This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കപോതസന്ദേശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കപോതസന്ദേശം
കപോതത്തെ സന്ദേശഹരനായി കല്‌പിച്ച് എഴുതപ്പെട്ടിട്ടുള്ള സന്ദേശകാവ്യം. ഇതേ പേരില്‍ നാലുകൃതികള്‍ (രണ്ടെണ്ണം മലയാളത്തിലും രണ്ടെണ്ണം സംസ്‌കൃതത്തിലും) ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഓടാട്ടില്‍ കേശവമേനോന്റെ കൃതിയാണ് പ്രമുഖം.
ഓടാട്ടില്‍ കേശവമേനോന്റെ കൃതി 1926ല്‍ പ്രസിദ്ധീകരിച്ചു. കാവ്യരചനയില്‍ പൂര്‍വഗാമികളുടെ ചുവടുപിടിച്ചാണ് കവി മുന്നോട്ടു നീങ്ങുന്നതെങ്കിലും കഥാസന്ദര്‍ഭവും വര്‍ണ്യവസ്‌തുക്കളും പുതുമയുള്ളവയാണ്. ഒന്നാം ലോകയുദ്ധകാലത്തു മ്യൂണിച് നഗരത്തില്‍ (ജര്‍മനി) അകപ്പെട്ടുപോയ കേരളീയനായ നായകന്‍ തൃശൂരില്‍ വിയോഗാര്‍ത്തയായി കഴിയുന്ന തന്റെ പ്രയസിക്ക് ഒരു കപോതം (മാടപ്രാവ്) വഴി അയക്കുന്ന സന്ദേശമാണ് പ്രതിപാദ്യം.
പൂര്‍വമെന്നും ഉത്തരമെന്നും രണ്ടു ഭാഗങ്ങളായി കാവ്യത്തെ തിരിച്ചിരിക്കുന്നു. നായകസവിധത്തില്‍ നിന്നും നായികാഗൃഹം വരെയുള്ള മാര്‍ഗവര്‍ണനയാണ് പൂര്‍വപാദത്തില്‍. ആല്‍പ്‌സ് പര്‍വതം, മധ്യധരണ്യാഴി, ചെങ്കടല്‍, ബോംബെ തുടങ്ങിയ പല പ്രദേശങ്ങളും ദൃശ്യങ്ങളും 147 ശ്ലോകങ്ങളിലായി ഇവിടെ വര്‍ണിച്ചിട്ടുണ്ട്. ഉത്തരഭാഗത്തില്‍ (87 പദ്യങ്ങള്‍) തൃശൂര്‍ പട്ടണത്തിന്റെ വര്‍ണനയും നായികയ്‌ക്കുള്ള സന്ദേശവുമടങ്ങിയിരിക്കുന്നു. ആഖ്യാനത്തിലും അവതരണത്തിലും മറ്റു സന്ദേശകാവ്യകാരന്മാരെ അനുകരിക്കുന്ന കവി, തികച്ചും നൂതനമായ ഒരു കഥാസന്ദര്‍ഭമാണ് സ്വീകരിച്ചിട്ടുള്ളത്. വൃത്തം മന്ദാക്രാന്തതന്നെയാണ്. പൊതുവേ അക്ലിഷ്ടവും മനോഹരവുമാണ് ഇതിലെ രചനാരീതി. ഉദാ.
"രാമാമൗലേ! വിപിനഭുവി നീ പോന്നിടായ്‌കെന്നിവണ്ണം രാമാദേശം ഭവതിയിതിഹാസത്തില്‍ വായിച്ച നേരം രോമാഞ്ചം പൂണ്ടുടനെ നെടുവീര്‍പ്പിട്ടു കണ്ണീര്‍ നിറഞ്ഞുള്‍ പ്രമാവേശത്താല്‍ ത്രപയൊടയിമാം നോക്കിയോര്‍ക്കുന്നുവോ നീ'.
പാശ്ചാത്യ പൗരസ്‌ത്യദേശങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മാര്‍ഗവര്‍ണനയില്‍ പുതുമകളാവിഷ്‌കരിക്കാന്‍ കവിക്കു കഴിഞ്ഞിട്ടുണ്ട്. മാംസനിബദ്ധമായ രാഗത്തെ കഴിവതും ഒഴിവാക്കിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഔചിത്യപൂര്‍ണമായ അലങ്കാരകല്‌പനകളും ഇതിന്റെ ഒരു സവിശേഷതയാകുന്നു.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ കപോതസന്ദേശം (മലയാളം) 1924ല്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. പൂര്‍വം, ഉത്തരം എന്നീ രണ്ടുഭാഗങ്ങളായി തിരിച്ചിട്ടുള്ള പ്രസ്‌തുത കൃതിയില്‍ യഥാക്രമം 107ഉം 109ഉം മന്ദാക്രാന്താശ്ലോകങ്ങളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് ഇരയിമ്മന്‍ തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞു തങ്കച്ചി തൃശൂരില്‍ താമസിക്കുന്ന ഇക്കാവമ്മയ്‌ക്ക് അയയ്‌ക്കുന്ന വാര്‍ത്താപ്രഷണമാണ് ഇതിലെ ഇതിവൃത്തം. വിപ്രലംഭശൃംഗാരത്തിന്റെ സ്ഥാനത്ത് വാത്‌സല്യമാണ് ഇവിടെ കൈകാര്യം ചെയ്‌തിരിക്കുന്നതെന്നു മാത്രം. മാര്‍ഗവര്‍ണനയിലും മറ്റും മയൂരസന്ദേശകാരനെ അന്ധമായി അനുകരിച്ചിട്ടുണ്ടെങ്കിലും ഗ്രന്ഥകാരന്റെ ചരിത്രപാണ്ഡിത്യം ഈ വര്‍ണനകളില്‍ പ്രകടമാവുന്നുണ്ട്. ഈ കൃതിയെ ഭാവകാവ്യമെന്നതിലുപരി ഒരു ദേശചരിത്രകാവ്യം എന്ന് വിശേഷിപ്പിക്കുന്നതാവും ഉചിതമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 19-ാം ശ.ത്തിന്റെ അവസാനത്തില്‍ തൃശൂര്‍ തൈക്കാട്ടു നാരായണന്‍ മൂസ്സത് സംസ്‌കൃതത്തില്‍ രചിച്ച കപോതസന്ദേശം അപൂര്‍ണവും അമുദ്രിതവുമാണ്. പ്രിയതമയോടു വേര്‍പെട്ട് ലങ്കയില്‍ എത്തിച്ചേര്‍ന്ന നായകന്‍ ഒരു കപോതത്തോട് തന്റെ സന്ദേശം പ്രയസിക്ക് എത്തിച്ചുകൊടുക്കാന്‍ അഭ്യര്‍ഥിക്കുന്നതാണ് ഇതിലെ പ്രതിപാദ്യം. 19-ാം ശ.ത്തിന്റെ അന്ത്യത്തില്‍ ഉണ്ടായിട്ടുള്ള മറ്റൊരു സംസ്‌കൃതസന്ദേശകാവ്യമാണ് കുട്ടമത്തു കുഞ്ഞുണ്ണിക്കുറുപ്പിന്റെ കപോതസന്ദേശം. നോ: സന്ദേശകാവ്യം