This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയറ്റുമതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയറ്റുമതി

ഒരു രാജ്യത്തു നിന്നു വിദേശത്തേക്കു വില്‌പനയ്‌ക്കായി ചരക്കുകളും സേവനങ്ങളും (goods and services) അയയ്‌ക്കുന്ന പ്രക്രിയ. മൂലധനവും കയറ്റുമതി ചെയ്യപ്പെടാറുണ്ട്‌. ഒരു രാജ്യത്ത്‌ ഉത്‌പാദിപ്പിക്കുന്ന എല്ലാ ചരക്കുകളും കയറ്റുമതികളാകുന്നില്ല. വിദേശത്ത്‌ വിദേശീയര്‍ തന്നെ ഉത്‌പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ചരക്കുകള്‍ നല്‌കാന്‍ കഴിഞ്ഞാലേ അവ കയറ്റുമതിച്ചരക്കുകളാകുകയുള്ളൂ. കച്ചവട സിദ്ധാന്തത്തിന്റെ (Mercantilism) കാലത്ത്‌ കയറ്റുമതിയില്‍ക്കൂടി സമ്പാദിക്കുന്ന ധനമാണ്‌ രാജ്യത്തിന്റെ സമ്പത്തെന്ന്‌ പരക്കെ വിശ്വസിക്കപ്പെട്ടുവരുന്നു. ഇറക്കുമതിയേക്കാള്‍ കയറ്റുമതി ഉയര്‍ന്നിരുന്നാല്‍ വിദേശത്തു നിന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ അമൂല്യലോഹങ്ങളായ സ്വര്‍ണവും വെള്ളിയും ധാരാളമായി പ്രവഹിക്കുമെന്നും അത്‌ രാജ്യസമ്പത്ത്‌ വര്‍ധിപ്പിക്കുമെന്നും കച്ചവടസിദ്ധാന്തക്കാര്‍ വാദിച്ചു. കയറ്റുമതി പ്രാത്സാഹിപ്പിക്കുവാനും ഇറക്കുമതി നിരുത്സാഹപ്പെടുത്തുവാനും വേണ്ട നയപരിപാടികള്‍ കച്ചവടസിദ്ധാന്തത്തിന്റെ പ്രയോക്താക്കള്‍ നിര്‍ദേശിച്ചു. എന്നാല്‍ അധികം താമസിയാതെ ജോണ്‍ ലോക്ക്‌, ഡേവിഡ്‌ ഹ്യൂം എന്നീ ചിന്തകര്‍ സ്വര്‍ണവും വെള്ളിയും അമിതമായി സംഭരിക്കുന്നതിന്റെ മൂഢത്വം വെളിവാക്കി.

സ്വര്‍ണനാണ്യവ്യവസ്ഥ നിലവിലിരിക്കുമ്പോള്‍ കയറ്റുമതിമിച്ചത്തെ തുടര്‍ന്നുണ്ടാകുന്ന സ്വര്‍ണസംഭരണം നാണ്യപ്പെരുപ്പവും വിലപ്പെരുപ്പവും ഉണ്ടാക്കും. ഇങ്ങനെയുണ്ടാകുന്ന വിലപ്പെരുപ്പം തുടര്‍ന്നുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. പണത്തിന്റെ പരിമാണസിദ്ധാന്തം (Quantity Theory of Money)ആണ്‌ ഈ വാദഗതിയുടെ അടിസ്ഥാനം. കച്ചവടസിദ്ധാന്തത്തിനുശേഷം ക്ലാസ്സിക്കല്‍ ധനശാസ്‌ത്രം വിലയെക്കുറിച്ചും മൂല്യത്തെക്കുറിച്ചും നൂതനാശയങ്ങള്‍ മുന്നോട്ടുവച്ചു. മൂല്യത്തിന്റെ അടിസ്ഥാനം മനുഷ്യാധ്വാനവും അതിനുകൊടുക്കുന്ന കൂലിയുമാണെന്ന്‌ വാദിക്കപ്പെട്ടു. രാജ്യസമ്പത്തിന്റെ ഉറവിടം സ്വര്‍ണസംഭരണമല്ല, മറിച്ച്‌ തൊഴില്‍ വിഭജനമാണെന്ന്‌ ആഡം സ്‌മിത്ത്‌ ചൂണ്ടിക്കാട്ടി. തൊപ്പിയുണ്ടാക്കുന്നവനും ചെരിപ്പുണ്ടാക്കുന്നവനും അവനവന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ അവരുടെ ഉത്‌പാദനം പരമാവധിയാകും. ഒരുവന്‍തന്നെ രണ്ടു ജോലിയും ചെയ്യുക എന്നത്‌ ബുദ്ധിപൂര്‍വകമല്ല. തൊപ്പിയുണ്ടാക്കുന്നവന്‌ ആ ജോലിയില്‍ താരതമ്യേന വൈദഗ്‌ധ്യം കൂടുതലായിരിക്കും. അവന്റെ ജോലിയില്‍ ഒരു ചെരുപ്പുകുത്തിയേക്കാള്‍ അവന്‌ കൂടുതല്‍ മിടുക്കുണ്ടായിരിക്കും. അതാണ്‌ തൊഴില്‍ വിഭജനത്തിന്റെ അടിസ്ഥാനം. ഈ തത്ത്വം വ്യക്തികള്‍ക്കുമാത്രമല്ല, പ്രദേശങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ബാധകമാണ്‌. ഡേവിഡ്‌ റിക്കാര്‍ഡോയുടെ അഭിപ്രായത്തില്‍ ലണ്ടനെ അപേക്ഷിച്ച്‌ യോര്‍ക്ക്‌ഷയറിന്‌ വെണ്ണയുത്‌പാദനത്തില്‍ മെച്ചപ്പെട്ട കഴിവുണ്ടെങ്കില്‍ വെണ്ണയുത്‌പാദനം യോര്‍ക്ക്‌ഷയറില്‍ തന്നെ കേന്ദ്രീകരിക്കണം. വര്‍ധിച്ച ഉത്‌പാദനവും കുറഞ്ഞ ഉത്‌പാദനച്ചെലവുമാണ്‌ മെച്ചപ്പെട്ട കഴിവിന്റെ ലക്ഷണം.

ഇതേ തത്ത്വം തന്നെ ചില ഭേദഗതികളോടെ അന്താരാഷ്‌ട്രവാണിജ്യത്തിനും ബാധകമാണ്‌. കേവലമെച്ചത്തേക്കാളും (absolute advantage) താരതമ്യമെച്ചമാണ്‌ (comparative advantage) കയറ്റുമതിയുടെ അടിസ്ഥാനം. റിക്കാര്‍ഡോ താഴെ കൊടുക്കുന്ന ഉദാഹരണത്തോടെ ഇതു വ്യക്തമാക്കി.

വീഞ്ഞിന്റെയും തുണിയുടെയും ഉത്‌പാദനച്ചെലവ്‌ പോര്‍ത്തുഗലില്‍ ഇംഗ്ലണ്ടിലേതിനെക്കാള്‍ കുറവാണെന്ന്‌ ഈ പട്ടികയില്‍ നിന്നു വ്യക്തമാണ്‌. ആഡംസ്‌മിത്തിന്റെ കേവലമെച്ചം എന്ന സിദ്ധാന്തമനുസരിച്ച്‌ രണ്ട്‌ ചരക്കുകളുടെയും ഉത്‌പാദനം പോര്‍ത്തുഗലില്‍ കേന്ദ്രീകരിക്കും. എന്നാല്‍ റിക്കാര്‍ഡോയുടെ താരതമ്യ മെച്ച സിദ്ധാന്തമനുസരിച്ച്‌ പോര്‍ത്തുഗല്‍ വീഞ്ഞും ഇംഗ്ലണ്ട്‌ തുണിയും ഉത്‌പാദിപ്പിച്ച്‌ അവ പരസ്‌പരം കയറ്റുമതി ചെയ്യണം. 80 അധ്വാന ദിവസങ്ങള്‍ ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വീഞ്ഞ്‌ പോര്‍ത്തുഗല്‍ ഇംഗ്ലണ്ടിലേക്ക്‌ കയറ്റുമതി ചെയ്‌ത്‌ പകരം, സ്വന്തമായി ഉണ്ടാക്കിയാല്‍ 90 അധ്വാനദിവസങ്ങള്‍ വേണ്ടിവരുന്ന, തുണി ഇംഗ്ലണ്ടില്‍ നിന്ന്‌ ഇറക്കുമതി ചെയ്യണം. അതുപോലെ 100 അധ്വാനദിവസങ്ങള്‍ ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന തുണി ഇംഗ്ലണ്ട്‌, പോര്‍ത്തുഗലിലേക്ക്‌ കയറ്റുമതി ചെയ്‌ത്‌, സ്വന്തമായി ഉണ്ടാക്കിയാല്‍ 120 അധ്വാനദിവസങ്ങള്‍ വേണ്ടിവരുന്ന, വീഞ്ഞ്‌ പോര്‍ത്തുഗലില്‍ നിന്ന്‌ ഇറക്കുമതി ചെയ്യണം. വീഞ്ഞിന്റെ കയറ്റുമതി പോര്‍ത്തുഗലിനും, തുണിയുടെ കയറ്റുമതി ഇംഗ്ലണ്ടിനും ലാഭകരമാണ്‌. ഇതില്‍ നിന്നു കയറ്റുമതിയുടെ അടിസ്ഥാനം താരതമ്യമെച്ചമാണ്‌ എന്നു റിക്കാര്‍ഡോ സ്ഥാപിച്ചു. താരതമ്യമെച്ചം, താരതമ്യവിലകളില്‍ പ്രതിഫലിക്കുന്നു. ഒരു ചരക്ക്‌ കയറ്റുമതിച്ചരക്കാകണമെങ്കില്‍ വിദേശ കമ്പോളത്തില്‍, അതിനു സമാനമായ ചരക്കുകളെക്കാള്‍ അതിന്റെ താരതമ്യവില കുറഞ്ഞിരിക്കണം.

കയറ്റുമതിച്ചരക്കിന്റെ വില കുറഞ്ഞിരിക്കുന്നത്‌ ഉത്‌പാദനച്ചെലവ്‌ കുറഞ്ഞിരിക്കുന്നതുകൊണ്ടോ ഉത്‌പാദനക്ഷമത കൂടിയിരിക്കുന്നതുകൊണ്ടോ ആകാം. എന്നാല്‍ ഉത്‌പാദനക്ഷമത, ഉത്‌പാദനച്ചെലവ്‌, കയറ്റുമതി വിലകള്‍ എന്നിവ തമ്മില്‍ ശക്തമായ സാംഖ്യികീയ ആനുപാതികബന്ധം (statistical correlation) നിലനില്‌ക്കുന്നില്ല എന്നു പല പഠനങ്ങളും തെളിയിച്ചു. ഇത്‌ റിക്കാര്‍ഡോയുടെ സിദ്ധാന്തത്തിന്‌ ഉലച്ചില്‍ ഉണ്ടാക്കിയെങ്കിലും താരതമ്യ വിലക്കുറവ്‌ ഒരു ചരക്കിനെ കയറ്റുമതിച്ചരക്കാക്കാന്‍ സഹായിക്കും എന്നുള്ളതിന്‌ തര്‍ക്കമില്ല. ചരക്കുവില കുറഞ്ഞിരിക്കുന്നത്‌ വിഭവവിലകള്‍ കുറഞ്ഞിരിക്കുന്നതുകൊണ്ടാണ്‌. വിഭവവിലകള്‍ കുറഞ്ഞിരിക്കുന്നത്‌ വിഭവസുലഭതകൊണ്ടാണ്‌. ഭൂവിഭവം സുലഭമായിരിക്കുന്ന ഒരു രാജ്യത്ത്‌ ഭൂമിയുടെ വിലയും പാട്ടവും കുറഞ്ഞിരിക്കും. ഭൂവിഭവങ്ങള്‍ സുലഭമായതുകൊണ്ടും, അതിനാല്‍ അവയുടെ വില കുറഞ്ഞിരിക്കുന്നതുകൊണ്ടും ആ വിഭവങ്ങള്‍ മറ്റു വിഭവങ്ങളെയപേക്ഷിച്ച്‌ കൂടുതലായി ഉപയോഗിച്ച്‌ ധാന്യങ്ങളെപ്പോലെയുള്ള ഭൂവിഭവ ചരക്കുകളുത്‌പാദിപ്പിച്ചാല്‍, ആ ചരക്കുകളുടെ വില ഭൂവിഭവങ്ങള്‍ ദുര്‍ലഭമായ ഒരു രാജ്യത്തുണ്ടാക്കുന്ന സമാന ചരക്കുകളുടേതിനെക്കാള്‍ കുറഞ്ഞിരിക്കും. ഓരോ ചരക്കിനും അതിന്റേതായ ഉത്‌പാദനധര്‍മം (production function) ഉണ്ട്‌. ഒരേ ജാതി ചരക്കിന്റെ ഉത്‌പാദനധര്‍മം എല്ലാ രാജ്യങ്ങളിലും ഒന്നുതന്നെയായിരിക്കും. ചരക്കിന്റെ ഉത്‌പാദനത്തില്‍ വിഭവോപയോഗത്തിന്റെ തോതനുസരിച്ച്‌, ചരക്കുകളെ തരംതിരിക്കാം. തൊഴില്‍ശക്തി മറ്റു വിഭവങ്ങളെയപേക്ഷിച്ച്‌ കൂടുതലായുപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന ചരക്കാണ്‌ തൊഴില്‍ച്ചരക്ക്‌. തൊഴില്‍ശക്തി സുലഭമായ രാജ്യത്തിന്‌ അത്തരം ചരക്കുത്‌പാദിപ്പിക്കുന്നതാണ്‌ ലാഭകരം. തൊഴില്‍ശക്തി ദുര്‍ലഭമായ രാജ്യത്തെക്കാള്‍ കുറഞ്ഞവിലയ്‌ക്ക്‌ ആചരക്ക്‌ വില്‌ക്കാന്‍ തൊഴില്‍ശക്തി സുലഭമായ രാജ്യത്തിന്‌ കഴിയും. അതുകൊണ്ടുതന്നെ തൊഴില്‍ശക്തി സുലഭമായ രാജ്യത്തിനു തൊഴില്‍ച്ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയും. അതുപോലെ മൂലധന സുലഭതയുള്ള രാജ്യത്തിന്‌ മൂലധനച്ചരക്കുകള്‍ മൂലധന ദൗര്‍ലഭ്യമുള്ള രാജ്യത്തെക്കാള്‍ ലാഭകരമായി കയറ്റുമതി ചെയ്യാന്‍ കഴിയും. ഏലി ഹെക്ഷറും ബെര്‍ട്ടില്‍ ഓഹ്‌ളിനും വിഭവലഭ്യതയെ അടിസ്ഥാനമാക്കിയാണ്‌ കയറ്റുമതിയുണ്ടാകുന്നത്‌ എന്നു സ്ഥാപിച്ചു. വിഭവലഭ്യതയുടെ വ്യത്യാസം വിഭവവിലകളിലും ചരക്കുവിലകളിലും പ്രതിഫലിക്കുന്നു. എന്നാല്‍ യു.എസ്സിന്റെ കയറ്റുമതി ഘടന പരിശോധിച്ച ഡബ്‌ള്യൂ. ലിയോണ്‍ടീഫ്‌ മേല്‍വിവരിച്ച നിഗമനങ്ങള്‍ അതേപടി സ്വീകരിക്കാന്‍ തയ്യാറായില്ല. യു.എസ്സില്‍ മറ്റെല്ലാ വിഭവങ്ങളെയുമപേക്ഷിച്ച്‌ മൂലധനം വളരെ സുലഭമാണെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. അങ്ങനെയാണെങ്കില്‍ ഏറ്റവും സുലഭമായ മൂലധനവിഭവം കൂടുതലായുപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന ചരക്കുകളായിരിക്കണം യു.എസ്സ്‌. കയറ്റുമതി ചെയ്യേണ്ടത്‌. എന്നാല്‍ ഇതിനു വിപരീതമായി യു.എസ്‌. ഇംഗ്ലണ്ടിലേക്ക്‌ തൊഴില്‍ച്ചരക്കുകള്‍ കയറ്റുമതി ചെയ്യുകയും ഇംഗ്ലണ്ടില്‍നിന്നു മൂലധനച്ചരക്കുകള്‍ ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന പ്രവണതയാണ്‌ ലിയോണ്‍ടീഫ്‌ കണ്ടത്‌. ഇതിനെ "ലിയോണ്‍ടീഫ്‌ വിരോധാഭാസം' (Leontief Paradox) എന്നു വിളിക്കുന്നു. ലിയോണ്‍ടീഫ്‌ തന്നെ ഇതിന്‌ ഒരു മറുപടി കണ്ടുപിടിച്ചു. ഒരു ദശലക്ഷം ഡോളര്‍ വിലയ്‌ക്കുള്ള യു.എസ്സ്‌. കയറ്റുമതിച്ചരക്കുകളും, ഒരു ദശലക്ഷം ഡോളര്‍ വിലവരുന്ന ഇറക്കുമതി ചെയ്യപ്പെടുന്ന ഇംഗ്ലീഷ്‌ ചരക്കുകളും യു.എസ്സില്‍ത്തന്നെ ഉത്‌പാദിപ്പിക്കുന്നതിനാവശ്യമായ മൂലധനവും മനുഷ്യാധ്വാനവും നിവേശനിര്‍ഗമപ്പട്ടികയുടെ (input-output table) സഹായത്തോടെ ലിയോണ്‍ടീഫ്‌ കണക്കാക്കി. ഇറക്കുമതിച്ചരക്ക്‌ യു.എസ്സില്‍ത്തന്നെ ഉത്‌പാദിപ്പിക്കുകയാണെങ്കില്‍ 30,91,339 ഡോളര്‍ (1947ലെ ഡോളര്‍) മൂലധനം വേണ്ടി വന്നപ്പോള്‍, യു.എസ്സിന്റെ കയറ്റുമതിച്ചരക്ക്‌ ഉത്‌പാദിപ്പിക്കാന്‍ 25,50,780 ഡോളര്‍ മാത്രമേ വേണ്ടിവന്നുള്ളു. അതേസമയത്ത്‌ അവയുത്‌പാദിപ്പിക്കാന്‍ 170.004 മനുഷ്യവര്‍ഷങ്ങളും 182.313 മനുഷ്യവര്‍ഷങ്ങളും യഥാക്രമം വേണ്ടിവന്നു. ഇതില്‍നിന്നു താരതമ്യേന കൂടുതല്‍ മൂലധനവിഭവവും കുറച്ച്‌ മനുഷ്യാധ്വാനവും ഉപയോഗിച്ചുത്‌പാദിപ്പിക്കുന്ന ചരക്കാണ്‌ യു.എസ്‌. ഇറക്കുമതി ചെയ്യുന്നതെന്നു വ്യക്തമായി. മൂലധന സുലഭതയുള്ള യു.എസ്സ്‌. സാധാരണഗതിയില്‍ ഹെക്‌ഷര്‍ഓഹ്‌ളിന്‍ സിദ്ധാന്തമനുസരിച്ച്‌ മൂലധനച്ചരക്ക്‌ ഇറക്കുമതി ചെയ്യുന്നതിനുപകരം കയറ്റുമതി ചെയ്യുകയാണ്‌ വേണ്ടത്‌. ഒരു യു.എസ്സ്‌. തൊഴിലാളി കാര്യക്ഷമതയുടെ നിലവാരമനുസരിച്ച്‌ ഇംഗ്ലണ്ടിലെ തൊഴിലാളിയേക്കാള്‍ മൂന്നിരട്ടി മെച്ചമാണ്‌. 1947ല്‍ 65 ദശലക്ഷം വരുന്ന യു.എസ്‌. തൊഴില്‍ ശക്തി അതുകൊണ്ട്‌ യഥാര്‍ഥത്തില്‍ 195 ദശലക്ഷത്തിന്‌ (65x3= 195 ദശലക്ഷം) തുല്യമാണ്‌. ഇതനുസരിച്ച്‌ യു.എസ്സില്‍ ഇംഗ്ലണ്ടിലേതിനെക്കാള്‍ തൊഴില്‍ശക്തി സുലഭമാണെന്നും യു.എസ്‌. തൊഴില്‍ച്ചരക്കുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ അപാകതയില്ലെന്നും ലിയോണ്‍ടീഫ്‌ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ കയറ്റുമതി. പുരാതനകാലം മുതല്‌ക്കേ കപ്പലോട്ടത്തിനും വിദേശനാണ്യത്തിനും പേരുകേട്ട ഇന്ത്യ പരുത്തിത്തുണി, പട്ട്‌, മസ്ലിന്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍, നീലം, വെടിയുപ്പ്‌ എന്നിവ കയറ്റുമതി ചെയ്‌തിരുന്നു.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം ഇന്ത്യയുടെ കയറ്റുമതിഘടനയില്‍ മാറ്റം വരുത്തി. പരുത്തിത്തുണിക്ക്‌ പകരം ഇന്ത്യ അസംസ്‌കൃത പരുത്തി കയറ്റുമതി ചെയ്‌തു. യു.എസിലെ ആഭ്യന്തരകലാപം അതിനുത്തേജനം നല്‌കി. ക്രിമിയന്‍ യുദ്ധകാലത്ത്‌ ഡണ്‍ഡി (Dundee)യിലുണ്ടായ ചണക്ഷാമം ഇന്ത്യയില്‍ നിന്നുള്ള ചണത്തിന്റെ കയറ്റുമതിക്ക്‌ പ്രാത്സാഹനമേകി. 1869ല്‍ സൂയസ്‌ കനാല്‍ തുറന്നതോടെ ഇന്ത്യയും ഇംഗ്ലണ്ടുമായുള്ള കയറ്റുമതി വാണിജ്യം വര്‍ധിച്ചു. ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ ഇന്ത്യയില്‍ അനുവര്‍ത്തിച്ചുവന്ന സ്വതന്ത്രവ്യാപാരനയവും ആഭ്യന്തരഗതാഗത വികസനശ്രമങ്ങളും കയറ്റുമതികളെ പ്രാത്സാഹിപ്പിച്ചു. എന്നാല്‍ ഒന്നാം ലോകയുദ്ധകാലത്ത്‌ കയറ്റുമതി കുറഞ്ഞു. 1929ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ കയറ്റുമതി വിലകള്‍ ഇടിഞ്ഞു. 1938-39ല്‍ അസംസ്‌കൃത പദാര്‍ഥങ്ങള്‍, ഭക്ഷ്യധാന്യങ്ങള്‍, പുകയില എന്നീ പ്രാഥമിക ചരക്കുകള്‍ ആകെ കയറ്റുമതിയുടെ 68 ശ.മാ. ആയിരുന്നു. ഇതില്‍ പകുതിയും ഇംഗ്ലണ്ടിലേക്കായിരുന്നു. രണ്ടാം ലോകയുദ്ധകാലത്ത്‌ കയറ്റുമതിയില്‍ വ്യവസായോത്‌പന്നങ്ങളുടെ പങ്ക്‌ വര്‍ധിക്കുകയും അസംസ്‌കൃത പദാര്‍ഥങ്ങളുടെ പങ്ക്‌ കുറയുകയും ചെയ്‌തു.

1922ലെ ഇന്ത്യന്‍ ഫിസ്‌കല്‍ കമ്മിഷന്‍ നിര്‍ദേശിച്ച വിവേചനപരമായ ചുങ്കസംരക്ഷണനയം, 1932ല്‍ ഒട്ടാവയില്‍ ഒപ്പു വച്ച സാമ്രാജ്യചുങ്കാനുകൂല്യ വ്യവസ്ഥ എന്നിവ ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായകമായി. രാജ്യവിഭജനം (1947), രൂപയുടെ അവമൂല്യനം ((devaluation) (1949), കൊറിയന്‍ യുദ്ധം (1950) എന്നിവ ഇന്ത്യയുടെ കയറ്റുമതിഘടനയില്‍ മാറ്റം വരുത്തി. പല കയറ്റുമതിച്ചരക്കുകളും (ഉദാ. ചണം) ഇറക്കുമതികളായി. ഇന്ന്‌ ഇന്ത്യയുടെ പ്രധാന കയറ്റുമതികള്‍ എന്‍ജിനീയറിങ്‌ ചരക്കുകള്‍, ചണം, പരുത്തിത്തുണി, ഖനിജങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍, കരകൗശല വസ്‌തുക്കള്‍, ആഭരണങ്ങള്‍, സമുദ്രാത്‌പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവയാണ്‌. യു.എസ്‌, ജപ്പാന്‍, യു.കെ., ജര്‍മനി തുടങ്ങി മിക്കവാറും എല്ലാ ലോകരാഷ്‌ട്രങ്ങളും ഇന്ത്യന്‍ കയറ്റുമതി ചരക്കുകളുടെ വിപണികളാണ്‌.

കയറ്റുമതി പ്രാത്സാഹനത്തിന്‌ ഇന്ത്യ പല നടപടികളും സ്വീകരിച്ചിട്ടുണ്ട്‌. അന്താരാഷ്‌ട്ര വാണിജ്യത്തിന്‌ പ്രത്യേകമായി തുടങ്ങിയ ഭരണവകുപ്പ്‌, ബോര്‍ഡ്‌ ഒഫ്‌ ട്രഡ്‌; സ്റ്റേറ്റ്‌ ട്രഡിങ്‌ കോര്‍പറേഷന്‍; എക്‌സ്‌പോര്‍ട്ട്‌ പ്രാമോഷന്‍ കൗണ്‍സിലുകള്‍; കാപ്പി, തേയില, കയര്‍ എന്നിവയ്‌ക്കുവേണ്ടിയുള്ള കമ്മോഡിറ്റി ബോര്‍ഡുകള്‍; സമുദ്രാത്‌പന്ന കയറ്റുമതി കൗണ്‍സില്‍; നികുതിയിളവ്‌; സബ്‌സിഡി; മടക്കിക്കൊടുക്കുന്ന എക്‌സൈസ്‌ തീരുവ; നികുതിയിളവു സര്‍ട്ടിഫിക്കറ്റുകള്‍; വാണിജ്യക്കരാറുകള്‍; കയറ്റുമതിച്ചരക്കുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉറപ്പുവരുത്താനുമുള്ള പരിശോധനകള്‍; കയറ്റുമതി പ്രദര്‍ശനങ്ങളും മേളകളും; കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അസംസ്‌കൃത പദാര്‍ഥങ്ങളും യന്ത്രസാമഗ്രികളും ഇറക്കുമതി ചെയ്യാനായി നീക്കിവയ്‌ക്കുന്ന വിദേശനാണ്യം; മടക്കിക്കൊടുക്കുന്ന ഇറക്കുമതിച്ചുങ്കം എന്നിവയാണ്‌ അവ. ഇവയ്‌ക്കുപുറമേ 1949ലും 1966ലും ഉണ്ടായ അവമൂല്യനവും കയറ്റുമതിയെ പ്രാത്സാഹിപ്പിച്ചു. ഇന്ത്യയുടെ പ്രതിവര്‍ഷ ശരാശരി കയറ്റുമതി വര്‍ധനനിരക്ക്‌ 21.7 ശ.മാ. ആണ്‌ (2004-05). ആഗോള കയറ്റുമതിയില്‍ ഇന്ത്യയുടെ പങ്ക്‌ 0.9 ശ.മാ. ആണ്‌ (2005). കാലാകാലങ്ങളിലുണ്ടാകുന്ന കൃഷിനാശം; വൈദ്യുതി, കല്‍ക്കരി, ലോഹങ്ങള്‍, ഇന്ധനം എന്നിവയുടെ ദൗര്‍ലഭ്യം; പണപ്പെരുപ്പഭീഷണി; അന്താരാഷ്‌ട്ര നാണ്യഅസ്ഥിരത എന്നിവയാണ്‌ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങള്‍. ഇന്ത്യയുള്‍പ്പെടെ വികസ്വരരാജ്യങ്ങളുടെ കയറ്റുമതികള്‍ വര്‍ധിപ്പിക്കുന്നതിന്‌ ഗാട്ട്‌ (General Agreement on Tariffs and Trade- GATT), അണ്‍ക്‌റ്റാഡ്‌ (United Nations Conference on Trade And Development - UNCTAD) എന്നീ സംഘടനകളില്‍ വികസിതരാജ്യങ്ങളുമായി കൂടിയാലോചനകളും കൂട്ടായ വിലപേശലും തുടര്‍ച്ചയായി നടന്നിരുന്നു. ഇപ്പോള്‍ ലോകവ്യാപാര സംഘടനയാണ്‌ ഇന്നത്തെ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. വികസ്വരരാഷ്‌ട്രങ്ങളുടെ കയറ്റുമതി വരുമാനത്തില്‍ മുന്‍കൂട്ടി കാണാത്ത കുറവുകളുണ്ടായാല്‍ അതു നികത്താന്‍ അന്താരാഷ്‌ട്ര നാണയനിധി (International Monetary Fund) പ്രത്യേക ധനസഹായം നല്‌കുന്നു. ഒരേ ജാതി ചരക്കുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ കുത്തകസംഘടനകളുണ്ടാക്കിയിട്ടുണ്ട്‌. ഉദാ. ഓര്‍ഗനൈസേഷന്‍ ഒഫ്‌ പെട്രാളിയം എക്‌സ്‌പോര്‍ട്ടിങ്‌ കണ്‍ട്രീസ്‌ (Organization of Petroleum Exporting Countries - OPEC).

ലോകരാജ്യങ്ങളുമായി ഇന്ത്യ ഇന്ന്‌ നല്ല വ്യാപാരബന്ധം പുലര്‍ത്തുന്നുണ്ട്‌. അന്തര്‍ദേശീയ വ്യാപാരത്തിന്റെ ഗതി മനസ്സിലാക്കുവാന്‍ രാഷ്‌ട്രങ്ങളെ വ്യാപാരബന്ധത്തിന്റെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന അഞ്ച്‌ ഗ്രൂപ്പുകളായി തരം തിരിച്ച്‌ വിശകലനം നടത്താം.

1. യൂറോപ്യന്‍ ഇക്കണോമിക്‌ കമ്യൂണിറ്റി(EEC) യും വടക്കേ അമേരിക്ക, ഏഷ്യ എന്നിവയും ഉള്‍ക്കൊള്ളുന്ന ഓര്‍ഗനൈസേഷന്‍ ഒഫ്‌ ഇക്കണോമിക്‌ കോ ഓപ്പറേഷന്‍ ആന്റ്‌ ഡെവലപ്‌മെന്റ്‌ (OECD).

2. ഓര്‍ഗനൈസേഷന്‍ ഒഫ്‌ പെട്രാളിയം എക്‌സ്‌പോര്‍ട്ടിങ്‌ കണ്‍ട്രീസ്‌ (OPEC)

3. കിഴക്കന്‍ യൂറോപ്പ്‌

4. വികസ്വര രാഷ്‌ട്രങ്ങള്‍

5. മറ്റുള്ളവ

സ്വയം പര്യാപ്‌തത, ആഭ്യന്തര വ്യവസായങ്ങളുടെ സംരക്ഷണം, മെച്ചപ്പെട്ട വ്യാപാര അടവുമിച്ചം (Favourable Balance of Payments)എന്നിവ ലക്ഷ്യമാക്കി ശക്തമായ ഇറക്കുമതി നിയന്ത്രണത്തിലൂന്നിയ വിദേശവ്യാപാരത്തിനാണ്‌ 1950 മുതല്‍ ഇന്ത്യ പ്രാധാന്യം കൊടുത്തത്‌. എന്നാല്‍ ഈ നയം പ്രതീക്ഷിച്ച ഫലമുളവാക്കിയില്ല. തുടര്‍ന്ന്‌ ആഭ്യന്തരവ്യവസായമേഖലയുടെ മത്സരശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും കൂടി ഉള്‍ക്കൊണ്ട്‌ 1991 ല്‍ നിലവില്‍വന്ന പുത്തന്‍ സാമ്പത്തിക നയത്തിന്റെ ഭാഗമായി വിദേശവ്യാപാരനയത്തിലും കാതലായ മാറ്റം ഉണ്ടായി. 1992-97, 1997-2002, 2002 2007 എന്നീ കാലയളവിലേക്കുള്ള കയറ്റ്‌ഇറക്കുമതി (EXIM)നയങ്ങള്‍ ഇതിന്‌ ഉദാഹരണമാണ്‌. കയറ്റുമതി പ്രാത്സാഹിപ്പിക്കുവാനായി പ്രത്യേക സാമ്പത്തിക മേഖല (special economic zone)കൃഷി, ചെറുകിടകരകൗശലവ്യവസായം, തുണിആഭരണ വ്യവസായം എന്നീ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ച്‌ കയറ്റുമതി വര്‍ധിപ്പിക്കുവാനുള്ള നടപടികള്‍ എന്നിവ പുതിയ കയറ്റ്‌ഇറക്കുമതി നയത്തിന്റെ പ്രത്യേകതകളാണ്‌. ഇറക്കുമതി ചുങ്കം കുറച്ചും നിയന്ത്രണങ്ങള്‍ക്ക്‌ അയവ്‌ വരുത്തിയും ആഭ്യന്തര സ്ഥാപനങ്ങളുടെ മത്സരശേഷി വര്‍ധിപ്പിച്ചും ലോകവ്യാപാരരംഗത്ത്‌ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുവാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്‌.

(കെ. രാമചന്ദ്രന്‍ നായര്‍, പ്രാഫ. വിജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍