This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയാഫസ്‌ (കയ്യഫാവ്‌)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയാഫസ്‌ (കയ്യഫാവ്‌)

Caiaphas

ക്രിസ്‌തുവിനെ വിചാരണചെയ്‌തു ക്രൂശിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മഹാപുരോഹിതന്‍. എ.ഡി. 18 മുതല്‍ 36 വരെ ഇദ്ദേഹം മഹാപുരോഹിതസ്ഥാനം വഹിച്ചു. ജോസഫ്‌ എന്നായിരുന്നു കയാഫസിന്റെ ശരിയായ പേര്‍. മറ്റൊരു മഹാപുരോഹിതനായ അന്നാസിന്റെ ജാമാതാവായിരുന്നു ഇദ്ദേഹം.

ക്രിസ്‌തുവിന്റെ അദ്‌ഭുതകര്‍മങ്ങളും ജനസമ്മതിയും യഹൂദ പുരോഹിതന്മാരെയും പരീശന്മാരെയും സംഭ്രാന്തരാക്കിയ കാലത്ത്‌ അവര്‍ സംഘം ചേര്‍ന്ന്‌ അനന്തര കരണീയത്തെപ്പറ്റി ചിന്തിച്ചു. "അവനെ (ക്രിസ്‌തുവിനെ) ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും' (യോഹന്നാന്‍ തക:48) എന്ന ആശങ്ക അവര്‍ പ്രകടിപ്പിച്ചു. അവരില്‍ ഒരാളും ആ സംവത്‌സരത്തെ മഹാപുരോഹിതനുമായ കയ്യഫാവു, അവരോട്‌ "നിങ്ങള്‍ ഒന്നും അറിയുന്നില്ല, ജനം മുഴുവന്‍ നശിച്ചു പോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കുവേണ്ടി മരിക്കുന്നതു നന്ന്‌ എന്ന്‌ ഓര്‍ക്കുന്നതുമില്ല' (യോഹന്നാന്‍ തക: 49, 50) എന്നു പറഞ്ഞു. ക്രിസ്‌തുവിനെ എങ്ങനെയും വധിക്കണമെന്ന തീരുമാനത്തില്‍ എത്തിയ മഹാപുരോഹിതന്മാരുടെ ആള്‍ക്കാര്‍ ഗത്ത്‌ശെമന എന്ന തോട്ടത്തില്‍വച്ച്‌ അദ്ദേഹത്തെ പിടികൂടി കയ്യഫാവിന്റെ അടുക്കല്‍, കൊണ്ടുപോയി. "നീ ദൈവപുത്രനായ ക്രിസ്‌തു തന്നെയോ?' എന്ന മഹാപുരോഹിതന്റെ ചോദ്യത്തിന്‌ "ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്റെ വലതുഭാഗത്ത്‌ ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങള്‍ കാണും' എന്നായിരുന്നു ക്രിസ്‌തുവിന്റെ മറുപടി. ഇതു ദൈവദൂഷണമാണെന്നു കയ്യഫാവ്‌ ചൂണ്ടിക്കാണിക്കയും ക്രിസ്‌തു "മരണയോഗ്യന്‍' തന്നെ എന്നു ജനങ്ങളെക്കൊണ്ടു സമ്മതിപ്പിക്കയും ചെയ്‌തു. നേരം പുലര്‍ന്നപ്പോള്‍ കയ്യഫാവ്‌ ഉള്‍പ്പെടെയുള്ള മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും ക്രിസ്‌തുവിനെ ബന്ധിച്ചുകൊണ്ടുപോയി നാടുവാഴിയായ പിലാത്തോസിനെ ഏല്‌പിച്ചു (മത്തായി XXVI:64, 65; XXVII:2). ക്രിസ്‌തുവില്‍ കുറ്റമൊന്നും കാണാന്‍ കഴിയാത്ത പിലാത്തോസിനെക്കൊണ്ട്‌ മരണശിക്ഷാവിധി പറയിക്കാന്‍ കയാഫസ്‌ ജനങ്ങളെ ഇളക്കിവിട്ടു. പത്രാസ്‌, യോഹന്നാന്‍ എന്നിവരുടെ വിചാരണയിലും കയാഫസ-്‌ മുഖ്യമായ പങ്കുവഹിച്ചു. എ.ഡി. 36ല്‍ സിറിയന്‍ ഗവര്‍ണര്‍ വിറ്റേലിയസ്‌ കയാഫസിനെ സ്ഥാനഭ്രഷ്ടനാക്കി. കയാഫസ്‌ പ്രഭൃതികളായിരുന്നു യേശുക്രിസ്‌തുവിനാല്‍ "വെള്ളയടിച്ച ശവകുടീരങ്ങള്‍' എന്ന്‌ അധിക്ഷിപ്‌തരായ യഹൂദപ്രമാണികള്‍.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍