This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരപ്പുറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരപ്പുറം

ഇന്നത്തെ ചേര്‍ത്തലപ്രദേശം മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്ന പേര്‌. വിദേശികള്‍ "മൗട്ടന്‍' (മുട്ടം) എന്നു വിളിച്ചിരുന്ന കരപ്പുറത്തിന്റെ അതിര്‍ത്തി തെക്ക്‌ പുറക്കാടു മുതല്‍ വടക്ക്‌ പള്ളുരുത്തിവരെയായിരുന്നു. കൊച്ചിരാജവംശത്തിന്റെ മാടത്തിങ്കല്‍ ശാഖയുടെ ആസ്ഥാനമായ മാടത്തിന്‍കര കരപ്പുറത്തായിരുന്നു. 72 നായര്‍ മാടമ്പിമാര്‍ ഈ പ്രദേശം ഭരിച്ചുവന്നു. മൂന്നര ശതാബ്‌ദം മുന്‍പ്‌ കരപ്പുറം മൂത്തേടത്തു കൈമള്‍ എന്നൊരു ഇടപ്രഭുവിന്റെ ഭരണത്തിനു വിധേയമായിരുന്നു. കൊച്ചിരാജാവിന്റെ അടുത്ത ആളുകളായിരുന്ന കരപ്പുറം കൈമള്‍മാരെ പാട്ടിലാക്കാന്‍ പോര്‍ത്തുഗീസുകാരും ഡച്ചുകാരും ശ്രമിച്ചിരുന്നു. കരപ്പുറത്തെ മാടത്തിന്‍കരയില്‍ കൊച്ചിരാജവംശത്തിലെ ഒരു ശാഖയെ പാര്‍പ്പിച്ചിരുന്നതിനാല്‍ കാലക്രമേണ കൊച്ചിരാജാക്കന്മാര്‍ക്ക്‌ മാടരാജാക്കന്മാര്‍ എന്ന പേരു കിട്ടിയെന്നു പറയപ്പെടുന്നു. ചേര്‍ത്തലയ്‌ക്കടുത്ത മുട്ടം രാജധാനിയായിരുന്നതുകൊണ്ടാണ്‌ ഡച്ചുകാര്‍ കരപ്പുറത്തെ മുട്ടം (മൗട്ടന്‍) രാജ്യമെന്നു വിളിച്ചിരുന്നത്‌. അവിടത്തെ ഏഴായിരം നായന്മാര്‍ ഡച്ചുകാര്‍ക്ക്‌ സഹകരണം വാഗ്‌ദാനം ചെയ്‌തതായി രേഖകള്‍ കാണുന്നു. സാമൂതിരിയുമായുണ്ടായ യുദ്ധത്തില്‍ കരപ്പുറത്തെ പ്രധാന കുടുംബക്കാര്‍ കൊച്ചി രാജാവിനെ സഹായിച്ചതായി തെളിവുകളുണ്ട്‌. പില്‌ക്കാലത്ത്‌ പോര്‍ത്തുഗീസുകാരുടെ സഹായത്തോടെ കൊച്ചിരാജാക്കന്മാര്‍ കരപ്പുറത്തിന്റെ മേല്‍ ആധിപത്യമുറപ്പിച്ചു. ആദായത്തിന്റെ പത്തിലൊന്നു കൊച്ചിക്കു കൊടുക്കാമെന്ന വാഗ്‌ദാനം കരപ്പുറത്തുകാര്‍ ലംഘിച്ചതിനെത്തുടര്‍ന്ന്‌ കരപ്പുറത്തിന്റെ ഭരണം കൊച്ചിരാജാവ്‌ നേരിട്ടു നടത്തി. 1753ല്‍ മാര്‍ത്താണ്ഡവര്‍മ കരപ്പുറം കൈവശപ്പെടുത്തി. മാവേലിക്കരവച്ച്‌ തിരുവിതാംകൂര്‍കൊച്ചി മഹാരാജാക്കന്മാര്‍ ഒപ്പുവച്ച ഉടമ്പടിവ്യവസ്ഥ (1762) പ്രകാരം കരപ്പുറം തിരുവിതാംകൂറിന്‌ ലഭിച്ചു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍