This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരടി

Bear

അഴ്‌സിഡേ (Ursidae) ജന്തുകുടുംബത്തില്‍പ്പെടുന്ന വലുപ്പമേറിയ സസ്‌തനി. ഇക്കൂട്ടത്തില്‍ മിക്കവാറും എല്ലാ അംഗങ്ങളും ഉത്തരാര്‍ധഗോളത്തിലാണ്‌ കാണപ്പെടുന്നത്‌. ഭാരമേറിയതും ഒതുക്കമില്ലാത്തതുമായ ശരീരം, നീളം കുറഞ്ഞ വാല്‍, വണ്ണമുള്ള കാലുകള്‍, പരന്ന പാദം (plantigrade feet), ഓരോ പാദത്തിലും ബലമേറിയ നഖങ്ങളോടുകൂടിയ അഞ്ച്‌ വിരലുകള്‍ എന്നിവയാണ്‌ കരടികളുടെ പൊതു ലക്ഷണങ്ങള്‍. 42 പല്ലുകള്‍ ഉണ്ട്‌. രോമത്തിന്‌ തവിട്ടോ, കറുപ്പോ, മഞ്ഞ കലര്‍ന്ന വെള്ളനിറമോ ആണ്‌. രോമം നീളം ഏറിയതായിരിക്കും.

കരടികളെല്ലാം തന്നെ സര്‍വഭുക്കുകളാണ്‌. ജന്തുക്കളുടെ മാംസത്തിനു പുറമേ മത്സ്യം, പലയിനം ഇഴജന്തുക്കള്‍, പക്ഷിമുട്ടകള്‍, പഴങ്ങള്‍, ഇലകള്‍, വേരുകള്‍, തേന്‍ തുടങ്ങി എല്ലാം കരടികളുടെ ആഹാരമാകുന്നു. ശൈത്യഭൂഭാഗങ്ങളില്‍ മഞ്ഞുകാലമാരംഭിക്കുന്നതോടെ ഇവയ്‌ക്ക്‌ ആഹാരസമ്പാദനം വളരെയധികം ബുദ്ധിമുട്ടുള്ളതായിത്തീരുന്നതിനാല്‍ ആ കാലം മുഴുവന്‍ ശിശിരനിദ്രയില്‍ കഴിയുക ഇവയുടെ പതിവാണ്‌. തടവില്‍പ്പോലും വളരെ സുഖമായി കഴിയുന്നവയാണ്‌ ഇവയില്‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ മൃഗശാലകളിലെ വന്‍മൃഗങ്ങളുടെ കൂട്ടത്തില്‍ കരടികള്‍ക്ക്‌ അതിപ്രധാനമായ ഒരു സ്ഥാനമാണുള്ളത്‌.

വ. അമേരിക്കയില്‍ കരടിയുടെ 22 സ്‌പീഷീസുകള്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. അഞ്ച്‌ ഇനം "ഗ്രിസ്‌ലി' കരടികള്‍, എട്ടിനം ചെങ്കരടികള്‍, എട്ടിനം കറുത്ത കരടികള്‍, ധ്രുവക്കരടി എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നവയാണ്‌. അമേരിക്കന്‍ കരടി (American black bear)എന്നറിയപ്പെടുന്ന അഴ്‌സസ്‌ അമേരിക്കാനസ്‌ 150 സെ.മീറ്ററിലേറെ നീളവും, തിളങ്ങുന്ന കറുത്തരോമങ്ങളും ഉള്ള ചുറുചുറുക്കുള്ള ഒരു ജന്തുവാണ്‌. ഇവ മരംകേറ്റത്തില്‍ വിദഗ്‌ധരാണ്‌. "ഗ്രിസ്‌ലി' കരടിയെയും ചെങ്കരടിയെയും അപേക്ഷിച്ച്‌ കുറഞ്ഞ അപകടകാരികളാണിവ. രോമത്തിനും മാംസത്തിനും വേണ്ടി ഇവ വളരെയധികം വേട്ടയാടപ്പെട്ടുവരുന്നു.

റോക്കി പര്‍വതനിരകളില്‍ കാണപ്പെടുന്ന ഗ്രിസ്‌ലി കരടികള്‍ (അഴ്‌സസ്‌ ഹോറിബിലിസ്‌) 3. മീ. നീളവും 450 കി.ഗ്രാം ഭാരവുമുള്ള ഒരു ജന്തുവാണ്‌. വല്ലാത്ത വണ്ണം നിമിത്തം അനങ്ങാന്‍പോലും പറ്റാത്തതെന്ന്‌ കാഴ്‌ചയില്‍ തോന്നിപ്പോകാവുന്ന ഈ ഭീമകായന്‍ അതിവേഗം ചലിക്കുന്നതില്‍ സമര്‍ഥനാണ്‌. ശത്രുക്കളാല്‍ ചുറ്റപ്പെട്ടുകഴിഞ്ഞാല്‍ ഒടുങ്ങാത്ത രോഷത്തോടും ശൗര്യത്തോടും ഇതു പോരാടുന്നതു കാണാം.

ഇന്നു ജീവിച്ചിരിക്കുന്ന കരടികളില്‍ മാത്രമല്ല, കരയില്‍ കാണപ്പെടുന്ന എല്ലാ മംസഭുക്കുകളിലും വച്ച്‌ ഏറ്റവും വലുപ്പമേറിയതാണ്‌ കോഡിയാക്‌ കരടി (അഴ്‌സസ്‌ മിഡന്‍ഡോര്‍ഫി). അലാസ്‌കയിലെ കോഡിയാക്‌ ദ്വീപാണ്‌ ഇതിന്റെ ജന്മദേശം. 1895ല്‍ കണ്ടുപിടിക്കപ്പെട്ട ചെമ്പന്‍നിറമുള്ള ഈ കൂറ്റന്മാര്‍ക്ക്‌ തോള്‍ഭാഗത്ത്‌ ഒന്നരമീറ്ററിലേറെ ഉയരവും, മൂന്നു മീറ്ററിലേറെ നീളവും, 540ഓളം കി.ഗ്രാം ഭാരവും ഉണ്ടായിരിക്കും. അലാസ്‌കയിലെ മൗണ്ട്‌ സെന്റ്‌ ഏലിയാസിനടുത്തു നിന്ന്‌ 1895ല്‍ കണ്ടെത്തിയ "ഗ്ലേസിയര്‍' കരടി (അഴ്‌സസ്‌ എമണ്‍സി) ആണ്‌ അമേരിക്കന്‍ കരടികളില്‍ ഏറ്റവും ചെറുത്‌. ഇതിനു തോള്‍ഭാഗത്തു കഷ്ടിച്ച്‌ 60 സെ.മീ. മാത്രമേ ഉയരം കാണുകയുള്ളു.

യൂറോപ്പിലും ഏഷ്യയിലും കാണപ്പെടുന്ന യൂറോപ്യന്‍ ചെങ്കരടി (അഴ്‌സസ്‌ ആര്‍റ്റോസ്‌) 2.25 മീ. വരെ നീളം വയ്‌ക്കാറുണ്ട്‌. റോമന്‍ അരീനകളുടെ കാലം മുതല്‍ തന്നെ ഇവയെ മനുഷ്യന്‍ പിടിച്ചു വളര്‍ത്തിയിരുന്നു. കരടികളെ ഇണക്കുന്നത്‌ തൊഴിലാക്കിയിരുന്ന നാടോടികളുടെ ശാന്തസ്വഭാവികളായ സഹചാരികളായിരുന്നു ഇവ. ഈയിനം സുവോളജിക്കല്‍ ഗാര്‍ഡനുകളിലെയും വന്യമൃഗസങ്കേതങ്ങളിലെയും ഒരു പതിവന്തേവാസിയുമാണ്‌. ഹിമാലയന്‍ കരടി (Himalayan black bear - Ursus torquatus), ജാപ്പനീസ്‌ കരടി (U. Japanicus) സൂര്യക്കരടി (Sun bear - U. malayanus) സ്ലോത്ത്‌ കരടി (U. labiatus), കെണ്ണാടിക്കരടി (spectacled bear - U. ornatus) എന്നിവയാണ്‌ മറ്റു പ്രധാന ഇനങ്ങള്‍. നോ: ധ്രുവക്കരടി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%B0%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍