This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബൈലെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കബൈലെ

Kabyle

കബൈലെ സ്‌ത്രീകള്‍

അല്‍ജീരിയയിലെ കബൈലിയാ (Kabylia) പ്രദേശത്തു നിവസിക്കുന്ന ഒരു ആദിവാസി ജനവര്‍ഗം. മെഡിറ്ററേനിയന്‍ വംശജരായ ഇവര്‍ ബര്‍ബര ദേശീയരാണ്‌. ഇന്ത്യയിലെ ഗിരിവര്‍ഗമായ കബീലകളുമായി ഇവര്‍ക്കു സാദൃശ്യമുണ്ട്‌. കൃഷിയാണ്‌ മുഖ്യ ഉപജീവനമാര്‍ഗം. കബൈലെകള്‍ ഇസ്‌ലാംമതവിശ്വാസികളാണ്‌. പരമ്പരാഗതമായി പുരുഷന്മാര്‍ "ഗാണ്ടുറാ' എന്ന അയഞ്ഞ മേലങ്കിയും കമ്പിളി കൊണ്ടുള്ള ഷാളും തൊപ്പിയും അതിന്റെ മുകളില്‍ പുല്‍ത്തൊപ്പിയും ധരിക്കുന്നു. സ്‌ത്രീകള്‍ കടുംമഞ്ഞനിറത്തിലുള്ള മേലങ്കിയും സില്‍ക്ക്‌ സ്‌കാര്‍ഫും അണിയുന്നു. മേലങ്കിയില്‍ സര്‍പ്പാകൃതിയില്‍ ചിത്രത്തുന്നലുകള്‍ കാണാം. വെള്ളിയും പവിഴവും കൊണ്ടുണ്ടാക്കിയ ആഭരണങ്ങളും ഇവര്‍ ധരിക്കുന്നു.

കബൈലെ ഗ്രാമങ്ങള്‍ ഭരിക്കുന്നത്‌ പ്രായപൂര്‍ത്തിയെത്തിയ പുരുഷന്മാരുടെ ഒരു സമിതിയാണ്‌. റംസാന്‍ മാസത്തില്‍ ഉപവസിക്കാന്‍ പ്രാപ്‌തരായവരായിരിക്കണം സമിതിയംഗങ്ങള്‍. 19-ാം ശ.ത്തിന്റെ മധ്യകാലഘട്ടത്തില്‍ ഫ്രഞ്ച്‌ മുനിസിപ്പല്‍ നിയമങ്ങള്‍ അടിച്ചേല്‌പിക്കുന്നതിനു മുമ്പ്‌ ഗ്രാമങ്ങളുടെ ഭരണച്ചുമതല നിര്‍വഹിച്ചിരുന്നത്‌ "അമീന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു. അമീനെ സഹായിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ടിരുന്നവരെ "ഇതെമാനെന്‍' എന്നു വിളിച്ചുപോന്നു. ഗ്രാമങ്ങളുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അമീനെയും ഇതെമാനെന്മാരെയും തിരഞ്ഞെടുത്തിരുന്നത്‌ മക്കത്തായ സമ്പ്രദായമനുസരിച്ചായിരുന്നു. വ്യക്തികളുടെയും വസ്‌തുവകകളുടെയും അധികാരാവകാശങ്ങളെയും കുറ്റകൃത്യങ്ങളെയും ശിക്ഷാരീതികളെയും മറ്റും വിശദമായി പ്രതിപാദിക്കുന്ന ഒരു പാരമ്പര്യ നിയമസംഹിത കബൈലെകളുടെ ഇടയില്‍ പ്രാബല്യത്തിലിരുന്നു. ഈ നിയമസംഹിത "കാനൂന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

ഗ്രാമങ്ങളെ അനവധി ഗോത്രങ്ങളായി തിരിച്ചിട്ടുണ്ട്‌. ജാതി സമ്പ്രദായങ്ങളുടെ നൂലാമാലകളില്‍പ്പെട്ട്‌ പല തട്ടുകളിലായി നിലകൊള്ളുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയാണ്‌ ഇവരുടെ ഇടയില്‍ നിലവിലുള്ളത്‌. ലോഹപ്പണിക്കാരെയും കശാപ്പുകാരെയും നികൃഷ്ടരായി കരുതി മാറ്റി നിര്‍ത്തുകയും ചിലപ്പോള്‍ പ്രത്യേക ഗ്രാമങ്ങളില്‍ പാര്‍പ്പിക്കുകയും ചെയ്‌തിരുന്നു. കുടുംബകാര്യങ്ങളില്‍ ഗൃഹനാഥന്റെ അമ്മയ്‌ക്കാണ്‌ പ്രധാനമായ പങ്ക്‌. അല്‍ജീരിയയില്‍ ഏറ്റവും അവസാനം ഫ്രഞ്ചുകാര്‍ക്ക്‌ കീഴടങ്ങിയ ജനവര്‍ഗമാണ്‌ കബൈലെകള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B5%88%E0%B4%B2%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍