This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമാന്‍ഡോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമാന്‍ഡോ

Commando

എന്‍.എസ്‌.ജി. കമാന്‍ഡോസ്‌

പ്രതിസന്ധി ഘട്ടങ്ങളില്‍ അടിയന്തിര പ്രവര്‍ത്തനത്തിന്‌ പരിശീലനം സിദ്ധിച്ച സൈനികവിഭാഗം. ദക്ഷിണാഫ്രിക്കയില്‍ വച്ചുണ്ടായ ബോയര്‍ (Boer) യുദ്ധത്തില്‍ (1899 1902) പങ്കെടുത്ത ഒരു സൈനിക യൂണിറ്റിനെ വിശേഷിപ്പിക്കാനാണ്‌ "കമാന്‍ഡോ' എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌. "ആജ്‌ഞാപിക്കുക', "ഭരിക്കുക' എന്നൊക്കെ അര്‍ഥമുള്ള കമാന്‍ഡേര്‍ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ്‌ ഇതിന്‍െറ ഉദ്‌ഭവം. പഴയ ബോയര്‍ റിപ്പബ്ലിക്കുകളുടെ സൈന്യത്തിലെ ഭരണപരവും തന്ത്രപരവുമായ യൂണിറ്റുകളെ പരാമര്‍ശിക്കുന്നതിനും ഈ പദം ഉപയോഗിച്ചിരുന്നു. ബോയര്‍ റിപ്പബ്ലിക്കുകളുടെ ഭരണഘടനാശാസനങ്ങള്‍ (commands) 16 നും 60നും ഇടയ്‌ക്കു പ്രായമുള്ള എല്ലാ പുരുഷപ്രജകള്‍ക്കും സൈനികസേവനം നിര്‍ബന്ധിതമാക്കിയിരുന്നു. ഒരു ഇലക്‌റ്ററല്‍ ജില്ലയിലെ സൈനിക പ്രായപരിധിക്കുള്ളില്‍ വരുന്ന ജന്മിമാരുടെ നേതൃത്വത്തിലായിരുന്നു ഓരോ കമാന്‍ഡോ യൂണിറ്റും രൂപവത്‌കരിക്കപ്പെട്ടിരുന്നത്‌. ദക്ഷിണാഫ്രിക്കന്‍ യുദ്ധം ഫലപ്രദമായി പൊരുതിയ കമാന്‍ഡോ യൂണിറ്റുകള്‍, സ്‌മട്ട്‌സ്‌, ബോധാ, ഡിവെറ്റ്‌ മുതലായവരുടെ നേതൃത്വത്തിലുള്ളവയായിരുന്നു.

രണ്ടാം ലോകയുദ്ധത്തില്‍ ശത്രുക്കളുടെ അധീനതയിലായിരുന്ന പ്രദേശങ്ങളെ മോചിപ്പിക്കുന്നതിനുള്ള ആക്രമണത്തില്‍ മുന്നണിപ്പോരാളികളെ പരാമര്‍ശിക്കുന്നതിന്‌ ബ്രിട്ടീഷുകാര്‍ ഈ പദം പ്രയോഗിച്ചു. സൈന്യത്തിന്റെ എല്ലാ വിഭാഗത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധഭടന്മാരെക്കൊണ്ടാണ്‌ ബ്രിട്ടീഷ്‌ കമാന്‍ഡോ യൂണിറ്റുകള്‍ രൂപവത്‌കരിച്ചിരുന്നത്‌. സ്‌കോട്ട്‌ലന്‍ഡിലെ അക്‌നാകാരിയില്‍ വച്ച്‌ ഇവര്‍ക്കു പരിശീലനം നല്‍കി.

ഓരോ ബ്രിട്ടീഷ്‌ കമാന്‍ഡോ യൂണിറ്റിലും ഏകദേശം 460 പട്ടാളക്കാര്‍ വീതമുണ്ടായിരുന്നു. ഇത്‌ ശത്രു രാജ്യങ്ങളുടെ യുദ്ധോപകരണങ്ങളും ഫാക്‌റ്ററികളും നശിപ്പിക്കുകയും സഖ്യശക്തി ഏജന്റുമാരുടെ രക്ഷാപ്രവര്‍ങ്ങളിലേര്‍പ്പെടുകയും ചെയ്‌തു. 1942ലും 43ലും റോയല്‍ മറീന്‍സ്‌ കമാന്‍ഡോകളുടെ വിവിധ യൂണിറ്റുകള്‍ രൂപവത്‌കരിക്കപ്പെട്ടു. 1942ലെ ദിയെപ്പ്‌ (Dieppe) ആക്രമണം, കൊറിയന്‍ യുദ്ധം (1950 53) മുതലായ സൈനിക പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷ്‌ കമാന്‍ഡോ യൂണിറ്റുകള്‍ പങ്കെടുക്കുകയുണ്ടായി. യു.എസ്‌. സേനയില്‍ ഇതിനു സമാന്തരമായുണ്ടായിരുന്ന സൈനികരെ റേഞ്ചേഴ്‌സ്‌ (Rangers) എന്നു വിളിച്ചിരുന്നു. ഇപ്പോള്‍ യു.എസ്‌. സേനയില്‍ കമാന്‍ഡോ പരിശീലനം നേടിയ സൈനികര്‍ പ്രത്യേക കരസേനാവിഭാഗമാണ്‌. യു.എസ്‌. വ്യോമസേനയിലും ഇത്തരം ഒരു സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ്‌ വിഭാഗമുണ്ട്‌.

പലസ്‌തീനിലെയും ലാറ്റിന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളിലെയും ഒളിപ്പോരാളികളെ കമാന്‍ഡോകള്‍ എന്നു വിളിക്കുന്നു. പലസ്‌തീനിലെ ഒളിപ്പോരാളികളെ പരാമര്‍ശിക്കുന്ന പദമെന്ന നിലയ്‌ക്കാണ്‌ "കമാന്‍ഡോ' ഇന്ന്‌ പ്രചാരം നേടിയിരിക്കുന്നത്‌. ബ്രിട്ടനിലും യു.എസ്സിലും കമാന്‍ഡോ സാങ്കേതികമായി ഒരു സൈനികദളത്തെ സൂചിപ്പിക്കുന്നുവെങ്കിലും ഒരു പടയാളി എന്ന അര്‍ഥത്തിലാണ്‌ ഈ പദം ജനസമ്മതി നേടിയിരിക്കുന്നത്‌. ഇന്ത്യന്‍ സായുധസേനാവിഭാഗങ്ങളിലെല്ലാം കമാന്‍ഡോ വിഭാഗങ്ങളുണ്ട്‌. കരസേനയില്‍ പ്രവര്‍ത്തിക്കുന്ന കമാന്‍ഡോ വിഭാഗം നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്‌ (NSG) എന്ന പേരില്‍ അറിയപ്പെടുന്നു. തീവ്രവാദികളെ നേരിടുന്നതും, വി.ഐ.പി.കള്‍ക്ക്‌ ബ്ലാക്‌ കാറ്റ്‌ സംരക്ഷണം നല്‍കുന്നതും ഈ വിഭാഗമാണ്‌. 2008 ന. 26ന്‌ മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണം എന്‍.എസ്‌.ജി. കമാന്‍ഡോകളെ ഉപയോഗിച്ചാണ്‌ രാഷ്‌ട്രം നേരിട്ടത്‌. നാവിക സേനയിലെയും വായുസേനയിലെയും കമാന്‍ഡോകള്‍ യഥാക്രമം മറൈന്‍ കമാന്‍ഡോ ഫോഴ്‌സ്‌ (MCF) എന്നും എയര്‍ കമാന്‍ഡോസ്‌ എന്നുമറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍