This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമ്പടിക്കളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമ്പടിക്കളി

കമ്പടിക്കളി

നാടോടിനൃത്തരൂപത്തിലുള്ള ഒരു കേരളീയ വിനോദം. ഹരിജനങ്ങളുടെ ഇടയിലും മലബാറിലെ മുസ്‌ലിങ്ങളുടെ ഇടയിലും ഇതു വളരെയധികം പ്രചരിച്ചു കാണുന്നു. ഓണാഘോഷാവസരങ്ങളില്‍ നടത്തപ്പെടുന്ന കളികളില്‍ കമ്പടിക്കളി പ്രധാനപ്പെട്ട ഒരിനമാണ്‌.

കോലടിക്കളി, കമ്പക്കളി, കോലാട്ടക്കളി എന്നീ പേരുകളിലും ഇതറിയപ്പെടുന്നുണ്ട്‌. വട്ടക്കളി, പരിചമുട്ടുകളി, ചുവടുകളി, മാര്‍ഗംകളി മുതലായ കലാരൂപങ്ങളിലും കമ്പടിക്കളി കാണാന്‍ സാധിക്കും.

കനം കുറഞ്ഞതും ഉദ്ദേശം 60 സെ.മീ. നീളമുള്ളതുമായ കമ്പുകളാണ്‌ ഈ കളിയില്‍ ഉപയോഗിക്കാറുള്ളത്‌. കമ്പിന്റെ ഒരറ്റത്ത്‌ ചെറിയ മണികള്‍ ഘടിപ്പിച്ചിരിക്കും. താളപ്രധാനവും ആയോധനാഭ്യാസപരവുമായിട്ടുള്ള ഈ കളിയില്‍ മെയ്‌വഴക്കവും താളനിശ്ചയവും ഗതിവേഗവും അനിവാര്യഘടകങ്ങളാണ്‌.

എട്ടോ പത്തോ പേര്‍ വട്ടത്തില്‍ നിന്ന്‌ രണ്ടു കൈയിലും ഓരോ കമ്പ്‌ പിടിച്ചുകൊണ്ട്‌ പാട്ടുപാടി ചുവടുകള്‍ വയ്‌ക്കുന്നു. ഇടയ്‌ക്കിടെ കമ്പുകള്‍ തമ്മിലടിക്കുന്നതിനോടൊപ്പം ഇരുന്നും ചാടിയും ഓടിയും കുമ്പിട്ടിരുന്നും വട്ടം കറങ്ങിയും കിടന്നും താഴെയും മുകളിലും വശങ്ങളിലും കമ്പുകള്‍ തട്ടി, വട്ടത്തില്‍ ചുറ്റിക്കറങ്ങിയും കളിക്കാറുണ്ട്‌.

കോലാട്ടത്തിലെന്ന പോലെ കമ്പടിക്കളിയിലും ലളിതമായിട്ടുള്ള ചുവടുകളാണ്‌ വയ്‌ക്കുന്നത്‌. പതിഞ്ഞ കാലത്തിലും ദ്രുതകാലത്തിലും അതിദ്രുതകാലത്തിലുമുള്ള ചുവടുകള്‍ ഈ കളിയുടെ സവിശേഷതയാണ്‌. പതിനെട്ട്‌, പന്ത്രണ്ട്‌ എന്ന കണക്കിലാണ്‌ ചുവടുകള്‍ വയ്‌ക്കുന്നത്‌.

ഫലിതരസം നിറഞ്ഞതും കേള്‍ക്കാനിമ്പമേറിയതുമായ ഗാനങ്ങളും താളമൊപ്പിച്ചുള്ള ചുവടുകളും കമ്പടിക്കളിയുടെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. പുരാണകഥകളും വീരചരിതങ്ങളും ഐതിഹ്യങ്ങളുമാണ്‌ ഗാനങ്ങളിലെ പ്രതിപാദ്യം. കമ്പടിപ്പാട്ടുകള്‍ക്ക്‌ "കോലടിപ്പാട്ട്‌' എന്നും പേരുണ്ട്‌.

പുരുഷന്മാര്‍ മാത്രമേ കമ്പടിക്കളിയില്‍ പങ്കെടുക്കാറുള്ളൂ. വളരെയധികം വ്യായാമം പ്രദാനം ചെയ്യുന്ന ഈ കളി കാണാന്‍ ലളിതമെന്നു തോന്നുമെങ്കിലും, ദ്രുതഗതിയില്‍ ചുവടുകള്‍ വയ്‌ക്കുന്നതിനുള്ള പ്രത്യേക കഴിവും പരിശീലനവും ലഭിച്ചിട്ടുള്ള വ്യക്തികള്‍ക്കു മാത്രമേ ഈ കലയില്‍ ശോഭിക്കുവാന്‍ കഴിയുകയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍