This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനേറിപ്പക്ഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കനേറിപ്പക്ഷി

Canary bird

കനേറിപ്പക്ഷി

കുരുവിയെപ്പോലുള്ള ചെറു വാനമ്പാടികള്‍ ഉള്‍പ്പെടുന്ന "ഫിഞ്ച്‌' പക്ഷികുടുംബത്തില്‍പ്പെട്ടതും വളരെയധികം വിലമതിക്കപ്പെടുന്നതുമായ ഒരു ചെറുപക്ഷി. ഉദ്ദേശം 12 സെ.മീ. നീളവും 14 ഗ്രാം ഭാരവുമുള്ള ഇതിന്റെ ജന്മദേശം കനേറി ദ്വീപുകളാണ്‌. അസോര്‍സ്‌, മദിറ, കേപ്‌ വേര്‍ദ്‌ ദ്വീപുകള്‍ എന്നിവിടങ്ങളിലും ഇവ സമൃദ്ധമായുണ്ട്‌. ശാ.നാ.: സെറിനസ്‌ കനേറിയസ്‌ (Serinus canarius).

പ്രകൃതിയില്‍ നൈസര്‍ഗികമായി കാണപ്പെടുന്ന കനേറിപ്പക്ഷികള്‍ ഉയരം കൂടിയതും ധാരാളം ഇലകളുള്ളതുമായ കുറ്റിച്ചെടികളിലും, ചെറുവൃക്ഷങ്ങളിലുമാണ്‌ കൂടുകെട്ടുന്നത്‌. ചെറുപായല്‍ച്ചെടികള്‍, തൂവലുകള്‍, തലമുടി എന്നിവ നീഡനിര്‍മിതിക്കുപയോഗപ്പെടുത്തുന്നു. ഒരു "സീസണി'ല്‍ രണ്ടു മുതല്‍ നാലുവരെ തവണ മുട്ടയിടാറുണ്ട്‌. അടയിരിക്കുന്നത്‌ സാധാരണയായി പെണ്‍പക്ഷിയാണെങ്കിലും, വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്ന ചുമതല ആണിന്റേതാണ്‌. മുട്ട വിരിയുന്നതിന്‌ 13 ദിവസം വേണ്ടിവരും.

ഇതിനെ ഇണക്കിവളര്‍ത്താന്‍ തുടങ്ങിയിട്ട്‌ മൂന്നൂറിലേറെ വര്‍ഷമായി. പുതിയ പല ഇനങ്ങളെയും വര്‍ഗസങ്കരണത്തിലൂടെ ഉത്‌പാദിപ്പിച്ചെടുത്തിട്ടുമുണ്ട്‌. ഗ്രറ്റ്‌ ബ്രിട്ടന്‍, ജര്‍മനി, ബെല്‍ജിയം എന്നിവിടങ്ങളില്‍ പുതിയ ഇനം കനേറിപ്പക്ഷികളെ ഉരുത്തിരിച്ചെടുക്കുന്നത്‌ വാണിജ്യപരമായി പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രവൃത്തിയായിരിക്കുന്നു. കൂട്ടിലാക്കി വളര്‍ത്തപ്പെടുന്ന മിക്കവാറും എല്ലാ ഇനങ്ങള്‍ക്കും മഞ്ഞനിറത്തിലുള്ള തൂവലുകള്‍ ഉള്ളതായാണ്‌ കാണപ്പെടുന്നത്‌. എന്നാല്‍ ജന്മദേശത്ത്‌ സ്വച്ഛന്ദം വിഹരിക്കുന്ന കനേറിപ്പക്ഷിക്ക്‌ അരണ്ട പച്ചനിറമാണ്‌. ഇണക്കിവളര്‍ത്തപ്പെടുന്നവയ്‌ക്ക്‌ കാട്ടുജാതിയെക്കാള്‍ വലുപ്പം വയ്‌ക്കാറുണ്ട്‌. യു.എസ്സില്‍ വളര്‍ത്തപ്പെടുന്നതില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ പക്ഷി ഇതാണ്‌.

ശ്രവണമധുരങ്ങളായ റ്റ്യൂണുകള്‍ ഇവയെ പരിശീലിപ്പിച്ചെടുക്കുക പ്രയാസമുള്ള കാര്യമല്ല. താന്‍ പഠിച്ച കാര്യങ്ങള്‍ തന്‍െറ കുഞ്ഞുങ്ങളിലേക്കു പകരുന്നത്‌ ഇതിന്റെ പതിവാണ്‌. നല്ല ഒരു കനേറിപ്പക്ഷിക്ക്‌ ഏറ്റവും കുറഞ്ഞത്‌ നൂറു ഡോളര്‍ വില ലഭിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍