This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പിനിര്‍മാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പിനിര്‍മാണം

പിത്തള, ഓട്‌, ചെമ്പ്‌, അലുമിനിയം, നാകം, സ്റ്റീല്‍ തുടങ്ങിയ ലോഹങ്ങളും ലോഹസങ്കരങ്ങളും; സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നീ അമൂല്യ ലോഹങ്ങളും അടിച്ചു നീട്ടിയോ, ഉരുക്കി വലിച്ചുനീട്ടിയോ ശലാകയാക്കുന്ന പ്രക്രിയ.

"നീലനൂല്‍, ധൂമ്രനൂല്‍, ചെമപ്പുനൂല്‍, പഞ്ഞിനൂല്‍ എന്നിവയുടെ ഇടയില്‍ ചിത്രപ്പണിയായി നെയ്യേണ്ടതിന്‌ അവര്‍ പൊന്ന്‌ അടിച്ചു നേരിയ തകിടാക്കി നൂലായി നിര്‍മിച്ചു' എന്ന്‌ ബൈബിളില്‍ (പുറപ്പാട്‌ 39:3) കമ്പിയെക്കുറിച്ചു പരാമര്‍ശമുണ്ട്‌. ഉരുണ്ട കമ്പികള്‍ ആവശ്യമുള്ളപ്പോള്‍ ലോഹപ്പലകകള്‍ നീളത്തില്‍ മുറിച്ച്‌ കൂടം കൊണ്ട്‌ അടിച്ച്‌ ഉരുട്ടി നീളമുള്ള കമ്പികളാക്കുകയായിരുന്നു പതിവ്‌. ഈ കമ്പികള്‍ക്ക്‌ നീളം കുറവായിരുന്നതുകൊണ്ട്‌ പല കമ്പികള്‍ അടിച്ചു ചേര്‍ത്താണ്‌ നീളമുള്ള കമ്പികള്‍ ഉണ്ടാക്കിയിരുന്നത്‌. പിന്നീട്‌ ലോഹങ്ങള്‍ ഡൈകളിലെ ചെറു ദ്വാരത്തിലൂടെ വലിച്ചെടുത്ത്‌ നേരിയ കമ്പികള്‍ ഉണ്ടാക്കിത്തുടങ്ങി.

കമ്പിനിര്‍മാണശാലയുടെ ഉള്‍വശം

14-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ജര്‍മനിയില്‍ ആദ്യമായി ജലശക്തി ഉപയോഗിച്ചു കമ്പി നിര്‍മിച്ചു തുടങ്ങി. 1565ല്‍ ഇംഗ്ലണ്ടിലും 1650ല്‍ യു.എസ്സിലും ഈ മാര്‍ഗം സ്വീകരിച്ചു. 1769ല്‍ ആവി എന്‍ജിന്‍ കണ്ടുപിടിച്ചതോടെ കമ്പി നിര്‍മാണം കൂടുതല്‍ എളുപ്പമായി. 19-ാം നൂറ്റാണ്ടായതോടെ കമ്പിയുടെ ഉപയോഗം വര്‍ധിക്കുകയും കമ്പിനിര്‍മാണ പ്രക്രിയയില്‍ കൂടുതല്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യമാവുകയും ചെയ്‌തു. ടെലിഫോണിന്റെ കണ്ടുപിടിത്തവും കമ്പിവേലി, കമ്പിയാണികള്‍, മറ്റു കമ്പിഉത്‌പന്നങ്ങള്‍ എന്നിവയുടെ ആവശ്യകതയും കമ്പിനിര്‍മാണത്തില്‍ പുതിയ സാങ്കേതികത്വം ആവശ്യമാക്കി. ബെസീമര്‍ സ്റ്റീല്‍ നിര്‍മാണപ്രക്രിയ (1856), സീമെന്‍സ്‌മാര്‍ട്ടിന്‍ പ്രക്രിയ (1867) എന്നിവയും മറ്റു യന്ത്രവത്‌കരണങ്ങളും കമ്പിനിര്‍മാണത്തിന്റെ വികാസത്തിനു‌ വഴി തെളിച്ചു.

ലോഹദണ്ഡുകളില്‍ നിന്നാണ്‌ കമ്പി നിര്‍മിക്കുന്നത്‌. 5.6 മി.മീ. മുതല്‍ 1.87 സെ.മീ. വരെ വ്യാസമുള്ള ദണ്ഡുകള്‍ ഉണ്ടാക്കി 136 മുതല്‍ 454 വരെ കി.ഗ്രാം ഭാരമുള്ള കെട്ടുകളാക്കി ചുറ്റിവയ്‌ക്കുന്നു. 1093ºC താപനിലയിലാണ്‌ ദണ്ഡുകള്‍ നിര്‍മിക്കപ്പെടുന്നത്‌. അപ്പോള്‍ ഉണ്ടാകുന്ന അയണ്‍ ഓക്‌സൈഡ്‌ ദണ്ഡിന്റെ ചുറ്റും പാടരൂപത്തില്‍ പറ്റിപ്പിടിച്ചിരിക്കാനിടയുണ്ട്‌. കമ്പി നിര്‍മിക്കുന്നതിന്‌ മുമ്പ്‌ ഈ പാട മാറ്റുന്നു. സള്‍ഫ്യൂറിക്കമ്ലവും ജലവും ചേര്‍ന്ന ലായനി (310 ശ.മാ.) 65ºC വരെ ചൂടാക്കി അതില്‍ ദണ്ഡുകള്‍ മുക്കുകയാണ്‌ ചെയ്യുന്നത്‌. ഈ പ്രക്രിയയെ "പിക്ലിങ്‌' എന്നു പറയുന്നു. പാട മാറ്റുമ്പോള്‍ ലോഹത്തെ അമ്ലം ആക്രമിക്കാതിരിക്കാന്‍ വേണ്ടി ഒരു കാര്‍ബണിക പദാര്‍ഥവും ഈ ലായനിയില്‍ ചേര്‍ക്കാറുണ്ട്‌.

കമ്പിനിര്‍മാണത്തിലെ ഒരു ഘട്ടം

പാട മാറ്റി ദണ്ഡ്‌ വെള്ളം കൊണ്ട്‌ കഴുകി അമ്ലാംശങ്ങള്‍ ദൂരീകരിച്ച്‌ കോട്ടിങ്‌ ലായനിയില്‍ (ലൈം ലായനിയോ ഫോസ്‌ഫേറ്റ്‌ ബേസ്‌ലായനിയോ) ഇട്ട ശേഷമാണ്‌ കമ്പിനിര്‍മാണ പ്രക്രിയ ആരംഭിക്കുന്നത്‌.

ദണ്ഡിന്റെ അഗ്രഭാഗം കൂര്‍പ്പിച്ച്‌ ഒരു ഡൈയിലൂടെ കടത്തിവിട്ട്‌ ആവശ്യമുള്ള കനത്തില്‍ കമ്പികള്‍ ഉണ്ടാക്കുന്നു. കമ്പിനിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ഡൈകള്‍ ടങ്‌സ്റ്റണ്‍ കാര്‍ബൈഡ്‌, ടാന്റലം കാര്‍ബൈഡ്‌, കട്ടിയുള്ള ക്രാംസ്റ്റീല്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ കൊണ്ടാണ്‌ നിര്‍മിക്കപ്പെടുന്നത്‌. 0.25 മി.മീ. വ്യാസമുള്ളതോ അതിലും ചെറിയ വ്യാസമുള്ളതോ ആയ കമ്പികള്‍ ഉണ്ടാക്കുന്നതിന്‌ വജ്രം കൊണ്ടുള്ള ഡൈകളും ഉപയോഗിക്കുന്നു.

വൈദ്യുതി, ടെലിഫോണ്‍, കമ്പിവേലി, എന്നിവയ്‌ക്കാവശ്യമായ കമ്പികള്‍; കോണ്‍ക്രീറ്റ്‌ ആവശ്യത്തിനു‌ള്ള കമ്പി എന്നിവയാണ്‌ ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ളത്‌. സൂചി, ആണി, തന്ത്രിവാദ്യങ്ങള്‍, സൂക്ഷ്‌മോപകരണങ്ങള്‍ തുടങ്ങി വാഹനങ്ങള്‍, അപ്‌ഹോള്‍സ്റ്ററികള്‍, വന്‍കിടയന്ത്രങ്ങള്‍ എന്നിവ വരെ നിര്‍മിക്കുന്നതിന്‌ പലതരത്തിലുള്ള കമ്പികള്‍ ആവശ്യമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍