This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരയോരമേഖല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരയോരമേഖല

കരയോടടുത്തുള്ള സമുദ്രഭാഗം. സ്ഥിരനിമജ്ജിത രേഖയില്‍ നിന്ന്‌ കരയോരാതിര്‍ത്തിയിലേക്ക്‌ സു. 120 മീ. ദൂരമുണ്ട്‌. ക്രമത്തില്‍ ആഴം കൂടുന്ന ഈ സമുദ്രഭാഗത്തില്‍, കരയോരമേഖലയുടെ കൂടിയ ആഴം 200 മീ. ആണ്‌. കരയോടടുത്തുള്ള കടല്‍ത്തറയാണ്‌ കരയോരം; വന്‍കരകളുടെ സമുദ്രാന്തര്‍ഗതമായിട്ടുള്ള ഈ ഭാഗത്തെ വന്‍കരയോരം (continental shelf) എന്നും ദ്വീപുവക്കിലെ ഇടുങ്ങിയ നിമജ്ജിതമേഖലയെ ഇന്‍സുലാര്‍ കരയോരം (socle) എന്നും വിശേഷിപ്പിക്കുന്നു. കരയോരമേഖലയെ സമുദ്രവിജ്ഞാനികള്‍, പരിസ്ഥിതി പഠിതാക്കള്‍ എന്നിവര്‍ ലിറ്റൊറല്‍ എന്നും ഭൂവിജ്ഞാനികള്‍ "നെറിറ്റിക്‌' എന്നും ആണ്‌ സാധാരണയായി വിശേഷിപ്പിക്കുന്നത്‌. ഭൂവിജ്ഞാനികള്‍ ലിറ്റൊറല്‍ എന്ന പദവും ഉപയോഗിക്കാറുണ്ടെങ്കിലും മറ്റുശാസ്‌ത്രശാഖകളിലെ പ്രയോഗത്തെ അപേക്ഷിച്ച്‌ അര്‍ഥവ്യാപ്‌തിയില്‍ സാരമായ വ്യത്യാസമുണ്ട്‌. കരയോരമേഖലയ്‌ക്കപ്പുറം കരയോരാതിര്‍ത്തിയില്‍ നിന്ന്‌ അഗാധ (bathyal തലങ്ങളിലേക്കുള്ള കടുംതൂക്കായ ചരിവാണ്‌. ഈ ഭാഗത്തെ ഭൂമിശാസ്‌ത്രപരമായി വന്‍കരച്ചരിവ്‌ (Continental slope) എന്നു വിശേഷിപ്പിക്കുന്നു. കരയോര ഭൂപ്രകൃതിയെ സാരമായി സ്വാധീനിച്ചിട്ടുള്ള ഘടനാവിശേഷങ്ങളാണ്‌ സമുദ്രാന്തരിത കിടങ്ങുകളും (submarine canyons)തൊഴ്‌വാരങ്ങളും (നോ: കാന്യണ്‍).

ഉച്ചതമവും (A) നിബന്ധിതവും (B) ആയ കാര്‍ബണേറ്റ്‌-നിക്ഷേപണ മേഖലകള്‍

ഭൂവിജ്ഞാനപരം സമുദ്രനിക്ഷേപങ്ങളെ സംബന്ധിച്ചുള്ള പഠനവേളയില്‍ ലിറ്റൊറല്‍ മേഖല, അന്തര്‍വേലീയ മേഖലയെയും തുടര്‍ന്ന്‌ 510 മീ. കൂടി താഴ്‌ചയുള്ള കടല്‍ത്തറയെയും ഉള്‍ക്കൊള്ളുന്നതായാണ്‌ വിവക്ഷ; നെറിറ്റിക്‌ മേഖല സ്ഥിരനിമജ്ജിത മേഖലയില്‍ നിന്ന്‌ 200 മീ. വരെ താഴ്‌ചയില്‍ ആണ്ടു കിടക്കുന്ന കടല്‍ത്തറകളെ ഉള്‍ക്കൊള്ളുന്നതായും. ഇവ രണ്ടും കൂടി ചേര്‍ന്നതാണ്‌ കരയോരമേഖല. കരയോരമേഖലയുടെ ഭൂമിശാസ്‌ത്രപരമായ സ്ഥാനം, കടല്‍ത്തറയുടെ ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയവ കരയോരത്തുള്ള അവസാദനത്തെ സാരമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌.

സമുദ്രീയ പരിസ്ഥിതിയും കരയോരമേഖലയിലെ ജൈവമേഖലയും

ലിറ്റൊറല്‍ മേഖല. ഭൗതിക പ്രകൃതിയെ ആസ്‌പദമാക്കി ഈ മേഖലയെ കോറല്‍മേഖല, മണല്‍ നിറഞ്ഞ കടല്‍പ്പുറങ്ങള്‍, പാറക്കെട്ടുകള്‍ നിറഞ്ഞ തീരപ്രദേശം, പ്രാവാള രോധിക(barrier reef)കളാല്‍ ഒട്ടൊക്കെ ചൂഴപ്പെട്ട ആഴം കുറഞ്ഞ ഉള്‍ക്കടലുകള്‍ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

ഉഷ്‌ണമേഖലയില്‍ കരയോരത്തുള്ള ജൈവപ്രക്രിയകള്‍ കാല്‍സിയം കാര്‍ബണേറ്റിന്റെ നിക്ഷേപണത്തിന്‌ സഹായകമായതിനാല്‍ കോറല്‍ വളര്‍ച്ച ഇവിടെ ഉച്ചതമമായിക്കാണുന്നു. കോറല്‍ ജീവാശ്‌മങ്ങളുടെ സാന്നിധ്യം ഉഷ്‌ണമേഖലാകരയോരനിക്ഷേപങ്ങളെ തിരിച്ചറിയാനുപയോഗപ്പെടുത്താവുന്ന ഒരു ഉത്തമ സൂചകമാണ്‌. സമീപകാലത്തുണ്ടായ വിവര്‍ത്തനിക പ്രക്രിയകളുടെ ഫലമായി തീരത്ത്‌ എഴുന്നുണ്ടായ വലിത പര്‍വതനിരകളോ അഗ്നിപര്‍വതശിഖരങ്ങളോ പാറക്കെട്ടുകള്‍ നിറഞ്ഞ ചെങ്കുത്തായ കടലോരപ്രദേശത്തിന്റെ രൂപീകരണത്തിന്‌ ഹേതുകമാവുന്നു. താരതമ്യേന കാഠിന്യമേറിയ ശിലകളും ഭൂപ്രകൃതിപരമായ സവിശേഷസാഹചര്യങ്ങള്‍ മൂലം ശക്തി (അപരദനശേഷി) കുറഞ്ഞ തിരമാലകളുടെ പ്രവര്‍ത്തനവും ഇത്തരം കരയോരങ്ങള്‍ക്ക്‌ രൂപം നല്‌കാം; കൂടാതെ വരണ്ടതും തണുപ്പേറിയതുമായ മരുഭൂകാലാവസ്ഥകളും പാറക്കെട്ടുകള്‍ നിറഞ്ഞ കരയോരത്തിന്റെ രൂപീകരണത്തിനു പ്രരകമാണ്‌. അടിത്തറയിലെ കഠിനശിലാതലങ്ങളില്‍ പറ്റിപ്പിടിച്ച്‌ വളരുന്നയിനം ജന്തുസസ്യാദികളാണ്‌ ഇപ്രകാരമുള്ള കരയോരത്ത്‌ വസിക്കുന്നത്‌; ഉഷ്‌ണമേഖലയിലുള്ളതിലും കൂടുതല്‍ ജീവജാലം ഉന്നതാക്ഷാംശങ്ങളില്‍ ഉണ്ടെങ്കിലും ധ്രുവീയ പ്രദേശങ്ങളില്‍ ജീവജാലം വളരെ കുറച്ചു മാത്രമേ കാണപ്പെടുന്നുള്ളു.

അയുതാബ്‌ദങ്ങളായുള്ള തിരമാലകളുടെ നിസ്‌തന്ദ്രമായ പ്രവര്‍ത്തനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന മണല്‍ നിറഞ്ഞ കടല്‍പ്പുറങ്ങളില്‍ ഭൂപ്രകൃതിക്കും ശിലാഘടനയ്‌ക്കും അനുസൃതമായി സൂക്ഷ്‌മതരികള്‍ മുതല്‍ 50 സെ.മീ. വ്യാസമുള്ള ഗോളാശ്‌മങ്ങള്‍ വരെ കാണപ്പെടുന്നു. ശിലാഭിത്തികളാല്‍ നൈസര്‍ഗികസംരക്ഷണം ലഭിച്ചുപോരുന്ന കടല്‍പ്പുറ (lagoon)ങ്ങളില്‍ മേല്‌പറഞ്ഞ തരം കല്ലും മണലും വേലായ പ്രവര്‍ത്തനങ്ങളുടെ ഫലമായി വ്യക്തമായ തരംതിരിവിന്‌ വിധേയമായിരിക്കും. നദീജന്യ അവസാദത്താല്‍ നിറയ്‌ക്കപ്പെടുന്ന ലഗൂണ്‍ പില്‌ക്കാലത്ത്‌ ചതുപ്പുകളായി മാറാവുന്നതാണ്‌. മണല്‍ത്തരികളുടെ വലുപ്പം കൂടുന്നതനുസരിച്ച്‌ ചരിവുമാനം വര്‍ധിക്കുമെങ്കിലും കരയോര കടല്‍ത്തറയ്‌ക്ക്‌ 200ല്‍ കൂടിയ ചരിവ്‌ സാധാരണമല്ല. ശിലാസ്രാതസ്സിന്റെ ധാതുഘടനയ്‌ക്കനുസൃതമായിരിക്കും കടല്‍പ്പുറത്തിന്റെ വര്‍ണഭംഗി. കോറല്‍ ഭിത്തി, ചുണ്ണാമ്പുകല്ല്‌ എന്നിവ ധൂളീപ്രായത്തില്‍ നന്നെ വെളുത്ത കടല്‍പ്പുറങ്ങള്‍ സൃഷ്ടിക്കുന്നു. ശിലാസ്രാതസ്സ്‌ ഇരുണ്ടതാണെങ്കില്‍ കടല്‍ത്തറയ്‌ക്കും കടുത്ത നിറമാണുണ്ടാവുക; ഒലിവിന്‍ ധാതുക്കള്‍ കടല്‍ത്തറയ്‌ക്ക്‌ പച്ചനിറവും, ഗാര്‍നെറ്റ്‌ ചുവപ്പുനിറവും പകരുന്നു. ഞണ്ടുകള്‍, ഷ്രിംപ്‌, ഗാസ്‌റ്റ്രാപോഡുകള്‍, പെലിസിപോഡുകള്‍, വിരകള്‍ എന്നിവയാണ്‌ പ്രമുഖ കടല്‍പ്പുറ ജീവികള്‍.

വടക്കേ അമേരിക്കയുടെ കിഴക്കും പടിഞ്ഞാറും തീരങ്ങളിലും ബാള്‍ട്ടിക്‌ കടല്‍, കരിങ്കടല്‍ എന്നിവയുടെ തീരങ്ങളിലും തീരരേഖയ്‌ക്ക്‌ ഏതാണ്ട്‌ സമാന്തരമായി സഞ്ചിതമായ മണല്‍രോധിക (sand-bar)കളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള കരയോര മേഖലകളുണ്ട്‌. സമുദ്രജല പ്രവാഹങ്ങളാല്‍ സഞ്ചിതമാവുന്ന മണല്‍രോധികകള്‍ കാറ്റിന്റെയും തിരമാലകളുടെയും പ്രവര്‍ത്തന ഫലമായി രൂപാന്തരം പ്രാപിച്ച്‌, അവിടവിടെ മുറിഞ്ഞ്‌, പുറം കടലുമായി ബന്ധപ്പെടാനുള്ള നൈസര്‍ഗിക സൗകര്യം പ്രദാനം ചെയ്യുന്നു.

അവസാദ ശിലാശേഖരങ്ങളില്‍ ലിറ്റൊറല്‍ നിക്ഷേപങ്ങളെ തിരിച്ചറിയാന്‍ സഹായകമായ മറ്റൊരു സൂചക ജീവാശ്‌മമാണ്‌ ഫൊറാമിനിഫെറ. ഈ മേഖലയുടെ സങ്കുചിതത്വവും നിക്ഷേപങ്ങള്‍ വളരെ പെട്ടെന്ന്‌ അപരദന വിധേയമാവാനുള്ള സാധ്യതകളും കാരണം ഇവയുടേതായ ശിലാസ്‌തരങ്ങള്‍ വളരെ പിരമിതമായേ പരിരക്ഷിക്കപ്പെട്ടു കാണുന്നുള്ളു.

നെറിറ്റിക്‌ മേഖല. ഭൂവിജ്ഞാനപരമായി, കരയോരമേഖലയില്‍ ലിറ്റൊറല്‍ മേഖലയെ തുടര്‍ന്ന്‌ 200 മീ. വരെ ആഴത്തിലുള്ള കടല്‍ത്തറയെയാണ്‌ നെറിറ്റിക്‌ മേഖല എന്നു പറയുന്നത്‌. എന്നാല്‍ കരയോടടുത്ത്‌ 40 മീ. വരെ ആഴത്തിലുള്ള മേഖലയ്‌ക്ക്‌ എപ്പിനെറിറ്റിക്‌ എന്നും 40 മുതല്‍ 200 വരെ മീ. ആഴത്തിലുള്ള മേഖലയ്‌ക്ക്‌ ഇന്‍ഫ്രാനെറിറ്റിക്‌ എന്നും പറയാറുണ്ട്‌.

മീസോസോയിക്‌, പാലിയോസോയിക്‌ എന്നീ മഹാകല്‌പകാലങ്ങളില്‍ കരയോര മേഖലയ്‌ക്ക്‌ ഇന്നുള്ളതിലും പതിന്‌മടങ്ങ്‌ വ്യാപ്‌തിയുണ്ടായിരുന്നു. ഇത്തരം വിസ്‌തൃതമായ കരയോരമേഖലയെ എപ്പൈറിക്‌ (epeiric)എന്നും എപ്പികോണ്ടിനന്റല്‍ എന്നും വിശേഷിപ്പിക്കാറുണ്ട്‌. ആഗോളവ്യാപകമായി ഇന്നുള്ള കരയോരനിക്ഷേപത്തിന്റെ മൊത്തം അളവ്‌ 16,00,00,000 ഘന കി.മീ. ആണെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. ഇവയില്‍ നിന്ന്‌ രൂപം കൊള്ളാവുന്ന മുഖ്യ അവസാദ ശിലാതരങ്ങള്‍ കളിമണ്ണ്‌, മണല്‍ക്കല്ല്‌, ചുണ്ണാമ്പുകല്ല്‌ എന്നിവയും ഈ അവസാദത്രയത്തിന്റെ അനുപാതം യഥാക്രമം 15:4:3 എന്നിങ്ങനെയും ആണെന്ന്‌ ആധുനിക പര്യവേക്ഷണ നിരീക്ഷണങ്ങള്‍ വെളിവാക്കുന്നു.

അവസാദ പരിസ്ഥിതിയെ അടിസ്ഥാനമാക്കി കരയോരനിക്ഷേപങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്‌: (i) അഴിമുഖങ്ങളിലും മറ്റും രൂപം കൊള്ളുന്ന സ്ഥലീയ നിക്ഷേപങ്ങള്‍ (paralic platform), (ii) സ്ഥലീയ നിക്ഷേപങ്ങള്‍ വളരെകുറച്ചുമാത്രം ഉള്‍ക്കൊള്ളുന്ന കാല്‍സിയമയ (calcareous) നിക്ഷേപങ്ങള്‍ (epicontinental platform), (iii) പരുക്കന്‍ ശിലാവശേഷങ്ങളുടെ ആധിക്യമുള്ള, മിക്കവാറും എല്ലാത്തരം നിക്ഷേപങ്ങളും ഉള്‍ക്കൊള്ളുന്ന, സമ്മിശ്രം (marginal platform). എന്നാല്‍ പൊതുവേ ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍, കോറല്‍ വളര്‍ച്ചയ്‌ക്കനുയോജ്യമായ മേഖലകളൊഴിച്ചാല്‍ കരയോരമേഖലയിലെ സര്‍വസാധാരണമായുള്ള അവസാദശിലകള്‍ പരുക്കന്‍ ദ്രവണ ശിഷ്ട(clastic) ശിലകളാണ്‌.

ജീവശാസ്‌ത്രപരം. സമുദ്രങ്ങളിലെ ജൈവപരിസ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വര്‍ഗീകരണത്തില്‍പ്പെടുന്ന വിഭാഗങ്ങളാണ്‌ ബന്തികം (benthic)അഥവാ ബന്തോണികം (benthonic), പെലാജികം (pelagic)എന്നിവ. സര്‍വജലരാശികളെയും ഉള്‍ക്കൊള്ളുന്ന പെലാജിക വിഭാഗത്തില്‍, കരയോടടുത്ത്‌ 200 മീ. വരെ ആഴമുള്ള ഭാഗത്തെ കരയോര (തീരപ്രാന്ത) മേഖല(neritic zone) എന്നും സര്‍വകടല്‍ത്തറവാസികളെയും ഉള്‍ക്കൊള്ളുന്ന ബന്തികവിഭാഗത്തില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 200 മീ. വരെ ആഴത്തിലുള്ള കടല്‍ത്തറയെ തീരസമീപ മേഖല (littoral zone)എന്നും വിശേഷിപ്പിക്കുന്നു. തീര സമീപ മേഖലയില്‍ 50 മീ. വരെ ആഴമുള്ള കരയോടു ചേര്‍ന്നുള്ള ഭാഗത്തിന്‌ യൂലിറ്റൊറല്‍ (eulittoral)എന്നും 50 മുതല്‍ 200 വരെ മീ. ആഴമുള്ള കടല്‍ത്തറയ്‌ക്ക്‌ ഉപതീരസമീപപ്രദേശം (sub littoral)എന്നും വിശേഷണങ്ങളുണ്ട്‌. യൂലിറ്റൊറല്‍ മേഖലയില്‍, കൂടിയ വേലിയേറ്റവിതാനത്തിനും കുറഞ്ഞ വേലിയിറക്കവിതാനത്തിനും ഇടയിലായി സുനിര്‍വചിതമായ ഒരു അന്തര്‍വേലീയ (intertidal)മേഖലയും അംഗീകരിക്കപ്പെട്ടിരിക്കുന്നു. തീരസമീപഭാഗത്തെ ജലമണ്ഡലം സൂര്യപ്രകാശത്തിന്റെ സുലഭതമൂലം പ്രകാശസംശ്ലേഷണപ്രക്രിയയ്‌ക്കും തദ്വാരാ വര്‍ധിച്ച നിരക്കിലുള്ള ജീവസന്ധാരണത്തിനും കളമൊരുക്കുന്നു. ഇക്കാരണത്താല്‍ ഈ ഭാഗത്തെ യൂഫോട്ടിക്‌ (euphotic)എന്നും വിശേഷിപ്പിക്കുന്നു. വേലിയേറ്റവിതാനം മുതല്‍ 4060 മീ. വരെ ആഴത്തിലുള്ള ആദ്യഭാഗത്ത്‌, സംലഗ്‌ന സസ്യങ്ങളില്‍ കൂടുതല്‍ സുലഭമായവ, വളരുന്നുണ്ട്‌. ചിലയിനം ഗാസ്‌റ്റ്രാപോഡുകള്‍ അന്തര്‍വേലീയ മേഖലയില്‍ ധാരാളമായി കാണപ്പെടുന്നു. ചിലയിനം സമുദ്രജീവികള്‍ ആഹാരസമ്പാദനത്തിനും മുട്ടയിടാനും മുഴുവേലിയേറ്റസമയത്ത്‌ ഈ മേഖലയിലെത്താറുണ്ട്‌.

നൈട്രറ്റുകളും ഫോസ്‌ഫേറ്റുകളും കരയോരകടല്‍ വെള്ളത്തില്‍ സമുദ്രീയ ശരാശരിയുടെ ഇരട്ടിയോളമുണ്ടെന്ന്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. തീരസമീപപ്രദേശത്തിന്റെ സ്വഭാവവിശേഷങ്ങള്‍ക്കനുസൃതമായും ജലത്തിന്റെ ലവണതയെ ആശ്രയിച്ചും കരയോര മേഖലയില്‍ പലയിനം ജൈവരൂപങ്ങള്‍ (biotypes) വാസമുറപ്പിച്ചു കാണുന്നു. ചില ഭാഗങ്ങളിലെ ഫ്യൂക്കസ്‌, ലാമിനേരിയ തുടങ്ങിയ സസ്യങ്ങളുടെ സാന്ദ്രീകരണം പ്രാദേശിക തലത്തില്‍ തീരസമീപപ്രദേശത്തിന്റെ ഉപവര്‍ഗീകരണത്തിന്‌ സഹായകമാണ്‌.

സൂര്യപ്രകാശവും താപോര്‍ജവും കരയോരമേഖലയിലെ ജീവജാലത്തെ സാരമായി സ്വാധീനിക്കുന്ന ഘടകങ്ങളാകയാല്‍ അക്ഷാംശീയ സ്ഥാനത്തിനനുസൃതമായി ഉപതീര സമീപപ്രദേശത്തിന്റെ ബഹിര്‍സീമ 200 മുതല്‍ 400 വരെ മീ. ആഴങ്ങളിലേക്ക്‌ വ്യതിചലിച്ചുകാണുന്നു. മധ്യരേഖാപ്രദേശങ്ങളെ അപേക്ഷിച്ച്‌ ഉന്നതാക്ഷാംശങ്ങളില്‍ ആഴം വളരെ കുറഞ്ഞ മേഖലകളില്‍ മാത്രമേ താപവും പ്രകാശവും ലഭിക്കുന്നുള്ളു.

ബന്തിക ജീവജാലത്തെ ആവരണം ചെയ്യുന്ന സര്‍വജലരാശികളും ചേര്‍ന്നുള്ള പെലാജിക ജീവസമൂഹം, തീരസാമീപ്യത്തെയും ആഴത്തെയും അടിസ്ഥാനമാക്കി സമുദ്രമേഖല, തീരപ്രാന്ത (കരയോര) മേഖല എന്നിങ്ങനെ വിഭജിതമാണ്‌. സമുദ്രമേഖലയെയും തീരപ്രാന്തമേഖലയെയും വ്യതിരിക്തമാക്കുന്ന ഊര്‍ധ്വമുഖസീമ കരയോരത്തിന്റെ ബാഹ്യാതിര്‍ത്തിയാണെങ്കിലും ജീവിപരമായും രാസപരമായും ഈ പരിധി സുനിര്‍വചിതമല്ല. തീരപ്രാന്തമേഖലയില്‍ സമുദ്രജലത്തിന്റെ ലവണത താരതമ്യേന കൂടുതലാണ്‌. ഋതുഭേദത്തോടൊപ്പവും കാലികമായും പൊടുന്നനെയും പരിസ്ഥിതിയില്‍ സംജാതമാകുന്ന വ്യതിയാനങ്ങളും മറ്റും ഹേതുവായി ഈ മേഖലയിലെ ജീവജാലം വ്യത്യസ്‌ത ചുറ്റുപാടുകളുമായി പെട്ടെന്നു പൊരുത്തപ്പെടാന്‍ കരുത്താര്‍ജിച്ചിട്ടുള്ളതാണ്‌. കരയോടടുക്കുംതോറും സമുദ്രമേഖലയില്‍ സാധാരണമായുള്ള "നീലജലജീവജാലം' അപ്രത്യക്ഷമാകുകയും വ്യത്യസ്‌തമായവ കാണപ്പെടുകയും ചെയ്യുന്നു. മനുഷ്യനുള്‍പ്പെടെയുള്ള കരജീവികളുമായുള്ള സമ്പര്‍ക്കവും നദികള്‍ എത്തിക്കുന്ന എക്കലും വണ്ടലും കൂടാതെ കരയോരമേഖലയില്‍ താരതമ്യേന ഉയര്‍ന്ന നിരക്കിലുള്ള "ഇളകിമറിച്ചി'ലും മനുഷ്യര്‍ക്ക്‌ ആഹാര്യമായതും അല്ലാതെയും ഉള്ള സസ്യ മത്സ്യ സമുദ്രവിഭവങ്ങളുടെ സംപുഷ്ടമായ നിലനില്‌പിന്‌ ഉത്തേജകമാണ്‌. മിക്ക ആധുനിക രാഷ്‌ട്രങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ സാരമായി സ്വാധീനിക്കുന്ന കരയോര മേഖല ഭൂവിജ്ഞാനപരമായും സമുദ്രവിജ്ഞാനപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍