This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പോസിറ്റേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പോസിറ്റേ

Compositae

സപുഷ്‌പി സസ്യവിഭാഗത്തിലെ ഏറ്റവും വലിയ കുടുംബം. 800ലേറെ ജീനസുകളും 14,000 സ്‌പീഷിസുകളും ഉള്‍ക്കൊള്ളുന്നു. ലോകത്തില്‍ എല്ലാ മേഖലകളിലും എല്ലാ പരിതഃസ്ഥിതികളിലും കാണപ്പെടുന്ന ഈ കുടുംബത്തിലെ ചെടികള്‍ സപുഷ്‌പി സസ്യങ്ങളുടെ പത്തില്‍ ഒന്നു ഭാഗവും കൈയടക്കിയിരിക്കുന്നു. ചെടികള്‍ മുഖ്യമായും ഓഷധികളാണ്‌; അപൂര്‍വമായി ചില കുറ്റിച്ചെടികളും വൃക്ഷങ്ങളും ആരോഹിലതകളുമുണ്ട്‌. ആഗോള വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള ഈ കുടുംബം വൈപുല്യത്തിലെന്നപോലെ വൈവിധ്യത്തിലും മുന്‍പന്തിയില്‍ നില്‌ക്കുന്നു. 1,200 സ്‌പീഷിസുകള്‍ ഉള്‍ക്കൊള്ളുന്ന സെനേഷ്യോ (Senecio) ആണ്‌ ഈ കുടുംബത്തിലെ ഏറ്റവും വലിയ ജീനസ്‌. ഓഷധികളും കുറ്റിച്ചെടികളും അപൂര്‍വം ചില വൃക്ഷങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ജീനസിലെ ചെടികള്‍ ലോകത്തിലെ മിക്കപ്രദേശങ്ങളിലും കാണാം. സെന്റോറിയ (Centaurea) 470 സ്‌പീ.; വെര്‍നോണിയ (Vernonia) 450 സ്‌പീ.; ഹീറേഷ്യം (Heiracium) 400 സ്‌പീ.; ഹെലിക്രസം (Helichrysum) 300 സ്‌പീ.; ബക്കാരിസ്‌ (Bacharis) 275 സ്‌പീ.; കസിനിയ (Cousinia) 210 സ്‌പീ.; ആര്‍ട്ടിമീസിയ (Artimisia) 200 സ്‌പീ.; ക്രപിസ്‌ (Crepis) 170 സ്‌പീ.; എറിജെറോണ്‍ (Erijeron) 150 സ്‌പീ.; ക്രിസാന്തിമം (Chrysanthemum) 140 സ്‌പീ.; സോസ്‌സൂറിയ (Saussurea) 125 സ്‌പീ.; നഫാലിയം (Gnaphalium) 120സ്‌പീ.; സിര്‍സിയം (Circium) 120 സ്‌പീ.; സ്‌കോര്‍സോനീറ (Scorzonera) 100 സ്‌പീ.; ആന്‍ഥെമിസ്‌ (Anthemis) 100 സ്‌പീ. എന്നിവയാണ്‌ മറ്റു വലിയ ജീനസുകള്‍. ഓഷധീയ സ്വഭാവം, ശീര്‍ഷമഞ്‌ജരി (head inflorescence), പാപ്പസ്‌ രോമങ്ങള്‍ (Pappus hairs), അഞ്ചു ദളപാളികളുള്ള സംയുക്ത ദളപുടം, യുക്തകോശകേസരങ്ങള്‍, അധഃസ്ഥിതമായ അണ്ഡാശയം, ആധാരബീജാണ്ഡന്യാസ(basal placentation)ത്തോടു കൂടിയ ഒറ്റ ബീജാണ്ഡം, അകീന (achene) ഫലങ്ങള്‍, ബീജാന്ന (endosperm)രഹിതമായ വിത്തുകള്‍ എന്നിവയാണ്‌ കമ്പോസിറ്റേ കുടുംബത്തിന്റെ തനതായ സ്വഭാവവിശേഷങ്ങള്‍. അപൂര്‍വമായി ചില പ്രത്യേക സ്വഭാവഗുണങ്ങളും വൈവിധ്യങ്ങളും കണ്ടെന്നു വരാം.

സൂര്യകാന്തി

ഏകാന്തരമായോ സമ്മുഖമായോ ക്രമീകരിച്ചിട്ടുള്ള ലഘുപത്രങ്ങളാണ്‌ സാധാരണയായി ഈ കുടുംബത്തിലെ ചെടികളില്‍ കണ്ടുവരുന്നത്‌. സംയുക്തപത്രങ്ങള്‍ അപൂര്‍വമാണ്‌. കുലകളില്‍ പൂക്കള്‍ ക്രമീകരിച്ചിട്ടുള്ളത്‌ ശീര്‍ഷമഞ്‌ജരി രീതിയിലാണ്‌. ഈ കുടുംബത്തില്‍പ്പെട്ട സൂര്യകാന്തിച്ചെടിയിലും മറ്റും കാണപ്പെടുന്ന ഒരു "പുഷ്‌പം' യഥാര്‍ഥത്തില്‍ നിരവധി നാളപുഷ്‌പങ്ങളും (tubular florets) കിരണപുഷ്‌പങ്ങളും (ray florets) ശീര്‍ഷമഞ്‌ജരി രീതിയില്‍ ക്രമീകരിച്ചിട്ടുള്ള ഒരു "പൂങ്കുല'യാണ്‌. പുഷ്‌പങ്ങള്‍ ഇപ്രകാരം തിങ്ങി കൂട്ടമായി (composite) കാണുന്നതുകൊണ്ടാണ്‌ കുടുംബത്തിന്‌ കമ്പോസിറ്റേ എന്ന പേര്‌ ലഭിച്ചിട്ടുള്ളത്‌. ഹെറ്ററോഗാമസ്‌ (heterogamous), ഹോമോഗാമസ്‌ (homogamous)എന്നിങ്ങനെ ശീര്‍ഷമഞ്‌ജരി രണ്ടു പ്രകാരത്തിലുണ്ട്‌. ആദ്യത്തെ രീതിയിലുള്ള ശീര്‍ഷമഞ്‌ജരികളില്‍ കിരണപുഷ്‌പങ്ങളെന്നും നാളപുഷ്‌പങ്ങളെന്നും രണ്ടുതരം പൂക്കളുണ്ട്‌. ഉദാ. ട്രഡാക്‌സ്‌, സൂര്യകാന്തി. ഹോമോഗാമസ്‌ പുഷ്‌പമഞ്‌ജരിയിലെ എല്ലാ പൂക്കളും മുകളില്‍ പറഞ്ഞ ഏതെങ്കിലും ഒരു തരത്തില്‍ മാത്രം പെട്ടതാകുന്നു. ഉദാ. വെര്‍നോണിയ (എല്ലാം നാളപുഷ്‌പങ്ങള്‍). നാളപുഷ്‌പങ്ങള്‍ സാധാരണയായി ദ്വിലിംഗികളായിരിക്കും. ഉപരിജനിയോടുകൂടിയ സമമിതപുഷ്‌പങ്ങളാണ്‌ ഇവ. വിദളപുടം (calyx) പാപ്പസ്‌ ലോമങ്ങളോ ശല്‌ക്കങ്ങളോ ആയി രൂപാന്തരപ്പെട്ടിരിക്കും. ഈ ലോമങ്ങള്‍ വിത്തിലും നിലനില്‌ക്കുകയും വായുവില്‍ പാറിപ്പറന്നു വിത്തുവിതരണം നടക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദളപുടത്തിലെ അഞ്ച്‌ ദളങ്ങള്‍ ഒന്നുചേര്‍ന്ന്‌ കുഴലാകൃതിയില്‍ കാണപ്പെടുന്നു. അഞ്ച്‌ കേസരങ്ങളുണ്ട്‌. തന്തുക്കള്‍ സ്വതന്ത്രമായും പരാഗകോശങ്ങള്‍ ഒന്നുചേര്‍ന്നും കാണപ്പെടുന്ന യുക്തകോശകേസരങ്ങളാണ്‌ (syngenesious) സാധാരണയായിട്ടുള്ളത്‌. രണ്ടു ബീജാണ്ഡ പര്‍ണങ്ങളോടുകൂടിയ അണ്ഡാശയം അധഃസ്ഥിതമാണ്‌. ബീജാണ്ഡം ഒന്നേ ഉള്ളൂ. ഒരു വര്‍ത്തികയും; രണ്ട്‌ വര്‍ത്തികാഗ്രങ്ങളുമുണ്ട്‌. വര്‍ത്തിക പരാഗകോശനാളത്തിനു‌ള്ളില്‍ കൂടി മുകളിലെത്തിയ ശേഷം രണ്ടു വര്‍ത്തികാഗ്രങ്ങളും വിടരുന്നു. ഫലം ഒരു സിപ്‌സെല്ല (cypsella) ആണ്‌.

ജെറുസലേം ആര്‍ട്ടിച്ചോക്ക്‌

കിരണ പുഷ്‌പങ്ങള്‍ ഏകലിംഗികളോ ദ്വലിംഗികളോ ആകാം. ഏകവ്യാസ സമമിതങ്ങളായ ഇവയുടെ വിദളപുടം പാപ്പസ്‌ ലോമങ്ങളോ ശല്‌ക്കങ്ങളോ ആയി രൂപാന്തരം പ്രാപിച്ചിരിക്കും. സംയുക്ത ദളപുടത്തിലെ അഞ്ച്‌ ദളങ്ങളുടെ മൂന്നു ദളപാളികള്‍ വിരിഞ്ഞ്‌ ആകര്‍ഷകമായി നില്‌ക്കും. രണ്ടെണ്ണം സാധാരണ അവ്യക്തമായിരിക്കും. അഞ്ച്‌ കേസരങ്ങളുണ്ട്‌. ജനിപുടം കൂടിയുള്ള ദ്വിലിംഗപുഷ്‌പമാണെങ്കില്‍ ജനിയുടെ ഘടന നാളപുഷ്‌പങ്ങളിലേതിനു‌ സദൃശമായിരിക്കും. ഹോഫ്‌മന്‍ എന്ന സസ്യശാസ്‌ത്രജ്ഞന്‍ കമ്പോസിറ്റേ സസ്യകുടുംബത്തെ ട്യൂബുലിഫ്‌ളോറെ (Tubuliflorae), ലിഗ്യൂലിഫ്‌ളോറെ (Liguliflorae) എന്നിങ്ങനെ രണ്ട്‌ ഉപകുടുംബങ്ങളായി തരംതിരിച്ചിട്ടുണ്ട്‌. ആദ്യത്തെ ഉപകുടുംബത്തില്‍ വെര്‍നോണിയേ, യൂപ്പറ്റോറിയെ, ആസ്‌റ്റെറെ, ഇനു‌ലെ, ഹീലിയാന്തെ, ഹെലിനിയെ, ആന്‍ഥേമിഡേ, സെനീഷിയോണിയെ, കലെന്‍ഡുലെ, ആര്‍ക്‌ടോടിഡിയെ, സൈനേറിയെ, മ്യൂടിസിയെ എന്നീ 12 ട്രബുകളും രണ്ടാമത്തെ ഉപകുടുംബത്തില്‍ സിക്കോറിയെ എന്ന ഒരു ട്രബും ഉള്‍ക്കൊള്ളുന്നു.

ഒലിഗോസീന്‍ കാലഘട്ടത്തിലുണ്ടായിരുന്ന കമ്പോസിറ്റേ കുടുംബാംഗങ്ങളുടെ സസ്യഭാഗങ്ങള്‍, പ്രത്യേകിച്ചും ഫലങ്ങള്‍ ഫോസില്‍ രൂപത്തില്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. ഇന്നത്തെ കമ്പോസിറ്റേ കുടുംബാംഗങ്ങളോട്‌ എല്ലാ വിധത്തിലും സമാനമായ അത്തരം ഫോസിലുകള്‍ ആ കാലഘട്ടം മുതല്‌ക്ക്‌ ഇവ വളര്‍ന്നിരുന്നുവെന്നതിനു‌ള്ള സൂചന നല്‌കുന്നു.

കമ്പോസിറ്റേ സസ്യകുടുംബത്തില്‍പ്പെടുന്ന സാമ്പത്തിക പ്രാധാന്യമുള്ള പച്ചക്കറികളാണ്‌ ഉര്‍വച്ചീര (lettuce). ആര്‍ട്ടിച്ചോക്ക്‌, ജറുസലേം ആര്‍ട്ടിച്ചോക്ക്‌ എന്നിവ. ചിക്കറി (Cichorium intybus), കെയ്യോന്നി (Eclipta alba), പൂവന്‍ കുറുന്തല്‍ (Vernonia ceneria), കാട്ടുജീരകം (Vernonia anthelmintica) തുടങ്ങിയ നിരവധി ഔഷധ സസ്യങ്ങളും ഈ കുടുംബം ഉള്‍ക്കൊള്ളുന്നു. സൂര്യകാന്തി, ജമന്തി (chrysanthemum coronarium), എവര്‍ലാസ്റ്റിങ്‌ ഗ്ലോറി(Helichrysum), ഡാലിയ, സീനിയ, ഡെയ്‌സി, ആസ്റ്റര്‍, കലെന്‍ഡുല, സിനറേറിയ, കോസ്‌മോസ്‌, സൈന എന്നിങ്ങനെ മനോഹരങ്ങളായ പൂക്കളുത്‌പാദിപ്പിക്കുന്ന അനവധി അലങ്കാരച്ചെടികളും സംഖ്യാബാഹുല്യമുള്ള ഈ സസ്യകുടുംബത്തിലെ അംഗങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍