This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയ്യോന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയ്യോന്നി

കയ്യോന്നി

ഒരു ഔഷധ സസ്യം. ദശപുഷ്‌പങ്ങളിലൊന്നാണിത്‌. കൈതോന്നി, കഞ്ഞുണ്ണി, കയ്യുണ്ണി, കയ്യോന്ന്യം, കയ്യാന്തകര എന്നീ പേരുകളുമുണ്ട്‌. സംസ്‌കൃതത്തില്‍ ഭൃംഗരാജ്‌ എന്നറിയപ്പെടുന്നു. കമ്പോസിറ്റേ സസ്യകുടുംബത്തില്‍പ്പെടുന്ന ഇതിന്റെ ശാ.നാ. എക്‌ളിപ്‌റ്റാ ആല്‍ബ (Eclipta alba) എന്നാണ്‌. മഞ്ഞപ്പൂക്കളുള്ള കയ്യോന്നി സ്വര്‍ണഭൃംഗാരം എന്ന്‌ അറിയപ്പെടുന്നു.

ഒരു ഏകവര്‍ഷിയാണിത്‌. കേരളത്തില്‍ തണലും തണുപ്പുമുള്ള പറമ്പുകളിലും വയല്‍വരമ്പുകളിലും ധാരാളമായി വളരുന്നു. ഏകദേശം 75 സെ.മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇതിന്റെ വേരുകള്‍ ആഴത്തിലേക്കു പോകുന്നില്ല. തണ്ടിന്റെ ചുവട്ടില്‍ നിന്ന്‌ നിരവധി ശാഖകള്‍ പൊട്ടിപ്പുറപ്പെടുന്നു.

ചെടിയില്‍ ലഘുപത്രങ്ങള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കുന്നു. കടും പച്ചനിറവും പരുപരുപ്പുമുള്ള ഇലകള്‍ ചെറുലോമങ്ങളാല്‍ ആവൃതമാണ്‌. മേയ്‌ മുതല്‍ സെപ്‌. വരെയാണ്‌ പൂക്കാലം.

ചെറിയ നിരവധി പൂക്കള്‍ ചേര്‍ന്ന്‌ ഒരു ശീര്‍ഷ മഞ്‌ജരി (head inflor-escence) രൂപപ്പെടുന്നു. പൂവിന്റെ നിറം വെള്ളയോ ഇളംമഞ്ഞയോ ആയിരിക്കും. ഒരു പൂങ്കുലയില്‍ത്തന്നെ പെണ്‍പൂക്കളും ദ്വിലിംഗ പുഷ്‌പങ്ങളും (bisexual flowers) ഉണ്ടായിരിക്കും. ആദ്യമുണ്ടാകുന്ന പൂക്കള്‍ പൂങ്കുലയുടെ പരിധിയിലും, പ്രായം കുറഞ്ഞവ മധ്യഭാഗത്തും കാണപ്പെടുന്നു. പെണ്‍പൂവിന്‌ അഞ്ച്‌ വിദളങ്ങളുണ്ട്‌; അഞ്ച്‌ ദളങ്ങള്‍ യോജിച്ച്‌ ദളപുടക്കുഴലുണ്ടായിരിക്കുന്നു. ഇവ കിരണ പുഷ്‌പങ്ങള്‍ (Ray florets)എന്നറിയപ്പെടുന്നു.

ദ്വിലിംഗ പുഷ്‌പത്തില്‍ അഞ്ചു കേസരങ്ങളുണ്ട്‌. പരാഗകോശങ്ങള്‍ വശങ്ങളില്‍ പരസ്‌പരം ഒരുമിച്ചു ചേര്‍ന്ന്‌ ഒരു കുഴലിന്റെ രൂപത്തില്‍ കാണപ്പെടുന്നു. ഈ കുഴലിന്റെ ഉള്ളിലൂടെയാണ്‌ വര്‍ത്തിക മുകളിലേക്കു കടന്നുപോകുന്നത്‌. കേസരതന്തുക്കള്‍ സ്വതന്ത്രങ്ങളാണ്‌; അണ്ഡാശയം അധഃസ്ഥിതവും.

ഫലത്തില്‍ ഒരു വിത്തു മാത്രമേയുള്ളു. ഉണങ്ങിയ ഫലം പൊട്ടുന്നില്ല. കയ്യോന്നിയുടെ എല്ലാ ഭാഗങ്ങളും ഔഷധത്തിനായി ഉപയോഗിക്കുന്നു. വിഷം, ത്വഗ്‌രോഗം, ഹൃദ്‌രോഗം, കഫം ഇവയ്‌ക്കു ഫലപ്രദമാണ്‌. എണ്ണകാച്ചാന്‍ പച്ചമരുന്നായി ഉപയോഗിക്കുന്നു. കയ്യോന്നി സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത്‌ ചാറ്‌ എണ്ണയുമായി ചേര്‍ത്തു കാച്ചിതേച്ചാല്‍ തലമുടി കറുത്തിരുണ്ട്‌ ഇടതൂര്‍ന്നു വളരും എന്ന്‌ അയുര്‍വേദം പറയുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍