This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരഞ്‌ജിയ, ആര്‍.കെ. (1912 2008)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരഞ്‌ജിയ, ആര്‍.കെ. (1912 2008)

ആര്‍.കെ. കരഞ്‌ജിയ

പത്രപ്രവര്‍ത്തകനും സാഹിത്യകാരനും. ഇദ്ദേഹത്തിന്റെ പൂര്‍ണനാമം റുസ്സി ഖുര്‍ദേ ഷ്‌ഡ്‌ജി കരഞ്‌ജിയ എന്നാണ്‌. ബ്‌ളിറ്റ്‌സ്‌ വാരികയുടെ സ്ഥാപകനും എഡിറ്ററും ആയ ഇദ്ദേഹം 1912 സെപ്‌. 15നു ബോംബെയില്‍ ജനിച്ചു. ബോംബെ സര്‍വകലാശാലയില്‍ നിന്ന്‌ ബി.എ. (ഓണേഴ്‌സ്‌) ബിരുദം നേടിയ ശേഷം ഇദ്ദേഹം പത്രപ്രവര്‍ത്തന രംഗത്തേക്കാണ്‌ തിരിഞ്ഞത്‌. ഇന്ത്യയിലും ഇംഗ്ലണ്ടിലും നിന്ന്‌ പത്രപ്രവര്‍ത്തനത്തില്‍ ഉന്നതപരിശീലനം നേടിയ കരഞ്‌ജിയ ടൈംസ്‌ ഒഫ്‌ ഇന്ത്യ പ്രസിദ്ധീകരണങ്ങളില്‍ റിപ്പോര്‍ട്ടറായും സബ്‌ എഡിറ്ററായും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായും കുറേക്കാലം സേവനമനുഷ്‌ഠിച്ചു. തുടര്‍ന്നു സണ്‍ഡേ സ്റ്റാന്‍ഡര്‍ഡിന്റെ പത്രാധിപസമിതിയില്‍ അംഗമായ കരഞ്‌ജിയ പിന്നീട്‌ സണ്‍ഡേ സ്റ്റാന്‍ഡര്‍ഡിന്റെയും മോണിങ്‌ സ്റ്റാന്‍ഡര്‍ഡിന്റെയും എഡിറ്റര്‍ഇന്‍ചീഫ്‌ ആയി. 1941 ഫെ.ല്‍ ഇദ്ദേഹം സ്വന്തമായി ബ്ലിറ്റ്‌സ്‌ വാരികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. തുടര്‍ന്നുള്ള നാലു ദശകങ്ങളില്‍ വളര്‍ച്ചയുള്ള ബ്ലിറ്റ്‌സ്‌ ഇന്ത്യയിലെ രാഷ്‌ട്രീയസാമ്പത്തികസാമൂഹിക രംഗങ്ങളില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയിരുന്നു. കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കെ.പി.ആര്‍.ഗോപാലന്‌ കേരള ഹൈക്കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കാതിരിക്കാനായി ബ്ലിറ്റ്‌സിലൂടെ കരഞ്ചിയ നടത്തിയ അഭിപ്രായ രൂപീകരണം ഫലം കണ്ടത്‌ ഇതിന്‌ തെളിവാണ്‌. "പ്രാഗ്രസീവ്‌ ഗ്രൂപ്പി'ന്റെ മുന്‍ അധ്യക്ഷനായിരുന്ന കരഞ്‌ജിയ "ബ്ലിറ്റ്‌സ്‌ നാഷണല്‍ ഫോറം' എന്ന പേരില്‍ ഒരു ചര്‍ച്ചാവേദിക്കും നേതൃത്വം നല്‌കി. ബ്ലിറ്റ്‌സിന്റെ എഡിറ്ററും ബ്ലിറ്റ്‌സ്‌ പബ്ലിക്കേഷന്‍സിന്‍െറ ഡയറക്ടറുമായിരുന്ന ഇദ്ദേഹം മിക്ക ലോകരാഷ്‌ട്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്‌. അറബിരാജ്യങ്ങളുമായി അടുത്ത ബന്ധമുള്ള കരഞ്‌ജിയ ഈജിപ്‌തിലെ ഭരണാധികാരികളുടെ, പ്രത്യേകിച്ച്‌ പരേതനായ പ്രസിഡന്റ്‌ നാസ്സറിന്റെ സ്‌നേഹാദരങ്ങള്‍ ആര്‍ജിച്ച വ്യക്തിയാണ്‌. പ്രസിഡന്റ്‌ നാസ്സര്‍ ഇദ്ദേഹത്തിന്‌ റിപ്പബ്ലിക്കന്‍ ഓര്‍ഡര്‍ ഒഫ്‌ മെരിറ്റ്‌ (ഒന്നാം ഗ്രഡ്‌) നല്‌കി ബഹുമാനിച്ചിരുന്നു. അന്താരാഷ്‌ട്ര രാഷ്‌ട്രീയസാമൂഹിക മേഖലകളിലെ കാലിക പ്രശ്‌നങ്ങളെക്കുറിച്ച്‌ അനവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. അരബ്‌ ഡോണ്‍ (1958); ഡോണ്‍ ഓര്‍ ഡാര്‍ക്‌നെസ്‌; ഡയറി ഒഫ്‌ എ പ്രസ്‌ മിഷന്‍ ദാറ്റ്‌ റെസ്‌റ്റോര്‍ഡ്‌ പീസ്‌ റ്റു ദി അരബ്‌ ഈസ്റ്റ്‌ (1959); കാസ്‌ട്രാസ്‌ സ്റ്റോം ഓവര്‍ ലാറ്റിന്‍ അമേരിക്ക (1961); ഹൗ നാസ്സര്‍ ഡിഡ്‌ ഇറ്റ്‌ (1964); ചൈനാ സ്റ്റാന്‍ഡ്‌സ്‌ അപ്‌ (1970); റൗണ്ട്‌ ജര്‍മനി വിത്ത്‌ ഹിറ്റ്‌ലര്‍ (1970); ഇന്ദിരാ ജെ.പി. കണ്‍ഫ്രണ്ടേഷന്‍; ദ-്‌ ഗ്രറ്റ്‌ ഡിബേറ്റ്‌ (1975); മൈന്‍ഡ്‌ ഒഫ്‌ എ മൊണാര്‍ക്ക്‌ (1977) എന്നിവ ഇവയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കരഞ്‌ജിയയും കെ.എ. അബ്ബാസും ചേര്‍ന്ന്‌ ഫേസ്‌ റ്റു ഫേസ്‌ വിത്ത്‌ ഇന്ദിരാഗാന്ധി (1975) എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. 2008 ഫെ. 1ന്‌ ഇദ്ദേഹം നിര്യാതനായി. നോ: ബ്‌ളിറ്റ്‌സ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍