This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലുകള്‍

വിവിധ രാജ്യങ്ങളിലെ തൊഴിലാളി ബഹുജനസംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട്‌ 19-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തിലും 20-ാം ശ.ത്തിന്റെ പൂര്‍വാര്‍ധത്തിലും രൂപവത്‌കൃതമായ സാര്‍വദേശീയ സംഘടനകള്‍. ഇവ ഒരു നൂറ്റാണ്ടുകാലത്തോളം പ്രവര്‍ത്തിച്ചു.

ഒന്നാം ഇന്റര്‍നാഷണല്‍ (1864-72). 1864 സെപ്‌. 28ന്‌ ലണ്ടനില്‍ മാര്‍ട്ടിന്‍സ്‌ ഹാളില്‍ചേര്‍ന്ന വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ ഒരു സമ്മേളനമാണ്‌ "ഇന്റര്‍നാഷണല്‍ വര്‍ക്കിങ്‌ മെന്‍സ്‌ അസോസിയേഷന്‍' (സാര്‍വദേശീയ തൊഴിലാളി സംഘം) എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. പിന്നീട്‌ ഇത്‌ "ഒന്നാം ഇന്റര്‍നാഷണല്‍' എന്ന പേരില്‍ ചരിത്രപ്രസിദ്ധമായിത്തീര്‍ന്നു. ആ സമ്മേളനം ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രക്കമ്മിഷനെയും യൂറോപ്പിലെ തലസ്ഥാന നഗരങ്ങളില്‍ സബ്‌കമ്മിഷനു‌കളെയും ഏര്‍പ്പെടുത്തി; പുതിയ സംഘടനയുടെ ഭരണഘടനയും നയപരിപാടികളും തയ്യാറാക്കുകയും അടുത്തകൊല്ലം ഒരു സാര്‍വദേശീയ കോണ്‍ഗ്രസ്‌ വിളിച്ചുകൂട്ടുന്നതിന്‌ ഒരുക്കങ്ങള്‍ നടത്തുകയുമായിരുന്നു ഈ കമ്മിഷനു‌കളുടെ ജോലി.

ഇതിനു‌മുമ്പ്‌ 1847-52 കാലത്തുതന്നെ കമ്യൂണിസ്റ്റ്‌ലീഗ്‌ എന്ന ഒരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. അതിന്റെ നയപ്രഖ്യാപനമെന്ന നിലയിലാണ്‌ ശാസ്‌ത്രീയ സോഷ്യലിസത്തിന്റെ ഉപജ്ഞാതാക്കളായ കാറല്‍മാര്‍ക്‌സും ഫ്രഡറിക്‌ എംഗല്‍സും ചരിത്രപ്രസിദ്ധമായ കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ എഴുതി പ്രസിദ്ധീകരിച്ചത്‌. വിപ്ലവകാരികളുടെയും തൊഴിലാളികളുടെയും ചെറിയ ഗ്രൂപ്പുകളുടെ സംഘടനയായിരുന്നു കമ്യൂണിസ്റ്റ്‌ ലീഗ്‌. നേരെമറിച്ച്‌ അന്നു യൂറോപ്യന്‍ രാജ്യങ്ങളില്‍ വളരാന്‍ തുടങ്ങിയിരുന്ന വിപുലമായ തൊഴിലാളി പ്രസ്ഥാനത്തെയും അതിലെ വിവിധ ചിന്താഗതികളെയും ഒന്നാം ഇന്റര്‍നാഷണല്‍ അതിലേക്ക്‌ ആകര്‍ഷിച്ചു. അതനു‌സരിച്ച്‌ അതിന്റെ സംഘടനം ഒരേസമയം അയവേറിയതും കേന്ദ്രീകൃതവുമായിരുന്നു.

ഇന്റര്‍നാഷണലിന്റെ നയപരിപാടികളും അച്ചടക്കവും അംഗീകരിക്കുന്ന എല്ലാവര്‍ക്കും അതില്‍ അംഗമായി ചേരാമായിരുന്നു. ഓരോ രാജ്യത്തിലുമുള്ള അംഗങ്ങള്‍ അവിടെ ഇന്റര്‍നാഷണലിന്റെ ശാഖയായി പ്രവര്‍ത്തിക്കും. ഓരോ രാജ്യത്തിലെയും ട്രഡ്‌ യൂണിയനു‌കള്‍ക്കും തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ഇന്റര്‍നാഷണലിന്റെ ദേശീയശാഖയുമായി അഫിലിയേറ്റു ചെയ്യാവുന്നതാണ്‌. കൊല്ലംതോറും ചേരുന്ന കോണ്‍ഗ്രസ്സായിരുന്നു ഇന്റര്‍നാഷണലിന്റെ പരമാധികാരസഭ. കോണ്‍ഗ്രസ്‌ തെരഞ്ഞെടുക്കുന്ന ജനറല്‍ കൗണ്‍സിലില്‍ ഓരോ രാജ്യത്തുനിന്നും ഓരോ പ്രതിനിധിയുണ്ടായിരുന്നു; ജനറല്‍ കൗണ്‍സിലിന്റെ ആസ്ഥാനം ലണ്ടനും. ഒട്ടുമിക്ക ആഴ്‌ചകളിലും ജനറല്‍ കൗണ്‍സില്‍ സമ്മേളിക്കുക പതിവായിരുന്നു.

ഇന്റര്‍നാഷണലിന്റെ ഒന്നാം കോണ്‍ഗ്രസ്‌ 1866 സെപ്‌. 3ന്‌ ജനീവയില്‍ വച്ചുകൂടി. കാറല്‍ മാര്‍ക്‌സ്‌ എഴുതി തയ്യാറാക്കിയിരുന്ന ഇന്റര്‍നാഷണലിന്റെ "ഉദ്‌ഘാടന പ്രസംഗ'വും (നയപ്രഖ്യാപനം) ഭരണഘടനയും ഈ കോണ്‍ഗ്രസ്‌ അംഗീകരിച്ചു. "സര്‍വരാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍' എന്ന കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലെ മുദ്രാവാക്യത്തോടെ അവസാനിക്കുന്ന ആ ഉദ്‌ഘാടന പ്രസംഗത്തില്‍ മുപ്പതുകൊല്ലത്തെ സമരംകൊണ്ട്‌ യൂറോപ്പിലെ തൊഴിലാളികള്‍ക്ക്‌ നേടാന്‍കഴിഞ്ഞ വിജയങ്ങളെപ്പറ്റി പ്രസ്‌താവിച്ചിരിക്കുന്നു. തൊഴില്‍ ദിവസം പത്തു മണിക്കൂറാക്കി നിജപ്പെടുത്തിക്കൊണ്ട്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റ്‌ പാസാക്കിയ നിയമം; റോബര്‍ട്ട്‌ ഓവന്റെ നേതൃത്വത്തില്‍ മുതലാളികളെക്കൂടാതെ തൊഴിലാളികള്‍ സഹകരണാടിസ്ഥാനത്തില്‍ ആരംഭിച്ച വ്യവസായസ്ഥാപനങ്ങള്‍ഇവ രണ്ടും "സ്വകാര്യസ്വത്തിന്റെ അര്‍ഥശാസ്‌ത്രത്തിന്നെതിരായി അധ്വാനത്തിന്റെ അര്‍ഥശാസ്‌ത്രം നേടിയ മഹത്തായ രാഷ്‌ട്രീയ വിജയ'ങ്ങളായി പ്രകീര്‍ത്തിക്കപ്പെട്ടു.

രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കുകയെന്നത്‌ പണിയെടുക്കുന്ന വര്‍ഗങ്ങളുടെ മഹത്തായ കര്‍ത്തവ്യമായി തീര്‍ന്നിരിക്കുന്നു എന്നും വിജയത്തിനാവശ്യമായ പ്രധാനഘടകമായ സംഖ്യാബലം തൊഴിലാളികള്‍ക്കുണ്ടെന്നും പക്ഷേ, സംഘടനകൊണ്ട്‌ ഐക്യപ്പെടുകയും അറിവുകൊണ്ട്‌ നയിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ സംഖ്യാബലത്തിനു‌ മുന്‍തൂക്കം കിട്ടുകയുള്ളു എന്നും ആ നയപ്രഖ്യാപനം ഉദ്‌ബോധിപ്പിച്ചു. "സ്വകാര്യവ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങളെ ഭരിക്കേണ്ടതായ ധര്‍മത്തിന്റെയും നീതിയുടെയും ലളിതനിയമങ്ങള്‍ രാഷ്‌ട്രങ്ങള്‍ക്കിടയിലുള്ള ബന്ധത്തില്‍ പരമപ്രധാനമായിത്തീരുന്ന ഒരു വിദേശനയത്തിനു‌വേണ്ടിയുള്ള സമരം' പണിയെടുക്കുന്ന വര്‍ഗങ്ങളുടെ വിമോചനത്തിനു‌ള്ള പൊതുസമരത്തിന്റെ ഭാഗമാണെന്നും അതില്‍ പറഞ്ഞിട്ടുണ്ട്‌.

1867ല്‍ ലാസ്സാനില്‍ വച്ചും (സെപ്‌. 28), 1868ല്‍ ബ്രസ്സല്‍സില്‍ വച്ചും (സെപ്‌. 615), 1869ല്‍ ബാസ്‌ലേയില്‍ (ബാസെലില്‍) വച്ചും (സെപ്‌. 612) ഇന്റര്‍നാഷണലിന്റെ കോണ്‍ഗ്രസ്സുകള്‍ കൂടി; 1871 സെപ്‌. 1723 തീയതികളില്‍ ലണ്ടനില്‍വച്ച്‌ ഇന്റര്‍നാഷണലിന്റെ ഒരു സമ്മേളനം കൂടുകയുണ്ടായി. ഫലത്തില്‍ അവസാനത്തേതെന്ന്‌ പറയാവുന്ന കോണ്‍ഗ്രസ്‌ കൂടിയത്‌ 1872ല്‍ ഹേഗില്‍വച്ചായിരുന്നു. ഈ കോണ്‍ഗ്രസ്സുകളിലും ജനറല്‍ കൗണ്‍സിലിന്റെ യോഗങ്ങളിലും ജനറല്‍ കൗണ്‍സിലും ദേശീയ ഘടകങ്ങളും തമ്മില്‍ തുടര്‍ച്ചയായി നടത്തിയ കത്തിടപാടുകളിലും അക്കാലത്ത്‌ തൊഴിലാളി പ്രസ്ഥാനത്തെ നേരിട്ട പ്രധാന പ്രശ്‌നങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടക്കുകയും വ്യത്യസ്‌തവും വിരുദ്ധവുമായ ചിന്താഗതികള്‍ ഏറ്റുമുട്ടുകയും ചെയ്‌തു. ഭൂമിയും മറ്റ്‌ ഉത്‌പാദനോപാധികളും ദേശവത്‌കരിക്കുന്ന പ്രശ്‌നം, തൊഴിലാളിവര്‍ഗം രാഷ്‌ട്രീയാധികാരത്തിലെത്താനു‌ള്ള മാര്‍ഗങ്ങള്‍, ട്രഡ്‌ യൂണിയനു‌കള്‍ക്കും പണിമുടക്കങ്ങള്‍ക്കുമുള്ള സ്ഥാനം, സാമ്പത്തികസാമൂഹിക പരിഷ്‌കാരങ്ങള്‍, തൊഴില്‍നിയമങ്ങള്‍, ദേശീയപ്രശ്‌നം, യുദ്ധത്തിന്റെയും സമാധാനത്തിന്റെയും പ്രശ്‌നം എന്നിവയെല്ലാം അവിടെ ചര്‍ച്ചാവിഷയങ്ങളായി.

1864 മുതല്‍ 1872 വരെ ഫലപ്രദമായും നിരന്തരമായും പ്രവര്‍ത്തിച്ച ജനറല്‍ കൗണ്‍സില്‍ തൊഴിലാളി പ്രസ്ഥാനത്തിനു‌ തുടര്‍ച്ചയായി രാഷ്‌ട്രീയവും പ്രായോഗികവുമായ നേതൃത്വം നല്‌കി. ജനറല്‍ കൗണ്‍സിലിന്റെ ഹൃദയവും ആത്മാവും മസ്‌തിഷ്‌കവുമായി പ്രവര്‍ത്തിച്ചത്‌ കാറല്‍ മാര്‍ക്‌സ്‌ ആയിരുന്നു. അടിസ്ഥാനതത്ത്വങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യാതെയും ഭൂരിപക്ഷത്തിനു‌ സ്വീകാര്യമല്ലാത്ത നയങ്ങള്‍ അടിച്ചേല്‌പിക്കാന്‍ ശ്രമിക്കാതെയും ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനത്തില്‍ ഐക്യദാര്‍ഢ്യം കൈവരുത്താന്‍ അദ്ദേഹം ശ്രമിച്ചു.

ഇംഗ്ലണ്ട്‌, ഫ്രാന്‍സ്‌, ബല്‍ജിയം, ആസ്റ്റ്രിയ, ഹംഗറി, സ്വിറ്റ്‌സര്‍ലണ്ട്‌, ജര്‍മനി, സ്‌പെയിന്‍, ഇറ്റലി, യു.എസ്‌. എന്നീ രാജ്യങ്ങള്‍ ഇന്റര്‍നാഷണലിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചിരുന്നു. കല്‍ക്കത്തയില്‍ ഒരു ശാഖ സ്ഥാപിച്ചു പ്രവര്‍ത്തിക്കാന്‍ അനു‌വാദം കൊടുത്തതായി ജനറല്‍ കൗണ്‍സിലിന്റെ മിനിട്ട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 1869ല്‍ ഇന്റര്‍നാഷണലിന്‌ ബ്രിട്ടനില്‍ 230 ശാഖകളും 95,000 അംഗങ്ങളും ഉണ്ടായിരുന്നതായി കാണുന്നു. ഫ്രാന്‍സില്‍ 4,33,785ഉം ജര്‍മനിയില്‍ 1,50,000ഉം അംഗങ്ങള്‍ ഇന്റര്‍നാഷണലിന്‌ ഉണ്ടായിരുന്നതായി 1870ല്‍ പൊലീസ്‌ വൃത്തങ്ങള്‍ പ്രസ്‌താവിച്ചിരുന്നു.

19-ാം ശ.ത്തിന്റെ രണ്ടാം പകുതിയിലെയും ഇന്റര്‍നാഷണലിന്റെ ചരിത്രത്തിലെയും ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങള്‍ 1870ല്‍ പൊട്ടിപ്പുറപ്പെട്ട ഫ്രാങ്കോജര്‍മന്‍ യുദ്ധവും 1870ലെ ചരിത്രപ്രസിദ്ധമായ പാരിസ്‌ കമ്യൂണുമാണ്‌. ഫ്രഞ്ചുഗവണ്‍മെന്റ്‌ ജര്‍മന്‍സൈന്യനായകന്മാരുമായി ഒരു യുദ്ധവിരാമക്കരാറിലേര്‍പ്പെട്ട്‌ പാരിസ്‌ നഗരത്തെ ജര്‍മന്‍കാര്‍ക്ക്‌ അടിയറവയ്‌ക്കാന്‍ തീരുമാനിച്ചപ്പോള്‍, പാരിസിലെ പൗരസൈന്യവും തൊഴിലാളികളും ഒരുമിച്ചുയിര്‍ത്തെഴുന്നേറ്റ്‌ നഗരത്തിന്റെ ഭരണം ഏറ്റെടുത്തു. 1871 മാ. 18ന്‌ പാരിസ്‌കമ്യൂണ്‍ പ്രഖ്യാപിക്കപ്പെട്ടു. തൊഴിലാളിവര്‍ഗ ഭരണാധികാരത്തിന്റെ ചരിത്രത്തിലെ പ്രഥമമാതൃകയായിട്ടാണ്‌ പാരിസ്‌ കമ്യൂണിനെ കണക്കാക്കുന്നത്‌. ആറാഴ്‌ചക്കാലം പാരിസ്‌കമ്യൂണ്‍ ഭരണാധികാരത്തിലിരിക്കുകയും ആക്രമണകാരികളെ ചെറുക്കുകയും സാമൂഹികസാമ്പത്തിക മണ്ഡലങ്ങളില്‍ സുപ്രധാനങ്ങളായ പരിഷ്‌കാരങ്ങള്‍ കൈവരുത്തുകയും ചെയ്‌തു.

പാരിസ്‌ തൊഴിലാളികള്‍ അധികാരം ഏറ്റെടുത്തപ്പോള്‍ ഇന്റര്‍നാഷണല്‍ അതിനെ സ്വാഗതം ചെയ്‌തു; കമ്യൂണിന്‌ എല്ലാ പിന്തുണയും നല്‌കുകയും ചെയ്‌തു. തെരഞ്ഞെടുക്കപ്പെട്ട 93 പാരിസ്‌ തൊഴിലാളി അംഗങ്ങളില്‍ 17 പേര്‍ ഇന്റര്‍നാഷണലില്‍ ഉള്ളവരായിരുന്നു.

ഫ്രഞ്ച്‌ ഭരണാധികാരികളും ജര്‍മന്‍ സൈന്യവും ചേര്‍ന്ന്‌ പാരിസ്‌ നഗരത്തെ ആക്രമിക്കുകയും പാരിസ്‌കമ്യൂണിനെ തകര്‍ക്കുകയും ചെയ്‌തു; 30,000 ആളുകളെ വെടിവച്ചുകൊന്നു; 45,900 പേരെ തടവുകാരാക്കി. ആളുകളെ കൂട്ടത്തോടെ നാടുകടത്തി. കമ്യൂണിന്റെ പതനത്തിനു‌ശേഷം രണ്ടുദിവസത്തിനകം ഇന്റര്‍നാഷണലിന്റെ ജനറല്‍ കൗണ്‍സില്‍ കമ്യൂണിനെ അഭിവാദ്യം ചെയ്‌തുകൊണ്ടും കമ്യൂണിന്റെ പാഠങ്ങള്‍ വിശദീകരിച്ചുകൊണ്ടും ഒരു മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുകയുണ്ടായി. ഫ്രാന്‍സിലെ ആഭ്യന്തരയുദ്ധം എന്ന പേരില്‍ പ്രസിദ്ധമായ ആ മാനിഫെസ്റ്റോ എഴുതിയത്‌ കാറല്‍ മാര്‍ക്‌സായിരുന്നു.

പാരിസ്‌ കമ്യൂണിന്റെ പതനത്തിനു‌ശേഷം ഇന്റര്‍നാഷണലിനകത്തെ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായിത്തീര്‍ന്നു; മിതവാദികള്‍ അതില്‍ പങ്കെടുക്കാതെയായി. അരാജകവാദികള്‍ മറ്റൊരു "ഇന്റര്‍നാഷണല്‍' രൂപവത്‌കരിച്ചു. ഇന്റര്‍നാഷണലിനെ തകര്‍ച്ചയില്‍നിന്നു രക്ഷിക്കാന്‍ 1872ലെ ഹേഗ്‌ കോണ്‍ഗ്രസ്സിനു‌ശേഷം അതിന്റെ ആസ്ഥാനം ന്യൂയോര്‍ക്കിലേക്കു മാറ്റിയെങ്കിലും നാലുകൊല്ലം യു.എസ്സില്‍ പ്രവര്‍ത്തിച്ചശേഷം 1876ല്‍ അത്‌ പിരിച്ചുവിടുകയാണുണ്ടായത്‌.

രണ്ടാം ഇന്റര്‍നാഷണല്‍. ഒന്നാം ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ട്‌ 13 വര്‍ഷം കഴിഞ്ഞിട്ടാണ്‌ രണ്ടാം ഇന്റര്‍നാഷണല്‍ സ്ഥാപിതമായത്‌. ഈ കാലഘട്ടത്തില്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും യൂറോപ്പിനു‌ പുറത്തും ശാസ്‌ത്രീയ സോഷ്യലിസം അടിസ്ഥാനപ്രമാണമാക്കിയുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ വളര്‍ന്നുവരികയുണ്ടായി. അതിനു‌ കളമൊരുക്കിയത്‌ ഒന്നാം ഇന്റര്‍നാഷണലാണെന്നു പറയാവുന്നതാണ്‌. സോഷ്യലിസ്റ്റ്‌ അഥവാ സോഷ്യല്‍ ഡെമോക്രാറ്റിക്‌ എന്ന പേരിലറിയപ്പെട്ട ഈ പാര്‍ട്ടികളില്‍ ഏറ്റവും പഴക്കം ചെന്നതും വളരെക്കാലം തൊഴിലാളികളുടെ രാഷ്‌ട്രീയ സംഘടനകള്‍ക്കു മാതൃകയായിരുന്നതും ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയാണ്‌. മാര്‍ക്‌സും എംഗല്‍സും നേരിട്ടു സഹായിക്കുകയും ഇടപെടുകയും മാര്‍ഗനിര്‍ദേശം നല്‌കുകയും ചെയ്‌ത ഈ പാര്‍ട്ടി സ്ഥാപിക്കപ്പെട്ടത്‌ 1869ലായിരുന്നു; അത്‌ ഒന്നാം ഇന്റര്‍നാഷണലിലെ ഒരു പ്രമുഖ ഘടകവുമായിരുന്നു.

മറ്റു പല പ്രധാന രാജ്യങ്ങളിലും സോഷ്യലിസ്റ്റ്‌ പാര്‍ട്ടികള്‍ വളര്‍ന്നുവന്നത്‌ ഒന്നാം ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട പാര്‍ട്ടികളില്‍നിന്നോ ഗ്രൂപ്പുകളില്‍നിന്നോ ആണ്‌. 1871-80 കാലത്ത്‌ ആസ്റ്റ്രിയ, ഡെന്മാര്‍ക്ക്‌, ഫ്രാന്‍സ്‌, ഹോളണ്ട്‌, ഹംഗറി, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലണ്ട്‌, യു.എസ്‌. എന്നീ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ സ്ഥാപിക്കപ്പെട്ടു. 1881-90 കാലത്ത്‌ ബെല്‍ജിയം, ബ്രിട്ടന്‍, നോര്‍വെ, സ്വീഡന്‍, റഷ്യ എന്നീ രാജ്യങ്ങളിലും സോഷ്യല്‍ഡെമോക്രാറ്റിക്‌ പാര്‍ട്ടികള്‍ നിലവില്‍വന്നു. പിന്നീടാണ്‌ ആസ്റ്റ്രലിയ, ഫിന്‍ലന്‍ഡ്‌ (1890), പോളണ്ട്‌, ഇറ്റലി (1892), ബള്‍ഗേറിയ, ഹംഗറി, ചിലി (1894), ആര്‍ജന്റീന (1896), ജപ്പാന്‍ (1901), സെര്‍ബിയ (1903), കാനഡ (1904), ചൈന (1911), ബ്രസീല്‍ (1916) എന്നീ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റുപാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്‌.

മദാം ഭിക്കായിജി റസ്റ്റം കാമാ

ഫ്രഞ്ചുവിപ്ലവത്തിന്റെ ശതാബ്‌ദിദിനമായ 1889 ജൂല. 14ന്‌ പാരിസില്‍ രണ്ടാം (സോഷ്യലിസ്റ്റ്‌) ഇന്റര്‍നാഷണല്‍ സ്ഥാപിക്കുന്നതിനു‌ള്ള കോണ്‍ഗ്രസ്‌ ആരംഭിച്ചു; ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയും ഫ്രഞ്ചു സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും ചേര്‍ന്നാണ്‌ അത്‌ വിളിച്ചുകൂട്ടിയത്‌. 20 രാജ്യങ്ങളില്‍നിന്ന്‌ മാര്‍ക്‌സിസം അംഗീകരിക്കുന്ന വിവിധ പാര്‍ട്ടികളുടെ 467 പ്രതിനിധികള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം 1890 മേയ്‌ 1 സാര്‍വദേശീയ തൊഴിലാളിദിനമായി ആഘോഷിക്കാനു‌ള്ള ആഹ്വാനമായിരുന്നു. അന്ന്‌ എല്ലാ രാജ്യങ്ങളിലും തൊഴിലാളികള്‍ ജോലിസമയം എട്ടുമണിക്കൂറായി കുറയ്‌ക്കുന്നതിനു‌വേണ്ടിയും മറ്റാവശ്യങ്ങള്‍ക്കായും പ്രകടനങ്ങളും പണിമുടക്കും നടത്തണമെന്ന്‌ സമ്മേളനം തീരുമാനിച്ചു. അങ്ങനെയാണ്‌ മേയ്‌ ദിനം നിലവില്‍വന്നത്‌.

1914 വരെ ഒരു കാല്‍ നൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ച രണ്ടാം ഇന്റര്‍നാഷണല്‍ ഔദ്യോഗികമായി "ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ്‌ വര്‍ക്കേഴ്‌സ്‌ ആന്‍ഡ്‌ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്‌' എന്ന പേരിലറിയപ്പെട്ട 9 സാര്‍വദേശീയ സമ്മേളനങ്ങള്‍ കൂടി. എല്ലാ ട്രഡ്‌ യൂണിയനു‌കള്‍ക്കും തൊഴിലാളിസംഘടനകളുടെയും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെയും ആവശ്യം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഈ സമ്മേളനങ്ങളില്‍ പ്രാതിനിധ്യം അനു‌വദിച്ചിരുന്നു. ആദ്യകാലത്ത്‌ ഈ ആനു‌കാലികസമ്മേളനങ്ങള്‍ കൂടുന്നതൊഴിച്ചാല്‍, രണ്ടാം ഇന്റര്‍നാഷണലിന്‌ ഒരു കേന്ദ്രീകൃതപരിപാടി ഉണ്ടായിരുന്നില്ല. 1910ല്‍ ചേര്‍ന്ന അഞ്ചാം കോണ്‍ഗ്രസ്സില്‍ മാത്രമാണ്‌ ഒരു "ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ്‌ ബ്യൂറൊ' സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌; എങ്കിലും കോണ്‍ഗ്രസ്സുകളുടെ തീരുമാനങ്ങള്‍ ഔദ്യോഗികമായി വിശദീകരിക്കാനോ നടപ്പില്‍ വരുത്താനോ അധികാരവും ഉത്തരവാദിത്വവുമുള്ള ഒരു സംഘടനയായിരുന്നില്ല ഇത്‌. അക്കാര്യങ്ങളെല്ലാം ഇന്റര്‍നാഷണലിന്റെ ഘടകങ്ങളായ ദേശീയപാര്‍ട്ടികള്‍ക്കും അംഗസംഘടനകള്‍ക്കും വിട്ടുകൊടുക്കുകയാണുണ്ടായത്‌.

എഡ്വാര്‍ഡ്‌ ബേണ്‍സ്റ്റൈന്‍

എങ്കിലും രണ്ടാം ഇന്റര്‍നാഷണലിന്റെ കാലത്ത്‌ സോഷ്യലിസ്റ്റുപ്രസ്ഥാനം വളര്‍ന്നു. മാര്‍ക്‌സിസത്തിന്റെശാസ്‌ത്രീയ സോഷ്യലിസത്തിന്റെആശയങ്ങള്‍ വ്യാപകമായി പ്രചരിച്ചു. അപ്പോഴേക്കും കാറല്‍ മാര്‍ക്‌സ്‌ മരിച്ചുകഴിഞ്ഞിരുന്നു; പക്ഷേ, ഫെഡ്രറിക്‌ എംഗല്‍സ്‌ നിരവധി ഈടുറ്റ ലേഖനങ്ങളിലൂടെയും നേരിട്ടുള്ള ബന്ധങ്ങള്‍വഴിയും സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടികളെ വളരെയധികം സഹായിച്ചു. ഒന്നാം ഇന്റര്‍നാഷണലിന്റെ ഘടകങ്ങള്‍ താരതമ്യേന വിപ്ലവകാരികളുടെ ചെറിയ ഗ്രൂപ്പുകളായിരുന്നുവെങ്കില്‍ രണ്ടാം ഇന്റര്‍നാഷണലില്‍പെട്ട പാര്‍ട്ടികളുടെ മൊത്തം അംഗസംഖ്യ 40 ലക്ഷത്തോളം വരുമായിരുന്നു. ആ പാര്‍ട്ടികള്‍ക്ക്‌ പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളില്‍ 120 ലക്ഷം വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്നു. അവയില്‍ ഏറ്റവും വലുത്‌ 15 ലക്ഷം അംഗങ്ങളുള്ള ബ്രിട്ടീഷ്‌ ലേബര്‍ പാര്‍ട്ടിയും പത്തുലക്ഷം അംഗസംഖ്യയുള്ള ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുമായിരുന്നു. കൂടാതെ ഈ രാജ്യങ്ങളിലെ 120 ലക്ഷം അംഗസംഖ്യയുള്ള ട്രഡ്‌ യൂണിയനു‌കളും ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ടിരുന്നു; ഇതിനു‌പുറമേ, ഇന്റര്‍നാഷണലിന്‌ ഒരു മഹിളാവിഭാഗവും യുവജനവിഭാഗവും ഉണ്ടായിരുന്നു.

രണ്ടാം ഇന്റര്‍നാഷണലിന്റെ കോണ്‍ഗ്രസ്സുകളില്‍ ചര്‍ച്ചചെയ്‌ത രണ്ടു പ്രധാന പ്രശ്‌നങ്ങള്‍ ശ്രദ്ധാര്‍ഹമാണ്‌; ഒന്നാമത്‌ യുദ്ധത്തിന്റെ പ്രശ്‌നം; 1891ല്‍ ഉണ്ടായ ഫ്രാങ്കോറഷ്യന്‍ സഖ്യം വരാന്‍പോകുന്ന മഹായുദ്ധത്തിന്റെ ദുസ്സൂചനയായിരുന്നു. 1904ലെ റഷ്യജപ്പാന്‍ യുദ്ധം അതിനെ കൂടുതല്‍ ആസന്നമാക്കി. 1891ലെയും 1896ലെയും ഇന്റര്‍നാഷണലിന്റെ സമ്മേളനങ്ങള്‍ യുദ്ധത്തിനും ആയുധസജ്ജീകരണത്തിനും എതിരായ പ്രമേയങ്ങള്‍ പാസാക്കുകയുണ്ടായി. 1907ല്‍ സ്റ്റൂട്ട്‌ഗാര്‍ട്ടില്‍ ചേര്‍ന്ന സമ്മേളനം തീവ്രമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം അംഗീകരിച്ച പ്രമേയത്തില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതു തടയാന്‍ തൊഴിലാളികളും അവരുടെ പാര്‍ലമെന്ററി പ്രതിനിധികളും എല്ലാ ശ്രമങ്ങളും നടത്തണമെന്നും അവ പരാജയപ്പെടുകയും യുദ്ധം പൊട്ടിപ്പുറപ്പെടുകയുമാണെങ്കില്‍ ഉണ്ടാകുന്ന സാമ്പത്തികരാഷ്‌ട്രീയ പ്രതിസന്ധിയെ മുതലാളിത്തവാഴ്‌ചയുടെ അധഃപതനത്തിനായി ഉപയോഗിക്കേണ്ടത്‌ തൊഴിലാളികളുടെ കടമയാണെന്നും ഉത്‌ബോധിപ്പിച്ചു. 1912ല്‍ ബാസലില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ്‌ സ്‌പെഷ്യല്‍ കോണ്‍ഗ്രസ്‌ യുദ്ധത്തിനെതിരായി അംഗീകരിച്ച മാനിഫെസ്റ്റോ കൂടുതല്‍ വ്യക്തവും നിശിതവുമായിരുന്നു.

കൊളോനിയലിസത്തോടുള്ള സമീപനമായിരുന്നു രണ്ടാമത്തെ പ്രശ്‌നം. മുതലാളിത്ത രാഷ്‌ട്രങ്ങളുടെ കൊളോനിയല്‍ നയങ്ങളെ സോഷ്യലിസ്റ്റുപാര്‍ട്ടികള്‍ എല്ലാ വിധത്തിലും എതിര്‍ക്കണമെന്നും കോളനികളിലും അര്‍ധകോളനികളിലും സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ രൂപവത്‌കരിക്കാന്‍ സഹായിക്കണമെന്നും 1900ല്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ ഒരു പ്രമേയം അംഗീകരിക്കുകയുണ്ടായി. 1907ല്‍ സ്റ്റൂട്ട്‌ഗാര്‍ട്ടില്‍ കൂടിയ കോണ്‍ഗ്രസ്സില്‍ ഈ പ്രശ്‌നം വീണ്ടും ചര്‍ച്ചചെയ്യപ്പെട്ടു. ആ കോണ്‍ഗ്രസ്സിലാണ്‌ പ്രസിദ്ധ ഇന്ത്യന്‍ വിപ്ലവകാരിയായ മദാം ഭിക്കായിജി റസ്റ്റം കാമാ സ്വയം തയ്യാറാക്കിയ ഇന്ത്യയുടെ ത്രിവര്‍ണ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട്‌ ഇന്ത്യയിലെ സ്വാതന്ത്യ്രസമരത്തിനു‌ സഹായമഭ്യര്‍ഥിച്ചത്‌. ആ കോണ്‍ഗ്രസ്‌ ഭൂരിപക്ഷപ്രകാരം അംഗീകരിച്ച പ്രമേയം കൊളോനിയലിസത്തെ അധിക്ഷേപിക്കുന്ന ഒന്നായിരുന്നു.

ഈ ചര്‍ച്ചകളില്‍ പൊന്തിവന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഇന്റര്‍നാഷണലിനകത്ത്‌ രൂപംകൊള്ളാന്‍ തുടങ്ങിയിരുന്ന വ്യത്യസ്‌ത ചിന്താഗതികളെ സൂചിപ്പിച്ചു. ബ്രിട്ടീഷ്‌ ലേബര്‍ പാര്‍ട്ടി ഒഴികെ ഇന്റര്‍നാഷണലില്‍ അംഗങ്ങളായ മറ്റെല്ലാ പാര്‍ട്ടികളും ഔപചാരികമായി മാര്‍ക്‌സിസത്തിന്റെ സിദ്ധാന്തങ്ങള്‍ അംഗീകരിച്ചവയായിരുന്നു. പക്ഷേ, അതില്‍നിന്നു വ്യതിചലിക്കാനു‌ള്ള പ്രവണതകള്‍ ആ പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ഈ പ്രവണതകളുടെ ആകെത്തുകയാണ്‌ പിന്നീട്‌ "തിരുത്തല്‍വാദം' (Revisionism)എന്ന പേരില്‍ അറിയപ്പെട്ടത്‌. അതിന്റെ പ്രമുഖ സൈദ്ധാന്തികന്‍ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ നേതാവായ എഡ്വാര്‍ഡ്‌ ബേണ്‍സ്റ്റൈന്‍ ആയിരുന്നു. കൊളോനിയലിസത്തെ തത്ത്വത്തിലും എക്കാലത്തേക്കും അധിക്ഷേപിക്കുന്നതു ശരിയല്ലെന്നും സോഷ്യലിസ്റ്റ്‌ ഭരണത്തിന്‍ കീഴില്‍ അതിനു‌ പുരോഗമനപരമായ ഒരു പങ്കുവഹിക്കാമെന്നും ഇവര്‍ വാദിച്ചു. സാമ്രാജ്യത്വരാഷ്‌ട്രങ്ങള്‍ തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്‌ തടയേണ്ടതാവശ്യമാണെങ്കിലും, ആക്രമണത്തിനെതിരായ രാജ്യരക്ഷയില്‍ പങ്കെടുക്കേണ്ടത്‌ സോഷ്യലിസ്റ്റുകാരുടെ കടമയാണെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു. വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ കൂടാതെയും സാമ്രാജ്യഭരണാധികാരികളുമായി സഹകരിച്ചും മുതലാളിത്തവ്യവസ്ഥയെ അനു‌ക്രമം പരിഷ്‌കരിച്ച്‌ സോഷ്യലിസം സ്ഥാപിക്കാമെന്ന നിലപാടാണ്‌ അടിസ്ഥാനപരമായി ഇവര്‍ സ്വീകരിച്ചത്‌.

ഈ സിദ്ധാന്തത്തിനും അവയില്‍നിന്നുദ്‌ഭവിക്കുന്ന രാഷ്‌ട്രീയ നയങ്ങള്‍ക്കും എതിരായി വിട്ടുവിഴ്‌ചയില്ലാതെ പോരാടിയ ഒരു ഇടതുപക്ഷവും വിവിധരാജ്യങ്ങളിലെ സോഷ്യലിസ്റ്റുപാര്‍ട്ടികളില്‍ വളര്‍ന്നുവന്നു. അവരെ നയിച്ചത്‌ ലെനിന്‍ ആയിരുന്നു. റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയിലെ ഭൂരിപക്ഷം ലെനിന്റെ നേതൃത്വം അംഗീകരിച്ചു. അങ്ങനെയാണ്‌ ബോള്‍ഷെവിക്‌ പാര്‍ട്ടി രൂപംകൊണ്ടത്‌. ലെനിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്‌ ഇന്റര്‍നാഷണലിന്റെ കോണ്‍ഗ്രസ്സുകളിലും ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞുവെന്നതിനു‌ തെളിവാണ്‌ സാമ്രാജ്യത്വയുദ്ധത്തിനും കൊളോനിയലിസത്തിനു‌മെതിരായ അംഗീകരിക്കപ്പെട്ട പ്രമേയങ്ങള്‍.

1914 ആഗ.ല്‍ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ രണ്ടാം സോഷ്യലിസ്റ്റ്‌ ഇന്റര്‍നാഷണല്‍ തകര്‍ന്നു. ഇന്റര്‍നാഷണലിന്റെ സമ്മേളനങ്ങള്‍ അംഗീകരിച്ച പ്രമേയങ്ങളെതന്നെ ധിക്കരിച്ചുകൊണ്ട്‌ അതിലെ പ്രമുഖഘടകങ്ങളായ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടികളുടെ നേതാക്കള്‍ രാജ്യരക്ഷയുടെ മറപിടിച്ച്‌ സ്വന്തം സാമ്രാജ്യത്വഗവണ്‍മെന്റുകളുടെ ഭാഗത്ത്‌ അണിനിരക്കുകയാണുണ്ടായത്‌.

മൂന്നാം ഇന്റര്‍നാഷണല്‍. രണ്ടാം ഇന്റര്‍നാഷണലില്‍പ്പെട്ട എല്ലാ സോഷ്യലിസ്റ്റു പാര്‍ട്ടികളും സാമ്രാജ്യത്വയുദ്ധത്തെ അനു‌കൂലിച്ചില്ല. റഷ്യയിലെ ബോള്‍ഷെവിക്‌ പാര്‍ട്ടിക്കു പുറമേ, സെര്‍ബിയന്‍ സോഷ്യല്‍ ഡൊമോക്രാറ്റിക്‌ പാര്‍ട്ടിയും ഹംഗേറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക്‌ പാര്‍ട്ടിയും ഇന്റര്‍നാഷണലിന്റെ തത്ത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട്‌ യുദ്ധത്തെ എതിര്‍ത്തു. യുദ്ധം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ, ഇറ്റലിയിലെയും ബള്‍ഗേറിയയിലെയും റൂമാനിയയിലെയും യു.എസ്സിലെയും ഔദ്യോഗിക സോഷ്യലിസ്റ്റ്‌ പാര്‍ട്ടികളും യുദ്ധത്തിനെതിരായ നിലപാട്‌ സ്വീകരിച്ചു. സാമ്രാജ്യത്വയുദ്ധത്തെ അനു‌കൂലിച്ച എല്ലാ പാര്‍ട്ടികളിലും ആ നയത്തിനെതിരായി ന്യായമായി വാദിച്ച ന്യൂനപക്ഷ ഗ്രൂപ്പുകളുണ്ടായിരുന്നു. "ഇന്റര്‍നാഷണലിസ്റ്റുകള്‍' എന്ന പേരിലാണ്‌ ഇവര്‍ അറിയപ്പെട്ടത്‌.

1915 സെപ്‌.ല്‍ സിമ്മര്‍വാര്‍ഡില്‍ (സ്വിറ്റ്‌സര്‍ലണ്ട്‌) വച്ചും 1916 ഏ.ല്‍ കിയാന്താളില്‍ (സ്വിറ്റസര്‍ലണ്ട്‌) വച്ചും 1917 സെപ്‌.ല്‍ സ്റ്റോക്ക്‌ ഹോമില്‍ വച്ചും വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ്‌ ഇന്റര്‍നാഷണലിസ്റ്റുകളുടെ മൂന്നു സമ്മേളനങ്ങള്‍ ചേരുകയുണ്ടായി. സാമ്രാജ്യത്വയുദ്ധത്തോടുള്ള എതിര്‍പ്പാണ്‌ അവരെ ഒരേ വേദിയില്‍ കൊണ്ടുവന്നത്‌. അതിലപ്പുറം അവര്‍ക്കിടയില്‍ ആശയവ്യക്തത ഉണ്ടായിരുന്നില്ല. സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റുക എന്ന മുദ്രാവാക്യം അസന്ദിഗ്‌ധമായി പ്രഖ്യാപിക്കണമെന്നും ഒരു മൂന്നാം ഇന്റര്‍നാഷണല്‍ സ്ഥാപിക്കണമെന്നും ലെനിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷഗ്രൂപ്പ്‌ ഉന്നയിച്ച നിര്‍ദേശം അംഗീകരിക്കപ്പെടുകയുണ്ടായില്ല.

ജോര്‍ജ്‌ ദിമിത്രാവ്‌

ഒന്നാം ലോകയുദ്ധം അവസാനിച്ചത്‌ ലോകത്തില്‍ തികച്ചും പുതിയൊരു സ്ഥിതി സൃഷ്‌ടിച്ചുകൊണ്ടാണ്‌. 1917 മാ.ല്‍ റഷ്യയില്‍ സാര്‍ ചക്രവര്‍ത്തിയുടെ ഭരണം അട്ടിമറിക്കപ്പെട്ടു. എട്ടുമാസത്തിനു‌ള്ളില്‍ (1917 ന.ല്‍) റഷ്യയില്‍ ലോകത്തിലെ ഒന്നാമത്തെ സോഷ്യലിസ്റ്റ്‌ വിപ്ലവം വിജയം കൈവരിച്ചു; ലെനിന്റെയും ബോള്‍ഷെവിക്‌ പാര്‍ട്ടിയുടെയും നേതൃത്വത്തില്‍ ലോകത്തിലെ ആദ്യത്തെ തൊഴിലാളികര്‍ഷക ഗവണ്‍മെന്റ്‌ അവിടെ രൂപംകൊണ്ടു. റഷ്യയിലെ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ വിജയത്തെത്തുടര്‍ന്ന്‌ ഫിന്‍ലന്‍ഡില്‍ തൊഴിലാളികളുടെ വിപ്ലവവും (1918 ജനു‌.) ആസ്റ്റ്രാഹംഗേറിയന്‍ സാമ്രാജ്യത്തില്‍ രാജവാഴ്‌ചയ്‌ക്കെതിരായി ദേശീയ വിമോചനത്തിനു‌വേണ്ടിയുള്ള വിപ്ലവങ്ങളും (1918 അവസാനത്തില്‍) ജര്‍മനിയില്‍ ജനകീയവിപ്ലവവും പൊട്ടിപ്പുറപ്പെട്ടു.

ഈ വിപ്ലവങ്ങള്‍ക്കിടയില്‍ ഫിന്‍ലന്‍ഡ്‌, ആസ്റ്റ്രിയ, ഹംഗറി, ഹോളണ്ട്‌, പോളണ്ട്‌, ജര്‍മനി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ ആദ്യമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഉയര്‍ന്നുവന്നു. അതേസമയം വലതു സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിനേതാക്കളാകട്ടെ, സാമ്രാജ്യത്വയുദ്ധത്തിലെന്നപോലെ തൊഴിലാളി സമരങ്ങളെയും വിപ്ലവങ്ങളെയും അടിച്ചമര്‍ത്തുന്നതിലും റഷ്യയിലെ തൊഴിലാളികര്‍ഷക (സോവിയറ്റ്‌) ഗവണ്‍മെന്റിനെ അട്ടിമറിക്കുന്നതിലും ഉള്ള ശ്രമങ്ങളില്‍ ശത്രുഭാഗത്തു പരസ്യമായി ചേര്‍ന്നു.

1917 ഏ.ല്‍ത്തന്നെ ഒരു പുതിയ ഇന്റര്‍നാഷണല്‍ സ്ഥാപിക്കാന്‍ റഷ്യന്‍ ബോള്‍ഷെവിക്‌ പാര്‍ട്ടി മുന്‍കൈ എടുക്കണമെന്ന്‌ ലെനിന്‍ നിര്‍ദേശിക്കുകയുണ്ടായി. 1919ല്‍ റഷ്യ, പോളണ്ട്‌, ഹംഗറി, ആസ്റ്റ്രിയ, ലാത്‌വീയ, ഫിന്‍ലന്റ്‌ എന്നീ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ സംയുക്തമായി ഒരു പുതിയ ഇന്റര്‍നാഷണല്‍ സ്ഥാപിക്കുന്നതിന്‌ ഒരു കോണ്‍ഗ്രസ്‌ വിളിച്ചുകൂട്ടാന്‍ ക്ഷണക്കത്തുകള്‍ അയച്ചു. 1919 മാ. 47 തീയതികളില്‍ പുതിയ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ ഒന്നാം (സ്ഥാപക) കോണ്‍ഗ്രസ്‌ മോസ്‌കോയില്‍ ചേര്‍ന്നു. പതിനൊന്ന്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും അഞ്ചു സോഷ്യലിസ്റ്റ്‌ പാര്‍ട്ടികളുടെയും മൂന്ന്‌ സോഷ്യലിസ്റ്റു പാര്‍ട്ടി ഗ്രൂപ്പുകളുടെയും പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. കൂടാതെ ചൈന, കൊറിയ, പേര്‍ഷ്യ (ഇറാന്‍), തുര്‍ക്കി എന്നീ ഏഷ്യന്‍ രാജ്യങ്ങളുള്‍പ്പെടെ 17 രാജ്യങ്ങളില്‍ നിന്ന്‌ കമ്യൂണിസ്റ്റു സംഘടനകളുടെ പ്രതിനിധികളായി നിരീക്ഷകരും ഉണ്ടായിരുന്നു.

ട്രാട്‌സ്‌കി

ഈ കോണ്‍ഗ്രസ്സില്‍വച്ച്‌ പുതിയ മൂന്നാം ഇന്റര്‍നാഷണല്‍ സ്ഥാപിക്കപ്പെട്ടു; അതിന്റെ ഭരണഘടനയും പരിപാടിയും, ലെനിന്‍ അവതരിപ്പിച്ച "ബൂര്‍ഷ്വാ ജനാധിപത്യവും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും' എന്ന പ്രമേയവും കോണ്‍ഗ്രസ്‌ പാസാക്കി. "എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളോടുള്ള ഒരു അഭ്യര്‍ഥനയും കോണ്‍ഗ്രസ്‌ പുറപ്പെടുവിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും ഇന്റര്‍നാഷണലുകളില്‍നിന്നു വ്യത്യസ്‌തമായി യഥാര്‍ഥത്തില്‍ സാര്‍വദേശീയ സ്വഭാവത്തോടുകൂടിയതായിരുന്നു മൂന്നാം ഇന്റര്‍നാഷണല്‍. അതിന്റെ ഭരണഘടനയില്‍ പറഞ്ഞതുപോലെ, "വെള്ളക്കാരും മഞ്ഞനിറക്കാരും കറുത്തതൊലിയുള്ളവരുമായ ജനതകള്‍ലോകത്തിലെങ്ങുമുള്ള പണിയെടുക്കുന്നവര്‍സൗഹാര്‍ദത്തോടെ ഏകോപിച്ച' ഒരു സംഘടനയായിരുന്നു മൂന്നാം ഇന്റര്‍നാഷണല്‍. ഈ സംഘടന "കോമിന്റേണ്‍' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

1920 ജൂല. 19 മുതല്‍ ആഗ. 7 വരെ പെത്രാഗ്രാദിലും (ഇന്നത്തെ ലെനിന്‍ ഗ്രാദ്‌) മോസ്‌കോയിലുമായി ചേര്‍ന്ന കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സാണ്‌ പുതിയ സംഘടനയുടെ നയപരിപാടികള്‍ വിശദമായി ആവിഷ്‌കരിച്ചത്‌. 27 കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും മറ്റ്‌ 14 രാജ്യങ്ങളില്‍ നിന്നുള്ള കമ്യൂണിസ്റ്റു ഗ്രൂപ്പുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്സിന്റെ മുഖ്യ തീരുമാനങ്ങളെല്ലാം തയ്യാറാക്കിയത്‌ ലെനിനാണ്‌ കോണ്‍ഗ്രസ്സിനു‌ തൊട്ടുമുമ്പ്‌, പ്രസിദ്ധീകരിച്ച ലെനിന്റെ ഇടതുപക്ഷ കമ്യൂണിസം; ഒരു ബാലാരിഷ്‌ടത എന്ന പ്രസിദ്ധമായ ഗ്രന്ഥം രണ്ടാം കോണ്‍ഗ്രസ്സിലെ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും മാര്‍ഗദര്‍ശനം നല്‌കി. വിവിധ പ്രവര്‍ത്തനരംഗങ്ങളില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന്‌ തത്ത്വത്തിലും പ്രയോഗത്തിലും നിര്‍ദേശിക്കുന്ന പ്രമേയങ്ങള്‍ രണ്ടാംകോണ്‍ഗ്രസ്‌അംഗീകരിക്കുകയുണ്ടായി.

കോളനികളിലെയും അര്‍ധകോളനികളിലെയും ദേശീയ സ്വാതന്ത്യ്രപ്രസ്ഥാനത്തോടുള്ള കമ്യൂണിസ്റ്റുകാരുടെ സമീപനത്തെപ്പറ്റി രണ്ടാം കോണ്‍ഗ്രസ്‌ അംഗീകരിച്ചതും ലെനിന്‍ തയ്യാറാക്കിയതുമായ പ്രമേയം പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു. സോവിയറ്റ്‌ റിപ്പബ്ലിക്കും വികസിത രാജ്യങ്ങളിലെ തൊഴിലാളിവര്‍ഗവും മര്‍ദിതജനതകളുടെ ദേശീയവിമോചനപ്രസ്ഥാനവും തമ്മിലുള്ള അടുത്ത സഖ്യം ലോകസാമ്രാജ്യാധിപത്യത്തിനെതിരായ സാര്‍വദേശീയ വിപ്ലവം വളര്‍ത്തിക്കൊണ്ടുവരുന്നതിന്‌ അത്യന്താപേക്ഷിതമാണെന്ന്‌ ആ പ്രമേയം എടുത്തു പറഞ്ഞു. സാമ്രാജ്യവിരുദ്ധ ദേശീയ പ്രസ്ഥാനത്തില്‍ കമ്യൂണിസ്റ്റുകാര്‍ കലവറകൂടാതെ പങ്കെടുക്കണമെന്ന്‌ ആ പ്രമേയം ആവശ്യപ്പെട്ടു. സാമ്രാജ്യാധിപത്യത്തില്‍നിന്നു മോചനം നേടിയ പിന്നാക്ക രാജ്യങ്ങള്‍ക്ക്‌, സോഷ്യലിസ്റ്റ്‌ വിപ്ലവം നടത്തിയ വികസിതരാജ്യങ്ങളിലെ തൊഴിലാളി വര്‍ഗത്തിന്റെ സഹായത്തോടുകൂടി, മുതലാളിത്തപരമായ വികാസത്തിലൂടെ കടന്നുപോകാതെ, സോഷ്യലിസത്തിലേക്കു മുന്നേറാന്‍ കഴിയുമെന്ന ആശയം ആദ്യമായി ലെനിന്‍ അവതരിപ്പിച്ചത്‌ ഈ പ്രമേയത്തിലൂടെയാണ്‌.

1920 സെപ്‌.ല്‍ ബാക്കുവില്‍ ചേര്‍ന്ന "പൗരസ്‌ത്യ ജനതകളുടെ കോണ്‍ഗ്രസ്സും' (അതില്‍ 1,891 പ്രതിനിധികള്‍ പങ്കെടുത്തിരുന്നു) 1921ല്‍ മോസ്‌കോയില്‍ സ്ഥാപിച്ച പൗരസ്‌ത്യരാജ്യങ്ങളിലെ പണിയെടുക്കുന്നവരുടെ സര്‍വകലാശാലയും വഴി ഏഷ്യന്‍ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം വളര്‍ത്താന്‍ ഇന്റര്‍നാഷണല്‍ നേരിട്ടു സഹായിച്ചു. 1920ല്‍ ഇന്തോനേഷ്യയിലും 1921ല്‍ ചൈനയിലും ജപ്പാനിലും 1925ല്‍ ഇന്ത്യയിലും അതിന്നിടയില്‍ ബര്‍മ, മലയ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇന്തോചൈനയിലും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ രൂപവത്‌കരിക്കപ്പെട്ടു.

1927ല്‍ എല്ലാ സാമ്രാജ്യവിരുദ്ധശക്തികളെയും ഏകോപിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിച്ച "സാമ്രാജ്യവിരുദ്ധലീഗ്‌' സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത്‌ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലായിരുന്നു. തൊഴിലാളി ദേശീയവിമോചനപ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഒന്നിച്ചണിനിരന്ന ആദ്യത്തെ വിപുലമായ സാര്‍വദേശീയ സംഘടനയായിരുന്നു അത്‌. ജവാഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും പ്രമുഖരായ ദേശീയ സ്വാതന്ത്യ്രസമരനേതാക്കള്‍ സാമ്രാജ്യവിരുദ്ധ ലീഗിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. 1925-27ല്‍ ചൈനയിലെ ദേശീയവിപ്ലവത്തില്‍ കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കേണ്ട നയോപായങ്ങള്‍ തീരുമാനിക്കുന്നതില്‍ ഇന്റര്‍നാഷണല്‍ നേരിട്ടു സഹായിച്ചു.

കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ മൂന്നാം കോണ്‍ഗ്രസ്‌ 1921ലും (ജൂണ്‍ 22 ജൂല. 12; 48 രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുള്‍പ്പെടെ 103 തൊഴിലാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു). നാലാം കോണ്‍ഗ്രസ്‌ 1922ലും (ന. 5ഡി. 15; 68 രാജ്യങ്ങളില്‍നിന്നു കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു). അഞ്ചാം കോണ്‍ഗ്രസ്‌ 1924ലും (ജൂണ്‍ 17 ജൂല. 8;48 രാജ്യങ്ങളില്‍നിന്നു കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും വേറെ 11 പാര്‍ട്ടികളുടെയും 10 സാര്‍വദേശീയ സംഘടനകളുടെയും പ്രതിനിധികളാണ്‌ പങ്കെടുത്തത്‌). ആറാം കോണ്‍ഗ്രസ്‌ 1928ലും (ജൂല.സെപ്‌.; 57 പാര്‍ട്ടികളുടെയും 9 സാര്‍വദേശീയ സംഘടനകളുടെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു) ചേര്‍ന്നു. ലെനിന്‍ പങ്കെടുത്ത മൂന്നാമത്തെയും നാലാമത്തെയും കോണ്‍ഗ്രസ്സുകള്‍ തൊഴിലാളികളുടെയും എല്ലാ വിപ്ലവശക്തികളുടെയും ഐക്യമുന്നണി എന്ന ആശയത്തെ വിശദമായി നിര്‍വചിച്ചു. അഞ്ചാം കോണ്‍ഗ്രസ്‌ ജനങ്ങളെ നയിക്കാന്‍ കെല്‌പുള്ളതും സുരക്ഷിതങ്ങളുമായ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ കെട്ടിപ്പടുക്കുന്നതില്‍ ബഹുദൂരം മുന്നോട്ടുപോയി.

ആറാം കോണ്‍ഗ്രസ്‌ അംഗീകരിച്ച കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ പരിപാടിയും കോളനികളിലെയും അര്‍ധകോളനികളിലെയും വിമോചന പ്രസ്ഥാനത്തെ സംബന്ധിച്ച പ്രമേയവും പ്രധാനപ്പെട്ട രേഖകളാണ്‌.

കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ ഏഴാമത്തെയും അവസാനത്തെയും കോണ്‍ഗ്രസ്‌ കൂടിയത്‌ 1935 ജൂല.ആഗ.ലാണ്‌. 65 രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും പല സാര്‍വദേശീയ സംഘടനകളുടെയും പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുകയുണ്ടായി. അന്ന്‌ ലോകത്തില്‍ 31,40,000 കമ്യൂണിസ്റ്റ്‌ പാര്‍ട്ടി മെമ്പര്‍മാരുണ്ടായിരുന്നു; അതില്‍ 7,85,000 പേര്‍ മുതലാളിത്തകൊളോനിയല്‍ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു. പുതിയൊരു പരിതഃസ്ഥിതിയിലാണ്‌ ഈ കോണ്‍ഗ്രസ്‌ ചേര്‍ന്നത്‌. 1929ല്‍ ആരംഭിച്ചതും 10 കൊല്ലം നീണ്ടുനിന്നതും അഭൂതപൂര്‍വവുമായ സാമ്പത്തികപ്രതിസന്ധി ലോകത്തെയാകെ അടിമുടി പിടിച്ചുകുലുക്കി. ഈ പ്രതിസന്ധിയില്‍നിന്നുള്ള ഒരു പോംവഴിയെന്ന നിലയില്‍ സാമ്രാജ്യത്വഭരണാധികാരികള്‍ ഫാഷിസത്തിലേക്കും മറ്റൊരു ലോകയുദ്ധത്തിലേക്കും അതിവേഗത്തില്‍നീങ്ങിക്കൊണ്ടിരുന്നു. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍വന്നു; ഇറ്റലിയിലെ മുസ്സോളിനി അബിസീനിയ ആക്രമിച്ചു; ജപ്പാന്‍ ചൈനയില്‍ യുദ്ധം തുടങ്ങി. അതേസമയം സോവിയറ്റ്‌ യൂണിയനാകട്ടെ എല്ലാ വിഷമതകളെയും തരണംചെയ്‌തുകൊണ്ട്‌ ഒന്നാം പഞ്ചവത്സരപദ്ധതി പൂര്‍ത്തിയാക്കുകയും സാരമായ സാമ്പത്തികപുരോഗതി നേടുകയും സോഷ്യലിസ്റ്റ്‌ സമുദായനിര്‍മാണം പൂര്‍ത്തിയാക്കുന്നതിലേക്ക്‌ മുന്നേറുകയും ചെയ്‌തു.

ബള്‍ഗേറിയന്‍ കമ്യൂണിസ്റ്റു നേതാവായ ജോര്‍ജ്‌ ദിമിത്രാവ്‌ അവതരിപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാഷിസത്തിന്റെയും യുദ്ധത്തിന്റെയും വിപത്തിനെതിരായ സമരത്തില്‍ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലിന്റെ കടമകളെപ്പറ്റിയാണ്‌ ഏഴാം കോണ്‍ഗ്രസ്‌ ചര്‍ച്ച ചെയ്‌തത്‌. ഏഴാം കോണ്‍ഗ്രസ്‌ ലോകകമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ ഒരു വഴിത്തിരിവുഘട്ടത്തെ കുറിച്ചു. ഫാഷിസ്റ്റുവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ സമരംസമാധാനം കാത്തുരക്ഷിക്കാനു‌ള്ള സമരംവിജയകരമായി നടത്താന്‍ തൊഴിലാളികളുടെ ഐക്യമുന്നണിയും വിശാലമായ ജനകീയ (സാമ്രാജ്യത്വവിരുദ്ധ) മുന്നണികളും കെട്ടിപ്പടുക്കുകയെന്ന നയമാണ്‌ ഏഴാം കോണ്‍ ഗ്രസ്‌ ആവിഷ്‌കരിച്ചത്‌.

ഈ നയം നടപ്പില്‍വരുത്തുന്നതിന്‌ വിവിധ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും സാര്‍വദേശീയരംഗത്ത്‌ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണലും സോവിയറ്റ്‌ യൂണിയനും നിരന്തരമായും ധീരോദാത്തമായും നടത്തിയ പ്രവര്‍ത്തനം 1939ല്‍ പൊട്ടിപ്പുറപ്പെട്ട രണ്ടാം ലോകയുദ്ധത്തില്‍ ഫാഷിസ്റ്റാക്രമണകാരികള്‍ക്കെതിരായി വിശാലമായ സഖ്യം ഊട്ടിയുണ്ടാക്കാനും ജര്‍മനിയും ഇറ്റലിയും ജപ്പാനും കീഴടക്കിയ രാജ്യങ്ങളില്‍ വ്യാപകവും ശക്തവുമായ പ്രതിരോധപ്രസ്ഥാനം കെട്ടിപ്പടുക്കാനും അടിത്തറ പാകി.

1943 മേയ്‌ മാസത്തില്‍ കമ്യൂണിസ്റ്റ്‌ ഇന്റര്‍നാഷണല്‍ പിരിച്ചുവിട്ടു. ഇന്റര്‍നാഷണലില്‍ അംഗങ്ങളായ എല്ലാ കമ്യൂണിസ്റ്റു പാര്‍ട്ടികളുടെയും അംഗീകാരത്തോടുകൂടിയാണ്‌ ഈ തീരുമാനമെടുത്തത്‌. തികച്ചും വ്യത്യസ്‌തങ്ങളും വിവിധങ്ങളുമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക്‌ ഒരൊറ്റ കേന്ദ്രത്തില്‍ നിന്ന്‌ നേതൃത്വവും മാര്‍ഗദര്‍ശനവും കൊടുക്കുകയെന്നത്‌ അപ്രായോഗികമായി തീര്‍ന്നതാണ്‌ ഈ തീരുമാനത്തിനു‌ കാരണം.

നാലാം ഇന്റര്‍നാഷണല്‍. 1936ല്‍ ട്രാട്‌സ്‌കിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട "സോഷ്യലിസ്റ്റു വിപ്ലവത്തിന്റെ അഖില ലോക പാര്‍ട്ടി', നാലാം ഇന്റര്‍നാഷണല്‍ എന്നറിയപ്പെടുന്നു.

1923 മുതല്‍ സ്റ്റാലിന്റെ ഏകാധിപത്യത്തിനും സോവിയറ്റ്‌ യൂണിയന്റെയും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ഉദ്യോഗസ്ഥ വത്‌കരണത്തിനും എതിരെ ട്രാട്‌സ്‌കിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. "ഏകരാജ്യ സോഷ്യലിസം' എന്ന സ്റ്റാലിന്‍ സിദ്ധാന്തത്തെ ട്രാട്‌സ്‌കി "അനു‌സ്യൂതവിപ്ലവ' സിദ്ധാന്തത്തിലൂടെ ചോദ്യം ചെയ്‌തു. സോവിയറ്റ്‌ യൂണിയനു‌ മാത്രമായി സോഷ്യലിസം വികസിപ്പിക്കാനാവില്ലെന്നും ഏതൊരു രാജ്യത്തിലെയും സോഷ്യലിസ്റ്റു നിര്‍മാണത്തിന്‌, ലോക സോഷ്യലിസ്റ്റു വിപ്ലവം അനിവാര്യമാണെന്നും ട്രാട്‌സ്‌കി സിദ്ധാന്തിച്ചു. സോവിയറ്റ്‌ ഭരണകൂടത്തിലും കമ്യൂണിസ്റ്റു പാര്‍ട്ടിയിലും അധീശത്വം സ്ഥാപിച്ച സ്റ്റാലിന്‍, ഭിന്നാഭിപ്രായങ്ങളെയും വിമതശബ്‌ദങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌. സോവിയറ്റ്‌ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നും കോമിന്റേണില്‍ നിന്നും ട്രാട്‌സ്‌കിയെ പുറത്താക്കുക മാത്രമല്ല നാടുകടത്തുകയും ചെയ്‌തു. സ്റ്റാലിന്റെ ആധിപത്യത്തിനെതിരെ കോമിന്റേണിന്റെ സംഘടനാചട്ടക്കൂടിനു‌ള്ളില്‍ നിന്നുകൊണ്ട്‌ സമരം നടത്തിയ ട്രാട്‌സ്‌കി 1935 ആയപ്പോഴേക്കും പുതിയൊരു സംഘടനയുടെ ആവശ്യകതയെക്കുറിച്ചു ചിന്തിച്ചു തുടങ്ങി. കാരണം, സ്റ്റാലിന്റെ വ്യക്തിപ്രഭാവത്തിനും ജനാധിപത്യവിരുദ്ധ പ്രവണതയ്‌ക്കും പൂര്‍ണമായി വിധേയമായിക്കഴിഞ്ഞ കോമിന്റേണ്‍ നവീകരണക്ഷമമല്ലാത്തവിധം ജീര്‍ണമായെന്ന്‌ ട്രാട്‌സ്‌കി നിരീക്ഷിക്കുകയുണ്ടായി. അങ്ങനെയാണ്‌, 1936ല്‍ ട്രാട്‌സ്‌കിയും അനു‌യായികളും ഫ്രാന്‍സില്‍ വച്ച്‌ നാലാം ഇന്റര്‍നാഷണലിനു‌ രൂപം നല്‍കിയത്‌. മുതലാളിത്തത്തെയും സ്റ്റാലിനിസത്തെയും എതിര്‍ത്ത ട്രാട്‌സ്‌കിയിസ്റ്റുകളെ മുതലാളിത്ത ഭരണകൂടങ്ങളും സ്റ്റാലിന്റെ രഹസ്യപ്പൊലീസും ഒരുപോലെ വേട്ടയാടുകയാണുണ്ടായത്‌. കോമിന്റേണിന്റെ യഥാര്‍ഥ പിന്‍ഗാമി, എന്ന്‌ അവകാശപ്പെട്ട നാലാം ഇന്റര്‍നാഷണല്‍, ട്രാട്‌സ്‌കിയുടെ വധത്തെത്തുടര്‍ന്ന്‌ ആന്തരിക ശൈഥില്യത്തെ നേരിടുകയുണ്ടായി. 1953ലും 1963ലും പിളര്‍പ്പുകളെ നേരിട്ട നാലാം ഇന്റര്‍നാഷണല്‍, ഒരു സുശക്തസംഘടനയെന്ന നിലയ്‌ക്ക്‌ പ്രവര്‍ത്തിക്കാന്‍ കഴിയാതെ ശിഥിലമായി. പല രാജ്യങ്ങളിലും ട്രാട്‌സ്‌കിസ്റ്റുകള്‍ ചെറു ഗ്രൂപ്പുകളായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌.

(സി. ഉണ്ണിരാജ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍