This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനകാംബരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കനകാംബരം

അക്കാന്തേസീ (Acanthaceae) സസ്യകുടുംബത്തിലെ ബാര്‍ലീറിയ (Barleria) ജനുസ്സില്‍പ്പെടുന്നതും വര്‍ണമനോഹരമായ പൂക്കള്‍ ഉത്‌പാദിപ്പിക്കുന്നതുമായ ചെടികള്‍. ജെ. ബറേലിയര്‍ (J. Barrelier) എന്ന ഫ്രഞ്ച്‌ സസ്യശാസ്‌ത്രകാരന്റെ പേരിനെ ആസ്‌പദമാക്കിയാണ്‌ ഈ ജീനസ്‌ നാമം ഉണ്ടായിട്ടുള്ളത്‌.

ഉഷ്‌ണമേഖലയിലും മിതോഷ്‌ണമേഖലയിലും ജന്മം കൊണ്ട ഉദ്ദേശം 150 ലേറെ സ്‌പീഷീസുള്‍ക്കൊള്ളുന്ന ബാര്‍ലീറിയ ജീനസിലെ ചെടികള്‍ വൈവിധ്യമാര്‍ന്ന വര്‍ണങ്ങളിലുള്ള പൂക്കള്‍ ഉത്‌പാദിപ്പിക്കുന്നവയാണ്‌. മിക്ക സ്‌പീഷീസും ആഫ്രിക്കയിലാണ്‌ കാണപ്പെടുന്നതെങ്കിലും ഇന്ത്യയിലും ചിലത്‌ വളരുന്നുണ്ട്‌. കനകാംബരച്ചെടികളില്‍ ഇലകള്‍ സമ്മുഖമായി ക്രമീകരിച്ചിരിക്കും. പൂക്കള്‍ ശാഖാഗ്രങ്ങളിലോ പത്രകക്ഷ്യങ്ങളിലോ (leaf axils) കാണപ്പെടുന്നു. വെള്ള, നീല, മഞ്ഞ, ഓറഞ്ച്‌ എന്നീ നിറങ്ങളിലുള്ള പൂക്കള്‍ ഉത്‌പാദിപ്പിക്കുന്ന കനകാംബരച്ചെടികളാണ്‌ സാധാരണയായി കണ്ടുവരുന്നത്‌.

ഇന്ത്യന്‍ സ്വദേശിയായ ബാര്‍ലീറിയാ ക്രിസ്റ്റേറ്റ 1.5 മീ. ഉയരത്തില്‍ വളരുന്നതും ദീര്‍ഘവൃത്താകാരത്തിലുള്ള ഇലകളോടുകൂടിയതുമാണ്‌. ചോര്‍പ്പിന്റെ ആകൃതിയും നീല നിറവുമുള്ള പൂക്കള്‍ കുലകളില്‍ ഇടതൂര്‍ന്നു നില്‌ക്കുന്നു. സെപ്‌. മുതല്‍ ഒ. വരെയാണ്‌ പൂക്കാലം. ഇതിന്റെ നിരവധി സങ്കരയിനങ്ങളുമുണ്ട്‌. വെള്ളയില്‍ നീലവരകളോടുകൂടിയ പൂക്കള്‍ ഉത്‌പാദിപ്പിക്കുന്ന സങ്കരയിനം കാഴ്‌ചയ്‌ക്ക്‌ വളരെ മനോഹരമാണ്‌. 1 മീ. പൊക്കത്തില്‍ വളരുന്ന ഇന്ത്യന്‍ സ്വദേശിയായ മറ്റൊരു സ്‌പീഷീസാണ്‌ ബാര്‍ലീറിയ ഗിബ്‌സോണിയൈ. ഇതിന്റെ പൂക്കള്‍ താരതമ്യേന വലുതും ഇളം പര്‍പ്പിള്‍ നിറമുള്ളതുമാണ്‌. ബാര്‍ലീറിയ ടൊമെന്റോസയില്‍ ഓറഞ്ച്‌ നിറമുള്ള പൂക്കളാണുണ്ടാകുന്നത്‌. 65 സെ.മീ. മാത്രം ഉയരം വയ്‌ക്കുന്ന ബാര്‍ലീറിയാ ലുപുലൈന മഞ്ഞ നിറമുള്ള പൂക്കള്‍ ഉത്‌പാദിപ്പിക്കുന്നു. സാമാന്യം വരണ്ട പ്രദേശങ്ങളില്‍ വളരാന്‍ കഴിവുള്ളതാണ്‌ അറേബ്യന്‍ സ്വദേശിയായ ബാര്‍ലീറിയ ഫ്‌ളാവ. 1 മീ. ഉയരത്തില്‍ വളരുന്ന ഇതിന്റെ ഇലകള്‍ ലോമിലവും പര്‍ണങ്ങള്‍ അഗ്രം കൂര്‍ത്തതുമാണ്‌. പൂവിന്‌ മഞ്ഞ നിറമാണുള്ളത്‌.

പൂന്തോട്ടത്തില്‍ കുറ്റിച്ചെടികള്‍ മാത്രം വച്ചുപിടിപ്പിക്കുന്ന ഭാഗത്ത്‌ (shrubbery) നടാന്‍ പറ്റിയതാണ്‌ കനകാംബരച്ചെടി, കലാപരമായി കമ്പുകള്‍ കോതി നിറുത്തുമ്പോള്‍ ശിലാരാമങ്ങള്‍ക്കും (rock garden) മറ്റും ഈ ചെടി ഒരു പ്രത്യേക ഭംഗി പ്രദാനം ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍