സാമന്തന്മാരെ തോല്‌പിച്ചു. വൈദികമതവിശ്വാസിയായിരുന്ന കരികാലന്‍ അനേകം യാഗങ്ങള്‍ നടത്തി. വനഭൂമി വെട്ടിത്തെളിച്ച്‌ കൃഷിക്കുപയുക്തമാക്കുകയും ജലസേചനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്‌തു. കരികാലന്റെ കാലത്ത്‌ കാവേരിപ്പൂം പട്ടണത്തിനുണ്ടായ ഐശ്വര്യത്തെ പട്ടിനപ്പാലൈ എന്ന സംഘകൃതിയില്‍ വര്‍ണിച്ചിരിക്കുന്നു.

കരികാലന്റെ പുത്രിമാരിലൊരാളായ ആദിമന്തിയെ ചേരരാജകുമാരനായ ആതന്‍ അത്തി പരിണയിച്ചതായും കാവേരിയില്‍ മുങ്ങിച്ചാകാന്‍ പോയ അദ്ദേഹത്തെ ആദിമന്തിയുടെ പാതിവ്രത്യം രക്ഷിച്ചതായും ഉള്ള ഐതിഹ്യങ്ങള്‍ നിലവിലിരിക്കുന്നു. കരികാലന്റെ കീര്‍ത്തി തമിഴ്‌നാട്ടില്‍ മാത്രമല്ല ഉത്തരദേശങ്ങളിലും വ്യാപിച്ചിരുന്നു. ഉജ്ജയിനിയിലെ ഭോജരാജാവിനെപ്പോലെ കവികളെ അങ്ങേയറ്റം ആദരിച്ചിരുന്നയാളാണ്‌ കരികാലന്‍. അദ്ദേഹത്തിന്റെ നിര്യാണം സംഘകാലകവിയായ കരുങ്കുളവാതനാരെ അത്യധികം വേദനിപ്പിച്ചു; കരികാലചോഴന്റെ നിര്യാണത്തെക്കുറിച്ച്‌ അദ്ദേഹം ഒരു വിലാപഗാനം രചിച്ചിട്ടുണ്ട്‌. നോ: പത്തു പാട്ട്‌; ചിലപ്പതികാരം; കലിങ്കത്തുപ്പരണി

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍