This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപൂര്‍ഥല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കപൂര്‍ഥല

പഞ്ചാബിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. അമൃത്‌സറിന്‌ 65 കി.മീ. തെ.കിഴക്കും ജലന്ധറിന്‌ 40 കി.മീ. പടിഞ്ഞാറുമായി ഈ പട്ടണം സ്ഥിതി ചെയ്യുന്നു; വ്യാവസായിക വിപണനകേന്ദ്രമെന്ന നിലയ്‌ക്ക്‌ വികസിച്ചുവരുന്ന ഈ സാംസ്‌കാരിക കേന്ദ്രം 11-ാം ശ.ത്തില്‍ സ്ഥാപിതമായി. ഇന്ത്യാപാകിസ്‌താന്‍ അതിര്‍ത്തിക്ക്‌ 90 കി.മീ. കിഴക്കായി സ്ഥിതിചെയ്യുന്ന ഈ പട്ടണത്തില്‍ നിന്ന്‌ ഇരുരാജ്യങ്ങളിലുമുള്ള പട്ടണങ്ങളിലേക്കു റോഡുമാര്‍ഗവും റെയില്‍മാര്‍ഗവും ഗതാഗതബന്ധം സ്ഥാപിച്ചിട്ടുണ്ട്‌.

ജില്ല. 1,646 ച.കി.മീ. വിസ്‌തൃതി വരുന്ന കപൂര്‍ഥല ജില്ല സിന്ധുഗംഗാസമതലത്തില്‍ സത്‌ലജിന്റെ പോഷകനദിയായ വ്യാസ(ബിയാസ്‌)യുടെ പൂര്‍വ തടത്തില്‍ വ്യാപിച്ചു കിടക്കുന്നു. കപൂര്‍ഥല ജില്ല സംസ്ഥാനമധ്യത്തായാണ്‌ സ്ഥിതിചെയ്യുന്നത്‌. അമൃത്‌സര്‍, ഗുര്‍ദാസ്‌പൂര്‍, ഹോഷിയാര്‍പൂര്‍, ജലന്ധര്‍, ഫിറോസ്‌പൂര്‍ എന്നിവയാണ്‌ അയല്‍ ജില്ലകള്‍. ഫലഭൂയിഷ്‌ഠമായ എക്കല്‍സമതലത്തിലെ കാര്‍ഷികമേഖലയായ ജില്ലയില്‍ കരിമ്പ്‌, പരുത്തി എന്നിവ കൂടാതെ ഗോതമ്പ്‌ തുടങ്ങിയ ധാന്യങ്ങളും കൃഷി ചെയ്യപ്പെടുന്നു. ജനസംഖ്യ: 7,52,287 (2001).

ചരിത്രം. 11-ാം ശ.ത്തില്‍ ജയ്‌സാല്‍മറിലെ രജപുത്രരാജാവായ റാണാകപൂര്‍ സ്ഥാപിച്ച ഈ പട്ടണം പില്‌ക്കാലത്ത്‌ മുഗള്‍ സാമ്രാജ്യത്തില്‍പ്പെടുകയും തുടര്‍ന്ന്‌ മുഗള്‍ സാമ്രാജ്യം ഛിന്നഭിന്നമായപ്പോള്‍ ഒരു മുസ്‌ലിം സര്‍ദാറിന്റെ അധീനതയിലാവുകയും ചെയ്‌തു. 18-ാം ശ.ത്തില്‍ കപൂര്‍ഥല പട്ടണത്തെ ചൂഴ്‌ന്ന്‌ കപൂര്‍ഥല എന്ന പേരില്‍ ഒരു സിക്ക്‌ നാട്ടുരാജ്യം രൂപം കൊണ്ടു. പഞ്ചാബിലെ സിക്കുകാരായിരുന്നു ഭരണാധിപന്മാര്‍. വംശസ്ഥാപകനായ ജുസ്സാസിങ്‌ ബാരിദോബ്‌ പ്രദേശം കൂടി കീഴടക്കി കപൂര്‍ഥലയോടു ചേര്‍ത്തു. സത്‌ലജ്‌നദിയുടെ ഇരുകരകളിലുമുള്ള ചില പ്രദേശങ്ങള്‍ മഹാരാജാ രഞ്‌ജിത്‌സിങ്‌ സ്വമേധയാ കപൂര്‍ഥലയ്‌ക്കു വിട്ടുകൊടുത്തതായിരുന്നു. വടക്ക്‌ ഹോഷിയാര്‍പൂരിഌം തെക്ക്‌ സത്‌ലജ്‌ നദിക്കും ഇടയ്‌ക്ക്‌ വ്യാസനദിയുടെ പൂര്‍വതടത്തില്‍ ജലന്ധറിനു 13 കി.മീ. പടിഞ്ഞാറു വരെ വ്യാപിച്ചിരുന്ന ഈ നാട്ടുരാജ്യത്തിനു 1,700 ച.കി.മീ. വ്യാപ്‌തിയുണ്ടായിരുന്നു. ഭൂപ്രദേശം സമ്പദ്‌സമൃദ്ധമായിരുന്നതിനാല്‍ അക്കാലത്തു തന്നെ രാജ്യത്ത്‌ 3,79,390 പേര്‍ വസിച്ചിരുന്നു.

1809ല്‍ കപൂര്‍ഥല ബ്രിട്ടീഷുകാരുമായി സൈനികസഖ്യമുണ്ടാക്കി. 1826ല്‍ രഞ്‌ജിത്‌സിങ്ങില്‍ നിന്ന്‌ ആക്രമണമുണ്ടായപ്പോള്‍ ബ്രിട്ടിഷ്‌ സഹായം തേടിയ കപൂര്‍ഥലയിലെ നാട്ടുപ്രമാണിയായിരുന്ന സര്‍ദാര്‍ ഫത്തേസിങ്‌ ഒന്നാം സിക്കുയുദ്ധത്തില്‍ (1845 46) ബ്രിട്ടീഷുകാരെ എതിര്‍ത്തു. സന്ധി വ്യവസ്ഥകള്‍ ധിക്കരിച്ചതിനാല്‍ ബ്രിട്ടീഷ്‌സേന സത്‌ലജിന്റെ തീരപ്രദേശം കുറേഭാഗം കൈവശപ്പെടുത്തി. 1849ല്‍ നാട്ടുപ്രമാണി രാജപദവി സ്വീകരിക്കുകയും ബ്രിട്ടീഷുകാരെ ആത്മാര്‍ഥമായി തുണയ്‌ക്കുകയുമുണ്ടായി. 1852ല്‍ രണ്‍ധീര്‍സിങ്‌ രാജാവായി. 1857ലെ ഒന്നാം സ്വാതന്ത്യ്രസമരത്തിലും 58ലെ ഔധ്‌ ആക്രമണത്തിലും ബ്രിട്ടീഷുകാരെ സഹായിച്ചതിനാല്‍ ഇദ്ദേഹത്തിന്‌ പല ആനുകൂല്യങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുകയുണ്ടായി. ഇന്ത്യ സ്വതന്ത്രയാവുന്നതുവരെക്കും ബ്രിട്ടീഷ്‌ വിധേയത്വം അംഗീകരിച്ചുകൊണ്ട്‌ കപൂര്‍ഥല ഒരു നാട്ടുരാജ്യമെന്ന നിലയ്‌ക്ക്‌ തുടര്‍ന്നുപോന്നു. പിന്നീട്‌ കപൂര്‍ഥല ജില്ല രൂപവത്‌കരിച്ചപ്പോള്‍ പട്ടണം ജില്ലാതലസ്ഥാനമായിത്തീര്‍ന്നു.

(ഡോ. കെ.കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍