This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപാലകുണ്ഡല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കപാലകുണ്ഡല

ബങ്കിംചന്ദ്ര ചതോപാധ്യായ

ബങ്കിംചന്ദ്ര ചതോപാധ്യായയുടെ പ്രസിദ്ധമായ നോവല്‍ (1867). ബംഗാളിന്റെ സാംസ്‌കാരിക പൈതൃകവുമായി കെട്ടുപിണഞ്ഞ ഈ കഥയ്‌ക്ക്‌ ഒട്ടുമിക്ക ഭാരതീയ ഭാഷകളിലും വിവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

നരബലിയില്‍ വിശ്വസിച്ചിരുന്ന കാപാലികന്മാരുടെ കാലത്ത്‌ (എ.ഡി. 16, 17 ശ.ങ്ങള്‍) ബംഗാളില്‍ നടന്നതായി കരുതപ്പെടുന്ന സംഭവമാണ്‌ ഇതിലെ കഥ. കടല്‍ക്കള്ളന്മാരുടെ കൈയില്‍ അകപ്പെട്ട ഒരു ബാലിക (കപാലകുണ്ഡല)യെ കപ്പല്‍ തകര്‍ന്നു പോയതിനാല്‍ അവര്‍ കാട്ടില്‍ ഉപേക്ഷിച്ചിട്ടുപോയി. ബാലിക ചെന്നു ചേര്‍ന്നത്‌ ഒരു കാപാലികന്റെ ആശ്രമത്തിലാണ്‌. തന്റെ ശ്രേയസ്സിനുവേണ്ടി പതിനാറു വയസ്സായ ഒരു പെണ്‍കുട്ടിയെ ബലിയര്‍പ്പിക്കാന്‍ അവസരം കാത്തിരിക്കുകയായിരുന്നു അയാള്‍.

സപ്‌തഗ്രാമത്തിലെ നവകുമാരന്‍ ബോട്ടില്‍ സഞ്ചരിക്കവേ യാദൃച്ഛികമായി കരയിലിറങ്ങി. തിരിച്ചെത്തിയപ്പോഴേക്കും ബോട്ട്‌ കരവിട്ടു പോയിക്കഴിഞ്ഞിരുന്നു. വനത്തില്‍ കുടുങ്ങിയ നവകുമാരഌം ഒടുവില്‍ പ്രസ്‌തുത കാപാലികന്റെ കൈയില്‍ അകപ്പെട്ടു. കാളിക്കു ബലി അര്‍പ്പിക്കാനായി നവകുമാരനെ ബലിപീഠത്തിലിരുത്തിയെങ്കിലും അയാളെ വധിക്കാന്‍ കാപാലികനു കഴിഞ്ഞില്ല. കപാലകുണ്ഡല അയാളെ രക്ഷപ്പെടുത്തി. യാഗവേദിയിലെ പൂജാരി കപാലകുണ്ഡലയുടെയും നവകുമാരന്റെയും വിവാഹം നടത്തിക്കൊടുക്കുകയും എത്രയും വേഗം അവിടെ നിന്നു രക്ഷപ്പെട്ടുകൊള്ളാന്‍ ഉപദേശിക്കുകയും ചെയ്‌തു. രണ്ടു പേരുംകൂടി സപ്‌തഗ്രാമത്തിലേക്കു പുറപ്പെട്ടു. മാര്‍ഗമധ്യേ നവകുമാരന്‍ തന്റെ പ്രഥമ പത്‌നിയായ പദ്‌മാവതിയെ കണ്ടുമുട്ടി.

പദ്‌മാവതിയുടെ വിവാഹം വളരെ ചെറുപ്പത്തിലേ നടന്നതാണ്‌. അവളുടെ പിതാവായ രാമഗോവിന്ദന്‍ മതം മാറാന്‍ നിര്‍ബന്ധിതനായി. അങ്ങനെ ലുത്ത്‌ഫൊണീസ എന്ന പേര്‌ സ്വീകരിച്ചു പിതാവുമൊന്നിച്ച്‌ ആഗ്രയിലെത്തിയ പദ്‌മാവതിയെ സലിം രാജകുമാരന്‍ വെപ്പാട്ടിയായി സ്വീകരിച്ചു. ഈ സാഹചര്യത്തിലാണ്‌ നവകുമാരനെ കപാലകുണ്ഡലയൊന്നിച്ച്‌ അവള്‍ കാണുന്നത്‌. തന്റെ വിലപിടിപ്പുള്ള ആഭരണങ്ങളെല്ലാം ലുത്ത്‌ഫൊണീസ കപാലകുണ്ഡലയ്‌ക്കു നല്‌കി.

സലിം രാജകുമാരന്‍ ജഹാംഗീര്‍ എന്ന പേരില്‍ ചക്രവര്‍ത്തിയായപ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം മെഹറുന്നീസയിലേക്കു മാറി. ഗതിയില്ലാതായ ലുത്ത്‌ഫൊണീസ തന്നെ വീണ്ടും സ്വീകരിക്കണമെന്നും സപത്‌നിയായി ഇരുന്നുകൊള്ളാമെന്നും നവകുമാരനോട്‌ അപേക്ഷിച്ചെങ്കിലും അയാള്‍ അതിനു കൂട്ടാക്കിയില്ല. അതുകൊണ്ട്‌ കപാലകുണ്ഡലയെ നവകുമാരനില്‍ നിന്ന്‌ അകറ്റാന്‍ വേണ്ടി ലുത്ത്‌ഫൊണീസ ബോധപൂര്‍വം ശ്രമിച്ചു. കപാലകുണ്ഡല വീണ്ടും കാപാലികന്റെ പിടിയിലകപ്പെട്ടു. ലുത്ത്‌ഫൊണീസയുടെ തന്ത്രങ്ങളില്‍ വീണ നവകുമാരന്‌ കപാലകുണ്ഡലയുടെ ചാരിത്യ്രത്തില്‍ സംശയം തോന്നുകയും അവളെ കാളിക്കു ബലികൊടുക്കുന്നതിന്‌ സമ്മതിക്കുകയും ചെയ്‌തു; ഹോമകുണ്ഡം പോലും തയ്യാറാക്കി.

തന്റെ കൂടെ കണ്ട പരപുരുഷന്‍ പുരുഷവേഷം ധരിച്ച പദ്‌മാവതിയായിരുന്നുവെന്ന്‌ കപാലകുണ്ഡല നവകുമാരനെ ബോധ്യപ്പെടുത്തി. തനിക്കു പറ്റിയ ബുദ്ധിമോശത്തില്‍ നവകുമാരന്‍ പശ്ചാത്തപിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട്‌ സ്വഗൃഹത്തിലേക്കുള്ള മടക്കയാത്രയില്‍ ഗംഗയുടെ കരയിടിഞ്ഞ്‌ കപാലകുണ്ഡല നദിയില്‍ വീണു; അവളെ രക്ഷിക്കുന്നതിനുവേണ്ടി നവകുമാരഌം പിന്നാലെ ചാടിയെങ്കിലും രണ്ടുപേരും ഗംഗാഗര്‍ത്തത്തില്‍പ്പെട്ട്‌ മരണമടഞ്ഞു. ഇങ്ങനെ ദുരന്തപൂര്‍ണമായി കഥ അവസാനിക്കുന്നു.

വി. കൃഷ്‌ണന്‍ തമ്പി നിര്‍വഹിച്ച കപാലകുണ്ഡലയുടെ മലയാള വിവര്‍ത്തനം ഏ.ആര്‍. രാജരാജവര്‍മയുടെ അവതാരികയോടുകൂടി 1914ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍