This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരള്‍

Liver

ശരീരത്തിലെ ഏറ്റവും വലുപ്പമേറിയ ഗ്രന്ഥി. ആദിമ പചനനാളത്തില്‍ നിന്നാണ്‌ കരളിന്റെ ഉദ്‌ഭവം. ഈ ഗ്രന്ഥിയുടെ ഘടനയും ധര്‍മവും മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ കശേരുകികളിലും ഏതാണ്ട്‌ സമാനമാണ്‌. ഭക്ഷണത്തിലെ പോഷകങ്ങളുടെ സംരക്ഷണവും സംഭരണവും, മാംസ്യത്തിന്റെ പചനത്തിനാവശ്യമായ പിത്തരസത്തിന്റെ നിര്‍മാണം, രക്തത്തിലുണ്ടാകുന്ന ഉപദ്രവകാരികളായ ചില വസ്‌തുക്കളുടെ വിസര്‍ജനം എന്നിവയാണ്‌ കരളിന്റെ പ്രധാന ധര്‍മങ്ങള്‍. റാള്‍ (lobster), കണവ, കക്ക (clams) തുടങ്ങിയ അകശേരുകികളില്‍ പചനരസങ്ങള്‍ സ്രവിക്കുന്ന ഗ്രന്ഥിയെ കരള്‍ അഥവാ ഹെപ്പാറ്റോ പാന്‍ക്രിയാസ്‌ (Hepato pancreas)എന്നു വിളിക്കുന്നു. കരളിന്‌ മൊത്തം ശരീരഭാരത്തിന്റെ 23 ശ.മാ. തൂക്കമുണ്ടായിരിക്കും. (പുരുഷനില്‍ 1.41.6 കി.ഗ്രാമും, സ്‌ത്രീയില്‍ 1.21.4 കി.ഗ്രാമും). ഉദരത്തിന്റെ മുകളറ്റത്ത്‌ വലതുവശത്തായി, പ്രാചീരത്തിനു തൊട്ടു താഴെ സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥി വാരിയെല്‍ക്കൂടിനുള്ളില്‍ സുരക്ഷിതമായിരിക്കുന്നു. പ്രാചീരം, ഉദരഭിത്തി, ആമാശയം, കുടല്‍ എന്നിവയുമായി സ്‌നായുക്കളാല്‍ ഇതു ബന്ധിതമാണ്‌. കോണാകൃതിയും ചുവപ്പു കലര്‍ന്ന തവിട്ടുനിറവും, "ഫോം റബ്ബറിന്റെ സാന്ദ്രതയുമുള്ള ഇതിന്‌ ഗ്ലൈസണ്‍സ്‌ കാപ്‌സ്യൂള്‍ എന്നറിയപ്പെടുന്ന നേര്‍മയേറിയ ഒരു കോശകവചവും ഉണ്ട്‌.

കരളിന്റെ ആന്തരിക ഘടന

മനുഷ്യന്റെ കരള്‍ പ്രധാനമായി രണ്ടു "പാളികള്‍'(lobes) ചേര്‍ന്നതാണ്‌: വലുപ്പം കൂടിയ വലതുപാളിയും വലുപ്പം കുറഞ്ഞ ഇടതുപാളിയും. വലതു പാളിക്ക്‌ ഇടതു പാളിയെക്കാള്‍ ഏതാണ്ട്‌ ആറു മടങ്ങ്‌ വലുപ്പക്കൂടുതലുണ്ടാവും. ഇവയ്‌ക്കു പിന്നിലായി രണ്ടു ചെറിയ പാളികള്‍ വേറെയുമുണ്ട്‌ "ക്വാഡ്രറ്റ്‌' പാളിയും "കോഡേറ്റ്‌' പാളിയും. കരളിനെ പിന്നില്‍ നിന്നു നോക്കുമ്പോള്‍ ഈ പാളികളും വലതു പാളിയുടെ ഭാഗമായാണ്‌ കാണപ്പെടുക.

കരളിന്റെ സ്ഥാനം

ഉദ്ദേശം മുന്നൂറുലക്ഷം കോടി കോശങ്ങളുള്ള കരളിനുള്ളില്‍ രക്തക്കുഴലുകള്‍ തിങ്ങി നിറഞ്ഞിരിക്കുന്നതായി കാണാം. രണ്ടു രക്തക്കുഴലുകള്‍ വഴി രക്തം ഈ ഗ്രന്ഥിയിലെത്തിച്ചേരുന്നു: ആമാശയം, കുടലുകള്‍, പ്ലീഹ എന്നിവയില്‍ നിന്ന്‌ അശുദ്ധരക്തം എത്തിച്ചു കൊടുക്കുന്ന "പോര്‍ട്ടല്‍' സിരയാണ്‌ ഒന്നാമത്തേത്‌; ഓക്‌സിജന്‍ കൊണ്ടു സമ്പന്നമായ ശുദ്ധരക്തം എത്തിക്കുന്ന "ഹെപ്പാറ്റിക്‌' ധമനി രണ്ടാമത്തേതും. ഈ രണ്ടു രക്തക്കുഴലുകളും കൂടി മിനിറ്റൊന്നിന്‌ 1,200 മി.ലി. രക്തം വീതം കരളിലെത്തിക്കുന്നു. "ഹെപ്പാറ്റിക്‌' സിരകളില്‍ നിന്നുമുള്ള രക്തം ശേഖരിച്ച്‌ അധോമഹാസിര(inferior vena cava)യില്‍ വീഴ്‌ത്തുന്നു; അധോമഹാസിരയാണ്‌ ഇതിനെ ഹൃദയത്തിലെത്തിക്കുന്നത്‌. കരള്‍കോശങ്ങള്‍ക്കുള്ളില്‍ ജന്മമെടുക്കുന്ന പിത്തലോമികകള്‍ (bile capillaries)ഒന്നുചേര്‍ന്ന്‌ പിത്തരസച്ചാലുകള്‍ (bile channels) ഉണ്ടാകുന്നു. ഈ ചാലുകള്‍ ചേര്‍ന്നു രൂപം കൊള്ളുന്നതാണ്‌ പിത്തനാളി (bile duct). ഉദ്ദേശം 12 സെ.മീ. നീളമുള്ള ഈ നാളി പക്വാശയമുഖ(duodenum)ത്തിന്റെ മുകള്‍ ഭാഗത്തേക്കു തുറക്കുന്നു. പിത്തസഞ്ചിയെ പിത്തനാളിയുമായി യോജിപ്പിക്കുന്ന ചെറുകുഴലാണ്‌ (4സെ.മീ. നീളം) "സിസ്റ്റിക്‌' നാളം.

ജീവസന്ധാരണത്തിന്‌ ഒഴിച്ചുകൂടാനാവാത്ത ഒരു അവയവമാണ്‌ കരള്‍. ശരീരത്തിലെ രാസപ്രവര്‍ത്തനശാല (chemical processing plant)എന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. കുടലില്‍നിന്നു പുറപ്പെടുന്ന രക്തവാഹികള്‍ ദഹിച്ചുകഴിഞ്ഞ ആഹാരാംശങ്ങളെ കരളിലെത്തിക്കുന്നു. ഇതില്‍ ഒരു ഭാഗം ഭാവിയിലെ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതിനുവേണ്ടി കരളില്‍ത്തന്നെ സംഭരിക്കപ്പെടും; ബാക്കിയാണ്‌ രാസപരമായ വ്യതിയാനങ്ങള്‍ക്കു വിധേയമായി ശരീരഭാഗങ്ങള്‍ ആഗിരണം ചെയ്യുന്നത്‌.

വിഷവസ്‌തുക്കളെപ്പോലും ഒരു പരിധിവരെ ചെറുത്തുനില്‌ക്കാനുള്ള കഴിവ്‌ കരളിനുണ്ട്‌. മദ്യവും അതുപോലെയുള്ള മറ്റു വിഷങ്ങളും നിയന്ത്രണാതീതമായി ഉള്ളില്‍ ചെന്നു പെടുന്നില്ലെങ്കില്‍, ഇവയെ അപഗ്രഥിച്ച്‌ വിഷമില്ലാത്ത വസ്‌തുക്കളാക്കി മാറ്റിയെടുക്കാന്‍ കരളിലെ കോശങ്ങള്‍ക്കു കഴിയുന്നു. ഉദാഹരണത്തിന്‌, കരള്‍ക്കോശങ്ങള്‍ക്കു വിഘടിപ്പിക്കാവുന്നതിലേറെ മദ്യം ഒരു മനുഷ്യന്‍ വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ കുടിച്ചു തീര്‍ക്കുകയാണെന്നിരിക്കട്ടെ ധഒരു മണിക്കൂറില്‍ 568.3 ഘ.സെ.മീ (1 പൈന്റ്‌) ബിയറോ 28.4 ഘ.സെ.മീ (1 ഔണ്‍സ്‌) വിസ്‌കിയോ കുടിക്കുന്നെങ്കില്‍ അത്‌ മേല്‌പറഞ്ഞ അളവില്‍പ്പെടുന്നു; കരളിന്‌ അപഗ്രഥിച്ചു നിയന്ത്രിക്കാവുന്നതില്‍ ഏറെയാണിത്‌. അതിനാല്‍ ഇതില്‍ കുറച്ചു ഭാഗം രക്തത്തില്‍ത്തന്നെ ഉണ്ടായിരിക്കും. ഈ രക്തം തലച്ചോറിലെത്തുമ്പോഴാണ്‌ മദ്യപാനലക്ഷണങ്ങള്‍ പ്രകടമാകുന്നത്‌ നോ: അതിമദ്യാസക്തി

രക്തത്തെ വിഷവസ്‌തുക്കളില്‍ നിന്നു സംരക്ഷിക്കുന്നതു മാത്രമല്ല കരളിന്റെ കര്‍ത്തവ്യം; ശരീരകോശങ്ങള്‍ക്കാവശ്യമായ പോഷകപദാര്‍ഥങ്ങള്‍ ശരിയായ അളവില്‍ രക്തത്തില്‍ കലര്‍ത്തി വിടുന്നതും കരള്‍ തന്നെയാണ്‌. കരളിലൂടെ കടന്നു പോകുന്ന രക്തത്തില്‍ നിന്ന്‌ പ്ലാസ്‌മയില്‍ ലയിച്ചുചേര്‍ന്നിട്ടുള്ള ചില പദാര്‍ഥങ്ങളെ മാറ്റിയെടുത്ത്‌ അവയെ ശരീരത്തിനുപയോഗിക്കാന്‍ പറ്റിയ പദാര്‍ഥങ്ങളാക്കിത്തീര്‍ക്കുന്നു; മറ്റു ചിലതിനെയാകട്ടെ, വിസര്‍ജ്യവസ്‌തുക്കളായി മാറ്റുകയാണു ചെയ്യുന്നത്‌.

ഓരോ 24 മണിക്കൂറിലും 4001000 മി.ലി. പിത്തരസം (bile) സ്രവിക്കുന്ന ഒരു ഗ്രന്ഥിയാണ്‌ കരള്‍. ക്ഷാരഗുണമുള്ള ഒരു ദ്രാവകമാണ്‌ പിത്തരസം. പിത്തസഞ്ചി(gall bladder)ക്കുള്ളില്‍ സംഭരിക്കപ്പെടുന്ന ഈ സ്രവം, പക്വാശയമുഖത്തിലൂടെ കൊഴുപ്പു കൂടുതലായ ഭക്ഷണപദാര്‍ഥം കടന്നു പോകുന്ന സമയത്ത്‌ അതിനുള്ളിലേക്ക്‌, വളരെ കുറച്ചു വീതം, എത്തിച്ചേരുന്നു. കൊഴുപ്പിന്റെ സ്‌നേഹമിശ്രണത്തിന്‌ (emulsification) സഹായകമായ സ്ഥിതിവ്യത്യാസങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ്‌ പിത്തരസത്തിന്റെ പ്രവര്‍ത്തനം. ഇതിനു പുറമേ, ഇരുമ്പിന്റെയും സി ഒഴികെയുള്ള മറ്റു ജീവകങ്ങളുടെയും സംഭരണശാലയായും കരള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. രക്തത്തിനു ചുവപ്പു നിറം നല്‌കുന്ന ഹീമോഗ്ലോബിന്‍ വിഘടിച്ചു കിട്ടുന്ന ഘടകപദാര്‍ഥങ്ങളെ ബിലിവര്‍ഡിന്‍, ബിലിറൂബിന്‍ എന്നിവയായി മാറ്റുന്നതും കരളിന്റെ ജോലി തന്നെയാണ്‌.

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ താപവും ഊര്‍ജവും പ്രദാനം ചെയ്യുന്നത്‌ കരളാണ്‌. കരളിന്റെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മമായി ഇതിനെ കണക്കാക്കാം. പഴങ്ങളിലും പാലിലും അടങ്ങിയിരിക്കുന്ന ഫ്രക്‌റ്റോസ്‌, ലാക്‌റ്റോസ്‌ എന്നിവ പോലെ ലയനസ്വഭാവമുള്ള ഏത്‌ അന്നജവും കരളിന്റെ പ്രവര്‍ത്തനം മൂലം ഗ്ലൂക്കോസ്‌ ആയി രൂപാന്തരപ്പെടുന്നു. ഈ ഗ്ലൂക്കോസ്‌ ആണ്‌ ശരീരത്തിനാവശ്യമായ താപോര്‍ജങ്ങളുടെ ഉറവിടം. അമിനോഅമ്ലങ്ങളുടെ ചില പ്രത്യേക ഘടകങ്ങളില്‍ നിന്ന്‌ കരള്‍ ഗ്ലൂക്കോസ്‌ നിര്‍മിക്കാറുണ്ട്‌. ഇപ്രകാരം നിര്‍മിക്കപ്പെടുന്ന ഗ്ലൂക്കോസിന്റെ അളവ്‌ വളരെ കൂടുതലാണെങ്കില്‍ അതിനെ ഗ്ലൈക്കജന്‍ എന്ന രൂപത്തിലാക്കി കരളില്‍ സംഭരിക്കുകയാണ്‌ പതിവ്‌. ഗ്ലൈക്കജനില്‍ നിന്ന്‌ ഗ്ലൂക്കോസ്‌ നിര്‍മിക്കുക വളരെ എളുപ്പമാണ്‌. ശരീരത്തിന്‌ കൂടുതല്‍ ഊര്‍ജം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ഇപ്രകാരം സംഭരിച്ചു വച്ചിരിക്കുന്ന ഗ്ലൈക്കജന്‍ ഉപയോഗിക്കപ്പെടുന്നു.

കൊഴുപ്പിന്റെ പചനത്തില്‍ നിന്നുണ്ടാകുന്ന കൊഴുപ്പമ്ലങ്ങളെ വളരെ വേഗം ഓക്‌സീകരണവിധേയമാക്കാവുന്ന ചില ഘടകങ്ങളാക്കി മാറ്റുന്നതും കരളിന്റെ അപ്രധാനമല്ലാത്ത ഒരു ധര്‍മമാണ്‌. ഓക്‌സീകരണഫലമായി ധാരാളം ഊര്‍ജം സ്വതന്ത്രമാവുന്നു. രക്തം കട്ടിയാകുന്നതിന്‌ ആവശ്യമായ ഫൈബ്രിനോജന്‍, പ്രാത്രാംബിന്‍ എന്നീ രാസപദാര്‍ഥങ്ങള്‍ നിര്‍മിക്കുന്നതും കരള്‍ തന്നെ. മുറിവുകള്‍ ഉണങ്ങുന്നതിന്‌ ഈ പദാര്‍ഥങ്ങള്‍ രക്തത്തിലുണ്ടായിരുന്നേ മതിയാവു.

തൈറോയ്‌ഡ്‌, അഡ്രീനല്‍, ലൈംഗികഗ്രന്ഥികള്‍ എന്നിവ അതിശക്തമായ ഹോര്‍മോണുകളെയാണ്‌ രക്തത്തിലേക്കു സ്രവിച്ചുകൊണ്ടിരിക്കുന്നത്‌. ഇവ രക്തത്തില്‍, മാറ്റങ്ങള്‍ക്കൊന്നും വിധേയമാകാതെ തുടരുന്ന പക്ഷം ദൂരവ്യാപകഫലങ്ങളുളവാക്കാന്‍ കഴിവുറ്റവയാണ്‌. ഇപ്രകാരം ആവശ്യത്തിലധികം വരുന്ന ഹോര്‍മോണുകളെ രക്തത്തില്‍ നിന്നു വലിച്ചെടുത്ത്‌ അവയുമായി പ്രതിപ്രവര്‍ത്തനം നടത്തി, നിര്‍വീര്യമാക്കി, മൂത്രത്തിലൂടെയും മറ്റും പുറന്തള്ളുന്നത്‌ കരളിന്റെ മറ്റൊരു പ്രധാനകര്‍ത്തവ്യമാകുന്നു. ഇതിനെല്ലാമുപരിയായി, മനുഷ്യന്‍ അകത്താക്കുന്ന ഔഷധങ്ങളുടെ 80 ശതമാനത്തിലേറെയും കരള്‍ പുറത്തു കളയുന്നു. പലപ്പോഴും ഈ പ്രവൃത്തി കരള്‍ നേരിട്ടാണു നിര്‍വഹിക്കുക. അപൂര്‍വമായി, ഔഷധഭാഗങ്ങളെ വെള്ളത്തില്‍ ലയിപ്പിക്കാവുന്ന രൂപത്തിലാക്കി, വൃക്കകളിലൂടെയും പുറത്തു കളയാറുണ്ട്‌.

കരള്‍ രോഗങ്ങള്‍. കരള്‍ക്കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനം കരളിനുള്ളിലേക്കും പുറത്തേക്കുമുള്ള രക്ത പ്രവാഹത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇവയില്‍ ഒരു പ്രവാഹത്തിനു പോലുമുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള തടസ്സം കരള്‍രോഗലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നു.അര്‍ബുദം, ഹൃദ്‌രോഗങ്ങള്‍, കട്ടപിടിക്കുന്ന രക്തം തുടങ്ങിയവയെല്ലാം കരളിലെ രക്തപ്രവാഹത്തെ ബാധിക്കുന്നവയാണ്‌.

പിത്തരസത്തിന്റെ ഗതിയും തടസ്സം കൂടാത്തതായിരിക്കേണ്ടത്‌ കരളിന്റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ അത്യാവശ്യമാകുന്നു. പിത്തരസം കുറേ ദിവസം (1520 ദിവസം) ചെറുകുടലില്‍ എത്താതിരുന്നാല്‍ കരളിനുള്ളിലെ പിത്തലവണങ്ങള്‍ വര്‍ധിക്കുകയും ഈ വര്‍ധന കരള്‍ക്കോശങ്ങളുടെ പ്രവര്‍ത്തനത്തെ പ്രക്ഷീണമാക്കുകയും ചെയ്യും. സാധാരണഗതിയില്‍ പിത്തരസത്തിന്റെ ഒഴുക്കു ശരിയാകുന്നതോടെ ഈ കുഴപ്പം പരിഹരിക്കപ്പെടാറുണ്ട്‌. ഉദ്ദേശം ഒരു വര്‍ഷത്തിലേറെ ഈ സ്ഥിതി നിലനില്‌ക്കുന്നു എങ്കില്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടാകാറുള്ളു. പിത്തസഞ്ചിയുടെ രോഗങ്ങളോ, പിത്തസഞ്ചിയിലെ കല്ലുകളോ ആണ്‌ മിക്കവാറും ഇതിനു കാരണമാകുന്നത്‌. കരളിന്റെ ഏതാണ്ട്‌ പകുതി ഭാഗം വരെയും രോഗഗ്രസ്‌തമാകുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്‌താലും ആരോഗ്യത്തിന്‌ കാര്യമായ നാശം സംഭവിക്കുകയില്ല. ഇക്കാരണത്താല്‍ പലപ്പോഴും പല കരള്‍രോഗങ്ങളും വളരെ നാളുകളോളം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരു കുഞ്ഞിന്റെ തലയോളം വലുപ്പമുള്ള "മുഴ'കള്‍ (tumours) കെരളിലുണ്ടായിരുന്നിട്ടും, രോഗലക്ഷണങ്ങള്‍ പ്രകടമാക്കുകയോ, മറ്റെന്തെങ്കിലും തരക്കേടുണ്ടാക്കുകയോ ചെയ്യാതിരുന്നിട്ടുള്ളതും അപൂര്‍വമല്ല.

കരളിന്റെ അസ്വാസ്ഥ്യങ്ങളുടെ ഒരു സാധാരണ ലക്ഷണമാണ്‌ മഞ്ഞപ്പിത്തം. രക്തത്തില്‍ കലരുന്ന ബിലിറൂബിന്റെ അളവ്‌ വളരെക്കൂടുതലാകുന്നതിന്റെ ഫലമായി മഞ്ഞപ്പിത്തം ബാധിക്കുന്ന രോഗിയുടെ തൊലിക്ക്‌ മഞ്ഞ നിറം ഉണ്ടാകുന്നു. പലപ്പോഴും രോഗിയുടെ കണ്ണിലെ കൃഷ്‌ണമണിക്കു ചുറ്റുമുള്ള വെളുത്ത ഭാഗം വരെ നല്ല മഞ്ഞയാകാറുണ്ട്‌. ഹെപ്പറ്റൈറ്റിസ്‌, സിറോസിസ-്‌ എന്നീ പേരുകളിലറിയപ്പെടുന്ന ഏതിനം കരള്‍വീക്കം കൊണ്ടും മേല്‌പറഞ്ഞ ലക്ഷണങ്ങള്‍ ഉണ്ടാകാം. നോ: മഞ്ഞപ്പിത്തം ഹെപ്പറ്റൈറ്റിസ്‌ (Hepatitis)ചിലയിനം വൈറസുകളും ബാക്‌ടീരിയകളും, അപൂര്‍വമായി സ്‌പൈറക്കീറ്റുകളും പ്രാട്ടസോവകളും ആണ്‌ ഹെപ്പറ്റൈറ്റിസ്‌ എന്ന കരള്‍വീക്കത്തിനു കാരണം. തുടര്‍ച്ചയായുള്ള അമിതമായ മദ്യപാനവും ഇതിനൊരു കാരണമാണ്‌. കാര്‍ബണ്‍ ടെട്രാക്ലോറൈഡും അതുപോലെ വിഷജന്യമായ മറ്റു രാസവസ്‌തുക്കളുമായുള്ള ദീര്‍ഘകാലത്തെ സമ്പര്‍ക്കം, കുമിള്‍വിഷബാധ, ഔഷധങ്ങളോടുള്ള അലര്‍ജിക്‌പ്രതിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും ഹെപ്പറ്റൈറ്റിസിനു കാരണമാണ്‌. കാരണം ഏതായാലും രോഗലക്ഷണങ്ങള്‍ സദൃശമായിരിക്കും. വൈറല്‍ ബാധ മൂലമുണ്ടാകുന്ന ഹെപ്പറ്റെറ്റിസ്‌ പലപ്പോഴും മാരകമാകാറുണ്ട്‌. ഹെപ്പറ്റൈറ്റിസ്‌ എ, ബി, സി, ഡി, ഇ എന്നീ അഞ്ചു വൈറസുകളാണ്‌ പ്രധാനമായും കരളിനെ ബാധിക്കുന്നത്‌. ഹെപ്പറ്റൈറ്റിസ്‌ എയും ഇയും വൈറസുകള്‍ കുടിവെള്ളത്തിലൂടെയും ബി, സി, ഡി വൈറസുകള്‍ രക്തവും മറ്റ്‌ ശാരീരികദ്രവങ്ങളിലൂടെയുമാണ്‌ സംക്രമിക്കുന്നത്‌. ഇമ്യുണോഗ്ലോബുലിന്‍ കുത്തിവയ്‌പുകള്‍ വൈറല്‍ ഹൈപ്പറ്റൈസിന്‌ പ്രതിരോധക്ഷമമാണ്‌. നോ: ഹെപ്പറ്റൈറ്റിസ്‌

ക്ഷതം (Trauma). ശരീരത്തിനുള്ളില്‍ വളരെ സുരക്ഷിതമായി സ്ഥിതിചെയ്യുന്നുവെങ്കിലും പലപ്പോഴും കരളിന്‌ ക്ഷതം പറ്റാറുണ്ട്‌. റോഡപകടങ്ങളും മറ്റും ഇതിനു കാരണമാകുന്നു. ഉദരാശയത്തിനുള്ളിലെ രക്തസ്രാവം കരളിനുണ്ടാകുന്ന നാശത്തിന്റെ ഫലമാകാം. ശ്വാസം വലിച്ചു വിടുമ്പോള്‍ വേദനയും, ഉദരഭിത്തികളുടെ കാഠിന്യവും (rigidity), ദ്രുതതരമായ നാഡീസ്‌പന്ദനവും ഇതിന്റെ മറ്റു ലക്ഷണങ്ങളാണ്‌. കരളിനുണ്ടായ അപകടം വ്യക്തമായി മനസ്സിലാക്കുന്നതിന്‌ എക്‌സ്‌റേ ഫോട്ടോകള്‍ സഹായകമാകുന്നു. കടുത്ത നാശം സംഭവിച്ച കരള്‍ മിക്കവാറും ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കേണ്ടി വരും. കരളിനുള്ളില്‍ കാണുന്ന പരകോടി രക്തക്കുഴലുകളാല്‍ ഇതിന്റെ ശസ്‌ത്രക്രിയ സുസാധ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചില പ്രത്യേക വസ്‌തുക്കളുടെ (fibrin foam materials)ഉപയോഗം നിലവില്‍ വന്നതിനു ശേഷം, തരക്കേടു പറ്റിയ കരള്‍ ഭാഗങ്ങള്‍ മുറിച്ചു മാറ്റാന്‍ സാധിക്കുന്നുണ്ട്‌. ശേഷിച്ച ഭാഗങ്ങള്‍ വളരെപ്പെട്ടെന്നു വളര്‍ന്ന്‌ പ്രവര്‍ത്തനനിരതമായിക്കൊള്ളും.

സിറോസിസ്‌ (Cirrhosis). കെരളിനുള്ളിലെ നാരുപോലെയുള്ള കലകളുടെ അമിതമായ വര്‍ധനവു മൂലം കരളിനുണ്ടാകുന്ന വീക്കമാണ്‌ ഇത്‌. ഇതിന്റെ ഫലമായി കരളിന്റെ സാധാരണ രൂപവും ധര്‍മവും അവതാളത്തിലാകുന്നു. സിറോസിസ്‌ ബാധിച്ച കരള്‍ ചുരുങ്ങിയാണ്‌ സാധാരണയായി കാണപ്പെടുക. കരളിനുള്ളിലെ രക്തപ്രവാഹത്തിന്റെ ഗതി തടയപ്പെടുന്നതാണ്‌ ഗുരുതരമായ രോഗാവസ്ഥയ്‌ക്കു കാരണമായിത്തീരുന്നത്‌. പലപ്പോഴും "സിറോസിസ്‌ രോഗി'കള്‍ക്ക്‌ രോഗമുള്ളതായി തോന്നുകയില്ല; എന്നാല്‍ അപൂര്‍വമായി, രോഗലക്ഷണങ്ങള്‍ പ്രകടമായ ശേഷം ആഴ്‌ചകള്‍ക്കുള്ളില്‍ മരിക്കുന്ന രോഗികളുമുണ്ട്‌. രോഗനിര്‍ണയനത്തിനു ശേഷം 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിക്കുന്നവരാണ്‌ 50 ശതമാനത്തിലേറെ രോഗികളും.

അമിതമായ മദ്യപാനം സിറോസിസിനു വഴി തെളിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. ഹെപ്പറ്റൈറ്റിസ്‌ സിറോസിസിലേക്കു നയിക്കുന്നതും സാധാരണം തന്നെ. പോഷകാഹാരക്കുറവും വില്‍സണ്‍സ്‌ രോഗം പോലെയുള്ള ചില അപൂര്‍വ പാരമ്പര്യരോഗങ്ങളും ചില ഔഷധങ്ങളും രാസവസ്‌തുക്കളും (കാര്‍ബണ്‍ ടെട്രാക്ലോറൈഡ്‌) സിറോസിസിനു കാരണമാകാറുണ്ട്‌. നോ: സിറോസിസ്‌

അര്‍ബുദം (Liver cancer). ഹെപ്പറ്റോമ എന്നറിയപ്പെടുന്ന കരളിലെ അര്‍ബുദം കരളിനുള്ളില്‍ത്തന്നെ ആരംഭിക്കാറുണ്ട്‌. എന്നാല്‍ കൂടുതലായും ഇത്‌ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍പചനനാളം, ആഗ്‌നേയഗ്രന്ഥി, ശ്വാസകോശങ്ങള്‍, മാറിടം എന്നിവിടങ്ങളില്‍ പ്രത്യേകിച്ച്‌ഉദ്‌ഭവിച്ച ശേഷം കരളിലെത്തിച്ചേരുന്നതാണ്‌. കരളിനുള്ളിലെ ട്യൂമറുകള്‍ അപൂര്‍വമായി നീക്കം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും ഫലപ്രദമായ പ്രത്യേക ചികിത്സകളൊന്നും തന്നെ ഇതിനു കണ്ടുപിടിക്കപ്പെട്ടിട്ടില്ല. കരളിന്റെ പ്രവര്‍ത്തനം നിര്‍ണയിക്കുന്ന രക്തപരിശോധനകള്‍. കരളിന്റെ പ്രവര്‍ത്തനത്തിലെ (വിവിധ പദാര്‍ഥങ്ങളുടെ സംശ്ലേഷണം, പദാര്‍ഥങ്ങളുടെ വിഘടനവും വിസര്‍ജനവും) മാറ്റങ്ങളും കരള്‍ കോശങ്ങളുടെ തകരാറും നിര്‍ണയിക്കാന്‍ സഹായകമായ ഒരു വിഭാഗം രക്തപരിശോധനകള്‍ നിലവിലുണ്ട്‌. കരള്‍രോഗങ്ങളുടെ ചികിത്സയോടുള്ള പ്രതികരണം നിര്‍ണയിക്കുന്നതിനും ഇവ സഹായകമാണ്‌.

സീറം ബിലിറൂബിന്‍, സീറം ആല്‍ക്കലൈന്‍ ഫോസ്‌ഫറ്റേസ്‌, സീറം പ്രാട്ടീന്‍, എന്‍സൈം എന്നിവയുടെ അളവാണ്‌ സാധാരണ പരിശോധിക്കുന്നത്‌.

കരള്‍ഒരു ആഹാരപദാര്‍ഥം. ലോകമെമ്പാടുമുള്ള മാംസഭുക്കുകളുടെ പ്രിയങ്കരമായ ഒരു ഭോജ്യവസ്‌തുവാണ്‌ കരള്‍. ആടുമാടുകളുടെ കരളാണ്‌ ഇക്കൂട്ടത്തില്‍ ഏറ്റവും ജനസമ്മതി നേടിയിട്ടുള്ളത്‌. മാംസത്തെക്കാള്‍ പോഷണമൂല്യം വളരെ കൂടുതലുള്ള കരളില്‍ കൊഴുപ്പിന്റെ അളവ്‌ നേര്‍പകുതിയായിരിക്കുമ്പോള്‍, ഫോസ്‌ഫറസ്‌ ഇരട്ടിയോളമുണ്ട്‌; ഇരുമ്പാകട്ടെ മൂന്നുനാലു മടങ്ങ്‌ അധികവും. ജീവകം എ, തയാമിന്‍, റൈബോഫ്‌ളേവിന്‍, നിയാസിന്‍, ജീവകം ബി12 എന്നിവയും കരളില്‍ സമൃദ്ധമായുണ്ട്‌. കോളസ്റ്ററോളിന്റെ അളവും ഇതില്‍ വളരെ കൂടുതലാണ്‌. ഇരുമ്പ്‌, ചെമ്പ്‌, ജീവകം ബി12 എന്നിവയുടെ സമൃദ്ധി കാരണം, ചിലതരം അരക്തതാരോഗികളുടെ ഭക്ഷണത്തില്‍ കരളിന്‌ ഒരു പ്രധാന സ്ഥാനമുണ്ട്‌. കരള്‍ വറുത്തെടുക്കുന്നതും, തീയുടെ മുകളില്‍പ്പിടിച്ചു ചുട്ടെടുക്കുന്നതുമാണ്‌ സാധാരണയുള്ള പാചകരീതികള്‍. "ചോപ്‌ഡ്‌ ചിക്കന്‍ ലിവര്‍' എന്നറിയപ്പെടുന്ന വിശിഷ്ടഭോജ്യംകോഴിക്കുഞ്ഞിന്റെ കരള്‍, ഉള്ളി, മുട്ട, കോഴിക്കുഞ്ഞിന്റെ തന്നെ കൊഴുപ്പ്‌ എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ്‌. ഫ്രഞ്ചുകാരുടെ ഒരു പ്രിയപ്പെട്ട ഭക്ഷണം (Pae de foie gras) തൊറാവിന്റെ കരള്‍ കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌.

വിഷവസ്‌തുക്കളും വിസര്‍ജ്യങ്ങളും കരളില്‍ കൂടുതലായുണ്ടായിരിക്കും എന്നതിനാല്‍ കരളിന്റെ ഭക്ഷ്യയോഗ്യതയെ ചോദ്യം ചെയ്യുന്ന ഒരു അഭിപ്രായവും ഇന്ന്‌ നിലവിലുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍