This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരാവാഗ്‌ഗിയോ, മൈക്കലാഞ്‌ജലോ മെരിസി (1573- 1610)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരാവാഗ്‌ഗിയോ, മൈക്കലാഞ്‌ജലോ മെരിസി (1573- 1610)

Caravaggio, Michelangelo Merizi

കരാവാഗ്‌ഗിയോ

ഇറ്റാലിയന്‍ ചിത്രകാരന്‍. മിലാന്‌ അടുത്തുള്ള കരാവാഗ്‌ഗിയോ എന്ന സ്ഥലത്ത്‌ 1573 സെപ്‌. 28നു ജനിച്ചു. കരാവാഗ്‌ഗിയോയിലെ ഒരു വാസ്‌തുശില്‌പിയായിരുന്ന ഫെര്‍മോ മെരിസിയുടെ പുത്രനായ ഇദ്ദേഹത്തിന്റെ ശരിയായ പേര്‌ മൈക്കലാഞ്‌ജലോ മെരിസി എന്നാണെങ്കിലും കരാവാഗ്‌ഗിയോ എന്ന പേരിലാണ്‌ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്‌.

1584 മുതല്‍ ഏകദേശം ആറുവര്‍ഷക്കാലം മിലാനില്‍ സീമോന്‍ പീറ്റര്‍സാനോ എന്ന ചിത്രകാരന്റെ കീഴില്‍ ചിത്രകലാഭ്യസനം നടത്തി. 1593ല്‍ റോമിലെത്തിയ ഇദ്ദേഹം ലൊറെന്‍സോ, പാന്‍ഡോള്‍ഫോ പുസ്സി, ആന്റിവെദുറ്റോ ഗ്രമാറ്റികാ എന്നിവരുമായി സമ്പര്‍ക്കത്തിലായി. 1592നും 93നും ഇടയ്‌ക്ക്‌ ഇദ്ദേഹം ഗിയുസെപ്പെ സെസാരി (ദാര്‍പിനോ)യുടെ സഹായിയായി സേവനം അനുഷ്‌ഠിച്ചിരുന്നു. കരാവാഗ്‌ഗിയോയുടെ ആദ്യകാല ചിത്രങ്ങളില്‍പ്പെട്ടതാണ്‌ ബോയ്‌ പീലിങ്‌ ഫ്രൂട്ട്‌, ബോയ്‌ വിത്ത്‌ എ ബാസ്‌ക്കറ്റ്‌ ഒഫ്‌ ഫ്രൂട്ട്‌, ബോയ്‌ ബിറ്റെന്‍ ബൈ എ ലിസേര്‍ഡ്‌ എന്നിവ. മേസ്‌റ്റ്രാ വാലന്റിനോ എന്ന ചിത്രവ്യാപാരി കരാവാഗ്‌ഗിയോയെ കര്‍ദിനാള്‍ ദെല്‍ മോണ്ടേക്കു പരിചയപ്പെടുത്തിക്കൊടുത്തതോടെയാണ്‌ അദ്ദേഹത്തിന്‌ റോമന്‍ കലാലോകത്തിന്റെ പടിവാതില്‍ തുറന്നു കിട്ടിയത്‌. കര്‍ദിനാളിനുവേണ്ടി കരാവാഗ്‌ഗിയോ നിരവധി ചിത്രങ്ങള്‍ തയ്യാറാക്കി. ഇതില്‍പ്പെട്ടതാണ്‌ മെഡൂസ, ബാസ്‌കറ്റ്‌ ഒഫ്‌ ഫ്രൂട്ട്‌, ദ്‌ റെസ്റ്റ്‌ ഓണ്‍ ദ്‌ ഫ്‌ളൈറ്റ്‌ റ്റു ഈജിപ്‌ത്ത്‌ എന്നിവ. റെസ്റ്റ്‌ ഓണ്‍ ദ്‌ ഫ്‌ളൈറ്റ്‌ കരാവാഗ്‌ഗിയോയുടെ ആദ്യകാല ഭൂദൃശ്യ ചിത്രണങ്ങളില്‍ ഏറ്റവും മികച്ചതാണ്‌. പ്രകൃതിയിലെ ഒരു നിശ്ചലദൃശ്യം ആവിഷ്‌കരിക്കുമ്പോള്‍ ഇലയിലെ ഞരമ്പു മുതല്‍ ഹിമകണങ്ങള്‍ വരെ യഥാതഥമായി ചിത്രീകരിക്കുന്നതില്‍ ഇദ്ദേഹം പതിപ്പിച്ചിട്ടുള്ള ശ്രദ്ധ അസൂയാവഹമാണ്‌.

ദ്‌ റെസ്റ്റ്‌ ഓണ്‍ ദ്‌ ഫ്‌ളൈറ്റ്‌ റ്റു ഈജിപ്‌ത്ത്‌ എന്ന ചിത്രം

റോമിലെ സെയ്‌ന്റ്‌ ലൂഗി ദ ഫ്രാന്‍സെസി ദേവാലയത്തിലെ കോണ്ടറെല്ലി കപ്പോളയ്‌ക്കുവേണ്ടി വിശുദ്ധ മത്തായിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു അള്‍ത്താരാചിത്രവും രണ്ടു ചുവര്‍ചിത്രങ്ങളും വരയ്‌ക്കുന്നതിന്‌ കരാവാഗ്‌ഗിയോയെ കര്‍ദ്ദിനാള്‍ നിയോഗിച്ചതോടെയാണ്‌ ഇദ്ദേഹം പൊതുജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയത്‌. വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയമായി വരച്ചും അഴിച്ചും പരിഷ്‌കരിച്ചും ആണ്‌ സെയ്‌ന്റ്‌ മാത്യു ആന്‍ഡ്‌ ദി ഏഞ്ചല്‍ എന്ന ചിത്രപരമ്പര അദ്ദേഹം പൂര്‍ത്തിയാക്കിയത്‌. ചിത്രങ്ങള്‍ നേരിട്ട്‌ കാന്‍വാസില്‍ വരയ്‌ക്കുകയാണ്‌ കരാവാഗ്‌ഗിയോ ചെയ്‌തിരുന്നത്‌. ഈ സമ്പ്രദായം അക്കാലത്തു നിലവിലുണ്ടായിരുന്നില്ല. അതിനാലാകണം ചിത്രപരമ്പര വീണ്ടും വീണ്ടും പരിഷ്‌കരിക്കേണ്ടിവന്നതെന്നു പറയപ്പെടുന്നു. സെയ്‌ന്റ്‌ മറിയ ദെല്‍ പോപ്പോളോ ദേവാലയത്തിലെ സെറാസി കപ്പോളയ്‌ക്കുവേണ്ടി കണ്‍വര്‍ഷന്‍ ഒഫ്‌ സെയ്‌ന്റ്‌ പാള്‍, ക്രൂസിഫിക്‌ഷന്‍ ഒഫ്‌ സെയ്‌ന്റ്‌ പീറ്റര്‍ (1600-1601) എന്നീ ചിത്രങ്ങളും തയ്യാറാക്കി. 1603ല്‍ വിറ്റ്‌റിസ്‌ കപ്പോളയ്‌ക്കുവേണ്ടി തയ്യാറാക്കിയ ഡിപ്പൊസിഷന്‍ ഒഫ്‌ ക്രസ്റ്റ്‌ എന്ന ചിത്രം കരാവാഗ്‌ഗിയോയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ്‌. ക്ലാസ്സിക്‌ ചിത്രകലയുടെ മകുടോദാഹരണമായ ഡിപ്പൊസിഷന്‍ റൂബെന്‍സ്‌ പോലും പകര്‍ത്തിയിട്ടുണ്ട്‌.

കരാവാഗ്‌ഗിയോയുടെ സ്വകാര്യജീവിതം സന്തുഷ്ടമായിരുന്നില്ല. 1600നു ശേഷമുള്ള ഇദ്ദേഹത്തിന്റെ ജീവിതം സംഘര്‍ഷങ്ങളുടെയും സംഘട്ടനങ്ങളുടെയും കാലമായിരുന്നു. എന്നാല്‍ വിഷമാവസ്ഥകളിലൊക്കെയും ഉന്നതസ്ഥാനീയരുടെ സഹായസംരക്ഷണങ്ങള്‍ കരാവാഗ്‌ഗിയോയ്‌ക്ക്‌ ലഭ്യമായിരുന്നു. ഒരു മാനനഷ്ടക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന്‌ 1603 സെപ്‌. 11നു കരാവാഗ്‌ഗിയോ അറസ്റ്റു ചെയ്യപ്പെട്ടു. ഫ്രഞ്ച്‌ അംബാസഡര്‍ ഇടപെട്ട്‌ ഇദ്ദേഹത്തെ ജയില്‍ വിമുക്തനാക്കി. ഇക്കാലത്താണ്‌ സെയ്‌ന്റ്‌ അഗോസ്‌റ്റിനോ ദേവാലയത്തിനുവേണ്ടി മഡോണാദെലൊറെറേറാ വരയ്‌ക്കാന്‍ നിയുക്തനായത്‌. ഈ ചിത്രത്തിന്‌ ആധാരമായി സ്വീകരിച്ച മോഡലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കരാവാഗ്‌ഗിയോ തന്റെ എതിരാളിയായിരുന്ന മറിയാനോ പാസ്‌ക്വിലോനെ കുത്തി മുറിവേല്‌പിച്ചു. തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട കരാവാഗ്‌ഗിയോ ജയില്‍ ചാടി രക്ഷപ്പെട്ടു. റോമിലെ താമസത്തിന്റെ അവസാനഘട്ടത്തിലാണ്‌ മഡോണാ ദെ പാലാഫ്രനീറി (വെര്‍ജിന്‍ ആന്‍ഡ്‌ ചൈല്‍ഡ്‌ വിത്ത്‌ സെയ്‌ന്റ്‌ ആന്‍), ഡേവിഡ്‌, ഡെത്ത്‌ ഒഫ്‌ ദ്‌ വെര്‍ജിന്‍ എന്നീ ചിത്രങ്ങള്‍ വരച്ചത്‌. ഡെത്ത്‌ ഒഫ്‌ ദ്‌ വെര്‍ജിനില്‍ മഡോണയുടെ മാതൃകയായി സ്വീകരിച്ചത്‌ ടൈബര്‍ നദീതീരത്തു നിന്നു കണ്ടെടുത്ത ഒരു വേശ്യയുടെ ശവശരീരമായിരുന്നുവെന്നത്‌ ദേവാലയാധികാരികളെ കുപിതരാക്കി. റിയലിസത്തിന്റെ അതിപ്രസരവും വിശുദ്ധിയുടെ സീമകള്‍ ലംഘിക്കുന്നുവെന്ന ആരോപണവും ഈ ചിത്രം എടുത്തുമാറ്റപ്പെടുവാന്‍ ഇടയാക്കി. എങ്കിലും ഈ ചിത്രം കരാവാഗ്‌ഗിയോയുടെ മാസ്റ്റര്‍ പീസായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌.

1606 മേയില്‍ ടെന്നിസ്‌ കളിസ്ഥലത്തുവച്ചുണ്ടായ ഒരു സംഘട്ടനത്തെത്തുടര്‍ന്ന്‌ റാനുസിയോ തോമസ്സോണി എന്നയാളെ മാരകമായി കുത്തിമുറിവേല്‌പിച്ച ശേഷം ശിക്ഷയില്‍ നിന്ന്‌ ഒഴിവാകാനായി കരാവാഗ്‌ഗിയോ നേപ്പിള്‍സിലേക്കു കടന്നു. നേപ്പിള്‍സില്‍ വച്ചും ചിത്രരചന തുടര്‍ന്നുകൊണ്ടിരുന്നു. അവിടെ വച്ചു വരച്ച ചിത്രങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്‌ ഫ്‌ളാജെല്ലേഷന്‍ ഒഫ്‌ ദ്‌ ക്രസ്റ്റ്‌, സെവന്‍ വര്‍ക്ക്‌സ്‌ ഒഫ്‌ മെഴ്‌സി, മഡോണാ ഒഫ്‌ ദ്‌ റോസറി, റിസറക്ഷന്‍ ഒഫ്‌ ക്രസ്റ്റ്‌, സ്റ്റിഗ്‌മറൈറസേഷന്‍ ഒഫ്‌ സെയ്‌ന്റ്‌ ഫ്രാന്‍സിസ്‌ തുടങ്ങിയവ. നേപ്പിള്‍സില്‍ നിന്നു മാള്‍ട്ടയിലും തുടര്‍ന്ന്‌ സിസിലിയിലും എത്തിയ കരാവാഗ്‌ഗിയോ ചിത്രരചന തുടര്‍ന്നുകൊണ്ടിരുന്നു. ദ്‌ ബിഹെഡ്‌ഡിങ്‌ ഒഫ്‌ ജോണ്‍ ദ്‌ ബാപ്‌റ്റിസ്റ്റ്‌, ബറിയല്‍ ഒഫ്‌ സെയ്‌ന്റ്‌ ലൂസി എന്നിവ ഇക്കാലത്തെ രചനകളാണ്‌. കരാവാഗ്‌ഗിയോയുടെ അവസാന കാന്‍വാസ്‌ രചനയെന്നു പറയപ്പെടുന്നത്‌ അഡൊറേഷന്‍ വിത്ത്‌ സെയ്‌ന്റ്‌ ഫ്രാന്‍സിസ്‌ ആന്‍ഡ്‌ സെയ്‌ന്റ്‌ ലാറന്‍സ്‌ ആണ്‌.

മാള്‍ട്ടായിലായിരുന്ന കാലത്തുണ്ടായ ഒരു സംഘട്ടനത്തെത്തുടര്‍ന്ന്‌ നേപ്പിള്‍സില്‍ തിരിച്ചെത്തിയ കരാവാഗ്‌ഗിയോ വീണ്ടും ഒരു സംഘട്ടനത്തില്‍ ഏര്‍പ്പെട്ടു. മൃതപ്രായനായ കരാവാഗ്‌ഗിയോ സ്‌പാനിഷ്‌ അധീനതയിലുള്ള ഒരു പ്രദേശത്തെത്തി. റോമില്‍ നിന്ന്‌ മോചനം കാത്തിരുന്ന കരാവാഗ്‌ഗിയോ വീണ്ടും ജയിലിലടയ്‌ക്കപ്പെട്ടു. തുടര്‍ന്ന്‌ സ്വതന്ത്രനായെങ്കിലും 1610 ജൂല. 18നു മലേറിയാ രോഗം ബാധിച്ച്‌ റോമില്‍ വച്ച്‌ ഇദ്ദേഹം നിര്യാതനായി.

നിഴലിന്റെയും വെളിച്ചത്തിന്റെയും വൈരുധ്യാത്മകമായ സമ്മേളനവും വിഷയങ്ങളുടെ പച്ചയായ ചിത്രീകരണവും കരാവാഗ്‌ഗിയോയുടെ ചിത്രങ്ങുടെ പ്രത്യേകതകളായിരുന്നു. കരാച്ചി ചിത്രകാരന്‌മാരെപ്പോലെ ഇദ്ദേഹവും മാനറിസത്തെ എതിര്‍ത്തിരുന്നു. ചിത്രകലയുടെ ചരിത്രത്തില്‍ "വിപ്ലവകരം" എന്ന്‌ ഏതെങ്കിലുമൊരു സംഭവത്തെ വിശേഷിപ്പിക്കാമെങ്കില്‍ അത്‌ കരാവാഗ്‌ഗിയോയുടെ രംഗപ്രവേശം ആയിരിക്കുമെന്ന്‌ പ്രസിദ്ധ കലാനിരൂപകനായ ബര്‍നാര്‍ഡ്‌ ബെറിന്‍സണ്‍ അഭിപ്രായപ്പെടുകയുണ്ടായി. കരാവാഗ്‌ഗിയോയ്‌ക്ക്‌ ശിഷ്യഗണങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രക്ഷുബ്‌ധമായ ഒരു മാനസികാവസ്ഥയുടെ ഉടമയായിരുന്നു ഇദ്ദേഹം. അരാജകത്വ സ്വഭാവമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതരീതി ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കുന്നതിന്‌ പറ്റിയതായിരുന്നില്ല. ഇദ്ദേഹത്തിന്‌ എടുത്തു പറയത്തക്ക ഒരു ഗുരുവുമുണ്ടായിരുന്നില്ല. എങ്കിലും ഇത്രയധികം ആരാധകരെയും അനുഗാമികളെയും സൃഷ്ടിച്ച മറ്റൊരു ചിത്രകാരന്‍ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. പാരുഷ്യവും ഭീകരതയും തുടികൊട്ടുന്ന അനേകം ചിത്രങ്ങള്‍ ഇദ്ദേഹം രചിച്ചു. നിന്ദിതരും പീഡിതരും ആയിരുന്നു ഇദ്ദേഹത്തിന്റെ മാതൃകകള്‍. ശാന്തസ്വഭാവിയായിരുന്ന നിക്കോളാസ്‌ പൗസിനെപ്പോലും കരാവാഗ്‌ഗിയോയുടെ ഈ ശൈലി ആകര്‍ഷിക്കുകയുണ്ടായി. അങ്ങനെ "കരാവാഗ്‌ഗിസം' എന്ന ഒരു ചിത്രകലാശൈലി തന്നെ രൂപംകൊണ്ടു. ഇറ്റലി, ഫ്രാന്‍സ്‌, ഹോളണ്ട്‌, ജര്‍മനി എന്നിവിടങ്ങളിലെല്ലാം ഈ ശൈലി പ്രചരിച്ചു. ബര്‍തലോമ്യാ മാന്‍ഫ്രഡി, ഒറാസിയോ ജന്റിലേഷി, റിബെറ തുടങ്ങിയവരാണ്‌ പ്രസിദ്ധ കരാവാഗ്‌ഗിസ്റ്റുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍