This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കമലാദേവി ചട്ടോപാധ്യായ (1903 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കമലാദേവി ചട്ടോപാധ്യായ (1903-88)

കമലാദേവി ചട്ടോപാധ്യായ

ഭാരതീയ സാമൂഹിക പരിഷ്‌കര്‍ത്രിയും വനിതാ വിമോചനപ്രസ്ഥാനത്തിന്റെ പ്രചാരകയും. 1903 ഏ. 3നു മംഗലാപുരത്ത്‌ (ദക്ഷിണകര്‍ണാടകം) ജനിച്ചു. ചെറുപ്രായത്തില്‍ വിവാഹിതയായ കമല സ്‌കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ വിധവയായി. മംഗലാപുരത്തെ സെന്‍റ്‌ മേരീസ്‌ കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം ഇംഗ്ലണ്ടിലെത്തി ബെഡ്‌ഫോഡ്‌ കോളജിലും ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ഇക്കണോമിക്‌സിലും ഉപരിപഠനം നടത്തി. സാരസ്വത സമുദായത്തില്‍ അന്ന്‌ നിലവിലിരുന്ന മാമൂലുകളെ മറികടന്ന്‌ ഇവര്‍ തന്നിഷ്‌ടപ്രകാരം ഹരീന്ദ്രനാഥ ചട്ടോപാധ്യായയെ വിവാഹം കഴിച്ചു.

ഭര്‍ത്താവുമൊത്ത്‌ യൂറോപ്പിലും മറ്റും സഞ്ചരിച്ച്‌ അവിടത്തെ കലാകാരന്മാരുമായി പരിചയപ്പെടുകയും രംഗവേദികളെക്കുറിച്ചും നാടകാവിഷ്‌കരണത്തെക്കുറിച്ചും പഠിക്കുകയും ചെയ്‌തു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ചട്ടോപാധ്യായ ദമ്പതികള്‍ നിരവധി നാടകങ്ങള്‍ രംഗത്തവതരിപ്പിച്ചു. നാടകങ്ങളിലെ പ്രമുഖ റോളുകള്‍ കമലതന്നെയാണ്‌ കൈകാര്യം ചെയ്‌തത്‌.

ഗാന്ധിജി, നെഹ്‌റു, സരോജിനി നായ്‌ഡു, കസ്‌തൂര്‍ബാ ഗാന്ധി എന്നിവരുടെ സ്വാധീനത്തില്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ പങ്കെടുത്ത കമല ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെയാണ്‌ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്‌. നിരവധി തവണ ഇവര്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌. ദൂഷിതവലയത്തില്‍ നിന്ന്‌ ഇന്ത്യയെ രക്ഷിക്കുന്നതിനുള്ള ഏകമാര്‍ഗം കാര്‍ഷിക നവോത്ഥാനമാണെന്നു മനസ്സിലാക്കിയ കമലാദേവി ഭൂനിയമവ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ കഠിനമായി യത്‌നിച്ചു. യുവതീയുവാക്കളെ സ്വാതന്ത്ര്യ സമര പ്രബുദ്‌ധരാക്കാന്‍ ഇവര്‍ വഹിച്ച പങ്ക്‌ വലുതാണ്‌. 1948ല്‍ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ കക്ഷിയില്‍ അംഗമായ കമല തൊഴിലാളി ക്ഷേമത്തിനുവേണ്ടിയും ഒരു കുരിശുയുദ്ധംതന്നെ നടത്തുകയുണ്ടായി.

ഇന്ത്യയില്‍ വനിതാ പ്രസ്ഥാനത്തിന്‌ ഇന്നുള്ള നില കൈവരുത്താന്‍ അക്ഷീണം യത്‌നിച്ചത്‌ കമലാദേവിയായിരുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം യാത്രചെയ്‌തും പ്രസംഗങ്ങള്‍ നടത്തിയും യുവതികളെ പ്രബുദ്ധരാക്കുക വഴി അഖിലേന്ത്യാ വനിതാകോണ്‍ഫറന്‍സിന്‌ കളമൊരുക്കി. കരകൗശലവിദ്യയുടെ വികസനത്തിനു വേണ്ടിയും ഇവര്‍ വളരെ പ്രയത്‌നിച്ചിട്ടുണ്ട്‌. കമല പൊതുജീവിതത്തില്‍ നിരവധി ഉന്നതസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്‌. അഖിലേന്ത്യാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി അംഗം, പ്രവര്‍ത്തകസമിതിയുടെ അധ്യക്ഷ, ഇന്ത്യന്‍ സഹകരണയൂണിയന്റെ സ്ഥാപകാധ്യക്ഷ, വേള്‍ഡ്‌ ക്രാഫ്‌റ്റ്‌സ്‌ കൗണ്‍സിലിന്റെ ഉപാധ്യക്ഷ, ഇന്ത്യന്‍ നാഷണല്‍ തിയെറ്റര്‍, സെന്റര്‍ ഒഫ്‌ ദി ഇന്റര്‍നാഷണല്‍ തിയെറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകാധ്യക്ഷ, അഖിലേന്ത്യ കരകൗശല ബോര്‍ഡിലെ അധ്യക്ഷ, ആള്‍ ഇന്ത്യാ ഡിസൈന്‍സ്‌ സെന്ററിന്റെ അധ്യക്ഷ എന്നീ പദവികളാണ്‌ അവയില്‍ പ്രധാനപ്പെട്ടവ.

കമലാദേവി പല അന്താരാഷ്‌ട്ര സമ്മേളനങ്ങളിലും യു.എന്‍. കമ്മിഷനുകളിലും ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്‌. വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി ഇവര്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. എവേക്കനിങ്‌ ഒഫ്‌ ഇന്ത്യന്‍ വുമന്‍ഹുഡ്‌ (1939), ഇന്‍ വാര്‍ടോണ്‍ ചൈന (1942), അങ്കിള്‍ സാംസ്‌ എമ്പയര്‍, അമേരിക്കാ ദ്‌ ലാന്‍ഡ്‌ ഒഫ്‌ സൂപ്പര്‍ലറ്റീവ്‌സ്‌ (1947), സൊസൈറ്റി ആന്‍ഡ്‌ സോഷ്യലിസം (1948), ഇന്ത്യ അറ്റ്‌ ദ്‌ ക്രാസ്‌ റോഡ്‌സ്‌ (1949), ഇന്ത്യന്‍ ഹാന്റിക്രാഫ്‌റ്റ്‌സ്‌ ആന്‍ഡ്‌ ഫ്‌ളോര്‍ കവറിംങ്‌സ്‌ (1974), റ്റുവേര്‍ഡ്‌സ്‌ എ നാഷണല്‍ തിയെറ്റര്‍, ജപ്പാന്‍ ഇറ്റ്‌സ്‌ വീക്ക്‌നെസ്‌ ആന്‍ഡ്‌ സ്‌റ്റ്രങ്‌ത്‌, ഇന്ത്യന്‍ എംബ്രായിഡറി (1977), ദ്‌ ഗ്ലോറി ഒഫ്‌ ഇന്ത്യന്‍ ഹാന്‍ഡിക്രാഫ്‌റ്റ്‌സ്‌ (1985), ഇന്ത്യാസ്‌ ക്രാഫ്‌റ്റ്‌ ട്രഡീഷന്‍ (2000) എന്നിവയാണ്‌ പ്രധാന ഗ്രന്ഥങ്ങള്‍. ഇന്നര്‍ റിസസസ്‌ ആന്‍ഡ്‌ ഔട്ടര്‍ സ്‌പേസസ്‌ : മെമ്മോയര്‍ എന്ന പേരില്‍ 1986ല്‍ ആത്മകഥ പ്രസിദ്ധീകരിച്ചു.

ഇന്ത്യാ ഗവണ്‍മെന്റ്‌ 1955ല്‍ പദ്‌മഭൂഷണ്‍ ബഹുമതി നല്‍കി ഇവരെ ആദരിക്കുകയുണ്ടായി. സാമൂഹ്യസേവനത്തെ പുരസ്‌കരിച്ച്‌ 1962ല്‍ വട്‌മുല്‍ (Watmul) അവാര്‍ഡും 1966ല്‍ മഗ്‌സെസെ അവാര്‍ഡും കമലാദേവിക്ക്‌ നല്‍കപ്പെട്ടിട്ടുണ്ട്‌. 1970ല്‍ വിശ്വഭാരതി സര്‍വകലാശാല ഇവര്‍ക്ക്‌ "ദേശികോത്തമ' ബഹുമതി നല്‍കി ആദരിച്ചു. 1974ല്‍ ഇവരെ സംഗീത നാടക അക്കാദമി രത്‌ന സദസ്യ ഫെലോഷിപ്പ്‌ നല്‌കി ആദരിച്ചു. 1977ല്‍ യുനെസ്‌കോ പുരസ്‌കാരവും 1987ല്‍ പദ്‌മവിഭൂഷണും കമലാദേവിക്കു ലഭിച്ചു. കരകൗശലരംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‌കുന്ന വ്യക്തികള്‍ക്കായി കമലാദേവിയുടെ പേരില്‍ ലോക കരകൗശല കൗണ്‍സില്‍ രണ്ട്‌ പുരസ്‌കാരങ്ങള്‍ കമലാദേവി അവാര്‍ഡ്‌, കമലാ സമ്മാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ കര്‍ണാടക കരകൗശല കൗണ്‍സിലും ഭാരതീയ നാട്യ സംഘവും കമലാദേവി ചട്ടോപാധ്യായയുടെ പേരില്‍ വര്‍ഷംതോറും യഥാക്രമം വിശ്വകര്‍മ പുരസ്‌കാരവും മികച്ച നാടകത്തിനുള്ള അവാര്‍ഡും നല്‌കി വരുന്നു.

2007ല്‍ ഔട്ട്‌ലുക്‌ മാസിക തിരഞ്ഞെടുത്ത 60 മഹത്‌ ഇന്ത്യരില്‍ ഒരാളായിരുന്നു കമലാദേവി ചട്ടോപാധ്യായ.

1988 ഒക്‌. 29ന്‌ കമലാദേവി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍