This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയ്‌ഫെങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയ്‌ഫെങ്‌

Kai Feng

മധ്യകാല ചൈനയുടെയും 1955 വരെ മധ്യപൂര്‍വ ചൈനയിലെ ഹോനാന്‍ പ്രവിശ്യയുടെയും തലസ്ഥാനമായിരുന്ന നഗരം. ബെയ്‌ജിങ്ങിന്‌ 600 കി.മീ. തെക്ക്‌, മഞ്ഞനദി (ഹ്വാങ്‌ഹോ)യുടെ ദക്ഷിണതടത്തില്‍ സ്ഥിതിചെയ്യുന്ന, ചൈനയിലെ പഴക്കമേറിയ ഈ നഗരം താലിയാങ്‌ എന്ന പേരില്‍ വെയ്‌ രാജവംശ (Weai dynasty)ത്തിന്റെ (ബി.സി. 4-ാം ശ.) രാജസ്ഥാനമായി വികസിച്ചു. ചൈനയില്‍ ആദ്യമായി ഒരു വ്യാവസായിക വിപണനകേന്ദ്രം ഒരു രാജവംശത്തിന്‍െറ ആസ്ഥാനമായിത്തീര്‍ന്നത്‌ കയ്‌ഫങ്‌ ആണ്‌.

കയ്‌ഫെങ്‌ പല രാജവംശങ്ങളുടെയും ആസ്ഥാനമായിരുന്നു. ആദ്യമായി പട്ടണത്തില്‍ കനാലുകള്‍ നിര്‍മിച്ചത്‌ വെയ്‌ രാജാക്കന്മാരാണ്‌. ചിന്‍ രാജവംശകാലത്ത്‌ എ.ഡി. 5-ാം ശ. വരെ അവഗണിക്കപ്പെട്ടുകിടന്ന ഈ പട്ടണം 6-ാം ശ.ത്തില്‍ ഉത്തര വെയ്‌ രാജ്യാതിര്‍ത്തിക്കുള്ളിലെ ഒരു പ്രവിശ്യാ തലസ്ഥാനമായിത്തീര്‍ന്നു. സൂയി രാജവംശത്തിന്റെ അധീനതയിലും (581-618) ഇവിടെ ധാരാളം കനാലുകള്‍ നിര്‍മിക്കപ്പെട്ടു. താങ്‌ കാലഘട്ടത്തില്‍ (618-907) ഈ നഗരം പൂര്‍വാധികം പുരോഗതി പ്രാപിച്ചു. സുങ്‌വംശകാലത്ത്‌ (960-1126) ഐക്യരാഷ്‌ട്രം കെട്ടിപ്പടുത്തപ്പോള്‍ ഈ നഗരം ഭരണകേന്ദ്രവുമായി.

1234 മുതല്‍ മംഗോളിയരുടെ അധീനതയിലായിരുന്ന പട്ടണം 1368ല്‍ മിങ്‌ ചക്രവര്‍ത്തി കൈയടക്കുകയും ഹോനാന്‍ പ്രവിശ്യയുടെ ആസ്ഥാനമാക്കുകയും ചെയ്‌തു. മിങ്‌ രാജവംശ കാല (എ.ഡി. 1368-1644) ത്താണ്‌ ഈ നഗരത്തിന്‌ കയ്‌ഫെങ്‌ എന്ന പേര്‌ ലഭിച്ചത്‌. താങ്‌ രാജാക്കന്മാര്‍ നഗരത്തിനുചുറ്റും ദീര്‍ഘചതുരാകൃതിയില്‍ 10 കി.മീ. നീളത്തില്‍ പണിത കോട്ട 1370ല്‍ മിങ്‌ ചക്രവര്‍ത്തിമാര്‍ കൂടുതല്‍ ബലപ്പെടുത്തുകയുണ്ടായി. കോട്ടകള്‍ കൊണ്ട്‌ സംരക്ഷിതമായിരുന്ന കയ്‌ഫങ്‌ മഞ്ഞനദി സൃഷ്ടിച്ചിരുന്ന പ്രളയക്കെടുതികളില്‍ നിന്ന്‌ ഒരിക്കലും മുക്തമായിരുന്നില്ല. മിങ്‌ വിരുദ്ധശക്തികള്‍ 1642ല്‍ മഞ്ഞനദിയുടെ ഗതി മാറ്റി വിട്ടതിന്റെ ഫലമായി ഒരു ലക്ഷത്തോളം നഗരവാസികള്‍ കൊല്ലപ്പെടുകയുണ്ടായി; തുടര്‍ന്ന്‌ കാല്‍ ശതാബ്‌ദത്തോളം അവഗണിക്കപ്പെട്ടു കിടന്നിരുന്ന നഗരം ചിങ്‌ വാഴ്‌ചക്കാല (1644-1911)ത്ത്‌, സു. 1662 മുതല്‍, 1955 വരെ ഹോനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു. 1955ല്‍ തലസ്ഥാനം 50 കി.മീ. പടിഞ്ഞാറുള്ള ചെങ്‌ചൂവിലേക്കു മാറ്റിയതിനെത്തുടര്‍ന്ന്‌ കയ്‌ഫങ്‌, ഇതേപേരുള്ള, ഉപപ്രവിശ്യാതലത്തിലുള്ള ഒരു സ്വതന്ത്ര മുനിസിപ്പാലിറ്റിയുടെ ആസ്ഥാനമായി.

എ.ഡി. 1-ാം ശ.ത്തില്‍ തന്നെ ഇവിടേക്കു ജൂതന്മാര്‍ സംക്രമിച്ചിരുന്നുവെന്നു ശിലാവശിഷ്ടങ്ങള്‍ വ്യക്തമാക്കുന്നു. 1642ലെ പ്രളയത്തില്‍ വിദ്യാലയങ്ങളും ഗ്രന്ഥങ്ങളും ദേവാലയങ്ങളും(synagogue)ഉള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ട കയ്‌ഫങ്‌ജൂതസമൂഹം ക്ഷയിക്കാന്‍ തുടങ്ങി. ഇവിടെ സരതുഷ്‌ട്രരും വസിച്ചിരുന്നു. 1938ല്‍, ജപ്പാനുമായുള്ള യുദ്ധത്തില്‍ ജപ്പാന്റെ മുന്നേറ്റത്തെ തടയാനായി കയ്‌ഫങിനു സമീപമുള്ള ചിറ തകര്‍ത്തിരുന്നു.

ദേവാലയങ്ങളുടെ നഗരമായ കയ്‌ഫങിലെ, ബുദ്ധന്റെ രൂപം കൊത്തിയ കല്ലുകള്‍കൊണ്ടു നിര്‍മിച്ച ബുദ്ധവിഹാരം ഉള്‍ക്കൊള്ളുന്ന "പതിനായിരം ബുദ്ധന്മാരുടെ ദേവാലയ' (Pai-ma-Sze)വും 500 ബൗദ്ധശിഷ്യന്മാരുടെ പ്രതിമകളുള്‍ക്കൊള്ളുന്ന വിഹാരവും (-Hsiang Kuo Sze എ.ഡി. 550-577) 12-ാം ശ.ത്തിലെ ഒരു കൊട്ടാരവും ഹോനാന്‍ പ്രാവിന്‍ഷ്യല്‍ മ്യൂസിയവും ആകര്‍ഷകങ്ങളായ പ്രാചീന വാസ്‌തുവിദ്യാ മാതൃകകളാണ്‌. ഭക്ഷ്യസംസ്‌കരണ വ്യവസായത്തിനും പരമ്പരാഗത ചെറുകിട വ്യവസായങ്ങള്‍ക്കും പുറമേ തീപ്പെട്ടി, കാര്‍ഷിക യന്ത്രാപകരണങ്ങള്‍, രാസപദാര്‍ഥങ്ങള്‍, വസ്‌ത്രം എന്നിവയുടെ ഉത്‌പാദനവും ഇവിടെ പുരോഗമിച്ചു വരുന്നു. ചൈനയിലെ ഒരു പ്രധാന ഗതാഗതകേന്ദ്രം കൂടിയായ കയ്‌ഫങ്‌ പട്ടണത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ സൗകര്യമുള്ള ധാരാളം സ്ഥാപനങ്ങളുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍