This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്മട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്മട്ടം

Mint

സര്‍ക്കാരിന്റെ ആധികാരികതയോടെ നാണയങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം. സര്‍ക്കാര്‍ നേതൃത്വത്തില്‍ ലോകത്ത്‌ ആദ്യത്തെ കമ്മട്ടം തുറന്നത്‌ ഏഷ്യാ മൈനറില്‍ ലിബിയയിലെ രാജാവായിരുന്ന കന്‍ഡലെസിന്റെ കാലത്താണ്‌ (ബി.സി. 8-ാം ശ.). ലിബിയയുടെ മാതൃക ഈജിയന്‍ ദ്വീപുകളിലെ ഗ്രീക്കുകാര്‍ സ്വീകരിച്ചു. തുടര്‍ന്ന്‌ കമ്മട്ടം ഇറ്റലിയിലും മറ്റു മെഡിറ്ററേനിയന്‍ രാജ്യങ്ങളിലും പേര്‍ഷ്യയിലും ഇന്ത്യയിലും പ്രചരിച്ചു. ആധുനികരീതിയിലുള്ള കമ്മട്ടത്തിന്‌ അടിത്തറയിട്ടത്‌ റോമാക്കാരാണ്‌ (4-ാം ശ.). മറ്റു രാജ്യങ്ങളുടെ മാതൃക സ്വീകരിക്കാതെ തന്നെ ബി.സി. 7-ാം ശ.ത്തില്‍ ചൈനയില്‍ നാണയങ്ങള്‍ ഉണ്ടാക്കുന്നതിന്‌ കമ്മട്ടങ്ങള്‍ സ്ഥാപിച്ചിരുന്നു. പിന്നീട്‌ അത്‌ ജപ്പാന്‍, കൊറിയ എന്നിവിടങ്ങളിലേക്കു വ്യാപിക്കുകയും ചെയ്‌തു.

റോമിന്റെ ആധിപത്യത്തിനു‌ മുമ്പു ബ്രിട്ടനിലെ പല ഗോത്രങ്ങളുടെയിടയിലും സ്വര്‍ണം, വെള്ളി മുതലായ ലോഹങ്ങള്‍ കൊണ്ടുള്ള നാണയങ്ങള്‍ പ്രചാരത്തിലിരുന്നു; ഗോത്രങ്ങളുടെ ഈ കമ്മട്ടങ്ങള്‍ അടിച്ചമര്‍ത്താന്‍ റോമാക്കാര്‍ ശ്രമിക്കുകയും ചെയ്‌തു. എ.ഡി.3-ാം ശ.ത്തില്‍ മാര്‍ക്കസ്‌ ഓറീലിയസ്‌ കറാസിയസ്‌ ചക്രവര്‍ത്തി പുതുതായി മൂന്ന്‌ ഇംഗ്ലീഷ്‌ കമ്മട്ടങ്ങള്‍ സ്ഥാപിച്ചു. അധികം താമസിയാതെ ഈ കമ്മട്ടങ്ങള്‍ അടയ്‌ക്കപ്പെട്ടു. മഹാനായ ആല്‍ഫ്രഡിന്റെ കാലത്ത്‌ ഇംഗ്ലണ്ടില്‍ കുറഞ്ഞത്‌ എട്ട്‌ കമ്മട്ടങ്ങളെങ്കിലും ഉണ്ടായിരുന്നു. നോര്‍മന്‍ ആക്രമണ കാലത്ത്‌ എഴുപതോളം കമ്മട്ടങ്ങള്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്‌. പ്രധാന നഗരങ്ങള്‍ക്കെല്ലാം തദ്ദേശാവശ്യങ്ങള്‍ക്കുവേണ്ടി നാണയം അടിക്കാന്‍ സ്വാതന്ത്യ്രമുണ്ടായിരുന്നതുകൊണ്ടാണ്‌ കമ്മട്ടങ്ങളുടെ എണ്ണം ഇത്രയധികം വര്‍ധിച്ചത്‌. വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അപര്യാപ്‌തതയും നാണയങ്ങള്‍ കൊണ്ടുപോകുന്നതിനു‌ള്ള സൗകര്യക്കുറവും കവര്‍ച്ചക്കാരില്‍ നിന്നുള്ള ആക്രമണങ്ങളുടെ വര്‍ധിച്ച സാധ്യതയും മൂലമാകണം ഓരോ നഗരങ്ങളിലും നാണയം അടിക്കാന്‍ അനു‌മതി നല്‌കപ്പെട്ടത്‌. 17-ാം ശ.ത്തിന്റെ അന്ത്യത്തോടെ (1696-98) കമ്മട്ടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ടവര്‍ ഒഫ്‌ ലണ്ടനിലായിരുന്നു ലണ്ടന്‍ മിന്റ്‌ ആദ്യം സ്ഥാപിച്ചത്‌. പിന്നീട്‌ അത്‌ തൊട്ടടുത്തുള്ള ടവര്‍ ഹില്ലിലേക്കു മാറ്റി.

16-ാം ശ.ത്തില്‍ സ്‌പെയിന്‍കാര്‍ അമേരിക്കയും മെക്‌സിക്കോയും തങ്ങളുടെ കോളനികളാക്കിയതോടെ അവിടെയുള്ള അമൂല്യലോഹങ്ങള്‍ കൈവശപ്പെടുത്തുന്നതിനു‌വേണ്ടി കമ്മട്ടങ്ങള്‍ ഉണ്ടാക്കി. പെറു, മെക്‌സിക്കോ എന്നിവിടങ്ങളിലെ കമ്മട്ടങ്ങള്‍ ഇതില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു. മസ്സാച്ചൂസെറ്റ്‌സിലെത്തിയ ബ്രിട്ടീഷുകാര്‍ 17-ാം ശ.ത്തില്‍ ഷില്ലിങ്ങിന്റെ രൂപത്തില്‍ വെള്ളിനാണയങ്ങള്‍ അടിക്കാന്‍ തുടങ്ങി. 1792ല്‍ ആണ്‌ യു.എസ്സിലെ ആദ്യത്തെ കമ്മട്ടം തുറന്നത്‌. ഫിലാഡെല്‍ഫിയയിലെ ഈ കമ്മട്ടത്തിനു‌ പുറമേ ആറു കമ്മട്ടങ്ങള്‍ കൂടി തുറന്നു. ഇപ്പോള്‍ ഫിലാഡെല്‍ഫിയയിലും കൊളറാഡോയിലും മാത്രമാണ്‌ കമ്മട്ടങ്ങളുള്ളത്‌. 1955ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ കമ്മട്ടത്തിന്റെ പ്രവര്‍ത്തനം നിലച്ചു. യു.എസ്സിലെ കമ്മട്ടങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നത്‌ വാഷിങ്‌ടണ്‍ ഡി.സി. ആസ്ഥാനമായുള്ള ബ്യൂറോ ഒഫ്‌ ദി മിന്റ്‌ ആണ്‌.

മറ്റു രാജ്യങ്ങള്‍ക്കും സ്വന്തമായ കമ്മട്ടങ്ങളുണ്ട്‌. ചില രാജ്യങ്ങള്‍ തങ്ങള്‍ക്കാവശ്യമായ നാണയങ്ങള്‍ വിദേശങ്ങളിലെ കമ്മട്ടങ്ങളില്‍ നിര്‍മിച്ചു വരുന്നു. ലണ്ടനിലെയും യു.എസ്സിലെയും കമ്മട്ടങ്ങള്‍ വിദേശരാഷ്‌ട്രങ്ങളുടെ ആവശ്യാനു‌സരണം നാണയങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്നുണ്ട്‌.

പുരാതന ഇന്ത്യയില്‍ വരാഹന്‍ പോലെയുള്ള സ്വര്‍ണനാണയങ്ങള്‍ പ്രചാരത്തിലിരുന്നു. ഇവ തയ്യാറാക്കപ്പെട്ടിരുന്ന കമ്മട്ടങ്ങളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ബ്രിട്ടീഷ്‌ ഇന്ത്യയിലും നാട്ടുരാജ്യങ്ങളിലും പ്രത്യേകം നാണയങ്ങളും പ്രത്യേക കമ്മട്ടങ്ങളും ഉണ്ടായിരുന്നു. കേരളത്തില്‍ ത്തന്നെ കോലം, വേണാട്‌, പെരുമ്പടപ്പ്‌, ഏറനാട്‌ എന്നീ സ്വരൂപങ്ങള്‍ക്ക്‌ പ്രത്യേകം കമ്മട്ടങ്ങളുണ്ടായിരുന്നു. തിരുവിതാംകൂറില്‍ പറവൂരും ആലപ്പുഴയും മാവേലിക്കരയും പദ്‌മനാഭപുരത്തും കമ്മട്ടം വച്ച്‌ അനന്തരാമന്‍ ചിന്നപ്പണവും അനന്തവരാഹനും അടിച്ചിറക്കിയിരുന്നു (വഞ്ചിരാജ്യചരിത്രം, എം. രാജരാജവര്‍മ, 1941). ആധുനിക തിരുവിതാംകൂറില്‍ കമ്മട്ടം തിരുവനന്തപുരത്തായിരുന്നു സ്ഥാപിച്ചിരുന്നത്‌. ഇന്ത്യ സ്വതന്ത്രയായി നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതോടെ ഏകീകൃത നാണ്യവ്യവസ്ഥ ഉണ്ടാകുകയും അതിന്റെ ഫലമായി നാട്ടുരാജ്യങ്ങളിലെ കമ്മട്ടങ്ങള്‍ പ്രവര്‍ത്തനരഹിതങ്ങളാകുകയും ചെയ്‌തു. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ കീഴിലുള്ള കമ്മട്ടത്തിലാണ്‌ ഇന്ത്യയ്‌ക്കു വേണ്ട നാണയങ്ങള്‍ തയ്യാറാക്കപ്പെടുന്നത്‌. നാസിക്കിലെ (മഹാരാഷ്‌ട്ര) സെക്യൂരിറ്റി പ്രസ്സിലാണ്‌ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍