This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരാര്‍ തൊഴില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരാര്‍ തൊഴില്‍

Contract Labour

നിശ്ചിത തുക പ്രതിഫലം പറ്റിക്കൊണ്ട്‌ നിര്‍ദിഷ്ട കാലയളവില്‍ തൊഴിലില്‍ ഏര്‍പ്പെട്ടുകൊള്ളാമെന്ന കരാറില്‍ തൊഴില്‍ ചെയ്യുന്ന സമ്പ്രദായം. കൊളോണിയല്‍ കാലഘട്ടം തൊട്ട്‌ 1885 വരെ കരാര്‍ തൊഴില്‍ വ. അമേരിക്കയില്‍ പ്രാബല്യത്തിലിരുന്നു. സാധാരണ ഏഴുവര്‍ഷത്തേക്കാണ്‌ തൊഴിലാളികളെ കരാറില്‍ ഏര്‍പ്പെടുത്തിയിരുന്നത്‌. വ്യാവസായിക വികസനത്തോടെ യു.എസ്സില്‍ കുറഞ്ഞ വേതനനിരക്കില്‍ തൊഴില്‍ശക്തി കണ്ടെത്തേണ്ടത്‌ ആവശ്യമായിവന്നു. യു.എസ്സിലെ തൊഴിലുടമകളുടെ ഏജന്റുമാരായി വര്‍ത്തിച്ചിരുന്ന ഇടനിലക്കാര്‍ പശ്ചിമ യൂറോപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ തൊഴിലാളികളെ യു.എസ്സിലേക്കു കുടിയേറ്റം നടത്തി. ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നും എത്തിയ തൊഴിലാളികള്‍ "കൂലികള്‍' എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. സങ്കീര്‍ണ്ണങ്ങളായ കരാര്‍വ്യവസ്ഥകള്‍ മനസ്സിലാക്കാന്‍ തക്ക വിദ്യാഭ്യാസയോഗ്യതയില്ലാത്ത തൊഴിലാളികളെ പ്രലോഭിപ്പിക്കാനും വഞ്ചിക്കാനും ഈ ഏജന്റുമാര്‍ക്ക്‌ പ്രയാസമുണ്ടായിരുന്നില്ല. അവിദഗ്‌ധ തൊഴിലാളികളെയും വിദ്യാവിഹീനരെയുമാണ്‌ കൂടുതലായി ഇറക്കുമതി ചെയ്‌തത്‌. രാഷ്‌ട്രീയവും മതപരവുമായ പീഡനങ്ങളും കര്‍ക്കശങ്ങളായ ശിക്ഷാനിയമ വ്യവസ്ഥകളും സര്‍വോപരി ദാരിദ്യ്രവും തൊഴിലാളികളെ കുടിയേറ്റത്തിനു പ്രരിപ്പിച്ചു. യു.എസ്സിലെ സുഖജീവിതത്തെക്കുറിച്ചുള്ള സങ്കല്‌പങ്ങളും അതിനെക്കുറിച്ചുള്ള പ്രലോഭനങ്ങളും സുഖജീവിതത്തിനുതകത്തക്ക വരുമാനം ലഭിക്കുമെന്ന പ്രതീക്ഷകളും തൊഴിലാളികളെ കൂടുതല്‍ ആകര്‍ഷിച്ചു. ഇതിനും പുറമേ നിര്‍ബന്ധിച്ചും ചതിച്ചും വഞ്ചിച്ചും തട്ടിക്കൊണ്ടുപോയിപ്പോലും തൊഴിലാളികളെ അമേരിക്കയില്‍ എത്തിക്കാനും ഏജന്റുമാര്‍ക്കു കഴിഞ്ഞു. കരാറിലേര്‍പ്പെട്ടാല്‍ ക്രിമിനല്‍ കുറ്റവാളിക്കു ശിക്ഷയിളവുപോലും ലഭിക്കുമായിരുന്നു.

കരാര്‍തൊഴിലിലെ വ്യവസ്ഥകള്‍ തൊഴിലാളി താത്‌പര്യങ്ങള്‍ക്ക്‌ അനുഗുണമായിരുന്നില്ല എന്നു മാത്രമല്ല, കരാര്‍ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്കു നല്‌കിവന്ന വേതനത്തിന്റെ തോത്‌ യു.എസ്സിലെ തദ്ദേശീയരായ തൊഴിലാളികള്‍ക്കു കിട്ടുന്ന വേതനത്തിന്റെ തോതില്‍ നിന്ന്‌ നന്നെ താഴെയുമായിരുന്നു. അടിമത്തകാലത്തെ തൊഴില്‍ വ്യവസ്ഥകളോടു സാദൃശ്യമുള്ളതായിരുന്നു കരാര്‍ തൊഴില്‍ വ്യവസ്ഥകളില്‍ അധികവും. കരാറില്‍ ഏര്‍പ്പെട്ട തൊഴിലുടമയില്‍ നിന്നു വിട്ടുപോരുന്നതിനുള്ള സ്വാതന്ത്ര്യം പോലും തൊഴിലാളികള്‍ക്കുണ്ടായിരുന്നില്ല. കരാര്‍ തൊഴിലില്‍ കൂടിയുള്ള ഈ കുടിയേറ്റം 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ദൂരവ്യാപകങ്ങളായ ചില ഫലങ്ങള്‍ ഉളവാക്കി. അമേരിക്കയിലെ തദ്ദേശതൊഴിലാളികളുടെ വേതനത്തോതിന്‌ ആഘാതമേല്‌പിക്കത്തക്കവണ്ണം വേതനനിലവാരം താഴ്‌ന്നതിനെത്തുടര്‍ന്ന്‌ യു.എസ്സ്‌. തൊഴിലാളികള്‍ സംഘടിക്കുകതന്നെ ചെയ്‌തു. അതിന്റെ ഫലമായി കരാര്‍ തൊഴില്‍ നിയമവിരുദ്ധമാക്കിക്കൊണ്ട്‌ 1885 ഫെ. 26നു യു.എസ്‌. കോണ്‍ഗ്രസ്‌ കോണ്‍ട്രാക്‌റ്റ്‌ ലേബര്‍ ലോ പാസ്സാക്കി. വിദേശ മത്സരങ്ങളില്‍ നിന്നും യു.എസ്സിലെ തൊഴിലാളികളെ രക്ഷിക്കാനും കുടിയേറ്റ വ്യവസ്ഥകള്‍ ഏകീകരിക്കാനും കുടിയേറ്റം ഒരു പരിധി വരെ തടയാനും ഈ നിയമംമൂലം കഴിഞ്ഞു. എന്നാല്‍ 1951ലെ ഒരു യു.എസ്‌. നിയമം പരിമിതമായ തോതില്‍ കരാര്‍ തൊഴില്‍ അനുവദിച്ചിട്ടുണ്ട്‌. മെക്‌സിക്കോയില്‍ നിന്ന്‌ കര്‍ഷക തൊഴിലാളികളെ യു.എസ്സില്‍ കുടിയേറാന്‍ അനുവദിച്ചത്‌ ഈ നിയമം മൂലമാണ്‌.

കരാര്‍ തൊഴിലിന്റെ ഒരു ആധുനികരൂപം ഇന്നും ദൃശ്യമാണ്‌. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിലവിലുള്ള കരാര്‍ തൊഴില്‍ ഇതിനുദാഹരണമാണ്‌. എന്നാല്‍ ആധുനിക കരാര്‍ തൊഴില്‍ അടിമത്തതൊഴില്‍ സമ്പ്രദായത്തില്‍ നിന്നു വ്യത്യസ്‌തമാണ്‌. തൊഴിലാളികള്‍ക്ക്‌ മാന്യമായ ജീവിതനിലവാരം പ്രദാനം ചെയ്‌തുകൊണ്ടുള്ളതാണ്‌ ഇന്നത്തെ വ്യവസ്ഥകള്‍. കരാര്‍ തൊഴില്‍ വ്യവസ്ഥകളില്‍ ഗവണ്‍മെന്റുപോലും ഏര്‍പ്പെടുന്നുണ്ട്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും ലിബിയയിലേക്കും മറ്റും തൊഴിലാളികളെ അയയ്‌ക്കുന്നതിന്‌ ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ ഔദ്യോഗിക ഏജന്‍സികള്‍ തന്നെ ഉണ്ട്‌.

എന്നാല്‍ ഈ സമ്പ്രദായത്തിലെ വ്യാപകമായ ചൂഷണസാധ്യത അതിന്റെ നിരോധനത്തിനുള്ള ആവശ്യം ഉയര്‍ത്തി. സുപ്രീം കോടതി ഒരു സുപ്രധാനവിധിയില്‍ (1960) ഈ ആവശ്യം അംഗീകരിച്ചു. അതിനുശേഷവും തൊഴിലാളി സംഘടനകള്‍ ഈ ആവശ്യം ഉന്നയിച്ചു സമരപരമ്പരകള്‍ നടത്തി. തത്‌ഫലമായി കരാര്‍ തൊഴില്‍ (നിയന്ത്രണവും, നിരോധിക്കലും) നിയമം പാര്‍ലമെന്റു പാസ്സാക്കി (1970). ഇതനുസരിച്ചു ചില മേഖലകളില്‍ കരാര്‍ തൊഴില്‍, നിയന്ത്രണങ്ങള്‍ക്കു വിധേയമായി അനുവദിക്കപ്പെടുന്നു. അതോടൊപ്പം ചില നിശ്ചിതമേഖലകളില്‍ കരാര്‍ തൊഴില്‍ പൂര്‍ണമായും നിരോധിക്കുന്നതിനു ബന്ധപ്പെട്ട സര്‍ക്കാരുകള്‍ അധികാരം നല്‍കുന്നു. ഈ നിയമം 1980 ല്‍ ചെറിയ ഒരു ഭേദഗതിക്കു വിധേയമായി. ചില സാങ്കേതിക പൊരുത്തക്കേടുകള്‍ ഒഴിവാക്കാനാണു ഭേദഗതി ചെയ്‌തത്‌. നോ: അടിമത്തം; തൊഴില്‍

(പ്രാഫ. വി. വിജയബാലന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍