This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരാട്ടെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരാട്ടെ

Karate

ജപ്പാന്റെ സമരകല. കരാട്ടെ എന്ന ജാപ്പനീസ്‌ വാക്കിന്റെ അര്‍ഥം "വെറുംകൈ" എന്നാണ്‌ (കരാവെറും, ടെകൈ). ആയുധം ഉപയോഗിക്കാതെ, കൈ, കൈമുട്ട്‌, കാല്‌, കാല്‍മുട്ട്‌, തല എന്നീ ശരീരഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി അടി, ഇടി, ചവിട്ട്‌, തള്ള്‌ മുതലായ മര്‍ദനമുറകള്‍ എതിരാളിയുടെ നെറ്റി, തൊണ്ട, നാഭി മുതലായ മര്‍മസ്ഥാനങ്ങളില്‍ സമര്‍ഥമായി ഏല്‌പിച്ച്‌ അയാളെ തറപറ്റിക്കുക എന്നതാണ്‌ കരാട്ടെയുടെ തന്ത്രം.

ഈജിപ്‌തിലെ പിരമിഡുകളിലുള്ള ചിത്രലിപി (ഹൈറോഗ്ലിഫിക്‌സ്‌)കളില്‍ നിന്ന്‌ ആയുധമില്ലാതെ വെറും കൈകൊണ്ടുള്ള പൊരുതല്‍ ബി.സി. 4000ല്‍ നിലവിലുണ്ടായിരുന്നു എന്നു മനസ്സിലാക്കാം; എങ്കിലും കരാട്ടെ എന്ന ജാപ്പനീസ്‌ യുദ്ധതന്ത്രത്തിന്റെ ഉദ്‌ഭവം ഭാരതത്തിലെ ബുദ്ധസന്ന്യാസിമാര്‍ ശീലിച്ചിരുന്ന പയറ്റുമുറയില്‍നിന്നുമാണെന്ന്‌ അനുമാനിക്കാവുന്നതാണ്‌. ബി.സി. 3000ല്‍ ഭാരതത്തില്‍ പ്രചരിച്ചിരുന്ന ഗുസ്‌തിസമ്പ്രദായത്തിലെ അടവുകള്‍ ബോധിധര്‍മന്‍ എന്ന ബുദ്ധഭിക്ഷു എ.ഡി. 500ല്‍ ചൈനയില്‍ പ്രചരിപ്പിച്ചു. അവിടെ നിന്ന്‌ ക്രമേണ അത്‌ മംഗോളിയ, മഞ്ചൂറിയ, കൊറിയ, ഒകിനാവാ, ജപ്പാന്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചു. ഈ പ്രചാരണത്തിന്റെ വിവിധദശകളില്‍ ഈ ഗുസ്‌തി സമ്പ്രദായം ഓരോ രാജ്യത്തും നിലവിലുണ്ടായിരുന്ന പാരമ്പര്യപ്പയറ്റുമുറകളാല്‍ പരിപോഷിപ്പിക്കപ്പെട്ടുവന്നു. അത്‌ ജപ്പാനില്‍ അവിടത്തെ പാരമ്പര്യ സമരകലയുമായി ചേര്‍ന്ന്‌ കരുത്താര്‍ജിച്ച്‌ കരാട്ടെ എന്ന ആധുനിക സമരകലയായി രൂപപ്പെട്ടു.

പ്രധാനമായും ഭാരതീയ ഗുസ്‌തി സമ്പ്രദായങ്ങളും ചൈനയിലെ "കെമ്പോ' എന്ന ഇനം പയറ്റും എ.ഡി. 3-ാം ശ.ത്തില്‍ ജപ്പാനില്‍ പ്രചരിച്ചിരുന്ന "ജുജുട്‌സു'വും ചേര്‍ന്നാണ്‌ കരാട്ടെ ഉടലെടുത്തതെന്നുപറയാം. ബൗദ്ധ പ്രതിമകളുടെ ഭഗ്‌നാവശിഷ്ടങ്ങളില്‍ നിന്ന്‌ അന്നത്തെ ഭാരതീയ പയറ്റുമുറകളുടെ "നിലകള്‍' കരാട്ടെയുമായി എത്രമാത്രം സാദൃശ്യമുള്ളതാണെന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. കരാട്ടെയുടെ ആത്മാവ്‌ എന്നു വിശേഷിപ്പിക്കാവുന്ന ധ്യാനവും പ്രാണായാമവും മറ്റും ഭാരതീയ യോഗാഭ്യസനമുറകളില്‍ നിന്നാണു സ്വീകരിച്ചിട്ടുള്ളത്‌. കരാട്ടെയിലെ പ്രാണായാമരീതി "ഇബുകി' എന്നറിയപ്പെടുന്നു. കടുവ, കരടി, മാന്‍, കുരങ്ങ്‌, പക്ഷികള്‍ എന്നീ അഞ്ചുതരം ജന്തുക്കളുടെ മെയ്‌വഴക്കവും ചലനകൗശലങ്ങളും സസൂക്ഷ്‌മം നിരീക്ഷിച്ച്‌ അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത സമരകലയാണ്‌ ചൈനീസ്‌ "കെമ്പോ'. ചൈനക്കാര്‍ കെമ്പോയെ ഭാരതീയ ഗുസ്‌തിസമ്പ്രദായവുമായി യോജിപ്പിച്ചു. ചൈനയുടെയും ജപ്പാന്റെയും അതിര്‍ത്തിപ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന ഒകിനാവാ ദ്വീപുകാര്‍ ചൈനാക്കാരുമായി വ്യാപാര സാംസ്‌കാരിക ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും അവരുടെ കെമ്പോയെ തങ്ങളുടെ "ടെ' (കൈ)യുമായി ബന്ധപ്പെടുത്തി അഭ്യസിക്കുകയും ചെയ്‌തു. 17-ാം ശ.ത്തില്‍ ചൈനീസ്‌ കെമ്പോ ജപ്പാനില്‍ പ്രചരിച്ചു. 1922ല്‍ ഗിചിന്‍ ഫുനകോഷി എന്നയാള്‍ ഒകിനാവായുടെ "ടെ' ജപ്പാനില്‍ പ്രചരിപ്പിച്ചു. ജപ്പാന്റെ പാരമ്പര്യ ഗുസ്‌തിസമ്പ്രദായമായ "ജുജുട്‌സു'വിന്റെയും കൊറിയയുടെ "ഛാബി'യുടെയും ചൈനയുടെ "കെമ്പോ'യുടെയും സാങ്കേതിക വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ കരാട്ടെ സംവിധാനം ചെയ്‌തതും ഗിചിന്‍ തന്നെയാണ്‌; ഇദ്ദേഹം കരാട്ടെയുടെ പിതാവായി അറിയപ്പെടുന്നു. ഇന്ന്‌ പാശ്ചാത്യരെയും പൗരസ്‌ത്യരെയും ഒരുപോലെ ആകര്‍ഷിച്ചുവരുന്ന ഒരു സമര സമ്പ്രദായമാണ്‌ കരാട്ടെ.

വലതുകാല്‍കൊണ്ടുള്ള പ്രഹരം

കായികബലവും ഇച്ഛാശക്തിയും മെച്ചപ്പെടുത്തി ആത്മവിശ്വാസം സൃഷ്ടിക്കാന്‍ കരാട്ടെ അഭ്യാസം പ്രയോജനപ്പെടുന്നു. ശക്തി, തീവ്രത, കൂര്‍മബുദ്ധി എന്നിവ ആധാരമാക്കിക്കൊണ്ടാണ്‌ കരാട്ടെ അഭ്യസനം നടത്തുന്നത്‌. വ്യക്തമായ കാരണങ്ങളില്ലാതെ മറ്റൊരു വ്യക്തിയെ ആക്രമിക്കുകയോ അയാളുടെ ജീവഹാനി വരുത്തുകയോ ചെയ്യരുതെന്ന്‌ കരാട്ടെയില്‍ നിബന്ധനയുണ്ട്‌. ആത്മസംരക്ഷണത്തിനും സൂമഹത്തിലെ അബലരുടെ സംരക്ഷണത്തിനും മാത്രം ഉപയോഗിക്കാനുള്ള ഒരു സമര സമ്പ്രദായമായിട്ടാണ്‌ കരാട്ടെയെ പരിരക്ഷിച്ചു പോരുന്നത്‌.

മനുഷ്യശരീരത്തെ മുഴുവനായിത്തന്നെ ഒരു മാരകായുധമാക്കി മാറ്റുക എന്നതാണ്‌ കരാട്ടെ അഭ്യാസം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അനവധി നാളത്തെ നിരന്തരമായ സാധനകൊണ്ട്‌ കാലിന്റെ പെരുവിരല്‍ പോലും എതിരാളിയെ നിര്‍വീര്യമാക്കാന്‍ ശക്തമാക്കി എടുക്കുന്നു. ഒരു കരാട്ടെ അഭ്യാസിക്ക്‌ അയാളെക്കാള്‍ 20 ഇരട്ടി ശക്തിയും വലുപ്പവുമുള്ള ഒരു കാളക്കൂറ്റനെ വിദഗ്‌ധമായ ഒറ്റ അടി ഏല്‌പിച്ച്‌ തറപറ്റിക്കുവാന്‍ കഴിയും എന്നു തെളിഞ്ഞിട്ടുണ്ട്‌.

1953ല്‍ മാസുറ്റാറ്റ്‌സു ഒയാമാ എന്ന ജാപ്പനീസ്‌ കരാട്ടെ വിദഗ്‌ധന്‍ 450 കി.ഗ്രാം തൂക്കമുള്ള ഒരു കൂറ്റന്‍ കാളയെ വെറും കൈകൊണ്ട്‌ അടിച്ചു കൊല്ലുകയുണ്ടായി. മേല്‌ക്കു മേല്‍ അടുക്കിവച്ച മേച്ചിലോടുകള്‍ തലകൊണ്ടുള്ള ഒറ്റയിടിക്കു തകര്‍ക്കുക, വളരെ വലുപ്പമുള്ള ഐസ്‌ കഷണം ഒറ്റ ഇടിക്കു പൊട്ടിക്കുക മുതലായവ കരാട്ടെ അഭ്യാസിക്ക്‌ അനായാസേന നിര്‍വഹിക്കുവാന്‍ സാധിക്കും.

പരുത്തിത്തുണി കൊണ്ടുണ്ടാക്കിയ വസ്‌ത്രങ്ങളും കട്ടികൂടിയ അയഞ്ഞ വെള്ള അരപ്പട്ടയുമാണ്‌ കരാട്ടെ അംഗങ്ങളുടെ വേഷം. പാദങ്ങളും കൈകളും നഗ്‌നമായിരിക്കണം. കരാട്ടെ കളരിക്ക്‌ "ഡോജോ' എന്നാണ്‌ പേര്‌. തടി കൊണ്ട്‌ തീര്‍ത്തതാണ്‌ ഡോജോയുടെ തറ. ഇടിക്കാനുള്ള സഞ്ചികള്‍, ഭാരങ്ങള്‍, മുളകൊണ്ടുള്ള കട്ടകള്‍, കൈകള്‍ കുത്തി ബലപ്പെടുത്തുന്നതിനായി ചരലോ ഉണങ്ങിയ പയറോ നിറച്ച ആഴമുള്ള പെട്ടികള്‍ എന്നിവയാണ്‌ കളരിയിലെ ഉപകരണങ്ങള്‍.

പ്രധാനമായി മൂന്നു ഘട്ടങ്ങളായുള്ള പരിശീലനമാണ്‌ കരാട്ടെയിലുള്ളത്‌: കാലിസ്‌തെനിക്‌സ്‌ (വ്യായാമ പദ്ധതികള്‍), കുമിടെ, കടാ. കായികാഭ്യാസം കൊണ്ട്‌ ശരീരത്തിന്‌ അയവും വേഗതയും നേടിയെടുക്കുകയാണ്‌ ആദ്യത്തെ ഇനംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

കുമിടെയില്‍ അടി, ഇടി, കുത്ത്‌, തട എന്നിവ പരിശീലിപ്പിക്കുന്നു. നിവര്‍ത്തിയ കൈയുടെ അരിക്‌, മുഷ്ടി, കാലിന്റെ ഉപ്പൂറ്റി എന്നീ ഭാഗങ്ങളാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. കൈവിരലുകള്‍ സാധകം ചെയ്‌ത്‌ കുന്തമുനകള്‍ക്കു തുല്യം ബലമുള്ളവയാക്കുന്നു. "കടാ'യില്‍ കുത്ത്‌, തൊഴി, തിരിയല്‍; തടുക്കല്‍, ഒഴിയല്‍, ചാട്ടം എന്നിവ ശീലിക്കുന്നു. സങ്കല്‌പത്തിലുള്ള എതിരാളിയോടായിരിക്കും പരിശീലനവേളയില്‍ മല്ലിടുക.

ഒരു കരാട്ടെ വിദ്യാര്‍ഥിക്ക്‌ പടിപടിയായി ഓരോ ഗ്രഡും കടന്നുപോയി വളരെക്കാലം കൊണ്ടു മാത്രമേ കറുത്ത ബെല്‍റ്റ്‌ നേടുന്ന ഒരു വിദഗ്‌ധനായിത്തീരാന്‍ കഴിയൂ. ആദ്യമായി 8 ക്യൂ ഗ്രഡുകള്‍ ജയിക്കേണ്ടതുണ്ട്‌. ആദ്യത്തെ ഗ്രഡിന്‌ 8-ാം ക്യൂ എന്നും 8-ാമത്തേതിന്‌ ഒന്നാം ക്യൂ എന്നും പറയും. ഇതു കരസ്ഥമാക്കിയശേഷം ഡാന്‍ (ഡിഗ്രി) ഗ്രഡ്‌ ഒന്നൊന്നായി നേടേണ്ടതുണ്ട്‌. ആകെ 10 ഡാന്‍ഗ്രഡുകളാണുള്ളത്‌. ഏറ്റവും താഴത്തെ പടിക്ക്‌ ഒന്നാം ഡാന്‍ എന്നും ഏറ്റവും ഉയര്‍ന്ന പടിക്ക്‌ 10-ാം ഡാന്‍ എന്നുമാണ്‌ പേര്‍. ഗ്രഡിന്റെ ഉയര്‍ച്ചയ്‌ക്കനുസരണമായി വെള്ള, മഞ്ഞ, പച്ച, ബ്രൗണ്‍, കറുപ്പ്‌ എന്നിങ്ങനെ ബെല്‍റ്റിന്റെ നിറത്തിലും വ്യത്യാസം വരുന്നു. കറുത്ത അരപ്പട്ടയ്‌ക്കു തന്നെ പല ഡിഗ്രികളുണ്ട്‌. മിക്ക സ്‌കൂളുകളും 8-ാം ഡിഗ്രി ബ്ലാക്ക്‌ ബെല്‍റ്റ്‌ ഏറ്റവും ഉയര്‍ന്നതായി കണക്കാക്കുന്നു.

ജപ്പാനില്‍ പല കരാട്ടെ പ്രസ്ഥാനങ്ങളും നിലവിലുണ്ട്‌. ഏറ്റവും പ്രധാനം ഷോടോകാന്‍ ആണ്‌. ഗിജിന്‍ ആണ്‌ ഇതിന്റെ പ്രണേതാവ്‌. ഗോജൂറി (കടുത്ത മൃദുത്വം), വാഡോര്‍യൂ (സമാധാനത്തിന്റെ പാത), ഷുകുകായ്‌ (ഏവര്‍ക്കുമുള്ള വഴി), ക്യോകുഷിന്‍ കായ്‌ (സത്യത്തിന്റെ കൊടുമുടി) എന്നിവയാണ്‌ നിലവിലുള്ള മറ്റു പ്രധാന ശൈലികള്‍. എല്ലാ ശൈലികളിലും അടിയുടെ രീതിക്ക്‌ സ്വഭാവൈക്യമുണ്ട്‌. ചലനങ്ങളിലും അഭ്യാസകാലയളവിലുമാണ്‌ പ്രസ്ഥാനങ്ങള്‍ വൈജാത്യം പുലര്‍ത്തുന്നത്‌. ഷോടോകാന്‍ പ്രസ്ഥാനത്തിന്റെ സംഘടനയായ "ദ ജപ്പാന്‍ കരാട്ടെ അസോസിയേഷന്‍' 1957ല്‍ ഒരു അഖില ജപ്പാന്‍ മത്സരപരമ്പര ആദ്യമായി സംഘടിപ്പിക്കുകയുണ്ടായി. ഏഴുവര്‍ഷത്തിനുശേഷം ഗവണ്‍മെന്റിന്റെ ഒത്താശയോടെ "ആള്‍ ജപ്പാന്‍ കരാട്ടെഡു ഓര്‍ഗനൈസേഷന്‍' സംഘടിക്കപ്പെട്ടു. ഇതോടെ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഏകീകരിക്കപ്പെട്ടു. ഈ സമരകലയില്‍ ജപ്പാന്‍ തന്റെ അനിഷേധ്യ നേതൃത്വം സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല കരാട്ടെ വിദഗ്‌ധരും വിദേശരാജ്യങ്ങളില്‍ സ്ഥിരവാസമുറപ്പിച്ചുകൊണ്ട്‌ അധ്യാപനം നടത്തുന്നതിനാല്‍ മത്സരരംഗത്തു നിന്നും വിട്ടു നില്‌ക്കുകയാണ്‌. 1972ലെ ലോക ചാമ്പ്യന്‍ പദവിയും 1975ലെ ലോക ടീം ടൈറ്റിലും ബ്രിട്ടനു നേടാന്‍ കഴിഞ്ഞതിന്റെ കാരണം മറ്റൊന്നുമല്ല.

കരാട്ടെ, കുങ്‌ഫു എന്നിവയുടെ സാങ്കേതിക വശങ്ങള്‍ക്കു പ്രാധാന്യം നല്‌കിക്കൊണ്ടു മെനഞ്ഞെടുത്ത എന്റര്‍ ദ ഡ്രാഗണ്‍ എന്ന ചലച്ചിത്രം കരാട്ടെയിലേക്ക്‌ യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ വലിയൊരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌. അതിലെ നായകനും കരാട്ടെ, കുങ്‌ഫു എന്നിവയില്‍ വിദഗ്‌ധനും ആയിരുന്ന ബ്രൂസ്‌ലീ യുവജനങ്ങളില്‍ പ്രചോദനം ചെലുത്തുകയുണ്ടായി. മിക്ക രാജ്യങ്ങളിലും ഇന്ന്‌ കരാട്ടെ അഭ്യാസം പ്രചരിച്ചിട്ടുണ്ട്‌.

ഇന്ത്യയില്‍ കരാട്ടെ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും കളരികള്‍ സ്ഥാപിതമായിട്ടുണ്ട്‌. പൊലീസ്‌പട്ടാള വകുപ്പുകളില്‍ കരാട്ടെ അഭ്യസിക്കുവാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ കരാട്ടെ പ്രചരിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്‌ പര്‍വേസ്‌ മിസ്‌ട്രി എന്ന കരാട്ടെ വിദഗ്‌ധനാണ്‌. മറ്റു പ്രഗല്‌ഭരായ കരാട്ടെ അധ്യാപകര്‍ മാസ്‌റ്റര്‍ സി. ദേശികന്‍, മലേഷ്യക്കാരനായ പി. കുപ്പുസ്വാമി, ബര്‍ജ്‌ കൂപ്പര്‍ എന്നിവരാണ്‌. "ആള്‍ ഇന്ത്യ കരാട്ടെ ഫെഡറേഷന്‍' (അ.ക.ഗ.എ.) എന്ന സംഘടന 14 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവര്‍ കരാട്ടെ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍