This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കബാല

Cabala

സൃഷ്ടി, വെളിപാട്‌, രക്ഷ എന്നിവയെ പരാമര്‍ശിക്കുന്ന നിഗൂഢമായ ഈശ്വരജ്ഞാന സിദ്ധാന്തം. ജൂതഗുപ്‌തവിദ്യ (Jewish mysticism) പൊതുവേ കബാല എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. കബ്ബല (Qabbalah) എന്ന ഹീബ്രുപദത്തില്‍ നിന്നാണ്‌ ഈ വാക്കുണ്ടായത്‌. പാരമ്പര്യം എന്നാണ്‌ ഈ പദത്തിന്റെ അര്‍ഥം. ജൂതസിദ്ധാന്തങ്ങള്‍, സാഹിത്യപാരമ്പര്യങ്ങള്‍ മുതലായവ കൂടാതെ ഇതര സംസ്‌കാരങ്ങളില്‍ നിന്നും കബാലയ്‌ക്ക്‌ ആശയങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. ദൈവം തന്റെ സൃഷ്ടിയില്‍ നിന്നു വിഭിന്നവും അതീതവുമാണെന്ന്‌ കബാലവക്താക്കള്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ബൈബിള്‍ പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന "ഉത്‌പത്തി' പ്രമാണത്തെ ഇവര്‍ വിമര്‍ശിക്കുന്നു. ലോകത്തിന്റെയും ഭൗതികവസ്‌തുക്കളുടെയും ഉദ്‌ഭവത്തെക്കുറിച്ചുള്ള കബാലവിശ്വാസികളുടെ വ്യാഖ്യാനം ഇപ്രകാരമാണ്‌. ആത്മസ്വരൂപനായ ദൈവം സൃഷ്ടികര്‍മത്തിനുവേണ്ടി സ്വമേധയാ ചുരുങ്ങി. സൃഷ്ടിക്കുശേഷം അവശേഷിച്ച ആത്മീയവസ്‌തു ആകാശത്തില്‍ വ്യാപിച്ചു. ഇക്കാരണത്താല്‍ കബാലതത്ത്വം സര്‍വസ്വദേവവാദ(Pantheism)മെന്ന്‌ കരുതേണ്ടിയിരിക്കുന്നു. മനുഷ്യനും ദൈവത്തിനും ഇടയ്‌ക്ക്‌ സഞ്ചാരയോഗ്യമായ ഒരു ആത്മീയപാത തന്നെയുള്ളതായി ഇവര്‍ കരുതുന്നു.

ജൂതമതത്തിന്റെ തുടര്‍ന്നുള്ള നിലനില്‌പിന്‌ ദിവ്യ വെളിപാടിന്റെ സത്ത മാത്രം ഉള്‍ക്കൊണ്ടാല്‍ മതിയാവുകയില്ലെന്നും അതിന്റെ ബാഹ്യരൂപംപോലും പരിപാവനവും മാറ്റാന്‍ പാടില്ലാത്തതുമായി പരിഗണിക്കേണ്ടതാണ്‌ എന്നും കബാല വിശ്വാസികള്‍ക്ക്‌ അഭിപ്രായമുണ്ട്‌. തന്മൂലം ജൂതമതത്തിന്റെ എല്ലാ വിഭാഗങ്ങളും ദിവ്യവചനങ്ങളെ അക്ഷരാര്‍ഥത്തില്‍ പാലിക്കാന്‍ നിര്‍ബന്ധിതമായി. പുനരാഖ്യാനം സാധ്യമാക്കാന്‍ കബാല വിശ്വാസികള്‍ വൈവിധ്യമാര്‍ന്നതും സങ്കീര്‍ണതയേറിയതുമായ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും പ്രതീകങ്ങള്‍ വികസിപ്പിച്ചെടുത്തു. നൂതന ആശയങ്ങള്‍ മനസ്സിലാക്കാന്‍ ഈ പ്രതീകങ്ങള്‍ വളരെ ഉപകരിച്ചു.

വ്യക്തിയുടേതിനെക്കാള്‍ മനുഷ്യവര്‍ഗത്തിന്റെ മോചനത്തിനാണ്‌ ഇവര്‍ കൂടുതല്‍ പ്രാധാന്യം കല്‌പിക്കുന്നത്‌. മാനവവംശത്തിന്റെ രക്ഷ ഒരു മിശിഹാ മുഖേന സംഭവിക്കുമെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു. ഈ മിശിഹാ ജനങ്ങളെ "വിശുദ്ധ ഭൂമിയില്‍' നയിച്ചുകൊണ്ടുപോയി സത്യം, നീതി, കരുണ എന്നിവയില്‍ കെട്ടിപ്പടുത്ത ഒരു ഭരണം ഏര്‍പ്പെടുത്തുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ മിശിഹാ അഥവാ ക്രിസ്‌തു എപ്പോള്‍ വരുമെന്ന്‌ നിശ്ചയമില്ല. കബാല സംഘങ്ങള്‍ ഇന്ന്‌ കൂടുതലായുള്ളത്‌ ഇസ്രയേലിലാണ്‌. പ്രമുഖ ജൂതചിന്തകനായ റാബി എബ്രഹാം ഐസക്‌ കുക്ക്‌ കബാല ഗുപ്‌തവിദ്യയുടെ സത്ത ശരിക്കും മനസ്സിലാക്കിയിരുന്നു. മാര്‍ട്ടിന്‍ ബുബര്‍ (Martin Buber), എബ്രഹാം ജോഷ്വ ഐസ്‌ചെല്‍ (Abraham Joshua Aeschel) എന്നിവരും കബാല പ്രസ്ഥാനത്തിന്റെ അറിയപ്പെട്ട പ്രമുഖ വക്താക്കളാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%AC%E0%B4%BE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍