This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരണ്‍സിംഗ്‌ (1931 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരണ്‍സിംഗ്‌ (1931 )

കരണ്‍സിംഗ്‌

രാജ്യതന്ത്രജ്ഞനും രാഷ്‌ട്രീയ പ്രവര്‍ത്തകനും സാഹിത്യകാരനും. ജമ്മുകശ്‌മീരിലെ മുന്‍രാജാവായ ഹരിസിംഗിന്റെ പുത്രനായി 1931 മാ. 9നു ജനിച്ചു. ആദ്യകാല വിദ്യാഭ്യാസം ഡെഹ്‌റാഡൂണിലെ ഡുണ്‍ സ്‌കൂളിലായിരുന്നു; അലഹബാദ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഇന്റര്‍മീഡിയറ്റും ജമ്മുകാശ്‌മീര്‍ സര്‍വകലാശാലയില്‍ നിന്ന്‌ ബി.എ.യും ജയിച്ച ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന്‌ എം.എ., പിഎച്ച്‌.ഡി എന്നീ ബിരുദങ്ങള്‍ സമ്പാദിച്ചു. ശ്രീവെങ്കിടേശ്വര സര്‍വകലാശാല ഓണററി ഡി.ലിറ്റും ബനാറസ്‌ ഹിന്ദുസര്‍വകലാശാല, അലിഗര്‍ മുസ്‌ലിം സര്‍വകലാശാല, ടോക്യോവിലെ സോകാ സര്‍വകലാശാല തുടങ്ങിയവ ഡോക്‌ടറേറ്റുകളും നല്‌കി ഇദ്ദേഹത്തെ ആദരിച്ചു.

1949 മുതല്‍ 52 വരെ ജമ്മുകാശ്‌മീരിലെ റീജന്റ്‌ ആയിരുന്നു; 1952 മുതല്‍ 56 വരെ സദര്‍ഇറിയാസത്ത്‌ (രാഷ്‌ട്രത്തലവന്‍) ആയി സേവനം അനുഷ്‌ഠിച്ചു; 1965 മുതല്‍ 67 വരെ ജമ്മുകശ്‌മീര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചു. ജമ്മുകശ്‌മീര്‍, ബനാറസ്‌, ജവാഹര്‍ലാല്‍നെഹ്‌റു എന്നീ സര്‍വകലാശാലകളുടെ ചാന്‍സലറായും ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 1967ല്‍ ഉധംപൂര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ നിന്നു വിജയിച്ച്‌ കേന്ദ്രവ്യോമഗതാഗത, ടൂറിസം വകുപ്പു മന്ത്രിയായി. 1973 ന. 11 മുതല്‍ 76 വരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ ആരോഗ്യം, ഫാമിലി പ്ലാനിങ്‌ എന്നീ വകുപ്പുകളുടെയും, 1979ല്‍ ചരണ്‍സിംഗിന്റെ മന്ത്രിസഭയില്‍ ഏകദേശം ആറു മാസക്കാലം വിദ്യാഭ്യാസവകുപ്പിന്റെയും ചുമതല വഹിച്ച കാബിനറ്റ്‌ മന്ത്രിയായിരുന്നു. 1990ല്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായി നിയമിക്കപ്പെട്ടു. 1996ലും 2000ലും രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ജവാഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ട്‌ സെക്രട്ടറി, സെന്‍ട്രല്‍ സംസ്‌കൃത ബോര്‍ഡ്‌ ചെയര്‍മാന്‍, ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ ജനറല്‍ (ഓണററി), ജമ്മുകാശ്‌മീരിലെ കേണല്‍ (ഓണററി) തുടങ്ങിയ പദവികള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്‌. രാഷ്‌ട്രമീമാംസ, തത്ത്വശാസ്‌ത്രം, യാത്രാവിവരണം, സാഹിത്യം എന്നീ ഇനങ്ങളിലായി നിരവധി ഗ്രന്ഥങ്ങള്‍ കരണ്‍സിംഗ്‌ രചിച്ചിട്ടുണ്ട്‌. വേരീഡ്‌ റിതംസ്‌ (1960); ഷാഡോ ആന്‍ഡ്‌ സണ്‍ലൈറ്റ്‌; ആന്‍ ആന്തോളജി ഒഫ്‌ ദോഗ്രാപഹാഡി സോങ്‌സ്‌ (1962); പോസ്റ്റ്‌ ഇന്‍ഡിപെന്‍ഡന്‍സ്‌ ജനറേഷന്‍; ചലഞ്ച്‌ ആന്‍ഡ്‌ റെസ്‌പോണ്‍സ്‌ (1965); വെല്‍കം ദ് മൂണ്‍ റൈസ്‌ (1965); പ്രാഫറ്റ്‌ ഒഫ്‌ ഇന്ത്യന്‍ നാഷണലിസം (1970); കണ്ടംപെററി എസ്‌സേസ്‌ (1971); പോപ്പുലേഷന്‍, പോവര്‍ട്ടി ആന്‍ഡ്‌ ദ് ഫ്യൂച്ചര്‍ ഒഫ്‌ ഇന്ത്യ (1972); റ്റുവേഡ്‌സ്‌ എ ന്യൂ ഇന്ത്യ (1975), വണ്‍ മാന്‍സ്‌ വേള്‍ഡ്‌ (1986), എസ്സേസ്‌ ഓണ്‍ ഹിന്ദുയിസം (1987), ഓട്ടോബയോഗ്രഫി (1989), ബ്രീഫ്‌ സോജേണ്‍ (1991) എന്നിവയാണ്‌ കരണ്‍സിംഗിന്‍െറ പ്രധാന ഗ്രന്ഥങ്ങള്‍.

2005ല്‍ ഇദ്ദേഹത്തിന്‌ പദ്‌മവിഭൂഷണ്‍ ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍