This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരാഡ്രിഫോര്‍മീസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരാഡ്രിഫോര്‍മീസ്‌

Charadriformes

ആഗോളവ്യാപകത്വമുള്ളതും ജലാശയങ്ങള്‍ക്കു സമീപം കാണപ്പെടുന്നതുമായ പക്ഷികളുടെ ഒരു ഗോത്രം. കടല്‍പ്പാത്ത (gull), ഓക്‌ (auk) എന്നീ പക്ഷികളും അവയുടെ ബന്ധുക്കളുമാണ്‌ ഈ തീരദേശ പക്ഷികളില്‍ മുഖ്യമായും ഉള്‍പ്പെടുന്നത്‌. കടല്‍ത്തീരങ്ങളിലും ജലാശയങ്ങളുടെ സമീപത്തും ദ്വീപുകളിലും കാണപ്പെടുന്ന പക്ഷികളില്‍ ബഹുഭൂരിഭാഗവും കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തിലെ അംഗങ്ങളാണ്‌. ലോകവ്യാപകമായി ഏതാണ്ട്‌ 312 സ്‌പീഷീസുകളുണ്ട്‌.

കടല്‍പ്പാത്ത

ശക്തിയായി പറക്കാന്‍ കഴിവുള്ള പക്ഷികളാണിവ. തറയിലാണ്‌ കൂടു കെട്ടാറുള്ളത്‌. ജലാശയങ്ങളിലെയും തീരങ്ങളിലെയും ചെറുജീവികളാണ്‌ ഇവയുടെ മുഖ്യാഹാരം. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും കണ്ടുവരുന്ന ഈ പക്ഷികള്‍ ദേശാന്തരഗമനസ്വഭാവവും പ്രകടിപ്പിക്കുന്നു.

ഭിന്നാത്മകസ്വഭാവങ്ങളുടെ സമ്മിശ്രണം പ്രകടമാക്കുന്ന പത്തൊമ്പതോളം കുടുംബങ്ങളിലെ പക്ഷികള്‍ ഈ ഗോത്രത്തില്‍ ഉള്‍പ്പെടുന്നു. ശരീരഘടനാപരമായ സവിശേഷതകളാണ്‌ ഇവയില്‍ കാണപ്പെടുന്ന രൂപസാദൃശ്യം. അസ്ഥിഘടനയിലും തൂവലുകളുടെ കാര്യത്തിലും വിവിധകുടുംബങ്ങളിലെ പക്ഷികള്‍ സാദൃശ്യം പുലര്‍ത്തുന്നു. പരിവര്‍ത്തനരീതിയിലും ഈ ഗോത്രത്തിലെ വിവിധയിനങ്ങള്‍ സാദൃശ്യം പ്രകടമാക്കുന്നുണ്ട്‌.

കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തിലെ പക്ഷികളെ അവയുടെ ശരീരത്തിന്റെ പൊതുഘടനയെ ആധാരമാക്കി മൂന്നു വിഭാഗമായി തരംതിരിക്കാം. ഇതില്‍ ആദ്യത്തെ വിഭാഗത്തിലെ പക്ഷികളെ മൊത്തത്തില്‍ തീരദേശവാസികള്‍ എന്നു വിളിക്കാം. ആഴം കുറഞ്ഞ ജലത്തില്‍ നടന്നാണ്‌ ഇവ ഇരതേടുന്നത്‌. ഏതാണ്ട്‌ ഇരുനൂറോളം സ്‌പീഷീസ്‌ ഉള്‍പ്പെടുന്ന ഈ വിഭാഗത്തിലെ പ്രധാനയിനങ്ങള്‍ സാന്‍ഡ്‌പൈപ്പറുകള്‍, പവിഴക്കാലിക്കുരുവികള്‍ (plovers)എന്നിവയാണ്‌. ഈ വിഭാഗത്തിലെ പക്ഷികള്‍ ശരീരവലുപ്പത്തില്‍ വന്‍തോതിലുള്ള വ്യത്യാസം പ്രകടമാക്കുന്നു. 20 ഗ്രാം തൂക്കമുള്ള സാന്‍ഡ്‌പൈപ്പറും 650 ഗ്രാം തൂക്കമുള്ള കര്‍ലൂ(curlew)യും ഈ വിഭാത്തില്‍ത്തന്നെയുള്ളവയാണ്‌.

രണ്ടാമത്തെ വിഭാഗത്തില്‍ 92 സ്‌പീഷീസ്‌ ഉണ്ട്‌. കടല്‍പ്പാത്തകള്‍, കടല്‍ക്കാക്കകള്‍ (terns), സ്കിമ്മറുകള്‍ എന്നിവയാണ്‌ ഈ വിഭാഗത്തിലെ പ്രധാനയിനങ്ങള്‍. നീളമേറിയ ചിറകുകളും ജാലിത (webbed) പാദങ്ങളും ഈയിനങ്ങളുടെ പ്രത്യേകതകളാണ്‌. ഇവയില്‍ ഏറ്റവും വലിയ പക്ഷികള്‍ കടല്‍പ്പാത്തകളാണ്‌. ഇതിന്‌ 2 കി.ഗ്രാം വരെ തൂക്കമുണ്ടാകാറുണ്ട്‌.

മൂന്നാം വിഭാഗത്തില്‍ 21 സ്‌പീഷീസുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓക്കുകള്‍, പഫിനുകള്‍ (puffins) ഗിലമോട്ടുകള്‍ (guillemots)എന്നിവയാണ്‌ പ്രധാനയിനങ്ങള്‍. ചെറുതും ധാരാരേഖിതശരീരഘടനയുള്ളതും ആയ കടല്‍പ്പക്ഷികളാണിവ. ചെറിയ ചിറകുകളും ജാലിതപാദങ്ങളും ഇവയുടെ പ്രത്യേകതകളാണ്‌. നല്ല നീന്തല്‍ വിദഗ്‌ധരാണ്‌ ഈ പക്ഷികള്‍ എല്ലാം തന്നെ.

സ്‌കിമ്മറുകള്‍

കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തിലെ പക്ഷികളുടെ തൂവലുകള്‍ക്ക്‌ വെള്ളയോ മഞ്ഞയോ കറുപ്പോ ചാരമോ നിറം ആയിരിക്കും. കാലുകള്‍, കൊക്ക്‌ എന്നീ ഭാഗങ്ങളുടെ നിറം കടുംചുവപ്പോ മഞ്ഞയോ ആണ്‌. വെള്ളയും കറുപ്പും നിറമുള്ള സ്‌പീഷീസുകളും അപൂര്‍വമല്ല.

തീരവാസികളായ കരാഡ്രിഫോര്‍മീസ്‌ പക്ഷികളെല്ലാം തുറസ്സായ സ്ഥലങ്ങളിലാണ്‌ കാണപ്പെടുന്നത്‌. വളരെ വേഗത്തില്‍ പറക്കാന്‍ കഴിവുള്ള ഈ പക്ഷികള്‍ ദേശാന്തരഗമനത്തിലും മുന്നില്‍ത്തന്നെയാണ്‌. പ്രിബിലോഫ്‌ ദ്വീപില്‍ കാണപ്പെടുന്ന അരിനേറിയ ഇന്റര്‍പ്രസ്‌ എന്ന സ്‌പീഷീസ്‌ 3,770 കി.മീ. ദൂരെയുള്ള ഹവായ്‌ ലീവാര്‍ഡ്‌ ദ്വീപില്‍ നാലുദിവസം കൊണ്ട്‌ എത്തിച്ചേരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. സ്റ്റേണ ഫസ്‌കേറ്റ സ്‌പീഷീസിലെ ചെറുപക്ഷികള്‍ വര്‍ഷങ്ങളോളം കടലില്‍ പറന്നുനടന്ന ശേഷം പ്രത്യുത്‌പാദനഘട്ടത്തിലാണ്‌ കരയില്‍ എത്തിച്ചേരാറുള്ളത്‌. അതുപോലെ തന്നെ സ്റ്റേണ പാരഡൈസേയിയ എന്നയിനം ആര്‍ട്ടിക്‌ കടല്‍ക്കാക്കകള്‍ എല്ലാവര്‍ഷവും ആര്‍ട്ടിക്‌ മേഖലയില്‍ പ്രത്യുത്‌പാദനം നടത്തിയശേഷം അന്റാര്‍ട്ടിക്കില്‍ എത്തിച്ചേരാറുണ്ട്‌. കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തിലെ ഒരു മുഖ്യ വിഭാഗമായ ആല്‍സിഡുകളുടെ(alcids) ചിറകുകള്‍ ശക്തിയേറിയവയാണെങ്കിലും ഇവ അപൂര്‍വമായേ പറക്കാറുള്ളു. പ്രത്യുത്‌പാദനഘട്ടത്തിലൊഴികെ മറ്റെല്ലാ അവസരങ്ങളിലും ഇവ വെള്ളത്തില്‍ പൊങ്ങിക്കിടന്ന്‌ ഒഴുകി നടക്കുന്നു.

പ്രത്യുത്‌പാദനപ്രക്രിയയില്‍ മിക്ക കരാഡ്രിഫോര്‍മീസ്‌ പക്ഷികളും സാദൃശ്യം പുലര്‍ത്തുന്നു. ഏതാണ്ട്‌ എല്ലായിനം പക്ഷികളും തറയിലാണ്‌ കൂടുകെട്ടാറുള്ളത്‌. ഒരുപ്രാവശ്യം രണ്ടോ നാലോ മുട്ടകളില്‍ക്കൂടുതല്‍ ഇടാറില്ല. മുട്ടകള്‍ക്ക്‌ സ്വരക്ഷയ്‌ക്കുതകുന്ന നിറങ്ങള്‍ കാണാറുണ്ട്‌. തറയിലുള്ള വിടവുകള്‍, പുനങ്ങള്‍ എന്നിവിടങ്ങളിലാണ്‌ മുട്ട നിക്ഷേപിക്കാറുള്ളത്‌. അപൂര്‍വമായി മരത്തിലും കൂടുകെട്ടി മുട്ട സൂക്ഷിക്കാറുണ്ട്‌. മിക്ക കരാഡ്രിഫോര്‍മീസ്‌ പക്ഷികളും കോളനികളായാണ്‌ ജീവിക്കുന്നത്‌. പത്തുലക്ഷം പക്ഷികള്‍ വരെ അടങ്ങുന്ന കോളനികള്‍ അപൂര്‍വമല്ല. പെണ്‍പക്ഷികള്‍ക്കാണ്‌ നിറവും ആകര്‍ഷകത്വവും അധികമായി കണ്ടുവരുന്നത്‌. ചിലയിനങ്ങളില്‍ ആണ്‍പക്ഷികള്‍ അടയിരുന്ന്‌ മുട്ട വിരിയിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും ചെയ്യാറുണ്ട്‌.

കരാഡ്രിഫോര്‍മീസ്‌ പക്ഷികള്‍ പ്രത്യുത്‌പാദന കാലവുമായി ബന്ധപ്പെട്ട്‌ രണ്ടുപ്രാവശ്യം ഉറയുരിക്കല്‍ (molting) നടത്താറുണ്ട്‌. സ്റ്റേണ ഫസ്‌ക്കേറ്റ എന്നയിനം കടല്‍ക്കാക്കകളിലൊഴികെ മറ്റെല്ലായിനങ്ങളിലും ഇതു കാണപ്പെടുന്നു. സാധാരണയായി പ്രത്യുത്‌പാദത്തിനു മുമ്പ്‌ ഒരു ഭാഗികമായ ഉറയുരിക്കലും പ്രത്യുത്‌പാദനത്തിനുശേഷം സമ്പൂര്‍ണമായ ഉറയുരിക്കലും നടത്തുന്നു. ചില സ്‌പീഷീസുകളില്‍ ദേശാന്തരഗമനത്തിനുമുമ്പായി ചിറകുകളിലെ തൂവലും ഉറയുരിക്കലിനു വിധേയമാകാറുണ്ട്‌. ആല്‍സിഡേ ഉപഗോത്രത്തിലെ ചില സ്‌പീഷീസുകള്‍ തൂവല്‍ പൊഴിയുന്നതിനാല്‍ ഒരു ചെറിയ കാലയളവിലേക്ക്‌ പറക്കാനാവാത്ത നിലയിലെത്താറുണ്ട്‌. ഈ ഘട്ടത്തില്‍ വെള്ളത്തിലൂടെ ഊളിയിട്ടു നീന്തിനടക്കുവാനിവയ്‌ക്കു പ്രയാസമില്ല.

കരാഡ്രിഫോര്‍മീസ്‌ പക്ഷികളുടേതെന്നു കരുതപ്പെടുന്ന ആദ്യജീവാശ്‌മം അപ്പര്‍ ക്രറ്റേഷ്യസ്‌ സ്‌തരങ്ങളില്‍ നിന്നാണ്‌ ലഭ്യമായിട്ടുള്ളത്‌. രണ്ടു ജീനസുകളിലായുള്ള നാലു സ്‌പീഷീസുകളുടെ അസ്ഥിശകലങ്ങളാണ്‌ കണ്ടെത്തിയത്‌. ഇയോസീന്‍ യുഗത്തിന്റെ മധ്യഘട്ടത്തില്‍ ജീവിച്ചിരുന്ന അഞ്ചു സ്‌പീഷീസുകളുടെ ജീവാശ്‌മവും ലഭ്യമായിട്ടുണ്ട്‌. ഇന്നത്തെ കരാഡ്രിഫോര്‍മീസ്‌ പക്ഷികളെക്കാള്‍ വലുപ്പമേറിയവയായിരുന്നു ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവയെന്നു ഇവ സൂചിപ്പിക്കുന്നു. ലഭ്യമായ ജീവാശ്‌മങ്ങളുടെ വെളിച്ചത്തില്‍ കരാഡ്രിഫോര്‍മീസ്‌ പക്ഷികള്‍ ആദ്യകാലങ്ങളില്‍ അനുകൂലകവികിരണ (adaptive radiation) വിധേയമായിരുന്നതായി വെളിവാകുന്നു. ഇന്നുള്ള ജീവികള്‍ പാലിയോസീന്‍ യുഗത്തിലോ അല്‌പം മുമ്പു മാത്രമോ ഉടലെടുത്തവയാകാനാണ്‌ സാധ്യത. ഇന്നത്തെ പല ജീനസുകളും ഓലിഗോസീന്‍മയോസീന്‍ ഘട്ടങ്ങളില്‍ സുലഭമായിരുന്നു.

വര്‍ഗീകരണം. കരാഡ്രിഫോര്‍മീസ്‌ ഗോത്രത്തെ കരാഡ്രീ (Charadrii), ലാരി (Lari), ആല്‍ക്കേ (Alcae) എന്നിങ്ങനെ മൂന്ന്‌ ഉപഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്‌. കരാഡ്രീ ഉപഗോത്രത്തില്‍ പതിനഞ്ചു കുടുംബങ്ങളും ലാരി ഉപഗോത്രത്തില്‍ മൂന്നു കുടുംബങ്ങളും ആല്‍ക്കേ ഉപഗോത്രത്തില്‍ ഒരു കുടുംബവും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍