This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമുക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമുക്‌

Arecanut tree

കമുക്‌ - ഉള്‍ച്ചിത്രം: പൂവും കായും

ഏകബീജപത്രകവിഭാഗത്തിലെ പാമെ (Palmae) കുടുംബത്തില്‍പ്പെടുന്ന ഒരു ഒറ്റത്തടി വൃക്ഷം. ശാ.നാ.: അരേക്കാ കറ്റേച്ചു (Areca catechu). കവുങ്ങ്‌, അടയ്‌ക്കാമരം എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രധാനമായും കായ്‌കള്‍ക്കു വേണ്ടിയാണ്‌ കൃഷി ചെയ്യുന്നത്‌.

ബി.സി. 14-ാമാണ്ടിഌം 8-ാമാണ്ടിഌം ഇടയ്‌ക്ക്‌ രചിക്കപ്പെട്ട ഒരു ചൈനീസ്‌ ഗ്രന്ഥത്തില്‍ കമുകിനെക്കുറിച്ചു പരാമര്‍ശിച്ചിട്ടുണ്ട്‌. ക്രമുകം എന്ന കമുകിന്റെ സംസ്‌കൃതനാമം ഭാരതത്തില്‍ കമുകുകൃഷിയുടെ പഴക്കത്തെ സൂചിപ്പിക്കുന്നു. ഇന്ത്യ, തെക്കുകിഴക്കന്‍ ചൈന, ഫിലിപ്പീന്‍സ്‌, ശ്രീലങ്ക, ബാംഗ്ലദേശ്‌, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ ഉഷ്‌ണസമശീതോഷ്‌ണ മേഖലകളിലെല്ലാം കമുക്‌ കൃഷി ചെയ്‌തുവരുന്നു.

ഇന്ത്യയില്‍ കേരളം, കര്‍ണാടകം, അസം എന്നീ പ്രദേശങ്ങളിലാണ്‌ കമുക്‌ കൃഷി മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്നത്‌. പശ്ചിമബംഗാള്‍, മഹാരാഷ്‌ട്ര, തമിഴ്‌നാട്‌, ആന്ധ്ര, ഒറീസ എന്നീ സംസ്ഥാനങ്ങളിലും ഇത്‌ കൃഷി ചെയ്യപ്പെടുന്നുണ്ട്‌. ഉത്‌പാദനത്തില്‍ പ്രഥമസ്ഥാനം കേരളത്തിനാണ്‌. ഇവിടത്തെ മുഖ്യ തോട്ടവിളകളില്‍ ഒന്നാണിത്‌. കേരളത്തില്‍ കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലാണ്‌ കമുകുകൃഷി ഏറ്റവും കൂടുതലായുള്ളത്‌. ഇന്ത്യയില്‍ നിന്ന്‌ അടയ്‌ക്ക കയറ്റുമതി ചെയ്യുന്നുണ്ട്‌.

ഉരുണ്ട്‌ വണ്ണം കുറഞ്ഞ്‌ നേരെ മുകളിലേക്കു വളരുന്ന കമുകിന്‍തടിയുടെ അഗ്രഭാഗത്ത്‌ ഏഴെട്ട്‌ ഓലകള്‍ കാണാം. തടിക്ക്‌ 24 മീ. വരെ നീളം വയ്‌ക്കും. ഇലത്തണ്ടിന്റെ അടിഭാഗത്ത്‌ വീതിയുള്ള പാളയുണ്ട്‌. പൂങ്കുലകള്‍ മാര്‍ദവമേറിയ കൂമ്പാളകൊണ്ട്‌ പൊതിഞ്ഞിരിക്കും. പൂക്കള്‍ വിടരാറാകുമ്പോള്‍ ഇത്‌ നെടുകേ പിളരുന്നു. പൂങ്കുലയില്‍ ആണ്‍പൂക്കളും പെണ്‍പൂക്കളുമുണ്ട്‌. തരാതമ്യേന വലിയ പെണ്‍പൂക്കള്‍ പൂങ്കുലയുടെ ചുവട്ടിലും ആണ്‍പൂക്കള്‍ അഗ്രഭാഗത്തും കാണപ്പെടുന്നു. പൂവിന്‌ രണ്ടു വൃത്തങ്ങളിലായി 6 പരിദളങ്ങളുണ്ട്‌. ആണ്‍പൂവില്‍ 6 കേസരങ്ങള്‍ കാണാം. പെണ്‍പൂവിലെ അണ്ഡാശയത്തിന്‌ ഒറ്റ അറയേയുള്ളൂ. ഈ അറയിലെ അണ്ഡം വളര്‍ന്ന്‌ പാകമാകുന്നതാണ്‌ അടയ്‌ക്ക അഥവാ പാക്ക്‌. ഉള്ളില്‍ ഒരു വിത്തു മാത്രമേ ഉണ്ടാകൂ.

മിക്കയിനം മണ്ണിലും കമുകു വളരുമെങ്കിലും നീര്‍വാര്‍ച്ചയും അമ്ലഗുണവുമുള്ള മണ്ണിലാണ്‌ ഏറ്റവും മെച്ചപ്പെട്ട തോട്ടങ്ങള്‍ കാണപ്പെടുന്നത്‌. കമുകുതോട്ടങ്ങളില്‍ തെങ്ങ്‌, വാഴ, വെറ്റിലക്കൊടി, കുരുമുളക്‌, ഏലം എന്നിവ കൃഷി ചെയ്യാറുണ്ട്‌.

ഒരു വര്‍ഷം പ്രായമായ കമുകിന്‍ തൈകളാണ്‌ നടാന്‍ ഉത്തമം. കാലിവളവും പച്ചിലവളവുമാണ്‌ സാധാരണയായി കമുകിഌ ചേര്‍ക്കുന്നത്‌. രാസവളങ്ങള്‍ വിളവു വര്‍ധിപ്പിക്കാന്‍ ഉതകുന്നു. 68 വര്‍ഷം പ്രായമെത്തുമ്പോള്‍ വൃക്ഷങ്ങള്‍ ക്രമമായി വിളവ്‌ ഉത്‌പാദിപ്പിച്ചു തുടങ്ങും. അടയ്‌ക്ക മൂപ്പെത്താന്‍ 67 മാസം വേണ്ടി വരുന്നു. വര്‍ഷത്തില്‍ ശരാശരി നാലു തവണ വിളവെടുക്കാം. അഌകൂല പരിതഃസ്ഥിതികളില്‍ കമുക്‌ 6080 വര്‍ഷം വരെ നിലനില്‌ക്കുമെങ്കിലും 40 വര്‍ഷം കഴിഞ്ഞാല്‍ കായ്‌ഫലം പൊതുവേ കുറയുന്നു. പാക്കില്‍ ടാനിന്‍, ഗാലിക്‌ അമ്ലം, കൊഴുപ്പ്‌, പശ, ആല്‍ക്കലോയിഡുകള്‍ ഇവ അടങ്ങിയിട്ടുണ്ട്‌. അരിക്കോളിന്‍ (arecoline) ആണ്‌ ഏറ്റവും പ്രധാനപ്പെട്ട ആല്‍ക്കലോയിഡ്‌. അരിക്കെയിന്‍ (arecaine), അരിക്കെയ്‌ഡിന്‍ (arecaidine), ഗുവാകോലിന്‍ (guvaco-line), ഗുവാസിന്‍ (guacine) മുതലായവയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്‌. അധികമാത്രയില്‍ അരിക്കോലിന്‍ മാരകമാണ്‌.

മൂപ്പെത്താത്ത അടയ്‌ക്ക (ചമ്പന്‍) അരിഞ്ഞ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ ഉണക്കിയുണ്ടാക്കുന്നതാണ്‌ കളിപ്പാക്ക്‌ അഥവാ കളിയടയ്‌ക്ക. ഇതുകൊണ്ട്‌ വാസനപ്പാക്കും ഉണ്ടാക്കുന്നു. പഴുത്തു പാകമായ അടയ്‌ക്ക വലിയ മണ്‍പാത്രങ്ങളിലും (പാക്കുചാടി) മറ്റും വെള്ളത്തിലിട്ടു സൂക്ഷിക്കുന്നതാണ്‌ നീറ്റുപാക്ക്‌ അഥവാ നീറ്റടയ്‌ക്ക. അടയ്‌ക്ക ലഭ്യമല്ലാത്ത കാലങ്ങളിലേക്കു വേണ്ടിയാണ്‌ ഇപ്രകാരം സൂക്ഷിക്കുന്നത്‌. വിപണനത്തിനായി ഉണക്കി സൂക്ഷിക്കപ്പെടുന്ന അടയ്‌ക്കയാണ്‌ "കൊട്ടപ്പാക്ക്‌' അഥവാ കൊട്ടടയ്‌ക്ക.

താംബൂലത്തിലെ മുഖ്യ ഘടകമാണ്‌ അടയ്‌ക്ക. പാക്കിന്‌ കേരളീയരുടെ സാമൂഹ്യജീവിതവുമായി വളരെയധികം ബന്ധമുണ്ട്‌. അടയ്‌ക്കയിലടങ്ങിയിട്ടുള്ള ടാനിന്‍ സൂക്ഷ്‌മജീവികളെയും വിരകളെയും നശിപ്പിക്കാന്‍ കഴിവുള്ളതാണ്‌. തുകല്‍വ്യവസായത്തിലും അടയ്‌ക്ക ഉപയോഗപ്പെടുത്തി വരുന്നു.

അടയ്‌ക്കാത്തോടില്‍ ഏകദേശം 47.6 ശ.മാ. സെല്ലുലോസ്‌ അടങ്ങിയിരിക്കുന്നു. തന്മൂലം മേല്‌ത്തരം പൊതിക്കടലാസ്‌, കാര്‍ഡ്‌ബോര്‍ഡ്‌ എന്നിവയുടെ നിര്‍മാണത്തിന്‌ ഇതുപയോഗിക്കുന്നു. തോട്‌ കമ്പോസ്റ്റായും ഉപയോഗിക്കാം. നാട്ടിന്‍പുറങ്ങളില്‍ കമുകിന്‍ പാള കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിഌം വിശറി, കൃഷിപ്പണിക്കാര്‍ക്കുള്ള തൊപ്പി മുതലായവ ഉണ്ടാക്കാഌം ഉപയോഗിച്ചു വരുന്നു. ഓലകൊണ്ട്‌ ചൂലുണ്ടാക്കുന്നു. കമുകിന്‍തടി പന്തലിടുന്നതിഌം കൊടിമരമായും പാലമിടാഌം ഉപയോഗിക്കാറുണ്ട്‌.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന ഒരു വിളയാണ്‌ അടയ്‌ക്ക. ലക്ഷക്കണക്കിന്‌ ആളുകള്‍ കമുക്‌ കൃഷിയെയും അതുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങളെയും ആശ്രയിച്ചു ജീവിക്കുന്നു. നോ: അടയ്‌ക്ക

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍