This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരണങ്ങള്‍

നൃത്തത്തിലെ 108 നിലകള്‍ക്കുള്ള പൊതുനാമം. ചാരി, സ്ഥാനകം തുടങ്ങി നൃത്തത്തിലെ മറ്റു ഘടകങ്ങളെപ്പോലെ പ്രാധാന്യമുള്ള താണ്‌ കരണങ്ങള്‍.

കൈകാലുകള്‍ ചേര്‍ത്തു ചലിപ്പിക്കുന്നതിനെയും അവ ഉള്‍ക്കൊള്ളുന്ന നിലകളെയുമാണ്‌ "കരണങ്ങള്‍' എന്ന സംജ്ഞ കൊണ്ടര്‍ഥമാക്കുന്നത്‌. ഇതില്‍ താളത്തിനൊപ്പിച്ച്‌ നര്‍ത്തകര്‍ ശരീരത്തെ ചെരിക്കുകയും വളയ്‌ക്കുകയും തദനുസൃതമായി മനോഹരമായ നിലകളില്‍ നില്‌ക്കുകയും ചെയ്യുന്നു. ഭരതനാട്യത്തില്‍ ഇത്തരത്തിലുള്ള 108 കരണങ്ങള്‍ ഉണ്ട്‌. പ്രസിദ്ധ നാട്യാചാര്യന്മാരായ ഭരതമുനി (നാട്യശാസ്‌ത്രം), നന്ദികേശ്വരന്‍ (അഭിനയദര്‍പ്പണം) എന്നിവര്‍ ഈ കരണങ്ങളെ വിവരിച്ചുദാഹരിച്ചിട്ടുണ്ട്‌.

108 കരണങ്ങള്‍. അക്ഷിപ്‌താ, അക്ഷിപ്‌തരേചിതാ, അലതാ, അഞ്ചിതാ, അപക്രാന്താ, അപവിദ്ധാ, അര്‍ധമട്ടലി, അര്‍ധനികുട്ടക, അര്‍ധരേചിത, അര്‍ധസൂചി, അര്‍ധസ്വസ്ഥികാ, അര്‍ഗളാ, അതിക്രാന്താ, ആവാഹിതക, ആവര്‍താ, ഭ്രമരകാ, ഭുജംഗാഞ്ചിത, ഭുജംഗത്രസിത, ഭുജംഗത്രസ്‌തരേചിത, ചക്രമണ്ഡല, ചതുരാ, ചിന്നാ, ദണ്ഡകരേചിത, ദണ്ഡപാദ, ദണ്ഡപക്ഷ, ദീക്‌സ്വസ്ഥികാ, ഡോലപദ, ഏലകക്രീഡിത, ഗജക്രീഡിത, ഗണ്ഡസൂചി, ഗംഗാവതരണം, ഗരുഡപ്ലുതക, ഘുര്‍ണിത, ഗൃധ്രാവലിനക, ഹരിണപ്ലുത, ജനിത, കരിഹസ്‌ത, കടിഭ്രാന്താ, കടിച്ചിന്നാ, കടിസമാ, ക്രാന്തക, കുഞ്‌ചിത, ലളിത, ലലാടതിലകാ, ലതാവൃശ്ചികാ, ലീനാ, ലോലിതക, മദഷ്‌കലിത, മണ്ഡലസ്വസ്ഥികാ, മടല്ലി, മയൂരതിലകാ, നാഗാപസര്‍പിത, നികുഞ്‌ചിത, നികുട്ടക, നിശുംഭിത, നിതംബ, നിവേശ, നൂപുരാ, പാദാപവിദ്ധക, പരിവൃത്താ, പാര്‍ശ്വജാനു, പാര്‍ശ്വക്രാന്താ, പാര്‍ശ്വനികുട്ടക, പ്രസര്‍പ്പിതക, പ്രഷ്ടസ്വസ്ഥിക, പ്രന്‍ഖോലിത, രേചകനികുട്ടക, സമാനക, സംഭ്രാന്താ, സന്നാടാ, സര്‍പ്പിതാ, ശകടസ്യ, സിംഹാകര്‍സിത, സിംഹാവിക്രീഡിത, സ്‌ഖലിത, സൂചി, സൂചിവിധാ, സ്വസ്ഥികാ, സ്വസ്ഥികരേചിത, താളപുഷ്‌പപുട, താളസംഘടിത, താളസംസ്‌ഫോടിത, താളവിലാസിത, ഉദ്‌ഖടിത, ഉദ്‌വൃത്താ, ഉന്മത്താ, ഉപശ്രിത, ഊര്‍ധവജാനു, ഉരോമണ്ഡല, ഉരുദ്‌വൃത്ത, വൈശാഖരേചിത, വൈശാഖസ്വസ്ഥികാ, വലിത, വലിതോരു, വര്‍ത്തിത, വിദ്രുദ്‌ഭ്രാന്താ, വിക്ഷിപ്‌താ, വിക്ഷിപ്‌താക്ഷിപ്‌താ, വിനിവൃത്ത, വിഷ്‌ണുക്രാന്താ, വിശ്‌കംഭാ, വിവര്‍ത്തക, വിവൃത്ത, വൃഷഭക്രീഡിത, വൃശ്ചിക, വൃശ്ചികകുട്ടിത, വൃശ്ചികരേചിത, വ്യംസിത. തുളജമഹാരാജാവിന്റെ സംഗീതസാരാമൃതത്തില്‍ "കരണ'ത്തെക്കുറിച്ച്‌ ഇപ്രകാരം പ്രതിപാദിച്ചുകാണുന്നു:

"ഏതാനി"കരണാ'ന്യാഹുഃ
"അടു'ശബ്‌ദേന ലൗകികാഃ
നടാ ആന്ധ്രാദി ദേശസ്ഥാഃ
തൗര്യത്രിക വിചക്ഷണാ;'
 

ആന്ധ്രാദിദേശങ്ങളിലെ ലൗകികന്മാരായ നടന്മാരും വാദകരും കരണങ്ങളെ "അടു'ക്കള്‍ എന്നാണ്‌ പറയുന്നത്‌. തമിഴ്‌നാട്ടില്‍ ഇതിന്‌ അടവുകള്‍ എന്നും പറയാറുണ്ട്‌. ഭരതനാട്യത്തിലെ അടവുകളും നിലകളും കരണങ്ങളുടെ വികസിത രൂപങ്ങളാണ്‌. കരണഭേദങ്ങളാണ്‌ കഥകളിയിലെ കലാശങ്ങള്‍.

ചിദംബരത്തിലുള്ള മഹാബലിക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തില്‍ 108 കരണങ്ങളുടെ ശില്‌പങ്ങള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്‌. കേരളത്തില്‍ ചെറുതുരുത്തിയിലുള്ള കേരളകലാമണ്ഡലത്തിലെ കൂത്തമ്പലത്തിന്റെ ചുവരുകള്‍ 108 കരണങ്ങളുടെ ശില്‌പങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. ഡോ. പദ്‌മാ സുബ്രഹ്മണ്യം കരണങ്ങളെക്കുറിച്ച്‌ നടത്തിയ പഠനങ്ങള്‍ ശ്രദ്ധേയമാണ്‌. നോ: അഷ്‌ടോത്തരശതതാളം; സംഗീതം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍