This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കയര്‍

നാളികേരത്തിന്റെ തൊണ്ടില്‍നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന ചകിരി പിരിച്ചുണ്ടാക്കുന്ന ഉത്‌പന്നം. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഇതിനു ചൂടിയെന്നും പേരുണ്ട്‌. തൊണ്ടില്‍നിന്നു ലഭിക്കുന്ന നാരിനെയാണ്‌ ചകിരി എന്നു പറയുന്നത്‌. മെച്ചപ്പെട്ട ചകിരിനാരിന്‌ സ്വര്‍ണനിറമുണ്ടായിരിക്കും.

ചരിത്രം

കയര്‍വാണിജ്യത്തിന്‌ മലബാര്‍ തീരത്തെ വിദേശ വ്യാപാരത്തിന്റെ ചരിത്രത്തോളം പഴക്കമുണ്ട്‌. സു. എ.ഡി. 11-ാം ശ.ത്തില്‍ ഇന്ത്യയും അറേബ്യയും യൂറോപ്പുമായുള്ള കയര്‍വ്യാപാരത്തില്‍ അറബികള്‍ വ്യാപൃതരായിരുന്നു എന്നതിനും അറബികള്‍ അടുത്ത ശതകങ്ങളില്‍ കപ്പല്‍നിര്‍മാണത്തിന്‌ കയര്‍ ഉപയോഗിച്ചിരുന്നുവെന്നതിനും ചരിത്രരേഖകളുണ്ട്‌. ഇറ്റാലിയന്‍ സഞ്ചാരിയായ മാര്‍ക്കോപോളോ (13-ാം ശ.) തന്റെ സഞ്ചാരക്കുറിപ്പുകളില്‍ കയറിനെ സംബന്ധിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. ഏഷ്യന്‍, കിഴക്കനാഫ്രിക്കന്‍ മേഖലയിലെ ഭൂമധ്യരേഖാപ്രദേശങ്ങളില്‍പ്പെടുന്ന മുപ്പതോളം രാജ്യങ്ങളില്‍ നാളികേരം ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ലോകനാളികേരോത്‌പാദനത്തില്‍ ഫിലിപ്പീന്‍സിന്‌ ഒന്നാം സ്ഥാനവും ഇന്തോനേഷ്യയ്‌ക്ക്‌ രണ്ടാംസ്ഥാനവും ഇന്ത്യയ്‌ക്ക്‌ മൂന്നാംസ്ഥാനവുമാണ്‌ ഉള്ളത്‌. എന്നാല്‍ ഒരു വാണിജ്യച്ചരക്ക്‌ എന്ന നിലയില്‍ കയറുത്‌പാദനം നടത്തുന്ന രാജ്യങ്ങള്‍ ഇന്ത്യയും ശ്രീലങ്കയും മാത്രമാണ്‌. ഇതില്‍ ഒന്നാം സ്ഥാനത്ത്‌ ഇന്ത്യ തന്നെ. ശ്രീലങ്കയില്‍ കയറുത്‌പാദനം തടുക്കുകളുടെയും നാരുകളുടെയും നിര്‍മാണത്തില്‍ ഒതുങ്ങി നില്‌ക്കുന്നു. മറ്റുമേഖലകളിലെ കുത്തക ഇന്ത്യയ്‌ക്കാണ്‌. ലോകത്തെ മൊത്തം കയറുത്‌പാദനത്തിന്റെ പകുതിയില്‍ക്കൂടുതല്‍ ഇന്ത്യയില്‍ ആണ്‌ നടക്കുന്നത്‌.

ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കയറിന്റെ 95 ശ.മാ. കേരളത്തില്‍നിന്നാണ്‌ ലഭിക്കുന്നത്‌. കേരളത്തിന്റെ പരമ്പരാഗത വ്യവസായത്രയത്തില്‍ ഒന്നാണ്‌ കയര്‍വ്യവസായം (കൈത്തറിയും കശുവണ്ടിയുമാണ്‌ മറ്റു രണ്ടെണ്ണം). ആരംഭത്തില്‍ കയര്‍നിര്‍മാണം പൂര്‍ണമായും കൈത്തൊഴിലായിരുന്നു. ഏറിയ പങ്കും ചകിരിപിരിക്കലും കയര്‍നിര്‍മാണവും ഉള്‍പ്പെടെ മിക്ക ജോലികളും സ്‌ത്രീകളാണ്‌ നടത്തിയിരുന്നത്‌. വീടുകളുടെ മേല്‌പുര മേയുന്നതിനും വേലികെട്ടുന്നതിനും കന്നുകാലികളെ തളയ്‌ക്കുന്നതിനും നാടന്‍ വള്ളങ്ങളിലെ പായ്‌മരം ബന്ധിക്കുന്നതിനും കട്ടമരങ്ങള്‍ക്കും വന്‍കിട വള്ളങ്ങള്‍ക്കും നങ്കൂരക്കയറിടുന്നതിനും ആദ്യകാലങ്ങളില്‍ കയര്‍ ഉയോഗപ്പെടുത്തിയിരുന്നു. പിന്നീട്‌ കയറിന്റെ ഉപയോഗം വ്യാപകമായി. കയറുത്‌പന്നങ്ങളില്‍ വൈവിധ്യം ഉണ്ടായതോടെ കയറ്റുമതി വികസിച്ചു. കയറുത്‌പന്നങ്ങളുടെ കമ്പോളം പ്രധാനമായും വിദേശരാജ്യങ്ങളാണ്‌. നെതര്‍ലന്‍ഡ്‌സ്‌, ജര്‍മനി, ബ്രിട്ടന്‍, യു.എസ്‌., ഇറ്റലി, ആസ്‌റ്റ്രലിയ, കാനഡ, ന്യൂസിലന്‍ഡ്‌, സ്വീഡന്‍, ഫ്രാന്‍സ്‌, ഇറ്റലി, ചെക്കസ്ലോവാക്കിയ, ബള്‍ഗേറിയ, ഹംഗറി, യൂഗോസ്ലാവിയ, മ്യാന്‍മര്‍, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക്‌, സ്വിറ്റ്‌സര്‍ലണ്ട്‌, ബെല്‍ജിയം, ജപ്പാന്‍ എന്നിവയാണ്‌ മുഖ്യഉപഭോക്‌തൃ രാഷ്‌ട്രങ്ങള്‍.

നിര്‍മാണരീതിയുടെയോ നിര്‍മിക്കപ്പെടുന്ന സ്ഥലത്തിന്റെയോ ഗുണനിലവാരത്തിന്റെയോ അടിസ്ഥാനത്തില്‍ കയറിനെ തരംതിരിച്ചിരിക്കുന്നു. മലബാര്‍പ്രദേശത്ത്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഇനങ്ങളാണ്‌ ബേപ്പൂര്‍, കൊയിലാണ്ടി, കിളിപ്പായി, പച്ചച്ചൂടി, കല്ലായി, തിരൂര്‍ച്ചൂടി, കറ്റച്ചൂടി എന്നിവ. മുന്‍തിരുവിതാംകൂര്‍കൊച്ചി പ്രദേശങ്ങളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കയറിനങ്ങള്‍ ഇവയാണ്‌:

(1) അഞ്ചുതെങ്ങ്‌ (റിയല്‍); (2) അഞ്ചുതെങ്ങ്‌ (സ്‌പെഷ്യല്‍); (3) മങ്ങാടന്‍ (അഞ്ചുതെങ്ങ്‌ സുപ്പീരിയര്‍ എന്നും അറിയപ്പെടുന്നു); (4) ആറാട്ടുപുഴ; (5) ആലപ്പാട്ട്‌; (6) അഷ്ടമുടി; (7) വൈക്കം (ഫൈന്‍); (8) ബീച്ച്‌; (9) റോപ്‌യാണ്‍; (10) ഇടവണ്ണന്‍; (11) പരവൂര്‍. കയര്‍ വ്യവസായത്തില്‍ വ്യത്യസ്‌തവും വ്യക്തവുമായ രണ്ടു മേഖലകളുണ്ട്‌: കയര്‍പിരിമേഖലയും വ്യാവസായികോത്‌പാദന മേഖലയും. പച്ചത്തൊണ്ട്‌ സംസ്‌കരിച്ച്‌ കയര്‍ നിര്‍മിക്കുന്നതുവരെയുള്ള പ്രക്രിയകള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ കയര്‍പിരിമേഖല. കയര്‍വ്യവസായം കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

കയര്‍ നിര്‍മാണം

തൊണ്ടഴുക്കല്‍

കേരളത്തിന്റെ തീരപ്രദേശങ്ങളിലാണ്‌ തൊണ്ടഴുക്കല്‍ കേന്ദ്രീകരിച്ചിട്ടുള്ളത്‌. ഒഴുക്കില്ലാത്തതും ഒന്നരമീറ്ററില്‍ കുറയാതെ ആഴത്തില്‍ വെള്ളമുള്ളതുമായ സ്ഥലങ്ങളിലാണ്‌ തൊണ്ടഴുക്കുന്നത്‌. തൊണ്ടഴുക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ കരയിലേക്ക്‌ തള്ളിക്കിടക്കുന്ന കായല്‍ഭാഗങ്ങളാണ്‌ ഇതിനനുയോജ്യം. ഈ ഭാഗങ്ങള്‍ക്ക്‌ വട്ടങ്ങളെന്നു പറയുന്നു. സാധാരണയായി 3,000 മുതല്‍ 8,000 വരെ തൊണ്ടുകള്‍ നിറയ്‌ക്കാവുന്ന മാലു (വളച്ചുകെട്ടിയ കയറുവല)കളിലാണ്‌ തൊണ്ടഴുക്കുന്നത്‌. മാലിന്റെ ഒരു കണ്ണിക്ക്‌ 35 സെ.മീ.ഓളം വ്യാസമുണ്ടായിരിക്കും. 3 മീ. വ്യാസമുള്ള ഒരു മാലില്‍ 3,000 തൊണ്ടു നിറയ്‌ക്കുവാന്‍ കഴിയും.

തൊണ്ടഴുക്കല്‍

കരയോടടുത്ത്‌ ആഴം കുറഞ്ഞ സ്ഥലത്തുവച്ച്‌ മാലില്‍ തൊണ്ടു ഞെരുക്കി നിറയ്‌ക്കുന്നു. വശങ്ങളിലും മുകള്‍ഭാഗത്തും തൊണ്ട്‌ നിരപ്പായി കമഴ്‌ത്തി അടുക്കി മാല്‌ താഴ്‌ത്തേണ്ടിടത്തേക്ക്‌ ചങ്ങാടം പോലെ ഊന്നിക്കൊണ്ടുപോകുന്നു. മാലിനുമുകളില്‍ തെങ്ങോല നിരത്തി, പൂര്‍ണമായി വെള്ളത്തിനടിയില്‍ താഴുന്നതു വരെ ഓലയുടെ പുറത്ത്‌ നിരത്തി ചെളി കോരിയിടുന്നു. ഓളം കൂടുതലോ ചെളി ലഭിക്കാത്തതോ ആയ പ്രദേശങ്ങളില്‍ വലിയ കല്ലുകളുപയോഗിച്ചാണ്‌ മാല്‌ വെള്ളത്തിനടിയില്‍ താഴ്‌ത്തുന്നത്‌. ശുദ്ധജലത്തില്‍ തൊണ്ടഴുകുന്നതിന്‌ ഒരു വര്‍ഷത്തിലധികം സമയം വേണ്ടിവരും. കടലില്‍ നിന്ന്‌ വെള്ളം കയറുവാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ അഞ്ചുമുതല്‍ പത്തു വരെ മാസം കൊണ്ട്‌ തൊണ്ടഴുകുന്നു. ഉപ്പുവെള്ളത്തില്‍ അഴുകുന്ന തൊണ്ടിന്റെ ചകിരിക്ക്‌ നല്ല നിറവും ബലവുമുണ്ടായിരിക്കുന്നതിനു പുറമേ 25 ശ.മാ. വരെ ഭാരക്കൂടുതലും ഉണ്ടായിരിക്കും. പഴുത്തുണങ്ങിയ നാളികേരത്തിന്റെ തൊണ്ട്‌ സാധാരണഗതിയില്‍ അഴുകുകയില്ല. നാളികേരത്തില്‍ നിന്നു വേര്‍പെടുത്തിയശേഷം മഴയോ മറ്റോ നനഞ്ഞ്‌ പിന്നീട്‌ വെയിലത്തുണക്കിയെടുക്കുന്ന തൊണ്ടുകളും ശരിയായ രീതിയില്‍ അഴുകുകയില്ല.

അഴുകിയ തൊണ്ട്‌ മാലുകളില്‍ നിന്നു വള്ളത്തില്‍ ശേഖരിച്ച്‌ കരയിലേക്കു കൊണ്ടുപോകുന്നു.

തൊണ്ടുതല്ല്‌

തൊണ്ടുതല്ല്‌

അഴുകിയ തൊണ്ട്‌ സാധാരണയായി കല്ലിന്‍പുറത്തോ മറ്റു കട്ടിയുള്ള പ്രതലങ്ങളിലോ വച്ച്‌ മുണ്ടന്‍വടി കൊണ്ട്‌ തല്ലിച്ചതയ്‌ക്കുന്നു. തല്ലല്‍ തന്നെ രണ്ടുതരത്തിലുണ്ട്‌. വേണ്ടുംവണ്ണം തല്ലുമ്പോള്‍ തന്നെ ചകിരിനാര്‌ സ്വയമേവ ശുചിയാക്കപ്പെടുന്നു. ഇതിനെ "ക്ലീന്‍ ബീറ്റിങ്‌' എന്നു പറയും. എന്നാല്‍ അത്ര കണ്ടു ശുചീകരിക്കപ്പെടണമെന്നു നിഷ്‌കര്‍ഷയില്ലാതെ തല്ലിയെടുക്കുന്ന ചകിരിനാര്‌ "പരുക്കന്‍' ആയിരിക്കും. ഇത്തരം തല്ലിന്‌ "കോഴ്‌സ്‌ ബീറ്റിങ്‌' എന്നാണു പറയുക. ചില പ്രദേശങ്ങളില്‍ 1960കളില്‍ തൊണ്ടുതല്ലുന്ന യന്ത്രം ഏര്‍പ്പെടുത്തപ്പെട്ടു. എന്നാല്‍ പരമ്പരാഗതത്തൊഴിലാളികളില്‍ നിന്നുള്ള എതിര്‍പ്പുകാരണം ഇതു വ്യാപകമായില്ല. റാട്ടുകൊണ്ടൊ കൈകൊണ്ടോ തൊണ്ടില്‍ നിന്ന്‌ ചകിരിനാരു വേര്‍പെടുത്താവുന്നതാണ്‌. ചകിരിനാര്‌ പിന്നീട്‌ വൃത്തിയാക്കി ഉണക്കിയെടുക്കുന്നു. പരുക്കന്‍ നാര്‌, സാമാന്യയിനം നാര്‌, ഉയര്‍ന്നതരം നാര്‌ എന്നിവ ലഭിക്കുന്നതിന്‌ വിവിധതരം ശുചീകരണപ്രക്രിയകളുണ്ട്‌. ശുചീകരണത്തിനു ചിലയിടങ്ങളില്‍ "പിച്ചുവണ്ടി' എന്ന യന്ത്രം ഉപയോഗിക്കുന്നു. ശുചീകരിച്ചെടുക്കുന്ന നാര്‌ വെയിലത്ത്‌ ഉണക്കിയെടുക്കുന്നു.

കയര്‍ പിരിക്കല്‍

കയര്‍ പിരിക്കല്‍

ശുദ്ധിചെയ്‌തെടുത്ത ചകിരിനാരിന്റെ ഒരു നല്ല പങ്ക്‌ അതേപടി കെട്ടുകളായി കെട്ടുന്നു. രണ്ടു മാണ്ട്‌ (ഏകദേശം 36 കി.ഗ്രാം തൂക്കം) ഭാരമുള്ള കെട്ടുകളായിട്ടാണ്‌ ചകിരിനാര്‌ കെട്ടുന്നത്‌. ഈ ചകിരിനാര്‌ കയറുനിര്‍മാണ വ്യവസായം കേന്ദ്രീകരിച്ചിട്ടുള്ള സ്ഥലങ്ങളിലേക്കു കയറ്റി അയയ്‌ക്കുന്നു. അവശേഷിക്കുന്ന ചകിരിനാര്‌ കയറുപിരിക്ക്‌ ഉപയോഗിക്കുന്നു. കയറുപിരിക്കല്‍ കൈത്തൊഴിലായും റാട്ടുപയോഗിച്ചും നടത്തപ്പെടുന്നു. ഒരു നിശ്ചിതവണ്ണത്തില്‍ രണ്ടുകൈപ്പത്തികളുപയോഗിച്ച്‌ കയറുപിരിച്ചെടുക്കുന്നത്‌ ലഘുവായ ഒരു ഉത്‌പാദന പ്രക്രിയയാണ്‌. കൊച്ചിയിലും അഞ്ചുതെങ്ങിലും വന്നെത്തിയ പോര്‍ത്തുഗീസുകാരും ഡച്ചുകാരും ആണ്‌ കയര്‍ നൂല്‍ക്കുന്നതിന്‌ ചക്രം ഏര്‍പ്പെടുത്തിയത്‌ എന്നാണ്‌ ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത്‌. ചക്രം ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ്‌ കയറിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്‌പാദനവും വിദേശ വിപണനവും ആരംഭിച്ചത്‌.

റാട്ടുപയോഗിച്ചുള്ള ഉത്‌പാദനപ്രക്രിയ കുറെക്കൂടി സങ്കീര്‍ണമാണ്‌. ഒരു കൈപ്പിടിയുമായി ബന്ധിച്ചിട്ടുള്ള തിരിയുന്ന ചക്രത്തില്‍ രണ്ടുമുതല്‍ അഞ്ചുവരെ സ്‌പിന്‍ഡിലുകള്‍ ഘടിപ്പിച്ചിരിക്കും. ഒരു റാട്ടില്‍ സാധാരണയായി മൂന്നു തൊഴിലാളികള്‍ പണിയെടുക്കുന്നു. രണ്ടുപേര്‍ നൂല്‍ നൂല്‍ക്കുന്നതിലും ഒരാള്‍ ചക്രം തിരിക്കുന്നതിലും ഏര്‍പ്പെടുന്നു. റാട്ടില്‍ പിരിച്ചെടുക്കുന്ന കയര്‍, നിശ്ചിത നീളത്തിന്റെയോ അഥവാ തൂക്കത്തിന്റെയോ അടിസ്ഥാനത്തില്‍ കെട്ടുകളായി കെട്ടുന്നു.

കെട്ടാക്കല്‍

കയര്‍കെട്ടുകള്‍

വിപണനത്തിനായി, കയര്‍ കെട്ടുകളായി കെട്ടുന്നു. കയര്‍ കെട്ടുകളായി കെട്ടുന്നതിന്‌ വിവിധ രീതികളുണ്ട്‌. ജയിംസ്‌ ഡാറ (James Darragh)എന്ന യൂറോപ്യനാണ്‌ ആദ്യമായി കേരളത്തില്‍ ഒരു കയര്‍ ഫാക്‌റ്ററി ആരംഭിച്ചത്‌. ഇദ്ദേഹം 1859-60ല്‍ ആലപ്പുഴയില്‍ മെസേഴ്‌സ്‌ ഡാറാ ഇസ്‌മയില്‍ കമ്പനി തുറന്നു. ഇദ്ദേഹത്തോടൊപ്പംവന്ന ചണനെയ്‌ത്തു വിദഗ്‌ധരായ ബംഗാളികള്‍ തിരുവിതാംകൂറിലെ തൊഴിലാളികളെ കയര്‍ ചരക്കുകളുടെ നിര്‍മാണം അഭ്യസിപ്പിച്ചുവെന്നു കരുതപ്പെടുന്നു. പിന്നീട്‌ കയര്‍ഫാക്‌റ്ററികള്‍ പ്രചരിച്ചു.

കയര്‍ വ്യവസായം

കൈകൊണ്ട്‌ കയര്‍ ചക്രങ്ങളില്‍ ചുറ്റുന്നതു മുതല്‍ വിവിധതരത്തിലുള്ള കയറ്റുപായകള്‍, തടുക്കുകള്‍, വടങ്ങള്‍ മുതലായവ നിര്‍മിക്കുന്നതുവരെയുള്ള വിവിധോത്‌പാദനപ്രക്രിയകള്‍ അടങ്ങുന്നതാണ്‌ വ്യാവസായികമേഖല അഥവാ ഫാക്‌റ്ററിമേഖല. ഈ മേഖലയില്‍ വൈദ്യുതകവചങ്ങള്‍, കുഷന്‍, എയര്‍ ഫില്‍റ്റര്‍, പാക്കേജിങ്‌ ഉപകരണങ്ങള്‍, കിടക്കവിരി, ഫര്‍ണിച്ചര്‍, തടുക്ക്‌, കയറ്റുപായ, പരവതാനികള്‍, വല, ചവിട്ടുമെത്ത തുടങ്ങി നിരവധി സാധനങ്ങള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു.

കയര്‍ വ്യവസായത്തിലെ നിര്‍ണായകശക്തികള്‍

വമ്പിച്ച തൊഴില്‍ സാധ്യതയുള്ളതാണ്‌ കയര്‍ വ്യവസായം. എന്നാല്‍ വ്യവസായത്തിലെ നിര്‍ണായക സ്വാധീനമുള്ള ശക്തി തൊഴിലാളികളല്ല എന്നതാണ്‌ വസ്‌തുത. വ്യവസായത്തെ നിയന്ത്രിക്കുന്ന ശക്തികളെ പൊതുവേ അഞ്ചായി തിരിക്കാം.

i. കയറ്റുമതിക്കാരായ വന്‍കിട വ്യവസായികള്‍. ഈ വിഭാഗത്തില്‍പ്പെട്ട വ്യവസായികളാണ്‌ കയറ്റുമതിയുടെ കുത്തക കൈയടക്കിയിട്ടുള്ളത്‌. വിദേശക്കമ്പോളങ്ങളുമായി നേരിട്ടു ബന്ധമുള്ള ഇക്കൂട്ടര്‍ക്ക്‌ ആലപ്പുഴ കേന്ദ്രമായി മുഖ്യവ്യവസായ സ്ഥാപനങ്ങളും മറ്റു പ്രദേശങ്ങളില്‍ ശാഖകളും ഉണ്ട്‌. ഇക്കൂട്ടര്‍ തങ്ങളുടെ ഫാക്‌റ്ററികളില്‍ നിര്‍മിക്കുന്ന ചരക്കുകള്‍ക്കു പുറമേ ചെറുകിട ഫാക്‌റ്ററികളില്‍ പൂര്‍ണമായോ ഭാഗികമായോ നിര്‍മിച്ച ചരക്കുകള്‍ കൂടി വാങ്ങി സ്വന്തം ലേബലില്‍ കയറ്റി അയയ്‌ക്കുന്നു.

ii. കയറ്റുമതിക്കാരായ ചെറുകിട വ്യവസായികള്‍. കയറ്റുമതിക്കാരായ ഒട്ടുവളരെ ചെറുകിട വ്യവസായികള്‍ കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. കയറ്റുമതി വ്യാപാരത്തില്‍ ഇവര്‍ക്ക്‌ ഒരു ചെറിയ പങ്കുണ്ട്‌.

കയറ്റുപായ നിര്‍മാണം

iii. കയറ്റുമതിക്കാരല്ലാത്ത ചെറുകിട വ്യവസായികള്‍. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ സാധാരണയായി ഉള്‍നാടന്‍ പ്രദേശങ്ങളിലാണ്‌ ഫാക്‌റ്ററികള്‍ സ്ഥാപിച്ചിരിക്കുന്നത്‌. കയറ്റുമതിക്കാരില്‍ നിന്നു ലഭിക്കുന്ന ഓര്‍ഡറുകളനുസരിച്ച്‌ ഇവര്‍ തങ്ങളുടെ ഫാക്‌റ്ററികളില്‍ കയര്‍ ഉത്‌പന്നങ്ങള്‍ നിര്‍മിക്കുന്നു.

iv. കുടില്‍ വ്യവസായികള്‍. വാതില്‍ വിരികള്‍ പോലുള്ള ഉത്‌പന്നങ്ങള്‍ കുടില്‍ വ്യവസായാടിസ്ഥാനത്തില്‍ ഉത്‌പാദിപ്പിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. പരിമിതമായ തോതിലേ ഇവര്‍ ചരക്കുകള്‍ ഉത്‌പാദിപ്പിക്കാറുള്ളൂ. ഉത്‌പാദിപ്പിക്കപ്പെടുന്ന ചെറിയ അളവ്‌ ചരക്ക്‌ പോലും മിക്കവാറും മിനുക്കുപണികള്‍ പൂര്‍ത്തിയാക്കാതെ തന്നെ മധ്യവര്‍ത്തികള്‍ക്കോ സമീപസ്ഥമായ ഫാക്‌റ്ററികള്‍ക്കോ വില്‌ക്കുന്നു.

വില്‍പ്പനയ്‌ക്ക്‌ തയ്യാറാക്കിയ കയറ്റുപായ

v. ഫാക്‌റ്ററുകള്‍. കയറ്റുമതി വ്യാപാരത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്‌. ഇവരെ ഫാക്‌റ്ററുകള്‍ എന്നു വിളിക്കുന്നു. ചെറുകിട ഉത്‌പാദകരില്‍ നിന്നു വാങ്ങുന്ന ചരക്കുകള്‍ മാതൃകയായി പ്രദര്‍ശിപ്പിച്ച്‌ ഇവര്‍ വിദേശങ്ങളില്‍ നിന്ന്‌ ഓര്‍ഡറുകള്‍ സമ്പാദിക്കുന്നു. വേണ്ടത്ര സാമ്പത്തികഭദ്രത ഇല്ലാത്ത ഫാക്‌റ്ററുകള്‍ വിലകുറച്ച്‌ ഓര്‍ഡര്‍ പിടിക്കുന്നത്‌ അനാരോഗ്യകരമായ വ്യാപാരമത്സരത്തിന്‌ ഇടയാക്കുന്നു. ഇതു നിമിത്തമുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന്‌ ഇവര്‍ ചരക്കുകളുടെ ഗുണവും നിലവാരവും കുറയ്‌ക്കുന്നു. കയര്‍ വ്യവസായത്തിന്റെ ഭദ്രതയെത്തന്നെ തകര്‍ക്കുന്നവരാണ്‌ ഫാക്‌റ്ററുകള്‍.

കയറ്റുമതിക്കാരായ വന്‍കിട വ്യവസായികള്‍

കയര്‍ വ്യവസായ വികസന ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്‌ കയര്‍ സഹകരണസംഘങ്ങളുടെ ആവിര്‍ഭാവം. കയര്‍യാണ്‍ പ്രാഥമിക സംഘങ്ങള്‍, തൊണ്ട്‌ സൊസൈറ്റികള്‍, കയര്‍ സഹകരണ യൂണിയനുകള്‍, "വടം' നിര്‍മാണ സഹകരണ സംഘങ്ങള്‍, കേന്ദ്രകയര്‍ വിപണനസഹകരണസംഘങ്ങള്‍, മാറ്റ്‌സ്‌ ആന്‍ഡ്‌ മാറ്റിങ്‌ സഹകരണസംഘങ്ങള്‍ എന്നിങ്ങനെ വിവിധ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.

കയറുത്‌പാദനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ വ്യവസായികളുടെ കുത്തകയെ ചെറുക്കുകയും തൊഴിലാളികള്‍ക്ക്‌ മാന്യമായ പ്രതിഫലം ഉറപ്പാക്കുകയും വ്യവസായരംഗത്തെ ക്രമക്കേടുകള്‍ ദൂരീകരിക്കുകയും ചെയ്യുന്നു. സഹകരണ സംഘങ്ങളുടെ ലക്ഷ്യവും വ്യാപ്‌തിയും സാധ്യതകളും വിപുലമാക്കി കയര്‍വ്യവസായത്തെയാകെ സഹകരണ പ്രസ്ഥാനത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ വേണ്ട ഒത്താശകള്‍ സര്‍ക്കാരും നല്‌കുന്നുണ്ട്‌. ഇപ്പോള്‍ ഈ മേഖല ഉത്‌പാദനത്തിന്റെ 20 ശ.മാ. മാത്രമേ സംഭാവന ചെയ്യുന്നുള്ളൂവെന്നത്‌ സഹകരണ സംഘങ്ങളുടെ അപര്യാപ്‌തത വ്യക്തമാക്കുന്നു.

കയറ്റുമതിക്കാരായ ചെറുകിട വ്യവസായികള്‍

ചകിരിനാര്‌, ചെറുതരം കയറ്‌, കയറ്റുപായ, തടുക്ക്‌, പരവതാനി, വടം, റബ്ബറൈസ്‌ഡ്‌ കയര്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ കയര്‍ അന്താരാഷ്‌ട്രവിപണിയില്‍ പ്രവേശിക്കുന്നു. കയറ്റുമതിരംഗത്തെ രണ്ടു പ്രമുഖരാഷ്‌ട്രങ്ങള്‍ ഇന്ത്യയും ശ്രീലങ്കയുമാണ്‌. ഇപ്പോള്‍ കയറുത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ സംസ്‌കരിക്കപ്പെട്ട കയറുത്‌പന്നങ്ങളുടെ ഇറക്കുമതി കുറച്ച്‌ ചകിരിനാര്‌ ഇറക്കുമതി ചെയ്യാനാണ്‌ താത്‌പര്യം കാണിക്കുന്നത്‌. ചകിരിനാര്‌ ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ചകിരിനാരില്‍ നിന്ന്‌ ഉത്‌പന്നങ്ങള്‍ നിര്‍മിച്ചു ലോക കമ്പോളങ്ങളില്‍ എത്തിക്കുന്നുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള ചകിരിനാരിന്റെ കയറ്റുമതി ഫാക്‌റ്ററി മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു കാണാം. ചകിരിനാരിന്റെയും തടുക്കിന്റെയും കയറ്റുമതിയില്‍ ശ്രീലങ്ക ഒന്നാംസ്ഥാനത്താണ്‌. എന്നാല്‍ ചെറുതരം കയറിന്റെയും മറ്റുത്‌പന്നങ്ങളുടെയും കയറ്റുമതിയില്‍ ഇന്ത്യയ്‌ക്ക്‌ കുത്തക അവകാശപ്പെടാവുന്നതാണ്‌. ഇന്ത്യയുടെ പ്രതിവര്‍ഷ കയര്‍ കയറ്റുമതി വരുമാനം 1900 (2006) കോടി രൂപയോളം വരും. ഇപ്പോള്‍ കയര്‍ ഉത്‌പന്നങ്ങള്‍ക്ക്‌ സിന്തറ്റിക്‌ ഉത്‌പന്നങ്ങളുമായി മത്‌സരിക്കേണ്ടിവരുന്നുണ്ട്‌. യൂറോപ്യന്‍ ഫാക്‌റ്ററികളില്‍ നിര്‍മിക്കപ്പെടുന്ന കയര്‍ ഉത്‌പന്നങ്ങളുടെ മേന്മയും ഉയര്‍ന്ന ഗുണനിലവാരവും ഇന്ത്യന്‍ നിര്‍മിത കയര്‍ ഉത്‌പന്നങ്ങളുടെ കടത്തുകൂലിയും ഇറക്കുമതിച്ചുങ്കവും കാരണമുള്ള വിലക്കൂടുതലും സിന്തറ്റിക്‌ ഉത്‌പന്നങ്ങളുടെ മത്‌സരവും കൊണ്ട്‌ കയര്‍ ഉത്‌പന്നങ്ങളുടെ വില്‌പനത്തോത്‌ കുറയുന്നുണ്ടെന്നു കാണാം.

പരമ്പരാഗത കമ്പോളങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവ്‌ അനുഭവപ്പെടുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള മൊത്തം കയര്‍കയറ്റുമതി സ്ഥിരമായിത്തന്നെ നില്‌ക്കുന്നു. പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്ന വര്‍ധനയാണ്‌ ഇതിനു കാരണം.

കയറ്റുമതിക്കാരല്ലാത്ത ചെറുകിട വ്യവസായികള്‍

കയര്‍വ്യവസായ പുരോഗതിയെ ദൃഢീകരിക്കുന്നതിനും കയറ്റുമതിയിലെ ചാഞ്ചല്യങ്ങളില്‍നിന്ന്‌ ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിനും വേണ്ടി ആഭ്യന്തരക്കമ്പോളം വികസിപ്പിക്കാന്‍ ഇപ്പോള്‍ ശ്രദ്ധിച്ചുവരുന്നുണ്ട്‌. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കയറിന്റെയും കയറുത്‌പന്നങ്ങളുടെയും ഒരു ചെറിയ പങ്കു മാത്രമേ അടുത്തകാലംവരെ ആഭ്യന്തര വിപണിയില്‍ എത്തിയിരുന്നുള്ളു. എന്നാല്‍ 1960നു ശേഷമുള്ള രണ്ടു ദശകങ്ങളില്‍ കയര്‍ ബോര്‍ഡിന്റെ ശ്രമഫലമായി, കയറിന്റെ ആഭ്യന്തരവിപണനം മെച്ചപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ ചകിരിനാരുള്‍പ്പെടെയുള്ള കയറുത്‌പന്നങ്ങളുടെ 50 ശ.മാ.ത്തിലേറെ ഇന്ത്യയില്‍ത്തന്നെ വിറ്റഴിയുന്നു.

കുടില്‍വ്യവസായികള്‍

വാതില്‍ വിരികള്‍ പോലുള്ള ഉത്‌പന്നങ്ങള്‍ കുടില്‍ വ്യവസായാടിസ്ഥാനത്തില്‍ ഉത്‌പാദിപ്പിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. പരിമിതമായ തോതിലേ ഇവര്‍ ചരക്കുകള്‍ ഉത്‌പാദിപ്പിക്കാറുള്ളൂ. ഉത്‌പാദിപ്പിക്കപ്പെടുന്ന ചെറിയ അളവ്‌ ചരക്ക്‌ പോലും മിക്കവാറും മിനുക്കുപണികള്‍ പൂര്‍ത്തിയാക്കാതെ തന്നെ മധ്യവര്‍ത്തികള്‍ക്കോ സമീപസ്ഥമായ ഫാക്‌റ്ററികള്‍ക്കോ വില്‌ക്കുന്നു.

ഫാക്‌റ്ററുകള്‍

കയറ്റുമതി വ്യാപാരത്തില്‍ മാത്രം ഏര്‍പ്പെട്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്‌. ഇവരെ ഫാക്‌റ്ററുകള്‍ എന്നു വിളിക്കുന്നു. ചെറുകിട ഉത്‌പാദകരില്‍ നിന്നു വാങ്ങുന്ന ചരക്കുകള്‍ മാതൃകയായി പ്രദര്‍ശിപ്പിച്ച്‌ ഇവര്‍ വിദേശങ്ങളില്‍ നിന്ന്‌ ഓര്‍ഡറുകള്‍ സമ്പാദിക്കുന്നു. വേണ്ടത്ര സാമ്പത്തികഭദ്രത ഇല്ലാത്ത ഫാക്‌റ്ററുകള്‍ വിലകുറച്ച്‌ ഓര്‍ഡര്‍ പിടിക്കുന്നത്‌ അനാരോഗ്യകരമായ വ്യാപാരമത്സരത്തിന്‌ ഇടയാക്കുന്നു. ഇതു നിമിത്തമുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന്‌ ഇവര്‍ ചരക്കുകളുടെ ഗുണവും നിലവാരവും കുറയ്‌ക്കുന്നു. കയര്‍ വ്യവസായത്തിന്റെ ഭദ്രതയെത്തന്നെ തകര്‍ക്കുന്നവരാണ്‌ ഫാക്‌റ്ററുകള്‍.

കയര്‍ സഹകരണസംഘങ്ങള്‍

കയര്‍ വ്യവസായ വികസന ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്‌ കയര്‍ സഹകരണസംഘങ്ങളുടെ ആവിര്‍ഭാവം. കയര്‍യാണ്‍ പ്രാഥമിക സംഘങ്ങള്‍, തൊണ്ട്‌ സൊസൈറ്റികള്‍, കയര്‍ സഹകരണ യൂണിയനുകള്‍, "വടം' നിര്‍മാണ സഹകരണ സംഘങ്ങള്‍, കേന്ദ്രകയര്‍ വിപണനസഹകരണസംഘങ്ങള്‍, മാറ്റ്‌സ്‌ ആന്‍ഡ്‌ മാറ്റിങ്‌ സഹകരണസംഘങ്ങള്‍ എന്നിങ്ങനെ വിവിധ സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. കയറുത്‌പാദനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങള്‍ വ്യവസായികളുടെ കുത്തകയെ ചെറുക്കുകയും തൊഴിലാളികള്‍ക്ക്‌ മാന്യമായ പ്രതിഫലം ഉറപ്പാക്കുകയും വ്യവസായരംഗത്തെ ക്രമക്കേടുകള്‍ ദൂരീകരിക്കുകയും ചെയ്യുന്നു. സഹകരണ സംഘങ്ങളുടെ ലക്ഷ്യവും വ്യാപ്‌തിയും സാധ്യതകളും വിപുലമാക്കി കയര്‍വ്യവസായത്തെയാകെ സഹകരണ പ്രസ്ഥാനത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ വേണ്ട ഒത്താശകള്‍ സര്‍ക്കാരും നല്‌കുന്നുണ്ട്‌. ഇപ്പോള്‍ ഈ മേഖല ഉത്‌പാദനത്തിന്റെ 20 ശ.മാ. മാത്രമേ സംഭാവന ചെയ്യുന്നുള്ളൂവെന്നത്‌ സഹകരണ സംഘങ്ങളുടെ അപര്യാപ്‌തത വ്യക്തമാക്കുന്നു.

കയര്‍ കയറ്റുമതി

ചകിരിനാര്‌, ചെറുതരം കയറ്‌, കയറ്റുപായ, തടുക്ക്‌, പരവതാനി, വടം, റബ്ബറൈസ്‌ഡ്‌ കയര്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ കയര്‍ അന്താരാഷ്‌ട്രവിപണിയില്‍ പ്രവേശിക്കുന്നു. കയറ്റുമതിരംഗത്തെ രണ്ടു പ്രമുഖരാഷ്‌ട്രങ്ങള്‍ ഇന്ത്യയും ശ്രീലങ്കയുമാണ്‌. ഇപ്പോള്‍ കയറുത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ സംസ്‌കരിക്കപ്പെട്ട കയറുത്‌പന്നങ്ങളുടെ ഇറക്കുമതി കുറച്ച്‌ ചകിരിനാര്‌ ഇറക്കുമതി ചെയ്യാനാണ്‌ താത്‌പര്യം കാണിക്കുന്നത്‌. ചകിരിനാര്‌ ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ചകിരിനാരില്‍ നിന്ന്‌ ഉത്‌പന്നങ്ങള്‍ നിര്‍മിച്ചു ലോക കമ്പോളങ്ങളില്‍ എത്തിക്കുന്നുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള ചകിരിനാരിന്റെ കയറ്റുമതി ഫാക്‌റ്ററി മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു കാണാം. ചകിരിനാരിന്റെയും തടുക്കിന്റെയും കയറ്റുമതിയില്‍ ശ്രീലങ്ക ഒന്നാംസ്ഥാനത്താണ്‌. എന്നാല്‍ ചെറുതരം കയറിന്റെയും മറ്റുത്‌പന്നങ്ങളുടെയും കയറ്റുമതിയില്‍ ഇന്ത്യയ്‌ക്ക്‌ കുത്തക അവകാശപ്പെടാവുന്നതാണ്‌. ഇന്ത്യയുടെ പ്രതിവര്‍ഷ കയര്‍ കയറ്റുമതി വരുമാനം 1900 (2006) കോടി രൂപയോളം വരും. ഇപ്പോള്‍ കയര്‍ ഉത്‌പന്നങ്ങള്‍ക്ക്‌ സിന്തറ്റിക്‌ ഉത്‌പന്നങ്ങളുമായി മത്‌സരിക്കേണ്ടിവരുന്നുണ്ട്‌. യൂറോപ്യന്‍ ഫാക്‌റ്ററികളില്‍ നിര്‍മിക്കപ്പെടുന്ന കയര്‍ ഉത്‌പന്നങ്ങളുടെ മേന്മയും ഉയര്‍ന്ന ഗുണനിലവാരവും ഇന്ത്യന്‍ നിര്‍മിത കയര്‍ ഉത്‌പന്നങ്ങളുടെ കടത്തുകൂലിയും ഇറക്കുമതിച്ചുങ്കവും കാരണമുള്ള വിലക്കൂടുതലും സിന്തറ്റിക്‌ ഉത്‌പന്നങ്ങളുടെ മത്‌സരവും കൊണ്ട്‌ കയര്‍ ഉത്‌പന്നങ്ങളുടെ വില്‌പനത്തോത്‌ കുറയുന്നുണ്ടെന്നു കാണാം.

പരമ്പരാഗത കമ്പോളങ്ങളിലേക്കുള്ള കയറ്റുമതിയില്‍ കുറവ്‌ അനുഭവപ്പെടുന്നുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള മൊത്തം കയര്‍കയറ്റുമതി സ്ഥിരമായിത്തന്നെ നില്‌ക്കുന്നു. പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ വന്ന വര്‍ധനയാണ്‌ ഇതിനു കാരണം.

ആഭ്യന്തരക്കമ്പോളം

കയര്‍വ്യവസായ പുരോഗതിയെ ദൃഢീകരിക്കുന്നതിനും കയറ്റുമതിയിലെ ചാഞ്ചല്യങ്ങളില്‍നിന്ന്‌ ഈ വ്യവസായത്തെ സംരക്ഷിക്കുന്നതിനും വേണ്ടി ആഭ്യന്തരക്കമ്പോളം വികസിപ്പിക്കാന്‍ ഇപ്പോള്‍ ശ്രദ്ധിച്ചുവരുന്നുണ്ട്‌. ഇന്ത്യയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന കയറിന്റെയും കയറുത്‌പന്നങ്ങളുടെയും ഒരു ചെറിയ പങ്കു മാത്രമേ അടുത്തകാലംവരെ ആഭ്യന്തര വിപണിയില്‍ എത്തിയിരുന്നുള്ളു. എന്നാല്‍ 1960നു ശേഷമുള്ള രണ്ടു ദശകങ്ങളില്‍ കയര്‍ ബോര്‍ഡിന്റെ ശ്രമഫലമായി, കയറിന്റെ ആഭ്യന്തരവിപണനം മെച്ചപ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ ചകിരിനാരുള്‍പ്പെടെയുള്ള കയറുത്‌പന്നങ്ങളുടെ 50 ശ.മാ.ത്തിലേറെ ഇന്ത്യയില്‍ത്തന്നെ വിറ്റഴിയുന്നു.

ഗുണനിയന്ത്രണം

ഇപ്പോള്‍ കയറുത്‌പന്നങ്ങളുടെ ഗുണനിയന്ത്രണം ലക്ഷ്യമാക്കി, ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ (ഐ.എസ്‌.ഐ.) അംഗീകരിച്ച ഏകീകൃത മൂല്യങ്ങള്‍ക്ക്‌ വിധേയമായാണ്‌ ഉത്‌പന്നങ്ങള്‍ നിര്‍മിച്ചുവരുന്നത്‌.

ഗവേഷണവും വികസനവും

ഗവേഷണവും വികസനവും. ശതാബ്‌ദങ്ങളോളം പഴക്കമുള്ള കയര്‍ വ്യവസായമേഖലയ്‌ക്ക്‌ ലോകകമ്പോളത്തില്‍ മത്സരിക്കുന്നതിന്‌ കൂടുതല്‍ പ്രാത്സാഹനം ആവശ്യമാണ്‌. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ഇന്ത്യാഗവണ്‍മെന്റ്‌ 1954 ജൂല. 7നു കയര്‍ ബോര്‍ഡ്‌ രൂപവത്‌കരിച്ചത്‌. ഇന്ന്‌ കയര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ കയറുത്‌പാദനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.

സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌

സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, ആലപ്പുഴ

കയര്‍ ബോര്‍ഡിന്റെ കീഴില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനമാണ്‌ 1959ല്‍ ആലപ്പുഴയ്‌ക്ക്‌ 8 കി.മീ. വടക്ക്‌ കലവൂരില്‍ ആരംഭിച്ച സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌. കയര്‍വ്യവസായം ശാസ്‌ത്രീയമായി പുരോഗമിക്കുന്നതിന്‌ ആവശ്യമായ ഗവേഷണങ്ങള്‍ നടത്തുകയാണ്‌ ഇതിന്റെ ആത്യന്തികമായ ചുമതല. നാര്‌ എടുക്കുന്നതു മുതല്‍ക്കുള്ള കയറിന്റെ വിവിധ നിര്‍മാണപ്രക്രിയകള്‍ ഇതിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെടുന്നു. ഉത്‌പന്നങ്ങളുടെ നിലവാരം നിജപ്പെടുത്തുക, ഗുണനിയന്ത്രണം ഏര്‍പ്പെടുത്തുക, കയര്‍ വിനിയോഗിക്കാവുന്ന പുതിയ മേഖലകള്‍ കണ്ടെത്തുക, തൊണ്ടിന്റെയും ചകിരിയുടെയും അവശിഷ്ടങ്ങള്‍ പ്രയോജനപ്പെടുത്തുക എന്നിവയ്‌ക്കുള്ള ഗവേഷണങ്ങള്‍ക്കു പുറമേ തൊണ്ടഴുക്കലിന്റെ ജൈവശാസ്‌ത്രപരമായ വശങ്ങള്‍, യന്ത്രമുപയോഗിച്ചുള്ള ചകിരിപിരിക്കല്‍ എന്നീ കാര്യങ്ങളെ സംബന്ധിച്ചും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്‌. ഉത്‌പാദനപ്രക്രിയയില്‍ കായികാധ്വാനം ലഘൂകരിക്കുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുക, കയര്‍ച്ചരടിന്‌ ഒരേ വണ്ണം നല്‌കുന്നതിനുള്ള സങ്കേതം കണ്ടെത്തുക, രാസവസ്‌തുക്കള്‍ ഉപയോഗിച്ച്‌ കയറിന്‌ മാര്‍ദവം വരുത്തുവാനുള്ള മാര്‍ഗം പരിശോധിക്കുക, കയറും മറ്റു നാരുകളും ചേര്‍ത്ത്‌ ഉത്‌പന്നങ്ങള്‍ക്കു മേന്മയുണ്ടാക്കുവാനുള്ള മാര്‍ഗങ്ങള്‍ കണ്ടുപിടിക്കുക എന്നിവയെ സംബന്ധിച്ചുള്ള ഗവേഷണങ്ങളും കയര്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഏറ്റെടുത്തു നടത്തുന്നുണ്ട്‌.

നാഷണല്‍ കയര്‍ ട്രയിനിങ്‌ ആന്‍ഡ്‌ ഡിസൈന്‍ സെന്റര്‍

ആലപ്പുഴയില്‍ 1965ല്‍ ആരംഭിച്ച ഈ സ്ഥാപനവും കയര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്‌. ആധുനിക രീതിയിലുള്ള ചകിരി പിരിക്കലിലും കയര്‍ ഉത്‌പന്നങ്ങളുടെ നിര്‍മാണത്തിലും കയര്‍ത്തൊഴിലാളികള്‍ക്കും മറ്റും പരിശീലനം നല്‌കുക, പുതിയ ഡിസൈനുകളും മാതൃകകളും വികസിപ്പിച്ചെടുക്കുക എന്നിവയാണ്‌ ഈ സെന്ററിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. നിര്‍മാണപ്രക്രിയയിലുള്ള പരിഷ്‌കരണത്തെയും ഉത്‌പന്ന വികസനത്തെയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയെന്നതും ഈ സെന്ററിന്റെ ചുമതലകളില്‍പ്പെട്ടതാണ്‌.

കയര്‍വ്യവസായവുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും ഈ സെന്റര്‍ പ്രത്യേക പരിശീലന കോഴ്‌സുകള്‍ നടത്തുന്നു. നിശ്ചിത പാഠ്യപദ്ധതികളും പരീക്ഷകളും ഉള്ളതാണ്‌ ഈ കോഴ്‌സുകള്‍. കയറുത്‌പന്നങ്ങളുടെ നിര്‍മാതാക്കളും കയര്‍ വികസനവുമായി ബന്ധപ്പെട്ട സംസ്ഥാന ഗവണ്‍മെന്റുകളും നിയോഗിക്കുന്ന ആളുകള്‍ക്കുവേണ്ടി ഒരു വര്‍ഷം നീണ്ടുനില്‌ക്കുന്ന ബൃഹത്തായ കോഴ്‌സില്‍ കയറുത്‌പാദനത്തിന്റെ വിവിധവശങ്ങളിലുള്ള പരിശീലനത്തിനു പുറമേ ഗുണനിയന്ത്രണം, നിലവാരഏകീകരണം, വിലനിര്‍ണയനം, വ്യാവസായിക ബന്ധങ്ങള്‍, വിപണിനീക്കങ്ങള്‍, സഹകരണം, കയറ്റുമതിസാമ്പത്തികം, ഉത്‌പാദനക്ഷമത എന്നിവയിലും ഉന്നതനിലവാരത്തിലുള്ള പരിശീലനം നല്‌കപ്പെടുന്നു. ഇതിനുപുറമേ വ്യവസായികള്‍ നിയോഗിക്കുന്ന ആര്‍ട്ടിസാന്മാര്‍ക്കും വിദഗ്‌ധഅര്‍ധ വിദഗ്‌ധത്തൊഴിലാളികള്‍ക്കും കയറുത്‌പാദനത്തിന്റെ വിവിധ പ്രക്രിയകളില്‍ പ്രായോഗിക പരിശീലന ക്ലാസ്സുകളും നല്‌കുന്നുണ്ട്‌.

ഈ സെന്റര്‍ പുതിയ ഡിസൈനുകള്‍ വികസിപ്പിച്ചെടുത്ത്‌ അവ കയര്‍ വ്യവസായികളുടെ ഇടയില്‍ പ്രചരിപ്പിക്കുകയും ആവശ്യാനുസരണം കയര്‍ വ്യവസായികള്‍ക്ക്‌ ലഭ്യമാക്കുകയും ചെയ്യുന്നു. പല ഡിസൈനുകളും മുദ്രണം ചെയ്യിച്ച്‌ "പാറ്റേണ്‍ കാര്‍ഡു' (pattern card)കളാക്കി ആവശ്യക്കാര്‍ക്ക്‌ നല്‌കുകയും ചെയ്യുന്നു.

കൂടാതെ ഈ സെന്റര്‍, സാങ്കേതിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതിന്‌ ഉത്‌പാദകര്‍ക്ക്‌ വേണ്ട മാര്‍ഗനിര്‍ദേശവും കയര്‍ സംസ്‌കരണത്തിലെ അത്യാധുനിക സങ്കേതങ്ങളെ സംബന്ധിച്ചുള്ള അറിവും ലഭ്യമാക്കുന്നു.

ഹിന്ദുസ്ഥാന്‍ കയര്‍

കയര്‍ബോര്‍ഡ്‌ 1967ല്‍ ആലപ്പുഴയിലെ കലവൂരില്‍ സ്ഥാപിച്ച ഫാക്‌റ്ററിയില്‍ യന്ത്രത്തറി ഉപയോഗിച്ച്‌ കയറ്റുപായ ഉണ്ടാക്കുന്നുണ്ട്‌. യൂറോപ്പിലെ കയര്‍ഫാക്‌റ്ററികളുടെ വളര്‍ച്ചയോടെ വന്നു ചേര്‍ന്ന പ്രതിസന്ധി തരണം ചെയ്യുകയാണ്‌ ഈ ഫാക്‌റ്ററിയുടെ ലക്ഷ്യം. പ്രതിവര്‍ഷം രണ്ടുലക്ഷം ചതുരശ്രമീറ്റര്‍ കയറ്റുപായ നിര്‍മിക്കുന്നതിനുള്ള ശേഷി ഈ ഫാക്‌റ്ററിക്കുണ്ട്‌. കൈത്തറിയുത്‌പന്നത്തെ അപേക്ഷിച്ച്‌ നേര്‍മയും മേന്മയും കൂടുമെന്നതുകൊണ്ട്‌ യന്ത്രത്തറിയുത്‌പന്നങ്ങള്‍ക്ക്‌ വിദേശ കമ്പോളങ്ങളില്‍ വര്‍ധിച്ച ചോദന(demand)മുണ്ട്‌. കേരളത്തില്‍ ഉള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്കു പുറമേ കയര്‍ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പ.ബംഗാളിലെ ഉലൂബെറിയയിലും ഒരു ഗവേഷണകേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു.

കയര്‍ വ്യവസായരംഗത്തെ പ്രശ്‌നങ്ങള്‍

ഫാക്‌റ്ററികള്‍ വികസിച്ചിട്ടുണ്ടെങ്കിലും കയര്‍ വ്യവസായം ഇന്നും ഏറിയപങ്കും ഒരു കുടില്‍ വ്യവസായമാണ്‌. സംഘടിത മേഖലയില്‍പ്പോലും 1940കള്‍ക്കു ശേഷം വിഘടന പ്രക്രിയയാണ്‌ കണ്ടുവരുന്നത്‌. വീല്‍ സ്‌പിന്നിങ്‌ മേഖലയും പതിനഞ്ചുവരെ സ്‌പിന്‍ഡിലുകള്‍ ഉള്ള വലിയ യൂണിറ്റുകള്‍ മുതല്‍ രണ്ടോ മൂന്നോ സ്‌പിന്‍ഡിലുകളുടെ ചെറിയ യൂണിറ്റുകള്‍ വരെ വിഘടിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. വീല്‍ സ്‌പിന്നിങ്ങില്‍ യാന്ത്രികമായ പുരോഗതിയോ വ്യതിയാനമോ കൈവന്നിട്ടില്ല. ഉത്‌പാദനപരമായിട്ടും ഘടനാപരമായിട്ടും കയര്‍ വ്യവസായം ഇന്നും യാഥാസ്ഥിതികമായിത്തന്നെ നിലനില്‌ക്കുന്നു. തൊണ്ടു തല്ലലും ചകിരി പിരിക്കലും കെട്ടുകളായി കെട്ടുന്നതും എല്ലാം തന്നെ ഇന്നും പ്രാകൃതമായ രീതിയിലാണ്‌. കയര്‍ വ്യവസായത്തിലെ നിര്‍ണായകഘടകം അസംസ്‌കൃത പദാര്‍ഥങ്ങളുടെ ലഭ്യതയാണ്‌. കേരളത്തില്‍ ലഭ്യമാക്കാവുന്ന പച്ചത്തൊണ്ടിന്റെ 60 ശ.മാ. മാത്രമേ അസംസ്‌കൃത പദാര്‍ഥമായി ഉത്‌പാദനമേഖലകളിലെത്തുന്നുള്ളു. ലഭ്യമായ തൊണ്ടു മുഴുവന്‍ ഉത്‌പാദനരംഗത്തെത്തിച്ചാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാനും തന്മൂലം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും കഴിയും. കയര്‍ വ്യവസായ രംഗത്തെ ചൂഷണം തടയുന്നതിനും കയര്‍ നിര്‍മാണപ്രക്രിയകളിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക്‌ ന്യായമായ കൂലിയും ഉത്‌പാദകര്‍ക്ക്‌ അര്‍ഹിക്കുന്ന വിലയും ലഭിക്കുന്നതിനും ആവശ്യമായ നടപടികള്‍ ഗവണ്‍മെന്റ്‌ കൈക്കൊണ്ടിട്ടുണ്ട്‌.

തൊഴിലാളികളുടെ കൂലിനിരക്കില്‍ വൈവിധ്യങ്ങളുണ്ട്‌. ചിലയിടത്ത്‌ തൊണ്ടെണ്ണലും അഴുകാനിടലും ഒരു പ്രക്രിയയായി കണക്കാക്കി കൂലി നിശ്ചയിക്കുന്നു. മറ്റു ചിലയിടത്ത്‌ ഇവ രണ്ടും വ്യത്യസ്‌ത പ്രക്രിയകളായി കണക്കാക്കപ്പെടുന്നു. ഇപ്പോള്‍ കയറുത്‌പാദനത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക്‌ ഗവണ്‍മെന്റ്‌ കുറഞ്ഞ ശമ്പളം നിജപ്പെടുത്തിയിട്ടുണ്ട്‌.

കയര്‍ വ്യവസായരംഗത്ത്‌ യന്ത്രവത്‌കരണം ആവശ്യമാണോ അല്ലയോ എന്നത്‌ ഒരു വിവാദവിഷയമാണ്‌. കയര്‍ വ്യവസായികളും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളും വ്യവസായപ്രതിസന്ധിക്കു പരിഹാരമായി നിര്‍ദേശിക്കുന്നത്‌ യന്ത്രവത്‌കരണം ആണ്‌. ഉത്‌പാദനക്ഷമത, ചരക്കുകളുടെ മേന്മ, വിദേശവ്യാപാരരംഗത്ത്‌ വിദേശനിര്‍മിത കയറുത്‌പന്നങ്ങളോടും ഇതര സസ്യനാരുത്‌പന്നങ്ങളോടും കൃത്രിമനാരുകളോടും കിടപിടിക്കുന്നതിനുള്ള ശേഷി മുതലായവയാണ്‌ യന്ത്രവത്‌കരണത്തിന്‌ അനുകൂലമായി നിരത്തുന്ന വാദഗതികള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍