This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരള്‍വിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരള്‍വിര

Liverfluke

കരള്‍വിര

ആട്‌, പശു, പന്നി തുടങ്ങിയ മൃഗങ്ങളുടെയും അപൂര്‍വമായി മനുഷ്യരുടെയും പിത്തനാളിയില്‍ കാണപ്പെടുന്ന വിവിധ തരം പരാദവിരകള്‍. ഇവയെല്ലാം തന്നെ പരന്ന വിരകളാണ്‌. ട്രമറ്റോഡ വര്‍ഗത്തില്‍പ്പെടുന്ന ഇവയുടെ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യം ഫാഷിയോള ഹെപ്പാറ്റിക്ക എന്നയിനത്തിനാകുന്നു. "ഭീമന്‍ കരള്‍വിര' എന്നു കൂടി പേരുള്ള ഇത്‌ 4 സെ.മീ. വരെ വളരും. കുതിര, മാന്‍, മുയല്‍ തുടങ്ങിയവയുടെ ശരീരത്തിലും ഈ ജീവികള്‍ കടന്നുകൂടുന്നത്‌ അപൂര്‍വമല്ല. പരന്ന്‌ ഏതാണ്ട്‌ ഇലപോലിരിക്കുന്ന ഈ പുഴുവിന്റെ മൃദുലമായ ശരീരാഗ്രത്തിലായി ത്രികോണാകൃതിയില്‍ ഒരു ശിരോപാളി (head lobe) കാണപ്പെടുന്നു. ഇടത്തും വലത്തുമുള്ള ശരീരാര്‍ധങ്ങള്‍ കാഴ്‌ചയില്‍ മിക്കവാറും ഒരേപോലെ തന്നെയാണ്‌; എന്നാല്‍ ഈ ദ്വിപാര്‍ശ്വസമമിതി ആന്തരികാവയവങ്ങള്‍ വരെ പലപ്പോഴും എത്താറില്ല.

ഇതിന്റെ ശരീരോപരിതലം ക്യൂട്ടിക്കിളില്‍ നിന്നു രൂപം കൊള്ളുന്ന നിരവധി ചെറു "പാപ്പില'കളാല്‍ ആവൃതമാണ്‌. ശിരോപാളിയുടെ ഏറ്റവും അഗ്രഭാഗത്തായി വായും വായയെ ചുറ്റി പേശീനിര്‍മിതമായ ഒരു മുഖചൂഷകാംഗവും (oral sucker) ഉണ്ട്‌. ശരീരത്തിന്റെ അടിവശത്ത്‌, ശിരോപാളിക്കു തൊട്ടു പിന്നിലായി, സ്ഥിതി ചെയ്യുന്ന പിന്‍ചൂഷകാംഗം (posterior sucker) കുറേക്കൂടി വലുപ്പമേറിയതാണ്‌. ഇവ രണ്ടിനുമിടയില്‍, പിന്‍ചൂഷകാംഗത്തോടു കൂടുതല്‍ അടുത്ത്‌, ജനനേന്ദ്രിയരന്ധ്രം (genital aperture) കാണപ്പെടുന്നു. ശരീരത്തിന്റെ ഏറ്റവും പുറകറ്റത്ത്‌, മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ചെറുസുഷിരമാണ്‌ വിസര്‍ജനരന്ധ്രം.

കരള്‍വിരയുടെ ജീവിതചക്രം പൂര്‍ണമാകുന്നതിന്‌ ഒന്നോ അതിലധികമോ "മധ്യാതിഥേയര്‍' (secondary hosts) കൂടിയേ കഴിയൂ. വെള്ളത്തില്‍ കഴിയുന്ന ഒച്ചുകള്‍ മുഖ്യ മധ്യാതിഥേയര്‍ ആകുന്നു. യൂറോപ്പില്‍ കാണപ്പെടുന്ന ഗാല്‍ബാ ട്രങ്കാറ്റുലയും ഒരു ആതിഥേയന്‍ തന്നെ. ലിംനിയ, പ്ലാനോര്‍ബിസ്‌, ബ്യൂലിനസ്‌ തുടങ്ങിയ സ്‌പീഷീസുകളും മധ്യാതിഥേയരുടെ കൂട്ടത്തില്‍പ്പെടുന്നു.

കരള്‍വിരയുടെ മുട്ടകള്‍ ഈര്‍പ്പമുള്ള സാഹചര്യത്തില്‍ മാത്രമേ വിരിഞ്ഞിറങ്ങു. മിറാസിഡിയം എന്നു പേരുള്ള ഈ ലാര്‍വകള്‍ വെള്ളത്തിലെ ഒച്ചുകളുടെ ശരീരത്തിനുള്ളില്‍ തുരന്നു കയറുന്നു. രൂപാന്തരണത്തിനു ശേഷമുണ്ടാകുന്ന ലാര്‍വകള്‍ അറിയപ്പെടുന്നത്‌ റേഡിയ എന്ന പേരിലാണ്‌. ഇവ കുറേ വളര്‍ന്ന ശേഷം റേഡിയ എന്നു തന്നെ പേരുള്ള മറ്റൊരു പറ്റം ലാര്‍വകള്‍ക്കു കൂടി ജന്മം നല്‌കുന്നു. റേഡിയകളില്‍ നിന്ന്‌ രൂപം കൊള്ളുന്ന സെര്‍കേരിയ എന്നു പേരുള്ള പുതിയൊരു കൂട്ടം ലാര്‍വകള്‍ ഒച്ചിന്റെ ശ്വസനദ്വാരത്തിലൂടെ പുറത്തു കടക്കുന്നു. വെള്ളത്തില്‍ സ്വതന്ത്രമായി കുറേയൊക്കെ നീന്തി നടക്കുന്ന സെര്‍കേരിയകള്‍ അവസാനം ജലാശയത്തിന്റെ തീരങ്ങള്‍ക്കടുത്തു നില്‌ക്കുന്ന ചെടികളിലും പുല്ലുകളിലും മറ്റും പറ്റിപ്പിടിച്ച്‌, അടുത്ത "ആതിഥേയ'നെയും കാത്തിരിക്കാന്‍ തുടങ്ങും. ഈ ഇലകള്‍ ഭക്ഷിക്കുന്ന ആടിന്റെ ഉള്ളില്‍, ഇലയോടൊപ്പം, സെര്‍കേരിയന്‍ സിസ്റ്റിനുള്ളില്‍ സുരക്ഷിതമായിരിക്കുന്ന ലാര്‍വയും കടന്നു കൂടുന്നു. ഈ ചെറുവിരകള്‍ ആടിന്റെ ഉദരഭിത്തി തുരന്ന്‌ കരളിലെത്തി ഏതാണ്ട്‌ ഏഴെട്ടാഴ്‌ചകള്‍ക്കുള്ളില്‍ പ്രത്യുത്‌പാദനശേഷി കൈവരിക്കും.

നനവുള്ള പുല്‍ത്തകിടികളാണ്‌ കരള്‍വിരയുടെ നൈസര്‍ഗിക സാഹചര്യം. ഇതില്‍ നിന്ന്‌ വളര്‍ത്തുമൃഗങ്ങളുടെ ഉള്ളില്‍ കടന്നു കൂടുക ഇവയ്‌ക്ക്‌ ഒട്ടും പ്രയാസമുള്ള കാര്യമല്ല. ഈ നീര്‍ച്ചെടികള്‍ ഭക്ഷിക്കുന്നതിലൂടെയാണ്‌ പലപ്പോഴും മനുഷ്യനില്‍ ഇവ കയറിപ്പറ്റുന്നത്‌. വിരബാധയുടെ ആദ്യഘട്ടത്തില്‍ ചെറുവിരകള്‍ കരളിലൂടെ സഞ്ചരിക്കുന്നു. രാത്രികാലങ്ങളില്‍ അമിതോഷ്‌ണം, പനി, കരള്‍വീക്കം, തൊലിപ്പുറത്ത്‌ കുരുക്കള്‍ എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. തുടര്‍ന്നു വളര്‍ച്ച പ്രാപിച്ച വിരകള്‍ പിത്തനാളിയിലെത്തുന്നതോടെ പിത്തനാളി വീക്ക(cholangitis)വും പിത്തനാളിയില്‍ തടസ്സമുണ്ടാകുക മൂലം മഞ്ഞപിത്തവും ഉണ്ടാകുന്നു. മലത്തില്‍ കരള്‍വിരയുടെ മുട്ടകളുടെ സാന്നിധ്യം രോഗനിര്‍ണയനം സാധ്യമാക്കുന്നു.

ഫാഷിയോള ഹെപ്പാറ്റിക്കയെക്കാള്‍ വലുപ്പം കൂടുതലുള്ളയിനങ്ങള്‍ വിരളമല്ല. ഫാ. ജൈജാന്റിക്ക (നീളം 7 സെ.മീ.) ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒട്ടകങ്ങളിലും എരുമകളിലും കാണപ്പെടുന്ന ഭീമാകാരനായ ഒരു പരാദവിരയാണ്‌. "അമേരിക്കന്‍ ജയന്റ്‌ ലിവര്‍ ഫ്‌ളൂക്ക്‌' എന്ന്‌ അറിയപ്പെടുന്ന ഇനം (Fasciolopsis magna) വ. അമേരിക്കയിലെ മാനുകളുടെയും കന്നുകാലികളുടെയും ശരീരത്തില്‍ കഴിയുന്നവയാണ്‌. ഇവ 10 സെ.മീ. വരെ നീളം വയ്‌ക്കും. യൂറോപ്പില്‍ ഇറ്റലി, ചെക്ക്‌സ്ലോവാക്യ എന്നിവിടങ്ങളില്‍ ചെമ്മാനിന്റെ ശരീരത്തിലെ പരാദജീവിയായി ഇതിനെ കണ്ടെത്തിയിട്ടുണ്ട്‌. വ. അമേരിക്കന്‍ "വാപ്പിറ്റിമാനി'നെ ഇറക്കുമതി ചെയ്‌തതിലൂടെയാകാം ഇവ യൂറോപ്പിലെത്തിച്ചേര്‍ന്നത്‌.

"സ്‌മാള്‍ ലിവര്‍ഫ്‌ളൂക്ക്‌' (Dicrocoelium dendriticium) അയവിറക്കു മൃഗങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഇനമാണ്‌. 810 മി.മീ. മാത്രം നീളം വയ്‌ക്കുന്ന ഈയിനം യൂറോപ്പിലെ മിതശീതോഷ്‌ണമേഖലകളിലും ഏഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലുമാണ്‌ കാണപ്പെടുന്നത്‌. ആടുമാടുകള്‍, കാട്ടുമുയലുകള്‍ എന്നിവയിലാണ്‌ ഇത്‌ കഴിയുന്നത്‌. മനുഷ്യനെ ഇത്‌ അപൂര്‍വമായേ പിടികൂടാറുള്ളു. ഇതിന്റെ ജീവിതചക്രം പൂര്‍ണമാകുന്നതിന്‌ കരയൊച്ചുകളും ഫോര്‍മൈക്ക ജീനസില്‍പ്പെട്ട ഉറുമ്പുകളും മധ്യാതിഥേയരായി വര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഉറുമ്പുകളില്‍ നിന്നാണ്‌ അവസാന ആതിഥേയരുടെ ഉള്ളില്‍ ഇവ എത്തിപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍