This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയോലിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയോലിന്‍

Kaolin

വെളുത്തയിനം കളിമണ്ണ്‌. ചീനക്കളിമണ്ണ്‌ (China-clay)എന്ന പേരില്‍ സുപരിചിതമായ കയോലിന്‍ വളരെയധികം വ്യാവസായിക പ്രാധാന്യമുള്ള ഒരു ഖനിജമാണ്‌. കയോലിനൈറ്റ്‌ ആണ്‌ ഇതിലെ മുഖ്യഘടക ധാതു. പരലുകള്‍ക്ക്‌ 0.2 മുതല്‍ 50 വരെ മൈക്രാണ്‍ വലുപ്പമുണ്ടായിരിക്കും. ഇലക്‌ട്രാണ്‍ മൈക്രാസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രം കാണപ്പെടുന്ന, അഷ്ടഭുജാകൃതിയുള്ള പരലുകള്‍ ജലയോജിത അലുമിനിയം സിലിക്കേറ്റ്‌ ധാതുക്കളാണ്‌. കയോലിനൈറ്റിനു പുറമേ അഭ്രം, ക്വാര്‍ട്ട്‌സ്‌, ഫെല്‍സ്‌പാര്‍, അനാടേസ്‌ എന്നിവയും കയോലിന്‍ ഉള്‍ക്കൊള്ളാം (നോ: കളിമണ്‍ ധാതുക്കള്‍).

അമേരിക്കയിലെ ജോര്‍ജിയയിലുള്ള കയോലിന്‍ നിക്ഷേപം

ചൈനയില്‍ ക്യാങ്‌ഷി പ്രവിശ്യയിലെ കയോലിങ്‌ എന്ന പ്രദേശത്തു നിന്നാണ്‌ ഈയിനം കളിമണ്ണ്‌ ആദ്യകാലത്ത്‌ യൂറോപ്പില്‍ വന്‍തോതില്‍ എത്തിച്ചിരുന്നത്‌. കുന്നിന്‍പുറം എന്നര്‍ഥമുള്ള കൗലിങ്‌ എന്ന ചൈനീസ്‌ പദത്തിന്റെ വികലിത രൂപമാണ്‌ കയോലിന്‍. ചൈന കൂടാതെ ഫ്രാന്‍സ്‌, യു.കെ., യു.എസ്‌.എസ്‌.ആര്‍., പൂര്‍വജര്‍മനി, ഇന്ത്യ, ചെക്കസ്ലോവാക്കിയ, യു.എസ്‌. എന്നിവിടങ്ങളിലും കയോലിന്‍ ധാരാളമായുണ്ട്‌. ഇന്ത്യയില്‍ മുന്തിയയിനം കയോലിന്‍ ലഭിച്ചുവരുന്നത്‌ കുണ്ടറ (കേരളം), സിങ്‌ഭൂം (ബിഹാര്‍) എന്നിവിടങ്ങളില്‍ നിന്നാണ്‌. ബിഹാറില്‍ മറ്റു ചില ഭാഗങ്ങളിലും കര്‍ണാടകം, ഡല്‍ഹി, ഗുജറാത്ത്‌, ഒറീസ, ജമ്മുകാശ്‌മീര്‍, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, ഹരിയാന എന്നിവിടങ്ങളിലും പ്രസ്‌താവ്യമായ തോതില്‍ കയോലിന്‍ നിക്ഷേപങ്ങളുണ്ട്‌.

കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറം, ആക്കുളം, പെരുങ്കുളം, മംഗലപുരം; കൊല്ലം ജില്ലയിലെ കുണ്ടറ, ചാത്തന്നൂര്‍; എറണാകുളം ജില്ലയിലെ തൃക്കാക്കര, മഞ്ചുമ്മല്‍; പാലക്കാട്‌ ജില്ലയിലെ അയിലക്കാട്‌; കണ്ണൂര്‍ ജില്ലയിലെ നീലേശ്വരം, കളനാട്‌, പഴയങ്ങാടി എന്നിവിടങ്ങളിലും കയോലിന്‍ നിക്ഷേപങ്ങളുണ്ട്‌.

കടലാസ്‌, ഉച്ചതാപസഹസാമഗ്രികള്‍ എന്നിവയുടെ നിര്‍മാണത്തിനാണ്‌ പ്രധാനമായും കയോലിന്‍ ഉപയോഗപ്പെടുത്തുന്നത്‌. വ്യാവസായികാവശ്യത്തിനുപയോഗപ്പെടുത്തുന്ന കയോലിന്‍ ഒരു ശതമാനത്തിലധികം ഇരുമ്പുള്‍ക്കൊള്ളാന്‍ പാടില്ല; മണല്‍, ജൈവപദാര്‍ഥങ്ങള്‍ എന്നിവയും നിഷിദ്ധമാണ്‌. ശുദ്ധശുഭ്രമായ കയോലിന്‍ ചൂര്‍ണമാണ്‌ വ്യാവസായികാവശ്യങ്ങള്‍ക്കായി ലഭ്യമാക്കുന്നത്‌. കടലാസ്‌ വ്യവസായത്തിനാണ്‌ മൊത്തം കയോലിന്‍ ഉത്‌പാദനത്തിന്റെ 40-50 ശ.മാ. ഉപയോഗപ്പെടുത്തുന്നത്‌. ചില മുന്തിയയിനം കടലാസുകളില്‍ 30-40 ശ.മാ. കയോലിനുണ്ട്‌. ഉത്‌പാദനത്തിന്റെ 20 ശ.മാനത്തോളം റബ്ബര്‍ വ്യവസായത്തില്‍ ഉപയോഗപ്പെടുത്തുന്നു; ഇതിനായി ഏറ്റവും ശുദ്ധവും സൂക്ഷ്‌മതരികളുള്ളതുമായ കയോലിന്‍ ആവശ്യമാണ്‌. റബ്ബറിന്റെ യാന്ത്രികശക്തി വര്‍ധിപ്പിക്കാനും തേയ്‌മാനം കുറയ്‌ക്കാനും കയോലിന്‍ സഹായിക്കുന്നു. കയോലിന്‍ ഉത്‌പാദനത്തിന്റെ 510 ശ.മാ. സെറാമിക്‌ നിര്‍മിതിയിലും വേണ്ടിവരുന്നു. ഇതിനു പുറമേ, ഔഷധഗുണങ്ങള്‍ കൂടിയുള്ള കയോലിന്‍ സിമെന്റ്‌, രാസവളം, പെയിന്റ്‌ തുടങ്ങിയവയുടെ ഉത്‌പാദനത്തിനും ഉപയോഗപ്പെടുത്തുന്നു.

ഔഷധഗുണങ്ങള്‍. അതിസാരം, വയറുപെരുക്കം എന്നിവയ്‌ക്ക്‌ കയോലിന്‍ സമര്‍ഥമായ ഒരു പ്രതിവിധിയാണ്‌. അര ഔണ്‍സ്‌ മുതല്‍ രണ്ട്‌ ഔണ്‍സ്‌ വരെ വെള്ളത്തിലോ പാലിലോ കലക്കിയാണ്‌ ഇതു സേവിക്കാറുള്ളത്‌. വന്‍കുടലില്‍ നിന്ന്‌ വിഷാലുത്വമുള്ള പദാര്‍ഥത്തെ ആഗിരണം ചെയ്യാനുള്ള കഴിവ്‌ കയോലിന്‌ ഉള്ളതുകൊണ്ട്‌ അത്‌ വിഷഹരവും കൂടിയാണ്‌. നനുത്ത കയോലിന്‍ പൊടി ചൊറി, ചിരങ്ങ്‌ എന്നിവയ്‌ക്കു മീതെ തൂകി അവയെ പഴുപ്പ്‌ മുതലായ വൈഷമ്യങ്ങളില്‍ നിന്നും തടയാം. ശരീരഭാഗങ്ങളില്‍ വീക്കമുണ്ടാകുമ്പോള്‍ ബോറിക്‌ അമ്ലം, ഗ്ലിസറിന്‍, മറ്റു ചില ഘടകങ്ങള്‍ എന്നിവയുമായി കയോലിന്‍ ചേര്‍ത്തുണ്ടാക്കിയ പോള്‍ടിസ്‌ (ഉപനാഹം) ലേപനം ചെയ്യുന്നതു നല്ലതാണ്‌.

കയോലിനൈസേഷന്‍. ഫെല്‍സ്‌പാര്‍, അഭ്രം എന്നിവയ്‌ക്കു പുറമേ അലൂമിനിയത്തിന്റെ ആധിക്യമുള്ള മറ്റു ധാതുക്കളില്‍ നിന്നും അപക്ഷയം മൂലം കയോലിന്‍ രൂപം കൊള്ളുന്നതുവഴി മേല്‌പറഞ്ഞ ധാതുക്കള്‍ ഉള്‍ക്കൊള്ളുന്ന ശിലകള്‍ക്കുണ്ടാവുന്ന പരിണാമത്തെ കയോലിനൈസേഷന്‍ എന്നു വിശേഷിപ്പിക്കുന്നു. അപക്ഷയഫലമായി വ്യുത്‌പന്നമാക്കപ്പെടുന്ന മൂലനിക്ഷേപങ്ങള്‍ക്കു പുറമേ ദ്വിതീയാവസാദനിക്ഷേപങ്ങളും സഞ്ചിതമാവാം. രണ്ടാമത്തെയിനം നിക്ഷേപങ്ങളാണ്‌ കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ളത്‌. ആര്‍ദ്രമായ ഉപോഷ്‌ണ മേഖലയിലാണ്‌ കയോലിന്‍ രൂപീകരണം ഏറ്റവും തീവ്രമായി ഉണ്ടായിക്കാണുന്നത്‌. ഗ്രാനൈറ്റ്‌, സയനൈറ്റ്‌ തുടങ്ങിയ ഫെല്‍സ്‌പാറിക ശിലകള്‍ രാസാപക്ഷയത്തിനു വിധേയമാവുമ്പോള്‍ ഉണ്ടാകുന്ന കയോലിന്‍, അപരദനം മൂലം നീക്കപ്പെടാതെ രൂപം കൊള്ളുന്നിടത്തു തന്നെ അവസ്ഥിതമാവുന്നതാണ്‌ മൂലനിക്ഷേപങ്ങള്‍. കാല്‍സിയം, സോഡിയം, പൊട്ടാസിയം തുടങ്ങിയവയുടെ ലേയത്വമുള്ള ധാതുക്കള്‍ ഭൂജലത്താല്‍ നീക്കപ്പെടുമ്പോള്‍ അലുമിനിയത്തിന്റെയും മറ്റും ജലയോജിത ധാതുക്കള്‍ അവശേഷിക്കുക വഴിയാണ്‌ അവക്ഷിപ്‌ത കയോലിന്‍ ശേഖരം രൂപം കൊള്ളുന്നത്‌.

ഫെല്‍സ്‌പാര്‍ ധാതുക്കളില്‍ നിന്ന്‌ ആദ്യമായി വളരെ നേര്‍ത്ത അഭ്രപാളികള്‍ രൂപം കൊള്ളുന്നു. സെറിസൈറ്റ്‌ എന്നു വിശേഷിപ്പിക്കുന്ന ഈയിനം അഭ്രം കൂടുതലായി ജലാംശം ഉള്‍ക്കൊള്ളുന്നതു വഴി ജലയോജിത അഭ്ര(Hydromica)മായും തുടര്‍ന്ന്‌ കയോലിനൈറ്റ്‌ ആയും പരിണമിക്കുന്നു. കയോലിനില്‍ ഇത്തരം അഭ്രപരലുകളും അവശേഷിക്കാം. അഗ്നിപര്‍വതങ്ങളുടെ പ്രാന്ത പ്രദേശങ്ങളില്‍ താപജലീയ (Hydrothermal) പ്രക്രിയകളിലൂടെയും കയോലിന്‍ രൂപം കൊള്ളുന്നുണ്ട്‌.

ആര്‍ദ്രവും തപ്‌തവുമായ കാലാവസ്ഥ നിലനിന്നിരുന്ന കാര്‍ബോണിഫെറസ്‌, ജൂറാസിക്‌ എന്നീ കല്‌പങ്ങളിലും പാലിയോസീന്‍, നിയോസീന്‍ എന്നീ യുഗങ്ങളിലും കയോലിന്‍ രൂപീകരണം പരമകോടിയിലായിരുന്നുവെന്ന്‌ കരുതപ്പെടുന്നു. അവസാദസ്‌തരങ്ങള്‍ക്കിടയില്‍ ഏതാനും മീറ്റര്‍ കനത്തില്‍ വിസ്‌തൃതമായ മേഖലകളിലായി കയോലിന്‍ രൂപംകൊണ്ടു കാണുന്നു. മണല്‍ത്തരികളെയും മറ്റും അപേക്ഷിച്ച്‌ കളിമണ്‍ ധാതുപരലുകള്‍ ചെറുതും ഘനം കുറഞ്ഞവയുമാകയാല്‍ നദികളിലൂടെ കടലിലെത്തുമ്പോള്‍ ഇവ സാവധാനത്തില്‍ അടിഞ്ഞുകൂടുന്നു. ഇക്കാരണത്താല്‍ തീരത്തുല്‍നിന്ന്‌ വളരെയകലെയാണ്‌ കയോലിന്‍ നിക്ഷേപങ്ങള്‍ കാണപ്പെടുന്നത്‌. ജീവാശ്‌മ പരിരക്ഷണത്തിന്‌ ഉചിതമായ ഈ അവസാദം ദൃഢീഭവിച്ച്‌ ഷെയ്‌ല്‍ എന്ന ഇനം അവസാദശില രൂപംകൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍