This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരമനയാറ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരമനയാറ്‌

കരമനയാറ്‌

കേരളത്തിലെ 44 നദികളിലൊന്ന്‌. നെടുമങ്ങാട്‌ താലൂക്കിലുള്ള മലനിരകളില്‍, സമുദ്രനിരപ്പില്‍ നിന്ന്‌ 1,700 മീ. ഉയരത്തില്‍ ഉദ്‌ഭവിക്കുന്ന കരമനയാറ്‌ 68 കി.മീ. ദൂരം ഒഴുകിയ ശേഷം തിരുവനന്തപുരം താലൂക്കില്‍ നഗരപ്രാന്തത്തിലുള്ള പാച്ചല്ലൂരിന്‌ സമീപത്തുള്ള തോട്ടുമുക്കില്‍ വച്ച്‌ അറബിക്കടലില്‍ പതിക്കുന്നു. മുന്‍കാലങ്ങളില്‍ ഈ ആറ്‌ വനമാലി എന്നാണറിയപ്പെട്ടിരുന്നത്‌. തലസ്ഥാന നഗരിയിലും സമീപസ്ഥ പട്ടണങ്ങളിലും ശുദ്ധജലവിതരണം നടത്താനുദ്ദേശിച്ച്‌ കരമനയാറ്റില്‍ അരുവിക്കരയില്‍ ഒരണക്കെട്ട്‌ നിര്‍മിച്ചിട്ടുണ്ട്‌.

നെടുമങ്ങാട്‌ താലൂക്കില്‍ സഹ്യാദ്രിയിലെ അഗസ്‌ത്യകൂടത്തിനു സമീപം, കേരളതമിഴ്‌നാട്‌ അതിര്‍ത്തിക്കടുത്തായുള്ള ചെമ്മുഞ്ചിമൊട്ട, ആതുരമല തുടങ്ങിയ മലകളില്‍ ഉദ്‌ഭവിക്കുന്ന ഏതാനും ചെറുപുഴകള്‍ സംഗമിച്ചാണ്‌ കരമനയാറ്‌ രൂപം കൊള്ളുന്നത്‌. തിരുവനന്തപുരം ജില്ലയിലെ മൂന്ന്‌ നദികളില്‍ വടക്കുള്ള വാമനപുരം ആറാണ്‌ നീളമേറിയത്‌; കരമനയാറിനു തെക്കുള്ള നെയ്യാര്‍ നീളം കുറഞ്ഞതും. കരമനയാറിന്‌ അട്ടയാര്‍, കവിയാര്‍, തോടയാര്‍, വയ്യാപ്പടിയാര്‍ തുടങ്ങി അനേകം പോഷകഘടകങ്ങളുണ്ട്‌. കരമനയാറിന്റെ ഏറ്റവും വലിയ പോഷകനദിയാണ്‌ കിള്ളിയാര്‍. നെടുമങ്ങാട്‌ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ മലകളില്‍ ഉറവയെടുക്കുന്ന കിള്ളിയാര്‍, 23 കി.മീ. ഒഴുകിയ ശേഷം തിരുവല്ലം എന്ന സ്ഥലത്തു വച്ച്‌ കരമനയാറ്റില്‍ ലയിക്കുന്നു. ആദ്യഘട്ടത്തില്‍ കരമനയാറ്‌ തെ.പടിഞ്ഞാറു ദിശയിലാണൊഴുകുന്നത്‌; അരുവിക്കരയില്‍ (എടമന) എത്തിയശേഷം അറബിക്കടലില്‍ പതിക്കുവോളം ദക്ഷിണദിശയിലും.

ഒരു വര്‍ഷം കരമനയാറ്റിലൂടെ ഒഴുകി കടലില്‍ നിപതിക്കുന്ന ജലൗഘത്തിന്റെ ശരാശരി അളവ്‌ 11,000 ലക്ഷം ഘ.മീ.ആണ്‌. 650 ച.കി.മീ.വരുന്ന ആവാഹക്ഷേത്രമുള്ള നദിയുടെ ഇരുപുറത്തെയും ധാരാളം പ്രദേശങ്ങള്‍ ജലസേചിതമാണ്‌. കാര്‍ഷിക പ്രാധാന്യമുള്ള നദീതടത്തിലെ മുഖ്യ വിളകള്‍ തെങ്ങ്‌, നെല്ല്‌, കൊക്കോ, വാഴ, കമുക്‌, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണ്‌. അരുവിക്കര അണക്കെട്ടിന്റെ അപര്യാപ്‌തത പരിഹരിക്കാനുദ്ദേശിച്ച്‌ ഇതിന്‌ ഏതാനും കി.മീ. മുകളില്‍ വിതുരയ്‌ക്കു സമീപം പേപ്പാറ എന്ന സ്ഥലത്ത്‌ മറ്റൊരണക്കെട്ട്‌ പണിതിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍