This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരപ്പന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരപ്പന്‍

ഒരു ത്വഗ്‌രോഗം. ശരീരാന്തര്‍ഭാഗത്തു നിന്ന്‌ ഉണ്ടാകുന്ന നാനാതരം കാരണങ്ങളാല്‍ ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്നതും മിക്കവാറും നീണ്ട ചികിത്സ ആവശ്യമായി വരുന്നതുമായ ഒരു രോഗമാണ്‌ കരപ്പന്‍. 16 വയസ്സിനു താഴെ പ്രായമുള്ളവരിലാണ്‌ കരപ്പന്‍ കണ്ടുവരുന്നത്‌. വിസര്‍പ്പം എന്ന പേരില്‍ ആയുര്‍വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന രോഗവിഭാഗത്തില്‍ കരപ്പനും ഉള്‍പ്പെടുന്നു.

ശരീരപ്രകൃതിക്ക്‌ യോജിക്കാത്ത ചില ആഹാരപദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍ എന്നിവയും; ജന്തുക്കളുടെ വിഷവും മറ്റും കൊണ്ട്‌ ശരീരധാതുക്കളില്‍ ദീര്‍ഘകാലാനുബന്ധികളായി ഉണ്ടാകുന്ന പ്രതികൂലാവസ്ഥയും കരപ്പനു കാരണമാകുന്നു. കേവലം തൊലിപ്പുറത്ത്‌ ഉണ്ടാകുന്ന ഉപദ്രവങ്ങള്‍ മാത്രമല്ല പനി, തലവേദന, വയറിളക്കം, മലബന്ധം, സര്‍വാംഗവേദന മുതലായ പല അസുഖങ്ങളും കരപ്പനോടൊപ്പം ഉണ്ടാകാറുണ്ട്‌.

കേരളത്തിലെ പരമ്പരാഗതമായ ബാലചികിത്സയെ അധികരിച്ചുള്ള ഗ്രന്ഥങ്ങളില്‍ 56 തരം കരപ്പനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്‌. വാതജങ്ങള്‍, പിത്തജങ്ങള്‍, കഫജങ്ങള്‍ എന്നിങ്ങനെ മൂന്നുവിഭാഗത്തില്‍ ഇവയെ വിഭജിച്ചിട്ടുണ്ട്‌. അകക്കരപ്പന്‍, പുറക്കരപ്പന്‍, നീര്‍ക്കരപ്പന്‍, പന്നിക്കരപ്പന്‍, ശോണിതക്കരപ്പന്‍, കരിങ്കരപ്പന്‍, ചിലന്തിക്കരപ്പന്‍, ചെങ്കുഴിയന്‍, കരിങ്കുഴിയന്‍, കണ്‌ഠമാലക്കരപ്പന്‍, മുയലിക്കരപ്പന്‍, നീലക്കരപ്പന്‍, പിത്തക്കരപ്പന്‍, കുരലക്കരപ്പന്‍, വൃദ്ധിക്കരപ്പന്‍, ഓങ്കന്‍, ഒടിയന്‍, പിള്ളക്കരപ്പന്‍, തീക്കരപ്പന്‍ തുടങ്ങിയവ 56 തരം കരപ്പനില്‍ ചിലതാണ്‌. ഇവയ്‌ക്കെല്ലാം ചികിത്സകളും പ്രസ്‌തുത ഗ്രന്ഥങ്ങളില്‍ വിധിച്ചിട്ടുണ്ട്‌. രാമാനന്ദനാഥപണ്ഡിതര്‍ രചിച്ച ആരോഗ്യകല്‌പദ്രുമം ഇത്തരത്തിലുള്ള ഒരു ആധികാരിക ഗ്രന്ഥമാണ്‌. വള്ളത്തോള്‍ രചിച്ച ആരോഗ്യചിന്താമണി (ബാലചികിത്സാക്രമം)യില്‍ എള്‍ക്കരപ്പന്റെ ലക്ഷണവും ചികിത്സയും ഇങ്ങനെ കൊടുത്തിരിക്കുന്നു. ലക്ഷണം:

"എള്ളിന്‍മട്ടായ്‌ ചുകപ്പാം പുളകനിര,
കറുപ്പാര്‍ന്നതോ, ചേര്‍ന്നുപാരം
തള്ളിപ്പൊങ്ങാതെ, മെയ്യാകവെ, യവിടവിടെ
ത്തന്നയോ, ചിന്തിടും നീര്‍,
തുള്ളും നോവ, സ്ഥി, സന്ധി, ത്തലകളില്‍; മല
ബന്ധാ,ര്‍ത്തി, കണ്ണിന്‍ തുടുപ്പീ
ക്കളളം കൂടാതെഴും ലക്ഷണ മഖിലവുമൊക്കു
ന്നതാണെള്‍ക്കരപ്പന്‍.'
ചികിത്സ:
"വേമ്പാടത്തൊലിയോ, തേങ്ങതന്‍ പാലിലിട്ടയത്തിയോ,
സമ്പ്വേഷിച്ചിട്ടു തേപ്പിച്ചാലമ്പുമീ വ്യാധിവല്ലഭേ!'
 

"കരപ്പന്‍' എന്ന വിഭാഗത്തില്‍ ആയുര്‍വേദത്തില്‍ വ്യവഹരിക്കുന്ന ത്വഗ്‌രോഗങ്ങളെ അലോപ്പതിയില്‍ "വെസിക്കുലാര്‍ എറപ്‌ഷന്‍സ്‌' എന്ന പൊതുവിഭാഗത്തിലാണ്‌ പ്രതിപാദിച്ചിട്ടുള്ളത്‌. ഇംപെറ്റിഗോ കണ്ടേജിയോസാ(Impetigo contagiosa), എറിത്തീമാ മള്‍ട്ടിഫോര്‍മേ (Erythema multiformae) എന്നീ പേരുകളില്‍ അലോപ്പതിയില്‍ വ്യവഹരിക്കുന്ന രോഗങ്ങളെ ആയുര്‍വേദം കരപ്പന്റെ പട്ടികയിലാണ്‌ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.

(ഡോ. പി.ആര്‍. വാരിയര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍