This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരയോഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരയോഗം

കരക്കാരുടെ സംഘം. കേരളത്തിന്റെ പ്രാചീന ചരിത്രത്തില്‍, സംഘങ്ങള്‍ക്കു വളരെ പ്രാധാന്യമുണ്ടായിരുന്നു. വേദകാലത്തും ബുദ്ധജൈന മതങ്ങളുടെ കാലത്തും സംഘങ്ങള്‍ മുഖേനയാണ്‌ എല്ലാ കാര്യങ്ങളും നിര്‍വഹിക്കപ്പെട്ടിരുന്നത്‌. തമിഴ്‌ സംഘകാലത്തും സംഘങ്ങള്‍ക്കു വളരെയേറെ പ്രാധാന്യം ഉണ്ടായിരുന്നു. വിജയനഗര സാമ്രാജ്യകാലത്ത്‌ പ്രാദേശിക ഭരണം സംഘങ്ങളില്‍ നിക്ഷിപ്‌തമായിരുന്നു.

പ്രാചീനകാലത്ത്‌ കേരളത്തിലെ ഗ്രാമങ്ങളില്‍ കരയോഗങ്ങള്‍ ഉയര്‍ന്നുവന്നു. ദുര്‍ഭരണം നടത്തുന്ന ഉദ്യോഗസ്ഥന്‌മാരെ ശിക്ഷിക്കാനുള്ള അധികാരം പോലും കരയോഗങ്ങള്‍ക്കുണ്ടായിരുന്നു. കേരളോത്‌പത്തി മുതലായ ഗ്രന്ഥങ്ങള്‍ കേരളത്തിലെ കരയോഗങ്ങളെപ്പറ്റി പല അറിവുകളും നല്‌കുന്നു. രക്ഷകവര്‍ഗത്തില്‍പ്പെട്ട നായന്മാര്‍, ഭരണസൗകര്യത്തിനായി രാജ്യത്തെ ദേശങ്ങളായും നാടുകളായും തറകളായും വിഭജിച്ചു. ഭരണവിഭാഗത്തിന്റെ ചുമതല തറയ്‌ക്കും സൈനികവിഭാഗത്തിന്റെ ചുമതല ദേശത്തിനും ആയിരുന്നു. തറ (കര അല്ലെങ്കില്‍ ഗ്രാമം) കാരണവന്മാരുടെ നേതൃത്വത്തിന്‍ കീഴിലായിരുന്നു. നായന്മാര്‍ അയ്യായിരം, അറുന്നൂറ്‌, അഞ്ഞൂറ്‌ എന്നീ സംഖ്യയില്‍ അംഗങ്ങളുള്ള സംഘങ്ങളായി ചേര്‍ന്നു. ഓരോ സംഘവും ഓരോ നാട്ടിന്റെ സംരക്ഷണഭാരം വഹിച്ചിരുന്നു. ഗ്രാമസഭ, ദേശസഭ, അഖില കേരളസഭ (പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവാ മണപ്പുറത്തു വച്ചു നടത്തിവന്നിരുന്നമാമാങ്കം) എന്നീ സംഘങ്ങള്‍ കേരളത്തിന്റെ ഭരണം നിര്‍വഹിച്ചിരുന്നു. ദേശസഭ അഥവാ നാട്ടുക്കൂട്ടം രാജാക്കന്മാരുടെയും മന്ത്രിമാരുടെയും വിക്രിയകളെ നിയന്ത്രിച്ചുവന്ന വസ്‌തുത ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌ നോ: അറുന്നൂറ്റുവര്‍

തിരുവല്ല, പാര്‍ഥിവശേഖരപുരം, തൃക്കാക്കര, ശുചീന്ദ്രം, പന്നിപ്പാകം, കോതനല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നു ലഭിച്ചിട്ടുള്ള ലിഖിതങ്ങളില്‍ വേണാട്ടു അറുന്നൂറ്റുവര്‍, വേണാട്ടു മുന്നൂറ്റുവര്‍, കോതനല്ലൂര്‍സഭ എന്നിവരെപ്പറ്റിയുള്ള വിവരങ്ങളുണ്ട്‌. സംസ്ഥാന പുനര്‍നിര്‍ണയത്തിനു മുമ്പ്‌ കേരളത്തിന്റെ ഭാഗമായിരുന്ന നാഞ്ചിനാട്ടെ സ്വയംഭരണസംഘത്തിന്‌ നാട്ടാര്‍കൂട്ടം എന്നായിരുന്നു പേര്‍. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലുണ്ടായിരുന്ന കരയോഗങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു ഇത്‌. ഈ സഭ ആണ്ടിലൊരിക്കല്‍ തേരോട്ടക്കാലത്ത്‌ ശുചീന്ദ്രത്തും അത്യാവശ്യം നേരിടുമ്പോള്‍ മറ്റു സ്ഥലങ്ങളിലും വച്ചു യോഗം ചേരാറുണ്ടായിരുന്നു. നാഞ്ചിനാട്ടെ "പിടാക'കളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അടങ്ങിയ ഈ സമ്മേളനത്തിന്റെ അധ്യക്ഷന്‍ പെരിയവീട്ടു മുതലിയാരാണ്‌. രാഷ്‌ട്രീയ കാര്യങ്ങള്‍, മതം, സമുദായം, പൗരാവകാശം, ജാതിമര്യാദകള്‍ മുതലായവ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഈ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യപ്പെടാറുണ്ട്‌. യോഗനിശ്ചയങ്ങളെ ലംഘിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല എന്നു മാത്രമല്ല ലംഘിക്കുന്നവരെ സമുദായത്തില്‍ നിന്നു ബഹിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. അങ്ങനെ പുറത്താക്കപ്പെടുന്നവര്‍ക്ക്‌ സമുദായത്തിലുള്ള എല്ലാ അവകാശങ്ങളും നഷ്ടമാകും. യോഗനിശ്ചയമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഭരണാധികാരികള്‍ നിര്‍ബന്ധിതരായിരുന്നു. യോഗനിശ്ചയങ്ങളെ ആദരിച്ച്‌ 1635 മുതല്‍ 1725 വരെ അനേകം രാജകീയ സൗജന്യങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. സഹകരണ ത്യാഗം എന്ന രാഷ്‌ട്രീയായുധം അവകാശസമ്പാദനത്തിനായി കേരളത്തില്‍ ആദ്യം പ്രയോഗിച്ചത്‌ നാഞ്ചിനാട്ടെ നാട്ടാര്‍കൂട്ടം ആയിരുന്നു. രാജാ കേശവദാസന്‍െറ നിര്യാണത്തെത്തുടര്‍ന്ന്‌ വേലുത്തമ്പി ജനകീയ പ്രക്ഷോഭം നടത്തിയത്‌ ഈ സംഘടനയുടെ ആത്മാര്‍ഥമായ സഹകരണത്തോടുകൂടിയായിരുന്നു. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തോടുകൂടി ഉത്തരകേരളത്തിലെ ജനകീയ സംഘടനകള്‍ നാമാവശേഷമായി. കൊച്ചിയിലെയും തിരുവിതാംകൂറിലെയും സംഘടനകള്‍ റസിഡന്റ്‌ ദിവാന്‍ കേണല്‍ മണ്‍റോ പുറപ്പെടുവിച്ച ഉത്തരവോടുകൂടി അവസാനിച്ചു. നോ: കേരള സാമൂഹിക സാമ്പത്തിക ഘടനകള്‍


(വി.ആര്‍. പരമേശ്വരന്‍ പിള്ള)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍