This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപ്പഡോഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കപ്പഡോഷ്യ

Cappadocia

കപ്പഡോഷ്യയിലെ ഗുഹാസങ്കേതങ്ങള്‍

ഏഷ്യാമൈനറിന്റെ കിഴക്കുഭാഗത്ത്‌ നിലനിന്നിരുന്ന ഒരു പ്രാചീന ഭരണഘടകം. ടാറസ്‌ നിരകള്‍ക്കു വടക്കായി, പടിഞ്ഞാറ്‌ തുസ്‌ തടാകം മുതല്‍ കിഴക്ക്‌ യൂഫ്രട്ടിസ്‌ തടം വരെ വ്യാപിച്ചിരിക്കുന്ന ഈ മലമ്പ്രദേശരാജ്യത്ത്‌ സ്വതന്ത്രമായ ഒരു സംസ്‌കാരം നെടുനാള്‍ നിലനിന്നുപോന്നിരുന്നു. ഈ മേഖലയെ ജലസിക്തമാക്കിയിരുന്നത്‌ മുന്‍കാലങ്ങളില്‍ ഹാലിസ്‌ എന്നറിയപ്പെട്ടിരുന്ന കിസില്‍ ഇര്‍മാക്‌ നദിയാണ്‌. ഹാലിസ്‌ നദിക്കു സമീപത്തുള്ള ഉത്തരഭാഗം പോണ്ടസ്‌ എന്നും ശേഷിച്ചത്‌ വിശാലകപ്പഡോഷ്യ (Greater Cappadocia) എന്നുമാണറിയപ്പെട്ടിരുന്നത്‌. ഒട്ടുമുക്കാലും ഭാഗം ആന്റി ടാറസ്‌ മലകള്‍ വ്യാപിച്ചു കിടക്കുന്ന ഈ മേഖലയില്‍ അധിവാസം മിക്കവാറും പാറക്കുന്നുകളില്‍ തുരന്നുണ്ടാക്കിയ ഗുഹാസങ്കേതങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

ബി.സി. രണ്ടാം സഹസ്രാബ്‌ദത്തില്‍ത്തന്നെ കപ്പഡോഷ്യയില്‍ മികച്ച കാലിസമ്പത്തുണ്ടായിരുന്നു. ക്വാര്‍ട്ട്‌സ്‌, വെള്ളി, മെര്‍ക്കുറി, കല്ലുപ്പ്‌ എന്നിവ ഇവിടെ ഖനനം ചെയ്യപ്പെട്ടിരുന്നു. മസാക, ത്യാന, മെലിതേന്‍ എന്നിവയായിരുന്നു കപ്പഡോഷ്യയിലെ പട്ടണങ്ങള്‍.

കാലാകാലങ്ങളില്‍ കപ്പഡോഷ്യയുടെ വിസ്‌തൃതിയില്‍ പ്രസക്തമായ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നതായിക്കാണുന്നു. ഇത്‌ ഏറ്റവും വിസ്‌തൃതമായിരുന്നപ്പോള്‍ വടക്ക്‌ കരിങ്കടല്‍ തീരം വരെ വ്യാപിച്ചിരുന്നു. ഇവിടെ പാര്‍ത്തിരുന്ന അസീറിയന്‍ അധിനിവേശക്കാരുടെ ക്യൂനീഫോം എഴുത്തുകളുള്‍ക്കൊള്ളുന്നതും നാണ്യമൂല്യമുള്ളതും ആയ ആയിരക്കണക്കിന്‌ ഓടുകഷണങ്ങള്‍ കാനേഷ്‌ മേഖലയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്‌. ഏഷ്യാമൈനറും അസീറിയയുമായി ബി.സി. 18-ാം ശ.ത്തിനു മുമ്പു തന്നെ കപ്പഡോഷ്യയ്‌ക്ക്‌ സുദൃഢമായ വ്യാപാരബന്ധമുണ്ടായിരുന്നുവെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു. 6-ാം ശ.ത്തില്‍ ഇവിടെ പേര്‍ഷ്യന്‍ ഭരണാധിപത്യം നിലവിലിരുന്ന കാലം തൊട്ടുള്ള ചരിത്രം വ്യക്തമാണ്‌.

സരതുഷ്‌ട്രമതത്തിനാണ്‌ അന്നിവിടെ പ്രാമുഖ്യമുണ്ടായിരുന്നത്‌. ഇറാനിലെ പ്രഭുത്വത്തിനു സമാനമായിരുന്നു സാമ്പത്തിക വ്യവസ്ഥിതി. പേര്‍ഷ്യന്‍ അധീനതയില്‍ത്തുടര്‍ന്ന കപ്പഡോഷ്യ ബി.സി. 3-ാം ശ.ത്തില്‍ പൂര്‍ണമായും അലക്‌സാണ്ടര്‍ക്ക്‌ അധീനമായിരുന്നു. ബി.സി. 255ല്‍ കപ്പഡോഷ്യ ഒരു സ്വതന്ത്രരാജ്യമായിത്തീര്‍ന്നു.

ഇക്കാലത്ത്‌ പോണ്ടസ്‌ കപ്പഡോഷ്യയില്‍ നിന്ന്‌ പൂര്‍ണമായും വേര്‍പെട്ടിരുന്നു. കപ്പഡോഷ്യന്‍ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മസാക. ബി.സി. 1-ാം ശ.ത്തില്‍ പോംപി രാജാവ്‌ ഈ മേഖലയെ റോമാസാമ്രാജ്യത്തിന്റെ ആശ്രിതരാജ്യമാക്കി. ജൂലിയസ്‌ സീസര്‍ ഇവിടത്തെ രാജാവിന്റെ വിശ്വാസവഞ്ചനയെത്തുടര്‍ന്ന്‌ കപ്പഡോഷ്യയെ റോമന്‍ സാമ്രാജ്യത്തില്‍ ലയിപ്പിച്ചു. തുടര്‍ന്ന്‌ മസാക പട്ടണം സീസറാ മസാകാ എന്നറിയപ്പെട്ടു. എ.ഡി. 1-ാം ശ.ത്തില്‍ത്തന്നെ ഇവിടെ ക്രിസ്‌തുമതം വ്യാപിച്ചിരുന്നു. ബൈബിളിലും കപ്പഡോഷ്യയെപ്പറ്റി പരാമര്‍ശമുണ്ട്‌. പില്‌ക്കാലത്ത്‌ കപ്പഡോഷ്യ ക്ഷയോന്മുഖമാവുകയും ഇതിന്റെ സാംസ്‌കാരിക സാമൂഹികാസ്‌തിത്വം തന്നെ നഷ്ടപ്രായമാവുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍