This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കയനൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കയനൈറ്റ്‌

Kaynite

കയനൈറ്റ്‌

ഒരു പ്രമുഖ ഉച്ചതാപസഹ ധാതു. നീല, പച്ച, ധൂസരം തുടങ്ങിയ നിറങ്ങളില്‍ കാണപ്പെടുന്ന കയനൈറ്റ്‌ അലുമിനിയം സിലിക്കേറ്റിന്റെ മൂന്നിനം സമരൂപ (isomorphous) ധാതുക്കളില്‍ ഒന്നാണ്‌. രാസരചന: Al2 Si O5. നീണ്ടു നേര്‍ത്തു പരന്ന, ത്രിനതാക്ഷ (triclinic) പരലുകളായി രൂപംകൊള്ളുന്ന കയനൈറ്റ്‌ സാധാരണ അടുക്കടുക്കായി കൂടിച്ചേര്‍ന്നു കാണപ്പെടുന്നു. കയനൈറ്റ്‌, ആന്‍ഡാലൂസൈറ്റ്‌, സില്ലിമനൈറ്റ്‌ എന്നീ സമരൂപധാതുക്കള്‍ക്ക്‌ മര്‍ദോഷ്‌മാവിന്റെ വ്യത്യസ്‌ത നിലകളിലാണ്‌ സ്ഥായിത്വമുള്ളത്‌. അലുമിനിയത്തിന്റെ ആധിക്യമുള്ള കായാന്തരിത ശിലകളില്‍ ഇവ സാധാരണമാണ്‌. താരതമ്യേന ഉയര്‍ന്ന മര്‍ദത്തിലാണ്‌ കയനൈറ്റ്‌ രൂപം കൊള്ളുന്നതെങ്കിലും ഇവ മൂന്നുംകൂടിച്ചേര്‍ന്ന ധാതുസമുച്ചയങ്ങളും കാണപ്പെടാറുണ്ട്‌.

ദിശയ്‌ക്കനു‌സൃതമായി വ്യത്യസ്‌ത കാഠിന്യം പ്രദര്‍ശിപ്പിക്കാനു‌ള്ള കഴിവ്‌ കയനൈറ്റ്‌ പരലുകള്‍ക്കു മാത്രമായുള്ള ഒരു സ്വഭാവവിശേഷമാണ്‌; പരലുകള്‍ക്കു കാഠിന്യം നെടിയ അക്ഷത്തിനു‌ സമാന്തരമായി 7ഉം കുറുകെ 45ഉം ആണ്‌. കയനൈറ്റ്‌ പരലുകള്‍ തവിട്ടുനിറത്തിലും വെളുത്ത നിറത്തിലും വര്‍ണരഹിതമായും കാണപ്പെടാം. അഭ്രഷിസ്റ്റുകളില്‍ ഗാര്‍നൈറ്റ്‌, സ്റ്റോറലൈറ്റ്‌, കൊറന്‍ഡം എന്നീ ധാതുക്കളോടൊപ്പമാണ്‌ ഇത്‌ കാണപ്പെടുന്നത്‌.

കളിമണ്ണില്‍ നിന്നു രൂപം കൊള്ളുന്ന അവസാദശിലയായ ഷെയ്‌ല്‍ കായാന്തരണത്തിനു‌ വിധേയമാവുമ്പോള്‍ പുതിയ പല അലുമിനിയം ധാതുക്കളും ഉരുത്തിരിയുന്നു. ലഘുവായ കായാന്തരണം സൃഷ്ടിക്കുന്ന ക്ലോറൈറ്റ്‌, അഭ്രം തുടങ്ങിയ ജലയോജിത (hydrated) അലുമിനിയം സിലിക്കേറ്റ്‌ ധാതുക്കളില്‍ നിന്ന്‌ ഉയര്‍ന്ന മര്‍ദോഷ്‌മാവില്‍ ജലവിമുക്തി മൂലം സംജാതമാവുന്ന നിര്‍ജല ധാതുക്കളാണ്‌ ആന്‍ഡാലൂസൈറ്റ്‌, കയനൈറ്റ്‌, സില്ലിമനൈറ്റ്‌ എന്നിവ. ലോകത്തിലെ ഏറ്റവും സമ്പന്നമായ കയനൈറ്റ്‌ നിക്ഷേപം ഇന്ത്യയിലാണ്‌; ബിഹാറിലെ സിങ്‌ഭൂം ജില്ലയില്‍ ലപ്‌സബുരു, ഖര്‍സ്‌വാന്‍ എന്നിവിടങ്ങളിലാണ്‌ നിക്ഷേപത്തിന്റെ ഏറിയ പങ്കും അവസ്ഥിതമായിട്ടുള്ളത്‌. പഞ്ചാബില്‍ പാട്യാല ജില്ലയിലും; കര്‍ണാടകത്തില്‍ ഷിമോഗ, ഹസ്സന്‍ എന്നീ ജില്ലകളിലും; ആന്ധ്രപ്രദേശില്‍ വാറംഗല്‍ ജില്ലയിലും; തമിഴ്‌നാട്ടില്‍ കാവേരി തടത്തിലും ഉള്ള നിക്ഷേപങ്ങളില്‍ ഇന്ദ്രനീലത്തോടു സാമ്യമുള്ള കയനൈറ്റ്‌ പരലുകളും കാണപ്പെടുന്നു. പാട്യാലയിലെ ആഭരണ വ്യാപാരരംഗത്ത്‌ ബ്രൂജ്‌ എന്നറിയപ്പെടുന്ന ഈയിനം വിലയേറിയ രത്‌നമാണ്‌; സ്വിറ്റ്‌സര്‍ലന്‍ണ്ടിലും രത്‌നോജ്ജ്വല കയനൈറ്റ്‌ ഉത്‌ഖനനം ചെയ്യപ്പെടുന്നു. ഉയര്‍ന്നതരം ഉച്ചതാപസഹപോര്‍സെലേന്‍ നിര്‍മാണത്തിനു‌വേണ്ടി ഇന്ത്യ, യു.എസ്‌., ബ്രസീല്‍ എന്നിവിടങ്ങളില്‍ ഗണ്യമായ തോതില്‍ കയനൈറ്റ്‌ ശേഖരിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍