This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയ്‌പന്‍ പടവലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയ്‌പന്‍ പടവലം

Goosenect squash

പച്ചമരുന്നായി ഉപയോഗിക്കുന്ന ഒരു വള്ളിച്ചെടി. കുക്കുര്‍ബിറ്റേസീ സസ്യകുലത്തില്‍പ്പെടുന്നു. ശാ.നാ.: ട്രക്കോസാന്തെസ്‌ കുക്കുമെറിയാന (Trichosanthes cukumeriana). ഒരു കാട്ടുചെടിയാണിത്‌. ഇന്ത്യയിലുടനീളം വളരുന്നുണ്ടെങ്കിലും കേരളത്തിലാണ്‌ മുഖ്യമായും കാണപ്പെടുന്നത്‌. ചെടി സമൂലവും സസ്യഭാഗങ്ങള്‍ വെവ്വേറെയായും മരുന്നിനുപയോഗിക്കുന്നു. ഈ ചെടിക്ക്‌ പടവലവുമായി വളരെയധികം സാമ്യമുണ്ട്‌; പക്ഷേ, ഇതിന്റെ കായ്‌കള്‍ക്ക്‌ കയ്‌പു കൂടുതലാണ്‌, നീളം കുറവുമാണ്‌.

മൂന്നോ നാലോ മീ. നീളത്തില്‍ വളരുന്ന ഈ ചെടി താങ്ങുകളില്‍ ചുറ്റിപ്പടരുന്നു. ആണ്‍ചെടികളും പെണ്‍ചെടികളും ഉണ്ട്‌. ഇലകള്‍ക്ക്‌ ഹസ്‌താകാരമാണുള്ളത്‌. ജൂല.ഒ. മാസങ്ങളില്‍ പൂവണിയുന്നു. വെള്ളനിറമുള്ള ഇതിന്റെ ചെറിയ പൂക്കള്‍ ഏകലിംഗികളാണ്‌. ആണ്‍പൂവും പെണ്‍പൂവും വ്യത്യസ്‌ത സസ്യങ്ങളില്‍ കാണുന്നു. അപൂര്‍വമായി രണ്ടും ഒരു ചെടിയില്‍ത്തന്നെ കണ്ടെന്നും വരാം. ആണ്‍പൂക്കള്‍ 815 എണ്ണം ചേര്‍ന്ന്‌ കുലകളായി കാണപ്പെടുന്നു. അഞ്ചു വിദളങ്ങള്‍ ചേര്‍ന്നുണ്ടായ വിദളപുടക്കുഴലിന്‌ 22.5 സെ.മീറ്ററോളം നീളമുണ്ട്‌. ദളപുടം 5 ദളങ്ങള്‍ ചേര്‍ന്നതാണ്‌. 3 കേസരങ്ങളുണ്ട്‌. കേസരതന്തുക്കള്‍ക്ക്‌ നീളം കുറവാണ്‌. പെണ്‍പൂക്കള്‍ ഒറ്റയായി കാണപ്പെടുന്നു. പൂഞെട്ടിന്‌ ആണ്‍പൂവിനെ അപേക്ഷിച്ച്‌ നീളം കുറവാണ്‌. സഹപത്രങ്ങള്‍ ഇല്ല. ബാഹ്യദളപുടവും ദളപുടവും ആണ്‍പൂവിലേതു പോലെയാണ്‌. ഒറ്റ അറമാത്രമുള്ള അണ്ഡാശയം അധഃസ്ഥിതമാണ്‌. നിരവധി ബീജാണ്ഡങ്ങളുണ്ട്‌. വര്‍ത്തിക തീരെ ലോലമാണ്‌. കായ്‌ ഏകദേശം 8 സെ.മീറ്ററോളം നീളമുള്ള ബെറിയാകുന്നു. കായുടെ അഗ്രത്തില്‍ കൂര്‍ത്ത ചുണ്ടുപോലെയുള്ള ഒരു ഭാഗമുണ്ട്‌. ഇളം പ്രായത്തില്‍ പുറംതൊലിയില്‍ വെള്ളയും പച്ചയും ഇടകലര്‍ന്ന വരകളുണ്ടായിരിക്കും; പ്രായമാകുമ്പോഴേക്കും ഓറഞ്ച്‌ കലര്‍ന്ന ചുവപ്പു നിറമായിത്തീരുന്നു. ഉള്ളിലെ കഴമ്പില്‍ ധാരാളം വിത്തുകള്‍ കാണാം.

ജ്വരം, ഹൃദ്രാഗം, നേത്രരോഗങ്ങള്‍, വാതം എന്നിവയ്‌ക്ക്‌ നല്ല ഒരു ഔഷധമാണ്‌ ഈ ചെടി. കയ്‌പന്‍ പടവലവും (സമൂലം) മല്ലിയും ചേര്‍ന്ന ശീതകഷായം വിട്ടുമാറാത്ത ജ്വരത്തിന്‌ ഫലപ്രദമാണ്‌. കയ്‌പുരസമേറിയ ഇതിന്റെ വേര്‌ പഞ്ചതിക്‌തക ദ്രവ്യങ്ങളില്‍ ഒരു പ്രധാന ഘടകമാണ്‌. വേര്‌ പിഴിഞ്ഞെടുക്കുന്ന നീര്‌ തീക്ഷ്‌ണമായ ഒരു വിരേചനൗഷധമാകുന്നു. വേര്‌, ഇളംകൂമ്പ്‌, ഉണങ്ങിയ കായ്‌ എന്നിവയുടെ സത്ത്‌ പിത്തസംബന്ധമായ രോഗങ്ങള്‍ക്കും ത്വഗ്‌രോഗങ്ങള്‍ക്കും നല്‌കാറുണ്ട്‌. പച്ചക്കായ്‌ ദഹനമുണ്ടാക്കാന്‍ സഹായകമാണ്‌. ഇലയുടെ ചാറ്‌ വാമകവും വിത്ത്‌ കൃമിനാശകവുമാണ്‌; ഇത്‌ ദഹനത്തെ ത്വരിപ്പിക്കുന്നു. കയ്‌പന്‍ പടവലം ഒരു നല്ല വാജീകരണൗഷധം കൂടിയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍