This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപിറ്റ്‌സ, പീറ്റര്‍ ല്യോനിദോവിച്ച്‌ (1894 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കപിറ്റ്‌സ, പീറ്റര്‍ ല്യോനിദോവിച്ച്‌ (1894 1984)

Kapitza, Pyotr Leonidovich

പീറ്റര്‍ ല്യോനിദോവിച്ച്‌ കപിറ്റ്‌സ

നോബല്‍ സമ്മാന ജേതാവായ (1978) റഷ്യന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1894 ജൂണ്‍ 26നു റഷ്യയിലെ ക്രാന്‍സ്റ്റഡില്‍ ജനിച്ചു. പെട്രാഗ്രാഡ്‌ പോളിടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസത്തിനുശേഷം 1921 വരെ ഇദ്ദേഹം അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. 1921ല്‍ ഉപരിപഠനാര്‍ഥം ഇംഗ്ലണ്ടിലേക്കു തിരിച്ച കപിറ്റ്‌സ, ഏണസ്റ്റ്‌ റഥര്‍ഫോര്‍ഡിന്റെ കീഴില്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. 1924 മുതല്‍ 32 വരെ ഇദ്ദേഹം കാവന്‍ഡിഷ്‌ ലബോറട്ടറിയുടെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചു. താപനില താഴുകയും കാന്തികമണ്ഡലം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ലോഹങ്ങളുടെ രോധം (resistance) സാമാന്യേന വര്‍ധിക്കുന്നതായി കപിറ്റ്‌സ 1929ല്‍ കണ്ടുപിടിച്ചു. ഇതാണ്‌ കപിറ്റ്‌സാ നിയമം എന്ന പേരില്‍ വിഖ്യാതമായിതീര്‍ന്നത്‌. 1929ല്‍ ഇദ്ദേഹം റോയല്‍ സൊസൈറ്റി അംഗമായി. 1930 34 കാലത്ത്‌ കേംബ്രിഡ്‌ജിലെ മോണ്‍ഡ്‌ ലബോറട്ടറിയുടെ മെസെല്‍ റിസര്‍ച്ച്‌ പ്രാഫസറായി ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1934ല്‍ റഷ്യയിലേക്കു മടങ്ങിയ കപിറ്റ്‌സയ്‌ക്ക്‌ പിന്നീട്‌ അവിടെത്തന്നെ തുടരേണ്ടിവന്നു.

കാവന്‍ഡിഷ്‌ ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ (1924) തീവ്രകാന്തികമണ്ഡലങ്ങള്‍ (superstrong magnetic fields) സൃഷ്ടിക്കുവാഌം 1934ല്‍ രുദ്ധോഷ്‌മവികാസം (adiabatic expansion) വഴി ഹീലിയത്തെ ദ്രവമാക്കുവാഌം ഉള്ള മാര്‍ഗങ്ങള്‍ ഇദ്ദേഹം കണ്ടുപിടിച്ചു. 1938ല്‍ ഹീലിയം IIന്റെ അതിദ്രവത്വ (superfluidity) സ്വഭാവം കപിറ്റ്‌സ കണ്ടുപിടിച്ചു. ശ്യാനത (viscosity) ഇല്ലാതെ തന്നെ ഒഴുകാനുള്ള ക്ഷമതയാണ്‌ അതിദ്രവത്വം. ഇതിനുപുറമേ കുറഞ്ഞ ചെലവിലും വന്‍തോതിലും ദ്രവവായു ഉത്‌പാദിപ്പിക്കുന്നതിനുള്ള ടര്‍ബൈനുകളുടെ കണ്ടുപിടിത്തവും (1939) ദ്രവ ഓക്‌സിജന്റെ നിര്‍മിതിയും കപിറ്റ്‌സയുടെ ഗവേഷണഫലങ്ങളാണ്‌. ടര്‍ബൈനുകളില്‍ ഉപയോഗപ്പെടുത്തുന്ന പലതരം വാല്‍വുകളില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള അഭികേന്ദ്രക (centripetal) വാല്‍വ്‌ കപിറ്റ്‌സയാണ്‌ വികസിപ്പിച്ചെടുത്തത്‌. റഷ്യയിലെ അക്കാദമി ഒഫ്‌ സയന്‍സസിന്റെ കീഴിലുള്ള "ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഫിസിക്കല്‍ പ്രാബ്ലംസ്‌' സ്ഥാപിച്ചത്‌ കപിറ്റ്‌സയാണ്‌. 1935 മുതല്‍ 46 വരെ ഇദ്ദേഹം ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌റ്ററായിരുന്നു. 1947ല്‍ ഇദ്ദേഹം മോസ്‌കോയിലെ ഫിസിക്കോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രാഫസര്‍ ആയി.

1955ല്‍ രൂപംകൊണ്ട സോവിയറ്റ്‌ ഇന്റര്‍ പ്ലാനറ്ററി കമ്മിറ്റിയുടെ അധ്യക്ഷനായ കപിറ്റ്‌സ 1957ല്‍ റഷ്യയുടെ രണ്ട്‌ ഭൗമോപഗ്രഹങ്ങളെ ബാഹ്യാകാശത്ത്‌ എത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക്‌ മികച്ച സൈദ്ധാന്തിക പിന്തുണ നല്‍കി. നാലു ഭൂഖണ്ഡങ്ങളിലുള്ള സര്‍വകലാശാലകള്‍ ഓണററി ബിരുദങ്ങള്‍ നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചു. കൂടാതെ "ലെമണസോഫ്‌ സ്വര്‍ണമെഡല്‍' (1960) ഉള്‍പ്പെടെയുള്ള അനേകം സമ്മാനങ്ങളും സോവിയറ്റ്‌ ഗവണ്‌മെന്റില്‍ നിന്ന്‌ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌.

1955 മുതല്‍ കപിറ്റ്‌സ "ജര്‍ണല്‍ ഒഫ്‌ എക്‌സ്‌പെരിമെന്റല്‍ ആന്‍ഡ്‌ തിയററ്റിക്കല്‍ ഫിസിക്‌സി'ന്റെ എഡിറ്റര്‍ഇന്‍ചീഫ്‌ ആയിരുന്നു. സോവിയറ്റ്‌ നാഷണല്‍ കമ്മിറ്റി ഒഫ്‌ ദ പുഗ്‌വാഷ്‌ കോണ്‍ഫറന്‍സ്‌, ലണ്ടന്‍ റോയല്‍ സൊസൈറ്റി (1929), നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌ ഒഫ്‌ ദി യു.എസ്‌. (1946), ഡാനിഷ്‌ റോയല്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌ (1946), പോളിഷ്‌ അക്കാദമി ഒഫ്‌ സയന്‍സസ്‌ (1963), സ്വീഡിഷ്‌ റോയല്‍ അക്കാദമി ഒഫ്‌ സയന്‍സസ്‌ (1966) തുടങ്ങിയ പല സൊസൈറ്റികളിലും കപിറ്റ്‌സ അംഗമായിരുന്നു. സോവിയറ്റ്‌ റഷ്യയിലെ ഉന്നതമായ ഓര്‍ഡര്‍ ഒഫ്‌ ലെനിന്‍, ഓര്‍ഡര്‍ ഒഫ്‌ ദ്‌ റെഡ്‌ ബാനര്‍ ഒഫ്‌ ലേബര്‍ തുടങ്ങിയ ബഹുമതികളും കീര്‍ത്തിമുദ്രകളും കപിറ്റ്‌സ നേടിയിട്ടുണ്ട്‌.

നിമ്‌നതാപ ഭൗതികത്തിലും ക്രയോജനിക്‌ എന്‍ജിനീയറിങ്ങിലും ഇദ്ദേഹം നല്‌കിയ മഹത്തായ സംഭാവനകളെ പുരസ്‌കരിച്ച്‌ 1978 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം കപിറ്റ്‌സയ്‌ക്ക്‌ നല്‌കപ്പെട്ടു. എലക്‌ട്രാണിക്കാ ബോള്‍ഷിഖ്‌ മൊഷ്‌ച്‌നോസ്റ്റി (1962), ഷീസ്‌ന്‍ ദ്‌ല്യാനവൂക്കി (1965), തിയോറിയാ, എക്‌സ്‌പെരിമെന്റാ, പ്രാക്‌റ്റിക്കാ (1966), ഫിസിചെസ്‌കി സഡാചി (1972) എന്നിവ ഇദ്ദേഹത്തിന്റെ പ്രമുഖ ഗവേഷണഗ്രന്ഥങ്ങളാണ്‌. 1964 67ല്‍ ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ സമാഹരിച്ച്‌ കളക്‌റ്റഡ്‌ പേപ്പേഴ്‌സ്‌ എന്ന പേരില്‍ മൂന്നു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1984 ഏ. 8ന്‌ മോസ്‌കോയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍