This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പരാമായണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പരാമായണം

രാമകഥയെ ആസ്‌പദമാക്കി മഹാകവി കമ്പര്‍ തമിഴില്‍ രചിച്ച ഇതിഹാസകാവ്യം. കവി "ഇരാമാവതാരം' എന്ന പേരാണ്‌ ഇതിനു‌ നല്‌കിയതെങ്കിലും ഇന്നു "കമ്പരാമായണം' എന്ന പേരിലാണ്‌ ഇത്‌ പരാമൃഷ്ടമാകുന്നത്‌. കമ്പര്‍ കുലോത്തുംഗന്‍ IIIന്റെ സമകാലീനനായതുകൊണ്ട്‌ കമ്പരാമായണത്തിന്റെ രചനാകാലം 12-ാം ശ.ത്തിന്റെ അവസാനപാദമാണെന്ന്‌ കണക്കാക്കപ്പെടുന്നു.

നാലുവരിവീതമുള്ള പതിനായിരത്തി അഞ്ഞൂറോളം പദ്യങ്ങള്‍ കമ്പരാമായണത്തിലെ ആറുകാണ്ഡങ്ങളിലായി ഉണ്ട്‌. ശ്രീരാമ പട്ടാഭിഷേകം വരെയാണ്‌ കമ്പരാമായണത്തിലുള്ളത്‌. ഉത്തരരാമായണം കമ്പരുടെ സമകാലീനനും ചോള ചക്രവര്‍ത്തിയുടെ ആസ്ഥാനകവികളിലൊരാളുമായ ഒട്ട(I)ക്കൂത്തര്‍ രചിച്ചതാണ്‌. സംസ്‌കൃതത്തിലെ മൂന്നു രാമകഥകളെ ആശ്രയിച്ചാണ്‌ ഈ ഇതിഹാസകാവ്യം നിര്‍മിച്ചതെന്നു കമ്പര്‍ തന്നെ പറയുന്നുണ്ട്‌. വാല്‌മീകി രാമായണത്തെ പിന്തുടരുന്നുണ്ടെങ്കിലും അതിലെ കഥയുടെ രൂപരേഖയും കാണ്ഡവിഭജനക്രമവും മാത്രമേ ഇദ്ദേഹം സ്വീകരിച്ചിട്ടുള്ളു. യുദ്ധകാണ്ഡത്തില്‍ പ്രത്യേകിച്ചും കമ്പര്‍ ഒരു സ്വതന്ത്രസരണിയാണ്‌ പിന്തുടര്‍ന്നിട്ടുള്ളത്‌. ധീരത, ഔദാര്യം, ഉത്തമസ്‌ത്രീത്വം എന്നിവ സംബന്ധിച്ച ദ്രാവിഡാദര്‍ശങ്ങള്‍ക്ക്‌ അനു‌സൃതമായിട്ടാണ്‌ കഥയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌. കമ്പര്‍ വര്‍ണാശ്രമധര്‍മ വിശ്വാസിയല്ല. മൗലികമായ സമത്വത്തില്‍ ഇദ്ദേഹം വിശ്വസിക്കുന്നു. മനു‌ഷ്യന്റെ ഉച്ചനീചത്വങ്ങള്‍ക്കു നിയാമകമായ ഘടകം അവന്റെ സ്വഭാവമാണെന്നാണ്‌ ഇദ്ദേഹത്തിന്റെ അഭിസന്ധി. രാമന്‍ വനരാജാവായ ഗുഹനെ തന്റെ അടുത്തിരിക്കാന്‍ ക്ഷണിക്കുന്നു. ജനനമല്ല സ്വഭാവഗുണമാണ്‌ ഒരുവന്റെ സ്ഥിതിഭേദത്തിനു‌ കാരണമെന്നും ധര്‍മം എന്താണെന്നറിഞ്ഞാല്‍ അവന്റെ നീചജന്മം പാതകങ്ങളെ ലഘൂകരിക്കില്ലെന്നും ആസന്നമരണനായ ബാലിയോടു രാമന്‍ പറയുന്നു. ജീവിതത്തോടുള്ള രാമന്റെ മനോഭാവം കമ്പരുടെ സ്വന്തമെന്നോ കുറളിലേതെന്നോ വിചാരിക്കാം. സുഗ്രീവപത്‌നിയായ താരയ്‌ക്ക്‌ ഉന്നതകുലജാതയായ സ്‌ത്രീയുടെ സ്വഭാവമഹിമയാണ്‌ കമ്പര്‍ നല്‌കിയിരിക്കുന്നത്‌.

മറ്റു രാമായണ കൃതികളില്‍ ഇല്ലാത്ത സ്വതന്ത്രമായ പല കല്‌പനകളും കമ്പരാമായണത്തില്‍ കാണുന്നുണ്ട്‌. വിശ്വാമിത്രനോടുകൂടി മിഥിലയില്‍ പ്രവേശിച്ച രാമന്‍ "കന്നിമാട'ത്തിലെ മുകള്‍ത്തട്ടില്‍ നിന്നിരുന്ന സീതയെയും സീത രാമനെയും കണ്ടതായും അങ്ങനെ പരസ്‌പരാഭിവീക്ഷണം നടന്നതായും (അണ്ണലും നോക്കിനാന്‍ അവളും നോക്കിനാള്‍) ചിത്രീകരിച്ചിരിക്കുന്നത്‌ കമ്പരുടെ സ്വതന്ത്ര കല്‌പനകള്‍ക്കുദാഹരണമാണ്‌.

സീതാന്വേഷണാര്‍ഥം ദക്ഷിണദിക്കിലേക്കു പുറപ്പെട്ട വാനരസംഘത്തില്‍പ്പെട്ട ഹനു‌മാനെ രാമന്‍ പ്രത്യേകമായി വിളിച്ച്‌ സീതയെ കണ്ടാല്‍ കൊടുക്കാന്‍ അടയാളമായി അംഗുലീയം ഏല്‌പിക്കുന്നതായിട്ടു മാത്രമാണ്‌ രാമായണകാവ്യങ്ങളില്‍ കാണുന്നത്‌. അടയാളത്തോടൊപ്പം അടയാളവാക്യം കൂടി പറഞ്ഞതായി വാല്‌മീകി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അടയാളവാക്യമെന്തെന്ന്‌ വ്യക്തമാക്കിയിട്ടില്ല. സീതാസ്വയംവരത്തിനു‌ മുന്‍പ്‌ സീതയും രാമനും പരസ്‌പരം അഭിവീക്ഷണം ചെയ്‌ത രഹസ്യ കഥ രാമന്‍ അടയാളവാക്യമായി ഹനു‌മാനോട്‌ പറഞ്ഞയയ്‌ക്കുന്നുവെന്ന്‌ കമ്പര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌.

അന്നത്തെ ബഹുജനാഭിരുചി, കാമോദ്ദീപകമായ അംശങ്ങളിലും അതിശയോക്തിപരമായ ഭാഷയിലും അഭിരമിച്ചിരുന്നതിനാല്‍ കമ്പര്‍ കാമസൂത്രത്തിലുള്ള തന്റെ പാണ്ഡിത്യവും അത്യുക്ത്യാടോപങ്ങളിലുള്ള നൈപുണ്യവും ഉദാരമായി ഇടയ്‌ക്കിടെ കാവ്യത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.

നാടകീയ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കമ്പരുടെ വൈഭവം "ഇരാമാവതാര'ത്തിലുടനീളം പ്രകടമാണ്‌. ഇദ്ദേഹം രാവണസഹോദരന്മാരായ കുംഭകര്‍ണവിഭീഷണന്മാരെ, എതിര്‍ചേരികളില്‍ നിന്നു പരസ്‌പരം അഭിമുഖീകരിക്കുവാന്‍ തക്കവണ്ണം അവതരിപ്പിച്ചിരിക്കുന്നു. സംക്ഷുബ്‌ധമായ വികാരങ്ങളുടെ സംഘട്ടനമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌. കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച്‌ ദുരന്ത നായികാനായകന്മാരുടെ സ്വഭാവം ചിത്രീകരിച്ചിട്ടുള്ളതില്‍ കമ്പര്‍ പരമാവധി വിജയിച്ചിട്ടുണ്ട്‌. വാല്‌മീകി കേവലമൊരു രക്ഷോവരനായി ചിത്രീകരിച്ചിട്ടുള്ള കുംഭകര്‍ണനെ കമ്പര്‍ ഒരു കഥാനായകനായി രൂപാന്തരപ്പെടുത്തിയിരിക്കുന്നു. രാവണനോളവും രാവണപുത്രനായ ഇന്ദ്രജിത്തിനോളവും ഔന്നത്യം കുംഭകര്‍ണനും ലഭിക്കുന്നുണ്ട്‌. കഥാപാത്രാവിഷ്‌കരണത്തെപ്പോലെതന്നെ കമ്പരാമായണത്തിലെ സംഭാഷണങ്ങള്‍ വിദഗ്‌ധവും പ്രത്യയ ജനകവുമാണ്‌.

യുദ്ധരംഗങ്ങള്‍ തീക്ഷ്‌ണമായ വാഗ്വാദങ്ങള്‍കൊണ്ട്‌ സജീവവും പലപ്പോഴും ശോകാത്‌മകമായ നര്‍മഭാവത്താല്‍ ദീപ്‌തവുമാണ്‌. യുദ്ധകാണ്ഡത്തിലാണ്‌ കമ്പരുടെ കവിത്വശക്തി പൂര്‍ണശോഭയില്‍ കാണപ്പെടുന്നത്‌. വായനക്കാരന്‍ നേരില്‍ എല്ലാ സംഭവങ്ങളും കാണുകയാണെന്ന തോന്നലുണ്ടാകത്തക്കവണ്ണമാണ്‌ കമ്പരാമായണത്തിലെ വര്‍ണനാരീതി. ശ്രീരാമനോട്‌ ഏറ്റുതോറ്റ്‌ യുദ്ധക്കളത്തില്‍നിന്നു പിന്‍തിരിയുന്ന രാവണനെ കവി അതരിപ്പിക്കുന്നത്‌ ഇങ്ങനെയാണ്‌:

"വാരണം പൊരുതമാര്‍വും
വരയിനൈയെടുത്തതോളും
നാരതമുനിവര്‍ കേര്‍പ
നയം പടവുരത്തനാവും
താരണി മവുലിപത്തും
ചങ്കരന്‍ കൊടുത്ത വാളും
വീരമും കളത്തേപോക്കി
വെറുങ്കൈയ്യോടിലങ്കൈ പുക്കാന്‍'.
 

കമ്പര്‍ കാവ്യരചനയ്‌ക്ക്‌ സ്വീകരിച്ചിരിക്കുന്നത്‌ ആശിരിയപ്പാ വൃത്തത്തിന്റെ വകഭേദങ്ങളാണ്‌. അദ്‌ഭുതകരമായ പദസ്വാധീനം കമ്പരാമായണത്തില്‍ ആദ്യന്തം കാണാം. ദ്വിതീയാക്ഷരപ്രാസം, അനു‌പ്രാസം, അന്ത്യപ്രാസം എന്നിവകൊണ്ട്‌ മിക്ക പദ്യങ്ങളും മനോഹരമായിട്ടുണ്ട്‌. സ്വതഃസിദ്ധമായ പാടവത്തോടെ കവി പ്രസിദ്ധങ്ങളായ മിക്ക അലങ്കാരങ്ങളും അവതരിപ്പിക്കുന്നുണ്ട്‌. സീതയെപ്പെറ്റി രാവണന്റെ മുമ്പില്‍ ശൂര്‍പ്പണഖ വര്‍ണിക്കുന്നത്‌ ഇങ്ങനെയാണ്‌:

"വില്ലൊക്കും നു‌തലെന്‍റാലും
വേലൊക്കും മിഴിയെന്‍റാലും
പല്ലൊക്കും മുത്തെന്‍റാലും
പവളത്തെ ഇതഴ്‌ എന്‍റാലും
ചൊല്ലൊക്കും പൊരുളൊവ്വാതന്‍
ചൊല്ലലാം ഉവമൈയുണ്ടോ?
നെല്ലൊക്കും പുല്ലെന്‍റാലും
നേര്‍ ഉരൈത്താക, അറ്റേ'
 

(സീതയുടെ പുരികം വില്ലും, മിഴികള്‍ വേലും, പല്ല്‌ മുത്തും, അധരം പവിഴവും ഒക്കെയായാണ്‌ കമ്പര്‍ കല്‌പന ചെയ്‌തിരിക്കുന്നത്‌).

കമ്പരുടെ ശൈലി വൈവിധ്യപൂര്‍ണമാണ്‌. അത്യുത്‌കടമായ ശോകരസവും ഭാവഗാംഭീര്യവും തൊട്ട്‌ നിസ്സാരകാര്യങ്ങളുടെ വിനോദകരമായ പ്രതിപാദനം വരെ അതിന്റെ പരിധിയില്‍പ്പെടുന്നു. വിമൃശ്യകാരിതയോടെ സംസ്‌കൃതപദങ്ങള്‍ ആവശ്യാനു‌സരണം സ്വീകരിച്ചിട്ടുണ്ടെങ്കിലും തമിഴിന്റെ ആത്മഭാവത്തിന്‌ അനു‌യോജ്യമാംവണ്ണം സമീകരിച്ചും മൃദൂകരിച്ചുമാണ്‌ സംസ്‌കൃതപദങ്ങള്‍ പ്രയോഗിച്ചിട്ടുള്ളത്‌.

തമിഴിലെ വൈഷ്‌ണവഭക്തിസാഹിത്യത്തിലെ നിത്യസ്‌മരണീയരായ നമ്മാഴ്‌വര്‍, തിരുമങ്കൈആഴ്‌വാര്‍ എന്നീ കവികളുടെ സ്വാധീനം കമ്പരാമായണത്തിലുണ്ട്‌. ശ്രീരാമസ്‌തുതി ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കവി നമ്മാഴ്‌വരുടെ തിരുവായ്‌മൊഴിയെ പിന്തുടരുന്നതു കാണാം. പുറനാനൂറ്‌, ചിലപ്പതികാരം, തിരുക്കുറള്‍ എന്നീ തമിഴ്‌ കൃതികളുടെ മാറ്റൊലി കമ്പരാമായണത്തില്‍ ചില ഭാഗങ്ങളില്‍ കേള്‍ക്കാവുന്നതാണ്‌.

മലയാളത്തിലെ പ്രാചീന കൃതികളായ രാമചരിതം, കണ്ണശ്ശരാമായണം, അധ്യാത്മരാമായണം കിളിപ്പാട്ട്‌, ഭാഷാരാമായണം ചമ്പു, രാമകഥപ്പാട്ട്‌, രാമനാട്ടം എന്നിവയിലെല്ലാം കമ്പരാമായണത്തിന്റെ സ്വാധീനം കാണുന്നുണ്ട്‌. ലക്ഷ്‌മണന്‍ ശൂര്‍പ്പണഖയുടെ കാതും മൂക്കുമരിഞ്ഞതായിട്ടു മാത്രമാണ്‌ വാല്‌മീകിയും മറ്റു രാമായണകര്‍ത്താക്കളും വര്‍ണിച്ചിട്ടുള്ളത്‌. എന്നാല്‍ കമ്പരാകട്ടെ മുലയും അരിഞ്ഞതായി കൂട്ടിച്ചേര്‍ത്തു. അധ്യാത്മരാമായണം കിളിപ്പാട്ട്‌, ഭാഷാരാമായണം ചമ്പു, രാമനാട്ടം എന്നീ കൃതികളെല്ലാം കമ്പരാമായണഭാഗത്തെ അതേപടി പകര്‍ത്തിയിരിക്കുന്നു. കേരളീയഭവനങ്ങളില്‍ കമ്പരാമായണം ഒരു നിത്യപാരായണ ഗ്രന്ഥമായി ഒരു ശതാബ്‌ദത്തിനു‌ മുമ്പുവരെ നിലനിന്നിരുന്നുവെന്ന്‌ ഭാഷാചരിത്രത്തില്‍ പി.ഗോവിന്ദപ്പിള്ള സൂചിപ്പിച്ചിട്ടുണ്ട്‌.

കമ്പര്‍ക്കുശേഷം ചില സംഗീതരചയിതാക്കള്‍ ഒഴികെ രാമകഥയില്‍ കൈവയ്‌ക്കാന്‍ ആരും തുനിഞ്ഞിട്ടില്ല. അദ്ദേഹത്തിനു‌ മുമ്പുള്ള തമിഴ്‌ രാമായണങ്ങള്‍ ഏതാനും ചില ശീലുകള്‍ അവശേഷിപ്പിച്ചുകൊണ്ട്‌ സ്വാഭാവികമായി അസ്‌തംഗതമായി. വി.വി.എസ്‌. അയ്യര്‍, സി. രാജഗോപാലാചാരി, എസ്‌.ഡി.എസ്‌. യോഗിയാര്‍, പ്രാഫ. ശ്രീനിവാസരാഘവന്‍, പ്രാഫ.എ.ആര്‍.എസ്‌. ദേശികന്‍ എന്നിവര്‍ ചേര്‍ന്നു തയ്യാറാക്കിയ കമ്പരാമായണത്തിന്റെ ഇംഗ്ലീഷ്‌ വിവര്‍ത്തനം വളരെ പ്രസിദ്ധമാണ്‌.

സി. കുഞ്ഞിരാമമേനോന്‍ (1922), എ. രാമന്‍പിള്ള (1924), ടി.പി. കുഞ്ഞുണ്ണിനായര്‍ (1930), കാവുങ്ങല്‍ നീലകണ്‌ഠപ്പിള്ള (1959) എന്നിവര്‍ കമ്പരാമായണത്തെ മലയാളത്തിലേക്കു ഗദ്യത്തില്‍ വിവര്‍ത്തനം ചെയ്‌തവരാണ്‌. ജി. രാമകൃഷ്‌ണപ്പിള്ള ഭാഷാഗാനരൂപത്തിലും (1954), ഡോ. എസ്‌.കെ. നായര്‍ പദ്യരൂപത്തിലും (1963), ശ്രീധരനു‌ണ്ണി ഗദ്യപ്രബന്ധ രൂപത്തിലും (1958) കമ്പരാമായണത്തെ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്‌തിട്ടുണ്ട്‌.

(പ്രാഫ. യേശുദാസന്‍; പ്രാഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍