This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്മത്ത്‌, എം.എന്‍. (1883-1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്മത്ത്‌, എം.എന്‍. (1883-1940)

കന്നട സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. മുഴുവന്‍ പേര്‌ മുന്‍ദ്‌ക്കൂര്‍ നരസിംഹക്കമ്മത്ത്‌ എന്നാണ്‌. 1883 ജൂല. 13നു‌ മുല്‍ക്കിയില്‍ ജനിച്ചു. മംഗലാപുരം കാനറ ഹൈസ്‌കൂളിലും സെന്റ്‌ അലോഷ്യസ്‌ കോളജിലുമാണ്‌ പഠിച്ചത്‌. എഫ്‌.എ. പരീക്ഷ ജയിച്ചതിനു‌ശേഷം സാമ്പത്തികപ്രയാസം കാരണം പഠിത്തം തുടര്‍ന്നില്ല.

പല സ്‌കൂളുകളിലും അധ്യാപകനായി ജോലിനോക്കിയതിനു‌ശേഷം കമ്മത്ത്‌ ബോംബെയിലെ "റോസ്‌ ആന്‍ഡ്‌ കമ്പനി' എന്ന സംഗീതോപകരണ വില്‌പനശാലയില്‍ ഗുമസ്‌തനായി. ആ കമ്പനിയുടെ കല്‍ക്കത്ത ശാഖയിലേക്കു മാറ്റം കിട്ടിയപ്പോള്‍, ബംഗാളിഭാഷ പഠിക്കുന്നതിനും ടാഗൂര്‍, ശരച്ചന്ദ്ര ചാറ്റര്‍ജി, ബങ്കിംചന്ദ്ര ചാറ്റര്‍ജി തുടങ്ങിയവരുടെ കൃതികള്‍ പഠിക്കുന്നതിനും അവിടത്തെ സാംസ്‌കാരിക നവോത്ഥാനാവേശം ഉള്‍ക്കൊള്ളുന്നതിനും ഇദ്ദേഹത്തിനു‌ കഴിഞ്ഞു. നാട്ടില്‍ മടങ്ങിയെത്തിയ കമ്മത്ത്‌ മുല്‍ക്കിയിലെ ഒരു സ്‌കൂളില്‍ അധ്യാപകനായി (1910). അവിടെവച്ചു പരിചയപ്പെട്ട കന്നടകവി ബംഗ്ലേക്കര്‍ നാരായണക്കമ്മത്ത്‌ ഇദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. 1918ല്‍ കമ്മത്ത്‌ മംഗലാപുരം കാനറ ഹൈസ്‌കൂളില്‍ ഭാഷാധ്യാപകനായി ചേരുകയും 1940 ഏ. 24നു‌ മരിക്കുന്നതുവരെ അവിടെ തുടരുകയും ചെയ്‌തു.

അധ്യാപകന്‍, ഗായകനടന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ കമ്മത്തിനു‌ള്ള സ്ഥാനം അദ്വിതീയമാണ്‌. ഏതു വിരസവിഷയവും പഠിതാക്കള്‍ക്ക്‌ ആകര്‍ഷകമാകുമാറ്‌ ഫലിതരസികതയോടെ കൈകാര്യം ചെയ്യുവാന്‍ ഇദ്ദേഹത്തിനു‌ കഴിഞ്ഞിരുന്നു. മികച്ച ഗായകനും നടനും കൂടിയായിരുന്ന ഇദ്ദേഹം ഗാനങ്ങള്‍ രചിച്ച്‌, ഈണം നല്‌കി അവ സ്വയം അവതരിപ്പിക്കുക പതിവായിരുന്നു. ബോധിനി (ഉടുപ്പി), ആനന്ദ (ബണ്‍ട്‌വാള്‍) എന്നീ മാസികകളുടെ പത്രാധിപരായിരുന്നതിനു‌ പുറമേ, മധുരവാണി, പ്രവാസി, സംപതാഭ്യുദയ തുടങ്ങിയ മാസികകളില്‍ കമ്മത്ത്‌ തുടര്‍ച്ചയായി എഴുതുകയും ചെയ്‌തിരുന്നു.

16-ാം വയസ്സില്‍ത്തന്നെ സ്വാനു‌ഭവത്തില്‍ നിന്ന്‌ ഇതിവൃത്തം സ്വീകരിച്ച്‌ ലളിതവും സംഗീതാത്മകവും ഫലിതരസപൂര്‍ണവുമായ ശൈലിയില്‍ എഴുതാന്‍ തുടങ്ങിയ കമ്മത്തിന്റെ കൃതികള്‍ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍പ്പെടുന്നവയാണ്‌. കര്‍ണകഥെ തുടങ്ങിയ ഗദ്യകവിതകള്‍; അശ്വത്ഥമൃഗ, ചഞ്ചല തുടങ്ങിയ നോവലുകള്‍; സിംഹാസന പ്രതാപസിംഹ എന്നിങ്ങനെയുള്ള ചരിത്ര നാടകങ്ങള്‍; യോഗക്ഷേമ, വജ്രമുഷ്ടി ഇത്യാദി സാമൂഹിക നാടകങ്ങള്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകള്‍. ബണ്‍ട്‌വാളിലെ തിരുമല ക്ഷേത്രത്തിന്റെ നവീകരണ(1918) ത്തോടനു‌ബന്ധിച്ച്‌ അവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തിയായ വെങ്കിടേശ്വരനെക്കുറിച്ച്‌ 108 ശ്ലോകങ്ങളിലായി രചിച്ച വാതപുരാധീശ ശതകം എന്ന കീര്‍ത്തനം കമ്മത്തിന്റെ ഒരു മികച്ച കൃതിയാണ്‌. ടാഗൂറിന്റെ ദേശീയഗാനവും ഗീതാഞ്‌ജലിയിലെ ഏതാനും ഗീതങ്ങളും കന്നടത്തിലേക്ക്‌ ഇദ്ദേഹം വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. കമ്മത്ത്‌ അംഗീകാരം നേടിയ ഒരു ചെറുകഥാകൃത്തുകൂടിയായിരുന്നു; 1940ല്‍ അന്തരിച്ചു.

(എന്‍.എന്‍. ആനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍