This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പിളിപ്പുഴു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പിളിപ്പുഴു

Hairy Caterpillar

പുറമേ രോമസദൃശമായ "കമ്പിളി' ആവരണത്തോടുകൂടിയ ഷഡ്‌പദ ലാര്‍വയെ സൂചിപ്പിക്കാന്‍ പൊതുവേ ഉപയോഗിക്കുന്ന പദം. എല്ലായിനം ഷഡ്‌പദങ്ങളുടെയും ലാര്‍വകള്‍ "കമ്പിളി' ആവരണം ഉള്ളവയല്ല. ശലഭ ലാര്‍വകളിലാണ്‌ ഇതു സാധാരണം. തലയും വേറെ 13 ഖണ്ഡങ്ങളും ചേര്‍ന്നതാണിവയുടെ ഉടല്‍. തലയ്‌ക്കു പിന്നിലായി സ്ഥിതിചെയ്യുന്ന മൂന്നു വക്ഷഃ ഖണ്ഡങ്ങളില്‍ ഓരോന്നിനോടും അനു‌ബന്ധിച്ച്‌ ഓരോ ജോടി കാലുകളുണ്ട്‌. മിക്കയിനങ്ങളിലും ഇതു കൂടാതെ ഏതാനും താത്‌കാലിക കാലുകളും (പൊയ്‌ക്കാലുകള്‍ false legs or Prolegs) ഉണ്ടാവാം. മിക്കവയും സസ്യഭോജികളാണ്‌. എന്നാല്‍ ചിലത്‌ സസ്യച്ചെള്ളുകളെയും ഉറുമ്പുകളെയും മറ്റും ആഹാരമാക്കാറുണ്ട്‌.

പുറത്തു മുള്ളുപോലെ എഴുന്നുനില്‌ക്കുന്ന "രോമങ്ങള്‍' ത്വക്കില്‍ സ്ഥിതി ചെയ്യുന്ന ചില വിഷഗ്രന്ഥികളില്‍ നിന്നുള്ള നീട്ടങ്ങളാകയാല്‍ പരഭോജികളെ ചെറുക്കാന്‍ പ്രകൃതി അവയ്‌ക്കു നല്‌കിയിട്ടുള്ള സംരക്ഷണ കവചമാണീ "കമ്പിളി' എന്നു പറയാം. ഓട്ടോമെറിസ്‌ ഇയോ (Automeris io) പോലെ ചില ഇനങ്ങളില്‍ "കമ്പിളി'ക്കുപ്പായത്തിനു‌ പകരം വിഷമുള്ളുകള്‍ (Poisonous Spines) ആണ്‌ ഉള്ളത്‌. എന്നാല്‍ മറ്റു ചില ഇനങ്ങള്‍ക്കു വിഷവാഹിയായ പരുക്കന്‍ രോമങ്ങള്‍ (Poisonous barbed hairs) തന്നെ ആവരണമായുണ്ട്‌.

മനു‌ഷ്യചര്‍മത്തില്‍ സ്‌പര്‍ശനമാത്രയില്‍ത്തന്നെ ചൊറിച്ചിലും തടിപ്പും വേദനയും ചിലപ്പോള്‍ അതിലും തീവ്രമായ ചില അലര്‍ജിക്‌ പ്രതികരണങ്ങളും ഉളവാക്കാന്‍ പര്യാപ്‌തമായത്ര രൂക്ഷമായ വിഷം വമിക്കുന്നവയാണീ "രോമങ്ങള്‍'. അതിനാല്‍ സാധാരണയായി മറ്റു പുഴുക്കളെ ഇരയാക്കാറുള്ള പക്ഷികളും മറ്റും കമ്പിളിപ്പുഴുക്കളെ ഒഴിവാക്കുകയാണു പതിവ്‌. പലയിനം കമ്പിളിപ്പുഴുക്കള്‍ക്കുമുള്ള പ്രകടമായ വര്‍ണപ്പകിട്ട്‌ അവയുടെ അപായസൂചകമായി വര്‍ത്തിക്കുന്നതിനാല്‍ പരഭോജികള്‍ക്ക്‌ ദൂരത്തുനിന്നുതന്നെ അവയെ പ്രത്യേകം തിരിച്ചറിയാനും ഒഴിവാക്കാനും സാധിക്കും.

(ഫിലിപ്പോസ്‌ ജോണ്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍