This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപാലനാഡികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കപാലനാഡികള്‍

Cranial Nerves

കപാലനാഡികള്‍

തലച്ചോറുമായി നേരിട്ടും സ്വതന്ത്രമായും ബന്ധിക്കപ്പെട്ടിരിക്കുന്ന 12 ജോഡി നാഡീതന്ത്രികള്‍. സുഷുമ്‌നാനാഡിയില്‍ നിന്നു പുറപ്പെടുന്ന എല്ലാ നാഡീതന്ത്രികളെയും പോലെ തന്നെയാണ്‌ കപാലനാഡികളും.

മസ്‌തിഷ്‌കവും സുഷുമ്‌നയും ചേര്‍ന്ന കേന്ദ്രനാഡീവ്യൂഹം; മസ്‌തിഷ്‌കത്തില്‍ നിന്നുദ്‌ഭവിക്കുന്ന 12 ജോഡി കപാലനാഡികള്‍ രൂപം കൊടുക്കുന്ന പെരിഫെറല്‍ നാഡീവ്യൂഹം; മൂന്നു ജോഡി സുഷുമ്‌നാ നാഡീതന്ത്രികള്‍; ആന്തരികാവയവങ്ങളിലും രക്തക്കുഴലുകളിലും എത്തിച്ചേരുന്ന സിംപതറ്റിക്‌ (അനൈച്ഛിക) നാഡീവ്യൂഹം എന്നിവ ഒന്നിച്ചുചേര്‍ന്നതാണ്‌ കശേരുകിയുടെ യഥാര്‍ഥത്തിലുള്ള നാഡീവ്യൂഹം.

തലയിലെ ബോധേന്ദ്രിയങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നേരിട്ടു തലച്ചോറിലെത്തിക്കുകയാണ്‌ കപാലനാഡികളുടെ പ്രധാന ധര്‍മം. തലയിലെയും കഴുത്തിലെയും പേശികളുടെ നിയന്ത്രണവും ഇവയ്‌ക്കു തന്നെ. കഴുത്തിനു താഴത്തേക്ക്‌ ഒരേയൊരു ജോഡി കപാലനാഡികള്‍ മാത്രമേ പോകുന്നുള്ളൂ. ഇവ ഹൃദയം, അന്നനാളി, ആമാശയം എന്നീ ഭാഗങ്ങളില്‍ എത്തിച്ചേരുന്നു.

ബോധേന്ദ്രിയങ്ങളില്‍ നിന്നു ലഭിക്കുന്ന "ചോദന'കള്‍ കൈകാര്യം ചെയ്യുന്നതും പേശീപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും മസ്‌തിഷ്‌കഗോളാര്‍ധങ്ങള്‍ (cerebral hemispheres) ആണ്‌. ഈ രണ്ടര്‍ധഗോളങ്ങളുടെയും ബാഹ്യസ്‌തരം (cortex) ആണ്‌ മേല്‌പറഞ്ഞ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം. ചിന്ത, ഓര്‍മ, വികാരം തുടങ്ങി ബോധപൂര്‍വമായ പ്രവൃത്തികളെ നിയന്ത്രിക്കുന്ന തീരുമാനങ്ങളെടുക്കുന്നതും ഈ ബാഹ്യസ്‌തരത്തിന്റെ ജോലി തന്നെ. ബോധേന്ദ്രിയങ്ങളുമായും തലയിലെ പേശികളുമായും തലച്ചോറിനുള്ള ബന്ധം 12 ജോഡി കപാലനാഡികളിലൂടെയാകുന്നു.

മനുഷ്യനിലും പരിണാമപരമായി ഉയര്‍ന്ന മറ്റു കശേരുകികളിലും മാത്രമേ ഇപ്രകാരം 12 ജോഡി കപാലനാഡികള്‍ കാണപ്പെടുന്നുള്ളൂ; മത്സ്യങ്ങളിലും ആംഫിബിയനുകളിലും 10 ജോഡി മാത്രമാണുള്ളത്‌. എന്നാല്‍ ഇവ കൂടാതെ എല്ലാ കശേരുകികളിലും "പ്രീഓപ്‌റ്റിക്‌' അഥവാ "റെറര്‍മിനല്‍' നാഡി എന്നുപേരുള്ള ഒരു ജോഡി നാഡീതന്ത്രികള്‍ കൂടി കാണപ്പെടുന്നുണ്ട്‌. കപാലനാഡികളുടെ എണ്ണം തിട്ടപ്പെടുത്തിയ സമയത്ത്‌ പ്രീഓപ്‌റ്റിക്കിനെപ്പറ്റി വിവരമൊന്നും ലഭിക്കാതിരുന്നതുകൊണ്ട്‌ ഇതിന്‌ കപാലനാഡീവിഭാഗത്തില്‍ സ്ഥാനം ലഭിച്ചിട്ടില്ല.

ഏറ്റവും മുകളില്‍ നിന്നാണ്‌ കപാലനാഡിയുടെ എണ്ണം ആരംഭിക്കുന്നത്‌. I ഓള്‍ഫാക്‌റ്ററി (olfactory), II ഓപ്‌റ്റിക്‌ (optic), III ഓക്യുലോമോട്ടര്‍ (oculomotor), IV ട്രാക്ലിയര്‍ (troclear), V ട്രജെമിനല്‍ (trigeminal), VIഅബ്‌ഡ്യൂസന്‍സ്‌ (abducens), VII ഫേഷ്യല്‍ (facial), VIII ഓഡിറ്ററി (auditory),IX ഗ്ലോസോഫാരിന്‍ജീയല്‍ (Glossopharyngeal),X വേഗസ്‌ (Vagus), IX സ്‌പൈനല്‍ ആക്‌സെസറി (Spinal accessory), XII ഹൈപോഗ്ലോസല്‍ (hypoglossal) എന്ന പ്രകാരമാണ്‌ 12 ജോഡി കപാലനാഡികള്‍. നാഡികള്‍ ബന്ധപ്പെടുന്ന നിശ്ചിതാവയവങ്ങളുടെയും അവയുടെ ഉദ്‌ഭവസ്ഥാനങ്ങളുടെയും അടിസ്ഥാനത്തില്‍ I ഓള്‍ഫാക്‌റ്ററി, II ഓപ്‌റ്റിക്‌, III ഓക്യുലോമോട്ടര്‍ ട്രാക്ലിയര്‍, അബ്‌ഡ്യൂസന്‍സ്‌ എന്നിവ, IV ട്രജെമിനല്‍, V ഫേഷ്യല്‍, VI ഓഡിറ്ററി, VII ഗ്ലോസോഫാരിന്‍ജീയല്‍, VIII ഹൈപോഗ്ലോസല്‍, IX സ്‌പൈനല്‍ ആക്‌സെസറി, X വേഗസ്‌ എന്നിങ്ങനെ ഒരു വിഭജനവും നിലവിലുണ്ട്‌. മൂക്ക്‌, കണ്ണ്‌, ചെവി എന്നീ വിശേഷേന്ദ്രിയങ്ങളില്‍ ചെന്നെത്തുന്ന കപാലനാഡികള്‍ മൂന്നു ജോഡിയാണ്‌. ഈ ഇന്ദ്രിയങ്ങളില്‍ നിന്നു ജന്മമെടുത്ത്‌ മസ്‌തിഷ്‌കത്തിലേക്കു പോകുന്നതും തികച്ചും സംവേദന (sensory) ധര്‍മങ്ങള്‍ മാത്രം നിര്‍വഹിക്കുന്നതുമായ നാഡികളാണ്‌ ഓള്‍ഫാക്‌റ്ററിയും ഓപ്‌റ്റിക്കും. മൂക്കിലെ ദ്വാരത്തിന്റെ മുകളിലായി സ്ഥിതിചെയ്യുന്ന "ഘ്രാണ സ്വീകാരി'കളില്‍ (smell receptors) നിന്നാരംഭിക്കുന്ന ഓള്‍ഫാക്‌റ്ററി നാഡി അതിനടുത്തു തന്നെയുള്ള ഓള്‍ഫാക്‌റ്ററി ബള്‍ബിലെത്തിച്ചേരുന്നു. ഓള്‍ഫാക്‌റ്ററി ബള്‍ബുകളാണ്‌ ഈ ആവേഗങ്ങളെ (Impulses) മസ്‌തിഷ്‌കത്തിലെത്തിക്കുന്നത്‌. മസ്‌തിഷ്‌കത്തിന്റെ ഇരുവശങ്ങളില്‍ നിന്നാരംഭിക്കുന്ന ഓപ്‌റ്റിക്‌ തന്ത്രികള്‍ ഒന്നിനുമുകളിലൊന്നായി എതിര്‍ദിശകളിലേക്കു പോകുന്നു. ഇപ്രകാരം രണ്ടു നാഡീതന്ത്രികളും തമ്മില്‍ തൊടുന്ന ഭാഗത്ത്‌ രണ്ടു നാഡികളും ഒന്നുചേര്‍ന്ന്‌ "ഓപ്‌റ്റിക്‌ കയാസ്‌മ' (optic chiasma) എന്നൊരു നാഡീസങ്കീര്‍ണതയ്‌ക്ക്‌ ജന്മമേകുന്നു. മസ്‌തിഷ്‌കത്തിന്റെ വിപരീത ദിശകളിലേക്കു പോകുന്ന ഓപ്‌റ്റിക്‌ നാഡീതന്ത്രിയിലെ ഘടകങ്ങളുടെ ശരിയായ വിഭജനത്തിനു സഹായിക്കുകയാണ്‌ ഇപ്രകാരമൊരു "കയാസ്‌മ രൂപീകരണം' കൊണ്ടു സാധിക്കുന്നത്‌.

ദ്വിനേത്രവീക്ഷണം (binocular vision) ഉള്ള ജീവികളില്‍ ഇത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കണ്ണിന്റെ ദൃഷ്ടിപടല (retina)ത്തില്‍ നിന്ന്‌ സംജ്ഞകള്‍ മസ്‌തിഷ്‌കത്തിലെത്തിക്കുകയാണ്‌ ഓപ്‌റ്റിക്‌ നാഡിയുടെ ധര്‍മം. മസ്‌തിഷ്‌കത്തിന്റെ പിന്‍ഭാഗത്തുള്ള വീക്ഷണകേന്ദ്രത്തില്‍ ഇവ എത്തിച്ചേരുന്നു. സമതുലനബോധം സൂക്ഷിക്കുക എന്നത്‌ ശ്രവണവുമായി ബന്ധപ്പെട്ട ഓഡിറ്ററി നാഡിയുടെ മറ്റൊരു പ്രധാന ചുമതലയാണ്‌. ഓപ്‌റ്റിക്‌ നാഡിയെപ്പോലെ ഇതും സംവേദനധര്‍മം ഉള്ളതുതന്നെ. എന്നാല്‍ ഓപ്‌റ്റിക്‌ നാഡിയില്‍ നിന്നു വ്യത്യസ്‌തമായി, ഇതു തലച്ചോറിലെത്തുന്നതിനുമുമ്പ്‌ ഒരു ഗാങ്‌ഗ്ലിയണ്‍ രൂപമെടുത്തിട്ടുള്ളതായി കാണാം. മൂന്നാമത്തെയും നാലാമത്തെയും ആറാമത്തെയും കപാലനാഡികള്‍ കണ്ണിലെ ആറു പേശികളിലേക്കു പോകുന്നു. ഈ നാഡികള്‍ പ്രധാനമായും പ്രരക (motor) തന്ത്രികള്‍ കൊണ്ടാണ്‌ നിര്‍മിതമായിട്ടുള്ളത്‌. നേത്രപേശികളുടെ ചലനനിയന്ത്രണം ഇവയുടെ ചുമതലയാകുന്നു.

കപാലനാഡികളില്‍ വച്ച്‌ ഏറ്റവും നീളം കൂടിയവയില്‍ ഒന്നാണ്‌ ട്രജെമിനല്‍. ഇതിന്റെ ഉദ്‌ഭവസ്ഥാനത്തിനടുത്തായി സെമിലൂണാര്‍ അഥവാ ഗസേറിയന്‍ ഗാങ്‌ഗ്ലിയണ്‍ എന്നു പേരുള്ള ഒരു വലിയ ഗാങ്‌ഗ്ലിയണ്‍ ഉണ്ട്‌. ഈ ഗാങ്‌ഗ്ലിയണ്‍ കഴിഞ്ഞാലുടന്‍ നാഡി ഓഫ്‌താല്‍മിക്‌, മാക്‌സിലറി, മാന്‍ഡിബുലാര്‍ എന്നിങ്ങനെ മൂന്നായി വിഭജിതമാകുന്നു. ഓഫ്‌താല്‍മിക്‌, മാക്‌സിലറി എന്നീ നാഡികള്‍ പൂര്‍ണമായും സെന്‍സറിതന്ത്രികള്‍ മാത്രം കൊണ്ടു നിര്‍മിതമായവയാണ്‌. എന്നാല്‍ മാന്‍ഡിബുലാറില്‍, സെന്‍സറിയും മോട്ടോറും ആയ രണ്ടിനം തന്ത്രികളും കാണപ്പെടുന്നു. പോണ്‍സ്‌ (Pons) എന്നറിയപ്പെടുന്ന മസ്‌തിഷ്‌കഭാഗത്താണ്‌ ട്രജെമിനല്‍ ബന്ധിതമായിരിക്കുന്നത്‌. കീഴ്‌ത്താടിയുടെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്‌ ഇതിന്റെ മാന്‍ഡിബുലാര്‍ തന്ത്രിയാകുന്നു. മൂക്കിനുള്ളിലും വായ്‌ക്കകത്തും കാണുന്ന ശ്ലേഷ്‌മസ്‌തരങ്ങളിലും മുഖത്തെയും തലയിലെയും തൊലിയിലും, ട്രജെമിനലിന്റെ അഗ്രങ്ങള്‍ ചെന്നെത്തുന്നു. മുഖത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന വേദനയും മറ്റും അഞ്ചാമത്തെ ഈ നാഡിയുമായി ബന്ധപ്പെട്ടതാണ്‌. ഫേഷ്യല്‍ എന്നു പേരുള്ള ഏഴാമത്തെ കപാലനാഡി മസ്‌തിഷ്‌കത്തിന്റെ "മെഡുല'യില്‍ (മസ്‌തിഷ്‌കത്തെ സുഷുമ്‌നയുമായി യോജിപ്പിക്കുന്ന ഭാഗം) നിന്നാണ്‌ ഉദ്‌ഭവിക്കുന്നത്‌. ജെനിക്കുലേറ്റ്‌ ഗാങ്‌ഗ്ലിയണ്‍ (geniculate ganglion) എന്നു പേരുള്ള വലിയ ഒരു ഗാങ്‌ഗ്ലിയണ്‍ ഇതില്‍ കാണപ്പെടുന്നു. മുഖം, കഴുത്ത്‌, ശിരസ്സ്‌, ചെവി തുടങ്ങിയ ഭാഗങ്ങിലെ പേശികളില്‍ പ്രരകതന്ത്രികള്‍ എത്തുന്നത്‌ ഈ നാഡിയില്‍ നിന്നുമാണ്‌. പ്രരകതന്ത്രികള്‍ക്കു പുറമേ ഒരു സംവേദന വിഭാഗവും, സിംപതറ്റിക്‌ വിഭാഗത്തിലെ ചില തന്ത്രികളും കൂടി ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നാക്കിന്റെ മുകളിലെ മൂന്നില്‍ രണ്ടു ഭാഗത്തെയും രസനാങ്കുരങ്ങളില്‍ (taste bud) നിന്നുള്ള തന്ത്രികള്‍ സംവേദന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്‌. V, VIII, IX, X എന്നീ കപാലനാഡികളുമായി ബന്ധപ്പെട്ടിരിക്കുന്ന നാഡീതന്ത്രികള്‍ ഫേഷ്യല്‍ നാഡിയില്‍ കാണാന്‍ കഴിയും. വികാരപ്രകടനങ്ങളുമായി ബന്ധമുള്ള മുഖത്തെ പേശികളെ മസ്‌തിഷ്‌കത്തിലെ പോണ്‍സുമായി ബന്ധിപ്പിക്കുന്നത്‌ ഇതിന്റെ സുപ്രധാന ധര്‍മമാകുന്നു.

എട്ടാമത്തെ കപാലനാഡിയായ ഓഡിറ്ററിക്ക്‌ രണ്ടു വ്യത്യസ്‌ത ശാഖകളുണ്ട്‌: ശ്രവണനാഡിയായ കോക്ലിയര്‍, ശരീരത്തിന്റെ സമതുലിതാവസ്ഥയ്‌ക്കു കാരണമായ വെസ്റ്റിബ്യൂലര്‍ എന്നിവ. ആന്തരികശ്രവണേന്ദ്രിയങ്ങളുടെ വിവിധഭാഗങ്ങളില്‍ നിന്നാരംഭിക്കുന്ന നാഡീതന്ത്രികള്‍ മസ്‌തിഷ്‌കത്തിലെ വിവിധ ന്യൂക്ലിയസുകളില്‍ എത്തിച്ചേരുന്നു. IX, X, XI എന്നീ കപാലനാഡികള്‍, ജോഡിയായി കാണപ്പെടുന്ന സുഷുമ്‌നാനാഡികളുമായി ഘടനാസാദൃശ്യം ഏറെയുള്ളതാണ്‌. ചെവിക്കു മുകളിലേക്കുള്ള കപാലനാഡികളില്‍ ഈ പ്രത്യേകത കാണാന്‍ കഴിയുന്നില്ല. ഉയര്‍ന്ന കശേരുകികളില്‍ ഈ മൂന്നു നാഡികളും ബഹുശാഖികളാണ്‌. സിംപതറ്റിക്‌ തന്ത്രികളോടൊപ്പം പ്രരകതന്ത്രികളും സംവേദന തന്ത്രികളും ഇതില്‍ സമ്മിശ്രമായി കാണപ്പെടുന്നു. ഒന്‍പതാമത്തേതായ ഗ്ലോസോഫാരിന്‍ജീയല്‍ നാഡി നാക്കിന്റെ ശ്ലേഷ്‌മാവരണം, ഉമിനീര്‍ ഗ്രന്ഥികള്‍, തൊണ്ട, ഗ്രസനി (pharynx) എന്നിവിടങ്ങളില്‍ എത്തിച്ചേരുന്നു. സ്‌പൈനല്‍ ആക്‌സെസറി, ആക്‌സെസറി എന്നീ പേരുകളുള്ള 11-ാമത്തെ കപാലനാഡിക്ക്‌ ഉദ്‌ഭവം രണ്ടുണ്ട്‌: മസ്‌തിഷ്‌കത്തില്‍ നിന്നും സുഷുമ്‌നയില്‍ നിന്നും. സുഷുമ്‌നയില്‍ നിന്നുദ്‌ഭവിക്കുന്ന ഈ നാഡീതന്ത്രികള്‍ പലപ്പോഴും അഞ്ചാമത്തെ "സെര്‍വൈക്കല്‍' (cervical) (കഴുത്തിലുള്ളത്‌) തന്ത്രിയുടെയത്ര താഴെ നിന്നുവരെ ആകാറുണ്ട്‌. ക്ലോമ(larynx)ത്തിലെ പേശികളിലാണ്‌ ഇവ ചെന്നെത്തുന്നത്‌. ഭാഗികമായി പിന്‍കഴുത്തിലെ പേശികളും ഇതിന്‍െറ നിയന്ത്രണവലയത്തില്‍പ്പെടുന്നു. വേഗസ്‌ എന്നും ന്യൂമൊഗാസ്‌റ്റ്രിക്‌ എന്നും പേരുകളുള്ള പത്താമത്തെ നാഡിയാണ്‌ കപാലനാഡികളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ അവയവങ്ങളെ നിയന്ത്രിക്കുന്നത്‌. കഴുത്ത്‌, വക്ഷസ്സ്‌, ഉദരം എന്നീ ഭാഗങ്ങളിലെല്ലാം കൂടി ഇതു കടന്നുപോകുന്നു. കഴുത്തിലെ പേശികളിലും ശ്ലേഷ്‌മസ്‌തരത്തിലും നിന്നുള്ള ചോദനകള്‍ പ്രഷണം ചെയ്യുന്നതോടൊപ്പം ഇതിന്റെ ഒരു ശാഖ ഹൃദയത്തിലെത്തിച്ചേരുന്നുമുണ്ട്‌. നിരോധക (inhibitory)ധര്‍മമാണ്‌ ഇതിനുള്ളത്‌ എന്നു മാത്രം. അന്നനാളി, ആമാശയം, ചെറുകുടല്‍, യകൃത്‌നാളി എന്നീ ഭാഗങ്ങളിലും ഇതില്‍ നിന്നുള്ള പ്രരകതന്ത്രികള്‍ എത്തുന്നുണ്ട്‌. വികാരവിക്ഷോഭങ്ങള്‍ ഹൃദയമിടിപ്പിനെയും പചനവ്യൂഹത്തെയും ബാധിക്കുന്നത്‌ ഈ മാര്‍ഗത്തിലൂടെയാണ്‌. ഇതില്‍ മറ്റൊരു ശാഖ ശ്വാസകോശത്തിലെത്തി ഒരു ഫുപ്‌ഫുസ ജാലത്തിന്‌ (pulmonary plexus) രൂപം കൊടുക്കുന്നു. ശകുല(gill)ങ്ങളുള്ള കശേരുകികളില്‍ ഓരോ ശകുലരന്ധ്രത്തിലും വേഗസിന്റെ ശാഖകളെത്തുന്നതായി കാണാം; പ്ലവനസഞ്ചികള്‍ (swim bladder) ഉണ്ടെങ്കില്‍ അതിന്റെയും സ്ഥിതി വ്യത്യസ്‌തമല്ല. പന്ത്രണ്ടാമത്തേതായ ഹൈപോഗ്ലോസല്‍ നാഡി മെഡുലയില്‍ നിന്നു രൂപം കൊള്ളുന്നു. ഇതില്‍ പ്രരകതന്ത്രികള്‍ മാത്രമാണടങ്ങിയിരിക്കുന്നത്‌ എന്നു പറയാം. നാക്കിലെ പേശികളുടെ നിയന്ത്രണമാണ്‌ ഇതിന്റെ ചുമതല. 10 കപാലനാഡികള്‍ മാത്രമുള്ള, പരിണാമപരമായി താഴ്‌ന്ന കശേരുകികളില്‍ ഹൈപോഗ്ലോസലിന്റെ സമജാതം (homologue) ആയിരിക്കുമെന്നു കരുതാവുന്ന സ്‌പൈനോഓക്‌സിപ്പിറ്റല്‍ നാഡികള്‍ കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍