This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്യൂട്ടേറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്യൂട്ടേറ്റര്‍

Commutator

ചിത്രം1

നേര്‍കറന്റ്‌ ജനറേറ്ററുകളുടെയും, നേര്‍കറന്റ്‌ മോട്ടറുകളുടെയും, ആള്‍ട്ടര്‍നേറ്റിങ്‌ കറന്റില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂട്ടേറ്റര്‍മോട്ടറുകളുടെയും നിശ്ചലമായ വൈദ്യുതാഗ്രങ്ങളെ (terminals) അവയുടെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ആര്‍മെച്ചര്‍ ചുറ്റുകളോട്‌ (ബ്രഷുകളുടെ സഹായത്തോടെ) മാറിമാറി ബന്ധിപ്പിക്കുന്ന ഉപാധി. (നോ: ഇലക്‌ട്രിക്‌ ജനറേറ്റര്‍) കമ്യൂട്ടേറ്ററും ആര്‍മെച്ചറിന്റെ കൂടെ തിരിഞ്ഞുകൊണ്ടിരിക്കുന്നു. ആര്‍മെച്ചര്‍ ചുരുളില്‍ പ്രരിതമാകുന്ന ആള്‍ട്ടര്‍നേറ്റിങ്‌ കറന്റിനെ കമ്യൂട്ടേറ്ററിന്റെ പ്രവര്‍ത്തനംകൊണ്ട്‌ നേര്‍കറന്റാക്കുകയാണ്‌ വാസ്‌തവത്തില്‍ നേര്‍കറന്റ്‌ ജനറേറ്ററില്‍ ചെയ്യുന്നത്‌. പ്രസ്‌തുത ധര്‍മം നിറവേറ്റാന്‍ ബ്രഷുകളുടെ സഹായം അത്യാവശ്യമാണ്‌.

ആര്‍മെച്ചര്‍ ചുരുളില്‍ എത്ര ചുറ്റുകള്‍ (turns) ഉണ്ടോ അത്രയും എണ്ണം കമ്യൂട്ടേറ്റര്‍ തുണ്ടുകള്‍ (segments) വേണം. വളരെ ചെറിയ യന്ത്രങ്ങളില്‍ തുണ്ടുകളുടെ എണ്ണം ഇതിലും കുറയ്‌ക്കാന്‍ സാധിക്കും. തുണ്ടുകള്‍ തമ്മില്‍ തൊടാതിരിക്കാന്‍ അവയുടെ ഇടയ്‌ക്ക്‌ ഏകദേശം 0.8 മി.മീ. കനത്തില്‍ മൈക്കാ ഇന്‍സുലേഷന്‍ ഉണ്ടായിരിക്കണം. കമ്യൂട്ടേറ്റര്‍ തുണ്ടുകള്‍ കടുപ്പമുള്ള ചെമ്പുകൊണ്ടാണ്‌ നിര്‍മിക്കുന്നത്‌. ഒരു ഡി.സി. മോട്ടോറിലെ കമ്യൂട്ടേറ്ററിന്റെ സ്ഥാനം ചുവടെ (ചിത്രം1) കാണിച്ചിരിക്കുന്നു. നിശ്ചലമായ ബ്രഷുകള്‍ കമ്യൂട്ടേറ്ററിന്റെ ഉപരിതലത്തില്‍ ഉരസിയാണ്‌ നിലകൊള്ളേണ്ടത്‌. ഷാഫ്‌റ്റിനു‌ ചുറ്റും അടുക്കിവച്ച തുണ്ടുകള്‍ രണ്ട്‌ അഗ്രവളയങ്ങള്‍ (end-rings) കൊണ്ട്‌ ഉറപ്പിച്ചുനിര്‍ത്തുന്നു. 3.2 മി.മീ. വീതം കനമുള്ള 100 തുണ്ടുകളോടുകൂടിയ ഒരു കമ്യൂട്ടേറ്ററിന്‌ ഇടയ്‌ക്കിടയ്‌ക്കുള്ള മൈക്കാ ഇന്‍സുലേഷനും ചേര്‍ത്ത്‌ (3.2 + 0.8) x 100 = 400 മി.മീ. ചുറ്റവും, 400/p മി.മീ. വ്യാസവും ഉണ്ടായിരിക്കും.

അഗ്രവളയങ്ങളുടെ ഉപരിതലത്തിലെ കട്ടിയുള്ള മൈക്കാനൈറ്റ്‌ ഇന്‍സുലേഷന്റെ മുകളിലാണ്‌ തുണ്ടുകള്‍ തങ്ങിനില്‌ക്കുന്നത്‌ (മൈക്കായുടെ ചെറുപാളികള്‍ വാര്‍ണീഷിലും മറ്റും ഒട്ടിച്ചുണ്ടാക്കുന്ന വലിയ താളുകളാണ്‌ മൈക്കാനൈറ്റ്‌).

കമ്യൂട്ടേറ്ററിന്റെ മേല്‍, ബ്രഷുകള്‍ ഉരസുന്ന ഭാഗത്ത്‌ സ്‌ഫുലിംഗങ്ങള്‍ ഉണ്ടാകാനു‌ള്ള സാധ്യത വളരെ കൂടുതലാണ്‌; ഇത്‌ തടയാനായി പല സംവിധാനങ്ങളും നടപ്പിലുണ്ട്‌. കമ്യൂട്ടേറ്ററോടുകൂടിയ വൈദ്യുതയന്ത്രങ്ങളുടെ വില താരതമ്യേന കൂടിയിരിക്കാന്‍ ഇതു കാരണമാകുന്നു. കമ്യൂട്ടേറ്ററിന്റെ ദൗര്‍ബല്യങ്ങളാണ്‌, നേര്‍കറന്റ്‌ ജനറേറ്ററിന്റെയും മോട്ടറിന്റെയും ഏറ്റവും വലിയ പരിമിതി. വന്‍വോള്‍ട്ടതകളില്‍ പ്രവര്‍ത്തിക്കാനു‌ള്ള കഴിവുകേട്‌ ഈ ദൗര്‍ബല്യങ്ങളില്‍ ഒന്നാകുന്നു.

(പ്രാഫ. എം.എസ്‌. അബ്‌ദുല്‍ ഖാദര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍