This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരംസീന്‍, നിക്കളായ്‌ മിഹായിലവിച്‌ (1766-1826)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരംസീന്‍, നിക്കളായ്‌ മിഹായിലവിച്‌ (1766-1826)

Karamzin, Nikolai Mikhailovich

റഷ്യന്‍ ആഖ്യായികാകാരനും ചരിത്രകാരനും. പ്രമവും പ്രമഭംഗവും മുഖ്യപ്രമേയമായി സ്വീകരിച്ച ഇദ്ദേഹം റഷ്യന്‍ സാഹിത്യത്തില്‍ സെന്റിമെന്റലിസത്തിന്റെ പ്രമുഖ പ്രയോക്താവായിരുന്നു. ജീവിതത്തിന്റെ വൈകാരിക ഭാവങ്ങളും മാനസിക സങ്കീര്‍ണതകളും അപഗ്രഥിക്കുന്നവയാണ്‌ ഇദ്ദേഹത്തിന്റെ കൃതികള്‍. സ്‌തേണ്‍, റൂസ്സോ, ഗൊയ്‌ഥേ, റിച്ചേഡ്‌സണ്‍ എന്നിവരുടെ സ്വാധീനം കരംസീന്റെ കൃതികളില്‍ പ്രകടമാണ്‌.

ഓറന്‍ബര്‍ഗ്‌ ജില്ലയിലെ മിഖൈലോവിക ഗ്രാമത്തില്‍ 1766 ഡി. 1നു ഇദ്ദേഹം ജനിച്ചു. നാട്ടിലെ ബാല്യകാലവിദ്യാഭ്യാസത്തിനു ശേഷം 14-ാം വയസ്സില്‍ മോസ്‌കോയിലെത്തി ഉപരിവിദ്യാഭ്യാസം നടത്തി. കുറേക്കാലം ഇദ്ദേഹം സൈന്യസേവനം അനുഷ്‌ഠിക്കുകയുണ്ടായി. തുര്‍ഗന്യേവുമായി പരിചയപ്പെട്ടതോടെ കറംസീന്‍ സാഹിത്യരംഗത്തേക്കു തിരിഞ്ഞു.

"പാവം ലിസ' (ബേദ്‌നയ ലിസ), ബറന്‍ ഗോല്‍മ്‌ ദ്വീപ്‌, സീയ്‌റ മര്യേന എന്നീ ആഖ്യായികകള്‍ ഇദ്ദേഹത്തിന്റെ മികച്ച കൃതികളാണ്‌.

നിസര്‍ഗസുന്ദരമായ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ മനുഷ്യജീവിതത്തിന്റെ ദുരന്തം ചിത്രീകരിക്കുന്നതാണ്‌ ഈ കൃതികള്‍. ബെര്‍ലിന്‍, ലീപ്‌സിഗ്‌, ജനീവ, പാരിസ്‌, ലണ്ടന്‍ എന്നീ സ്ഥലങ്ങളില്‍ ഇദ്ദേഹം നടത്തിയ യാത്രയുടെ വിവരണക്കുറിപ്പുകളാണ്‌ ലെറ്റേഴ്‌സ്‌ ഒഫ്‌ എ റഷ്യന്‍ ട്രാവലര്‍ എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

അമേരിക്കന്‍ വിപ്ലവം, ഫ്രഞ്ചുവിപ്ലവം, റഷ്യയില്‍ വുഗാന്വേവിന്റെ നേതൃത്വത്തില്‍ നടന്ന കാര്‍ഷികവിപ്ലവം തുടങ്ങിയ ഐതിഹാസികസംഭവങ്ങള്‍ റഷ്യയ്‌ക്കുള്ളിലും പുറത്തും നടന്ന കാലഘട്ടമായിരുന്നു കരംസീന്റേത്‌. ഈ സംഭവങ്ങളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്‌ കരംസീന്‍ രചിച്ച പ്രസിദ്ധഗ്രന്ഥമാണ്‌ ഇസ്‌തോരിയ ഗസുദാര്‍സ്‌ത്വ റസ്സീസ്‌കവ (റഷ്യന്‍ ഭരണകൂടത്തിന്റെ ചരിത്രം). എട്ടു വാല്യങ്ങളിലായുള്ള ഈ ബൃഹദ്‌ഗ്രന്ഥം റഷ്യന്‍ ചരിത്രഗ്രന്ഥങ്ങളുടെ മുന്‍പന്തിയില്‍ നില്‌ക്കുന്നു. ഏതാനും കവിതകളും മാത്‌വേയ്‌ അന്ത്‌രേയേറ്‌ എന്ന ഒരു ചരിത്രാഖ്യായികയും ഇദ്ദേഹത്തിന്റേതായുണ്ട്‌. ഷെക്‌സ്‌പിയറുടെയും മറ്റും ഏതാനും കൃതികള്‍ കരംസീന്‍ റഷ്യനിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

1826 മേയ്‌ 22ന്‌ ഇദ്ദേഹം അന്തരിച്ചു.

(ആര്‍. ഗോപി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍