This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ

കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയുടെ പുറംചട്ട

ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ ഉപജ്ഞാതാക്കളായ കാറല്‍ മാര്‍ക്‌സും ഫ്രീഡ്‌റിഷ്‌ എന്‍ഗെല്‍സും ചേര്‍ന്ന്‌ 1848 ജനു.ല്‍ ജര്‍മന്‍ ഭാഷയില്‍ എഴുതിയ ലഘുഗ്രന്ഥം. സോഷ്യലിസ്റ്റ്‌ സാഹിത്യങ്ങളില്‍ വച്ച്‌ ഏറ്റവും പ്രചാരമുള്ളതും സാര്‍വദേശീയത്വം സിദ്ധിച്ചിട്ടുള്ളതുമായ പ്രസിദ്ധീകരണമാണിത്‌.

കമ്യൂണിസ്റ്റ്‌ ലീഗ്‌ എന്ന തൊഴിലാളി സംഘടനയ്‌ക്കു വേണ്ടിയാണ്‌ മാനിഫെസ്റ്റോ രചിക്കപ്പെട്ടത്‌. ഒരു ജര്‍മന്‍ സംഘടനയായിട്ടാരംഭിച്ച്‌ പിന്നീട്‌ സാര്‍വദേശീയ സംഘടനയായി വളരുകയും 1848നു മുമ്പ്‌ യൂറോപ്പിലെ രാഷ്‌ട്രീയ പരിതഃസ്ഥിതിയില്‍ ഒരു രഹസ്യസംഘടനയായി മാത്രം പ്രവര്‍ത്തിക്കുവാന്‍ നിര്‍ബന്ധിതമാവുകയും ചെയ്‌ത ഒരു പ്രസ്ഥാനമായിരുന്നു കമ്യൂണിസ്റ്റ്‌ ലീഗ്‌. ഈ സംഘടനയുടെ താത്ത്വികവും പ്രായോഗികവുമായ പരിപാടി വിവരിച്ചു കൊണ്ടുള്ള ഒരു പ്രസിദ്ധീകരണം തയ്യാറാക്കാന്‍ 1847 ന.ല്‍ ലണ്ടനില്‍ വച്ചു ചേര്‍ന്ന കമ്യൂണിസ്റ്റ്‌ ലീഗിന്റെ രണ്ടാം സമ്മേളനം മാര്‍ക്‌സിനെയും എന്‍ഗെല്‍സിനെയും ഭരമേല്‌പിച്ചു. 1848 ജനു.ല്‍ ജര്‍മന്‍ ഭാഷയില്‍ അവര്‍ തയ്യാറാക്കിയ മാനിഫെസ്റ്റോയുടെ കൈയെഴുത്തുപ്രതി ലണ്ടനിലെ ഒരു പ്രസ്സിലേക്ക്‌ അയച്ചു. 1848 ജൂണിലെ സായുധ കലാപത്തിനുമുമ്പായി മാനിഫെസ്റ്റോയുടെ ഒരു ഫ്രഞ്ചുപരിഭാഷ പുറത്തുവന്നു. മിസ്‌ ഹെലന്‍ മക്‌ഫാര്‍ലോ അത്‌ 1850ല്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്‌തു. ഇംഗ്ലീഷില്‍ ആദ്യമായുണ്ടായ ഈ പരിഭാഷ ജോര്‍ജ്‌ ജൂലിയന്‍ ഹാര്‍ണിയുടെ റെഡ്‌ റിപ്പബ്‌ളിക്കന്‍ എന്ന ലണ്ടന്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. തുടര്‍ന്ന്‌ ഡാനിഷ്‌പോളിഷ്‌ ഭാഷാന്തരങ്ങളും പുറത്തുവന്നു.

1848ല്‍ പാരിസില്‍ നടന്ന സായുധകലാപം പരാജയപ്പെടുകയാണുണ്ടായത്‌. മുതലാളിവര്‍ഗവും തൊഴിലാളിവര്‍ഗവും തമ്മില്‍ നടന്ന ആദ്യത്തെ ഐതിഹാസികമായ ഏറ്റുമുട്ടലായിരുന്നു ഇത്‌. പ്രഷ്യന്‍ പൊലീസ്‌ കൊളോണിലെ കമ്യൂണിസ്റ്റ്‌ ലീഗിന്റെ കേന്ദ്രസമിതിയംഗങ്ങളെ വേട്ടയാടിപ്പിടിച്ചു. തുടര്‍ന്ന്‌ കമ്യൂണിസ്റ്റ്‌ ലീഗ്‌ പിരിച്ചുവിടപ്പെട്ടു. അതോടുകൂടി മാനിഫെസ്റ്റോ ഏറെക്കുറെ വിസ്‌മൃതമായി. പിന്നീട്‌ മുതലാളിത്തത്തോട്‌ എതിര്‍ത്തുനില്‌ക്കാന്‍ യൂറോപ്പിലെ തൊഴിലാളിവര്‍ഗം അതിന്റെ കരുത്തു വീണ്ടെടുത്തപ്പോള്‍ സര്‍വരാഷ്‌ട്ര തൊഴിലാളി സംഘടന (International Working Men's Association) നിലവില്‍ വന്നു. ഒപ്പംതന്നെ മാനിഫെസ്റ്റോയുടെ പ്രചാരവും പ്രസിദ്ധിയും പുനര്‍ലബ്‌ധമാവുകയും ചെയ്‌തു.

മാനിഫെസ്റ്റോയുടെ ജര്‍മന്‍പതിപ്പ്‌ 1850നുശേഷം യു.എസ്സിലും ഇംഗ്ലണ്ടിലും സ്വിറ്റ്‌സര്‍ലണ്ടിലും പലതവണ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ ഒരു ഇംഗ്ലീഷ്‌ വിവര്‍ത്തനം 1872ല്‍ "വുഡ്‌ഹള്‍ ആന്‍ഡ്‌ കാഫ്‌ളിന്‍സ്‌' വാരികയിലൂടെ പുറത്തുവന്നു. ഈ ഇംഗ്ലീഷ്‌ പരിഭാഷയില്‍ നിന്ന്‌ ഒരു ഫ്രഞ്ചുവിവര്‍ത്തനം ന്യൂയോര്‍ക്കിലെ "ലേ സോഷ്യലിസ്റ്റ്‌' പ്രസിദ്ധീകരിച്ചു. അതിനുശേഷം യു.എസ്സില്‍ രണ്ട്‌ ഇംഗ്ലീഷ്‌ പരിഭാഷകള്‍ കൂടി പുറത്തുവന്നു. രണ്ടും ഏറെക്കുറെ വികലമായിരുന്നു. അവയില്‍ ഒന്ന്‌ പിന്നീട്‌ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 1869ല്‍ ആദ്യത്തെ റഷ്യന്‍ പരിഭാഷ പുറത്തിറങ്ങി. ബക്കുനിന്‍ ആയിരുന്നു പരിഭാഷകന്‍. അത്‌ ജനീവയില്‍ നിന്നാണു പ്രസിദ്ധീകരിക്കപ്പെട്ടത്‌. 1882ല്‍ രണ്ടാമതൊരു റഷ്യന്‍പരിഭാഷ ജി.വി. പ്‌ളെഖനോഫ്‌ തയ്യാറാക്കി. ഇതില്‍നിന്ന്‌ ഒരു ഡാനിഷ്‌ ഭാഷാന്തരം 1885ല്‍ കോപ്പന്‍ഹേഗനില്‍ "സോഷ്യല്‍ ഡെമോക്രാറ്റിസ്‌റ്റിക്ക്‌ബിബ്‌ളിയത്തേക്കി'ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഡാനിഷ്‌ പതിപ്പില്‍നിന്നുള്ള ഒരു സ്‌പാനിഷ്‌ വിവര്‍ത്തനം 1886ല്‍ മാഡ്രിഡില്‍ പുറത്തുവന്നു. ഇന്ന്‌ മിക്കവാറും എല്ലാ ലോകഭാഷകളിലും കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ ലഭ്യമാണ്‌.

ബൂര്‍ഷ്വാകളും തൊഴിലാളികളും, തൊഴിലാളികളും കമ്യൂണിസ്റ്റുകാരും, സോഷ്യലിസ്റ്റ്‌ സാഹിത്യവും കമ്യൂണിസ്റ്റ്‌ സാഹിത്യവും, നിലവിലുള്ള എതിര്‍പക്ഷപ്പാര്‍ട്ടികളെ സംബന്ധിച്ചുള്ള കമ്യൂണിസ്റ്റുകാരുടെ നിലപാട്‌ എന്നിങ്ങനെ നാലു മുഖ്യ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ മാനവരാശിയുടെ ചരിത്രപരമായ വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ വിവരിക്കുകയും വരാന്‍പോകുന്ന കമ്യൂണിസ്റ്റ്‌ സമുദായത്തിലേക്ക്‌ വിരല്‍ ചൂണ്ടുകയും ചെയ്യുന്നു.

മാര്‍ക്‌സും എംഗല്‍സും ചേര്‍ന്നാണ്‌ മാനിഫെസ്റ്റോ തയ്യാറാക്കിയതെങ്കിലും അതിന്റെ ഉള്‍ക്കാമ്പായി വര്‍ത്തിക്കുന്ന മൗലികസിദ്ധാന്തം മാര്‍ക്‌സിന്റേതാണെന്ന്‌ 1888ലെ ഇംഗ്ലീഷ്‌ പതിപ്പിന്റെ മുഖവുരയില്‍ എന്‍ഗെല്‍സ്‌ ചൂണ്ടിക്കാട്ടിയിരുന്നു.

ചരിത്രത്തിന്റെ ഓരോ കാലഘട്ടത്തിലും അന്നന്നത്തെ സാമൂഹികമായ ഉത്‌പാദന വിനിമയങ്ങളുടെ രീതിയും അതില്‍നിന്ന്‌ ഉടലെടുക്കുന്ന സാമൂഹികഘടനയുമാണ്‌ അതതുകാലത്തെ രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ചരിത്രത്തിന്റെ അടിത്തറയായിത്തീരുന്നത്‌. ഈ അടിത്തറ കണ്ടറിഞ്ഞാല്‍ മാത്രമേ അന്നത്തെ ചരിത്രത്തിന്റെ അര്‍ഥം മനസ്സിലാവുകയുള്ളു. മനുഷ്യസമൂഹത്തിന്റെ പൂര്‍വകാലത്തെ സാമൂഹികഘടന പൊതുവായ ഭൂവുടമാസമ്പ്രദായത്തില്‍ അധിഷ്‌ഠിതമായിരുന്നു. ഗ്രാമവ്യവസ്ഥയാണ്‌ അന്നു നിലവിലിരുന്നത്‌. പ്രാചീന കമ്യൂണിസ്റ്റ്‌ വ്യവസ്ഥയെന്നറിയപ്പെടുന്ന ഈ സംവിധാനം പിന്നീട്‌ നശിച്ചു. അതോടുകൂടി സമൂഹം വ്യത്യസ്‌തവര്‍ഗങ്ങളായി വേര്‍പിരിയാന്‍ തുടങ്ങി. പിന്നീടിങ്ങോട്ടുള്ള മനുഷ്യവംശചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ്‌; ഭരണകര്‍ത്താക്കളും ഭരണീയരും, മര്‍ദകരും മര്‍ദിതരും, ചൂഷകരും ചൂഷിതരും തമ്മില്‍ നടന്നുപോന്ന ഏറ്റുമുട്ടലുകളുടെ ചരിത്രമാണ്‌. ഈ ഏറ്റുമുട്ടലുകള്‍ ഓരോ ഘട്ടത്തിലും ചെന്നെത്തിയിട്ടുള്ളത്‌ സമൂഹത്തിന്റെയാകെ വിപ്ലവകരമായ പുനഃസംഘടനയിലോ മത്സരിക്കുന്ന വര്‍ഗങ്ങളുടെ പൊതുവായ നാശത്തിലോ ആണ്‌. അങ്ങനെ തുടര്‍ന്നുപോന്ന വര്‍ഗസമരം പല പരിണാമങ്ങളില്‍ക്കൂടി കടന്ന്‌ ആധുനിക സമൂഹത്തില്‍ ഒരു പ്രത്യേക ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇന്ന്‌ സമൂഹമാകെ രണ്ട്‌ ഗംഭീരശത്രുപാളയങ്ങളായി, ബൂര്‍ഷ്വാസിയും തൊഴിലാളിവര്‍ഗവുമെന്ന രണ്ടുവന്‍വര്‍ഗങ്ങളായി, കൂടുതല്‍ കൂടുതല്‍ ചേരിപിരിഞ്ഞുകൊണ്ടിരിക്കുന്നു. ഇതാണ്‌ ഈ കാലഘട്ടത്തിന്റെ സവിശേഷതയും.

ബൂര്‍ഷ്വാസി എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ സാമൂഹികോത്‌പാദനോപകരണങ്ങളുടെ ഉടമകളും കൂലിവേല എടുപ്പിക്കുന്നവരുമായ ആധുനിക മുതലാളിവര്‍ഗത്തെയാണ്‌. തൊഴിലാളിവര്‍ഗമാകട്ടെ, ജോലിയുള്ള കാലത്തുമാത്രം കൂലി കിട്ടുന്നു, തങ്ങളുടെ വേലയുടെ ഫലമായി മൂലധനം വര്‍ധിപ്പിക്കുന്ന കാലത്തോളം ജോലി കിട്ടുന്ന, അധ്വാനിക്കുന്നവരുടെ വര്‍ഗമാണ്‌.

ബൂര്‍ഷ്വാസമുദായം നാടുവാഴിത്തത്തില്‍ നിന്നാണ്‌ വളര്‍ന്നെത്തിയത്‌. വ്യാവസായിക വികസനവും ലോക കമ്പോളങ്ങളുടെ വളര്‍ച്ചയും ബൂര്‍ഷ്വാസിയെ വളര്‍ത്തി. അതിന്റെ മൂലധനം പെരുകി. രാഷ്‌ട്രീയശക്തി വര്‍ധിച്ചു. ഒടുവില്‍ രാഷ്‌ട്രീയാധികാരം മുഴുവന്‍ ബൂര്‍ഷ്വാസി കൈയടക്കി.

തൊഴിലുടമയ്‌ക്കു തങ്ങളെത്തന്നെ വില്‌ക്കേണ്ടിവരുന്ന തൊഴിലാളികള്‍ മറ്റേതു വ്യാപാരസാമഗ്രിയെയുംപോലെ കമ്പോളച്ചരക്കാണ്‌. അതിനാല്‍ മത്സരത്തിന്റെ എല്ലാ ജയാപജയങ്ങള്‍ക്കും കമ്പോളത്തിന്റെ എല്ലാ ഏറ്റക്കുറച്ചിലുകള്‍ക്കും അവര്‍ പാത്രമായിത്തീരുന്നു. എന്നാല്‍ വ്യവസായത്തിന്റെ വളര്‍ച്ചയോടൊപ്പം തൊഴിലാളിവര്‍ഗത്തിന്റെ സംഖ്യാബലവും വര്‍ധിക്കുന്നു. അതു കൂടുതല്‍ വലിയ ജനസമൂഹങ്ങളായി കേന്ദ്രീകരിക്കപ്പെടുന്നു. അതിന്റെ കരുത്തുവളരുന്നു. സ്വശക്തിയെപ്പറ്റി അതിനു ബോധമുണ്ടാകുന്നു. തൊഴിലാളികള്‍ സംഘടിതരാകുന്നു.

ഇതുവരെ ചരിത്രത്തിലുണ്ടായിട്ടുള്ള എല്ലാ പ്രസ്ഥാനങ്ങളും ന്യൂനപക്ഷ താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളവയായിരുന്നു. എന്നാല്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനം ബഹുഭൂരിപക്ഷത്തിന്റെ താത്‌പര്യത്തിനു വേണ്ടിയുള്ള ബോധപൂര്‍വമായ പ്രസ്ഥാനമാണ്‌. ബൂര്‍ഷ്വാസിയുടെ നിലനില്‌പിനും മേധാവിത്വത്തിനുമുള്ള പ്രധാനോപാധി മൂലധനമുണ്ടാക്കലും അതു പെരുപ്പിക്കലുമാണ്‌. ഈ മൂലധനത്തിന്റെ ഉപാധിയാകട്ടെ കൂലിവേലയാണ്‌. കൂലിവേലയെടുക്കുന്ന തൊഴിലാളികള്‍ സംഘടിച്ച്‌ വിപ്ലവക്കൂട്ടുകെട്ടുണ്ടാക്കുന്നു. അങ്ങനെ ബൂര്‍ഷ്വാസിയുടെ സൃഷ്ടിയായ തൊഴിലാളിവര്‍ഗം ബൂര്‍ഷ്വാസിയുടെ നാശത്തിലേക്കു കാര്യങ്ങള്‍ നീക്കുന്നു. അങ്ങനെ ബൂര്‍ഷ്വാസിയുടെ നാശവും തൊഴിലാളിവര്‍ഗത്തിന്റെ വിജയവും അനിവാര്യമായിത്തീരുന്നു.

തൊഴിലാളിവര്‍ഗത്തെ ഭരണാധികാരി വര്‍ഗത്തിന്റെ നിലയിലേക്കുയര്‍ത്തുകയും, ജനാധിപത്യത്തിനുവേണ്ടിയുള്ള സമരത്തില്‍ വിജയം നേടുകയും ചെയ്യുന്നുവെന്നതാണ്‌ തൊഴിലാളിവര്‍ഗവിപ്ലവത്തിന്റെ ആദ്യപടിയെന്ന്‌ മാനിഫെസ്റ്റോ വ്യക്തമാക്കുന്നു. ഉത്‌പാദനോപകരണങ്ങളുടെ ഉടമാവകാശം ഭരണാധികാരിവര്‍ഗമായിത്തീര്‍ന്ന തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ സമൂഹത്തിന്റേതാക്കിത്തീര്‍ക്കുകയാണ്‌ അടുത്ത പടി. ക്രമേണ വര്‍ഗവ്യത്യാസമില്ലാതാവുകയും ഉത്‌പാദനമെല്ലാം രാഷ്‌ട്രത്തിന്റേതാവുകയും ചെയ്യുമ്പോള്‍ ഭരണാധികാരത്തിനു രാഷ്‌ട്രീയസ്വഭാവം ഇല്ലാതാവും. രാഷ്‌ട്രീയാധികാരമെന്നു സാധാരണയായി പറയുന്നത്‌ ഒരു വര്‍ഗത്തിന്‌ മറ്റൊരു വര്‍ഗത്തെ മര്‍ദിക്കാനുള്ള സംഘടിതശക്തിയാണ്‌. ഒരു വര്‍ഗമെന്ന നിലയില്‍ തൊഴിലാളിവര്‍ഗം വിപ്ലവത്തിലൂടെ ഭരണാധികാരി വര്‍ഗമായിത്തീരുകയും, ആ നിലയ്‌ക്കു പഴയ ഉത്‌പാദന വ്യവസ്ഥകള്‍ തുടച്ചു മാറ്റുമ്പോള്‍, ആ വ്യവസ്ഥകളോടൊപ്പം വര്‍ഗവൈരുധ്യങ്ങളുടെയും വര്‍ഗങ്ങളുടെ തന്നെയും നിലനില്‌പിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാകുകയും ചെയ്യും. അങ്ങനെ വര്‍ഗങ്ങളും വര്‍ഗവൈരങ്ങളുമുള്ള ബൂര്‍ഷ്വാ സമുദായത്തിന്റെ സ്ഥാനത്ത്‌ "ഓരോരുത്തരും സ്വതന്ത്രമായി വളര്‍ന്നാല്‍ മാത്രം എല്ലാവരും സ്വതന്ത്രമായി വളരുന്ന' ഒരു സമുദായം നിലവില്‍ വരുമെന്ന്‌ മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നു. ഈ സമുദായം നിര്‍മിക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ അജയ്യമായ ശക്തിക്കു കഴിയും. അതിനാല്‍ മാനിഫെസ്റ്റോ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: "സര്‍വരാജ്യത്തൊഴിലാളികളേ, സംഘടിക്കുവിന്‍'.

വിവിധരാഷ്‌ട്രങ്ങളില്‍ നിന്ന്‌ (റഷ്യയൊഴിച്ച്‌) 50ല്‍ അധികം ഭാഷകളിലായി മാനിഫെസ്റ്റോയുടെ 760ഓളം പതിപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്‌. 1975 ജൂണ്‍ 1ലെ കണക്കനുസരിച്ച്‌ റഷ്യയില്‍ നിന്ന്‌ 75 ഭാഷകളിലായി 466 പതിപ്പുകളിലൂടെ മാനിഫെസ്റ്റോയുടെ 2,65,87,100 പ്രതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.

കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോവിനു മലയാളത്തില്‍ ഒന്നിലധികം വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ആദ്യകാല വിവര്‍ത്തനങ്ങളില്‍ കെ.ദാമോദരന്റെ സമഷ്ടിവാദ വിജ്ഞാപനം (1936), ഇ.വി. ദേവിന്റെ കമ്യൂണിസ്റ്റ്‌ വിജ്ഞാപനം (1947) എന്നിവ പ്രാധാന്യം അര്‍ഹിക്കുന്നു. മോസ്‌കോവിലെ പ്രാഗ്രസ്‌ പബ്ലിഷേഴ്‌സും ഇതിന്റെ ഒരു പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍