This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരണം മറിച്ചില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരണം മറിച്ചില്‍

കഥകളിയിലെ മെയ്‌സാധകങ്ങളില്‍ പ്രധാനപ്പെട്ട ഒരഭ്യാസം. ശരീരത്തിന്‌ അയവും വഴക്കവും കൈവരുവാനുതകുന്ന ഒന്നാണ്‌ ഇത്‌. തലകുത്തി മറിയുക, നിന്ന നിലയില്‍നിന്നു മുമ്പോട്ടോ പിറകോട്ടോ ദേഹം മറിച്ചു ചാടുക തുടങ്ങിയവയാണ്‌ ഈ അഭ്യാസം കൊണ്ട്‌ സാധിക്കുന്നത്‌.

കഥകളിയില്‍ രംഗവന്ദനം കഴിഞ്ഞശേഷം ആരംഭിക്കുന്ന അരനീക്കല്‍, അരയ്‌ക്കിരുത്തല്‍, വളച്ചുകുത്ത്‌, കൈവീശല്‍, കാല്‍വീശല്‍ തുടങ്ങിയ മെയ്യഭ്യാസങ്ങളെപ്പോലെ പ്രാധാന്യമുള്ള ഒന്നാണ്‌ കരണം മറിച്ചില്‍. കളരിപ്പയറ്റിലും ചില കരണം മറിച്ചില്‍ അഭ്യാസങ്ങള്‍ ഉണ്ട്‌. കരണം മറിച്ചിലിന്റെ അഭ്യാസക്രമം ഏതാണ്ടിപ്രകാരമാണ്‌: കൈ രണ്ടും തോളില്‍ പിടിച്ച്‌ കാലുകള്‍ മടക്കി ഭിത്തിക്കു സമീപം ഇരിക്കണം. പിന്നീട്‌ കൈകള്‍ മുന്നോട്ടു തറയില്‍ കുത്തി കാലുകള്‍ ക്രമേണ ഒന്നൊന്നായി ഭിത്തിയിന്മേല്‍ ചവിട്ടി മേലോട്ടു കൊണ്ടു വരണം. അതിനുശേഷം ശ്വാസം നിയന്ത്രിച്ചുകൊണ്ട്‌ രണ്ടു കാലും ഭിത്തിയില്‍ നിന്നെടുത്ത്‌ മുമ്പോട്ടു വളച്ചു കുത്തി നില്‌ക്കുകയും പരസഹായം കൂടാതെ എഴുന്നേല്‌ക്കുകയും വേണം. ചില മലയാള സാഹിത്യകൃതികളില്‍ കരണം മറിച്ചിലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നുണ്ട്‌. പുനം നമ്പൂതിരി ഭാഷാ രാമായണം ചമ്പു, അംഗുലീയാങ്കത്തില്‍ കരണം മറിച്ചിലിനെ ഇപ്രകാരം വിവരിക്കുന്നു: "ചരണം ദിവി ചെന്നെത്തുംവണ്ണം കരണം കുത്തി മറിഞ്ഞു കേചന......'. "മറ്റേപ്പാദവും നിലത്തുനിന്നിളക്കി കരണം ഒന്നു മറിഞ്ഞു കേമനായ മാര്‍ത്താണ്ഡന്‍പിള്ള ഭൂമിദേവിയെ പുണര്‍ന്നു' എന്നാണ്‌സി.വി. രാമന്‍ പിള്ള മാര്‍ത്താണ്ഡവര്‍മയില്‍ കരണം മറിച്ചിലിനെ പരാമര്‍ശിച്ചിട്ടുള്ളത്‌. കരണം മറിയുക എന്ന ഒരു ശൈലി യുക്തിസഹമല്ലാതെ നിലപാട്‌ മാറ്റുക എന്ന അര്‍ഥത്തില്‍ പ്രയോഗിച്ചു വന്നു. രാഷ്‌ട്രീയത്തില്‍ ഈ പ്രയോഗം സര്‍വസാധാരണമാണ്‌. "എരണം കെട്ടവന്‍ കരണം മറിഞ്ഞാല്‍ കഴുത്തൊടിയും' എന്ന ഒരു പഴഞ്ചൊല്ലും പ്രചാരത്തിലുണ്ട്‌.

കുട്ടികള്‍ തല തറയില്‍ കുത്തി ഉരുണ്ടുരുണ്ടു മറിഞ്ഞു കളിക്കുന്ന ഒരിനം കായികവിനോദത്തിനും കരണം മറിച്ചില്‍ എന്നു പേരുണ്ട്‌. എത്രകണ്ടു കൂടുതല്‍ വേഗത്തില്‍ കരണം മറിയാന്‍ കഴിയുമെന്നു കണ്ടുപിടിക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം. കളിയില്‍ പങ്കെടുക്കുന്നവരെല്ലാം നിരന്നു നിന്ന്‌ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തേക്ക്‌ ഒരേ സമയത്ത്‌ തലകുത്തിമറിയാന്‍ ആരംഭിക്കുന്നു. ആദ്യം നിശ്ചിതസ്ഥാനത്ത്‌ എത്തിച്ചേരുന്ന ആള്‍ വിജയിച്ചതായും കരണം മറിച്ചിലില്‍ അതിസമര്‍ഥനായും പ്രഖ്യാപിക്കപ്പെടുന്നു. (കൊല്ലങ്കോട്ടു ബാബുരാജ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍