This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കനകസഭാപിള്ള, വി. (1855-1906)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കനകസഭാപിള്ള, വി. (1855 1906)

വി. കനകസഭാപിള്ള

തമിഴ്‌ പണ്ഡിതഌം ചരിത്രകാരഌം. ഇദ്ദേഹം 1855ല്‍ മദ്രാസ്‌ പട്ടണത്തില്‍ കോമളേശ്വരന്‍പേട്ട എന്ന സ്ഥലത്തു ജനിച്ചു. പിതാവ്‌ വിശ്വനാഥപിള്ള സിലോണിലെ യാഴ്‌പ്പാണത്തു നിന്ന്‌ മദ്രാസില്‍ വന്നു താമസമുറപ്പിച്ച ആളാണ്‌. തമിഴ്‌ പണ്ഡിതനായിരുന്ന വിശ്വനാഥപിള്ള പ്രസിദ്ധമായ, വിന്‍സ്ലോയുടെ തമിഴ്‌ഇംഗ്ലീഷ്‌ നിഘണ്ടുവിന്റെ നിര്‍മാണത്തില്‍ സഹായിച്ചിട്ടുണ്ട്‌.

കനകസഭാപിള്ള ബാല്യകാലത്ത്‌ പഠിത്തത്തില്‍ അതീവ തത്‌പരനായിരുന്നു. പ്രശസ്‌തമായ നിലയില്‍ മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ നിന്ന്‌ ബി.എ.ബിരുദം നേടി. ഡിഗ്രി സമ്പാദിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇദ്ദേഹത്തെ "ബോയ്‌ ഗ്രാഡുവേറ്റ്‌' എന്നു വിളിച്ചു വന്നിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ജോലി ലഭിച്ചു. തുടര്‍ന്നു നിയമപഠനം നടത്തി ബി.എല്‍.ബിരുദം കരസ്ഥമാക്കിയ ശേഷം മധുരയില്‍ അഭിഭാഷകനായി പ്രാക്‌ടീസ്‌ ചെയ്‌തു. ഒടുവില്‍ പ്രാക്‌ടീസ്‌ നിര്‍ത്തിയിട്ട്‌ പഴയ പോസ്റ്റല്‍ ലാവണത്തിലേക്ക്‌ മടങ്ങിപ്പോയി.

പ്രാചീന തമിഴ്‌സാഹിത്യത്തില്‍ സവിശേഷ താത്‌പര്യമുണ്ടായിരുന്ന ഇദ്ദേഹം അപ്രകാശിതങ്ങളായ പ്രാചീന തമിഴ്‌ കൃതികള്‍ ശേഖരിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ഇന്ന്‌ അറിയപ്പെടുന്ന സംഘകാലകൃതികള്‍ അന്ന്‌ പ്രകാശിതങ്ങളായിരുന്നില്ല. ഒട്ടുമിക്കതും താളിയോല ഗ്രന്ഥങ്ങളില്‍ അജ്ഞാതങ്ങളായി കിടന്നിരുന്നു. അത്തരം അമൂല്യഗ്രന്ഥങ്ങള്‍ ശേഖരിക്കുവാന്‍, പോസ്റ്റല്‍ ഡിവിഷനല്‍ സൂപ്രണ്ട്‌ എന്ന നിലയില്‍ പല സ്ഥലത്തും സഞ്ചരിക്കേണ്ടിവന്ന കനകസഭാപിള്ള പരമാവധി ശ്രമം നടത്തി. സംഭരിക്കുന്ന ഗ്രന്ഥങ്ങളും ശിലാശാസനങ്ങളും പകര്‍ത്തിയെഴുതുന്നതിഌം അവയെക്കുറിച്ചു പഠനം നടത്തുന്നതിഌം സഹായിയായി അപ്പാവുപിള്ള എന്നൊരാളെ ഇദ്ദേഹം സ്വന്തം ചെലവില്‍ 20 വര്‍ഷത്തോളം പാര്‍പ്പിച്ചിരുന്നു. യു.വി. സ്വാമിനാഥയ്യര്‍ പ്രാചീന തമിഴ്‌കൃതികളുടെ പ്രസിദ്ധീകരണത്തിന്‌ തയ്യാറെടുത്തുകൊണ്ടിരുന്നപ്പോള്‍ കനകസഭാപിള്ള സ്വന്തം ശേഖരത്തില്‍ നിന്ന്‌ പത്തുപ്പാട്ട്‌, പുറനാനൂറ്‌, ചിലപ്പതികാരം എന്നിവയുടെ താളിയോലഗ്രന്ഥങ്ങള്‍ നല്‌കി അദ്ദേഹത്തെ സഹായിച്ചു. ഇംഗ്ലീഷില്‍ രചനാപാടവമുണ്ടായിരുന്ന കനകസഭാപിള്ള ആ ഭാഷയിലും കവിതകള്‍ രചിച്ചിട്ടുണ്ട്‌; തമിഴിലെ കളവഴിനാര്‍പത്‌, കലിങ്കത്തുപ്പരണി, വിക്രമചോഴനുല എന്നീ കാവ്യങ്ങള്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി ഇന്ത്യന്‍ആന്റിക്വറിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

1901ല്‍ ഇദ്ദേഹം ഇംഗ്ലീഷില്‍ ലേഖനരൂപത്തില്‍ എഴുതിത്തുടങ്ങിയതും 1904ല്‍ പുസ്‌തകരൂപത്തില്‍ പ്രസാധനം ചെയ്‌തതുമായ ദി തമിള്‍സ്‌ എയ്‌റ്റീന്‍ ഹണ്‍ഡ്രഡ്‌ ഇയേഴ്‌സ്‌ എഗോ (The Tamils Eighteen Hundred Years Ago) എന്ന ഗവേഷണ കൃതിയാണ്‌ കനകസഭാപിള്ളയുടെ നാമധേയം ശാശ്വതമായി തമിഴ്‌പണ്ഡിതന്മാരുടെ ഇടയില്‍ നിലനിര്‍ത്തിവരുന്നത്‌. ഈ കൃതിയില്‍ തമിഴ്‌നാട്‌, തമിഴ്‌ സാഹിത്യം, തമിഴിന്റെ പ്രാചീനത, തമിഴിലെ മുഖ്യമഹാകാവ്യങ്ങളായ ചിലപ്പതികാരം, മണിമേഖല എന്നിവയെപ്പറ്റിയും "മൂവേന്ത'രായിരുന്ന ചേരര്‍, ചോളര്‍, പാണ്ഡ്യര്‍ എന്നിവരെപ്പറ്റിയും സമഗ്രവും സൂക്ഷ്‌മവും ശ്രദ്ധേയവുമായ പഠനം അടങ്ങിയിരിക്കുന്നു. പണ്ഡിതന്മാര്‍ വിലപ്പെട്ട ഒരു പ്രമാണഗ്രന്ഥമായി ഈ കൃതി അംഗീകരിച്ചിട്ടുണ്ട്‌.

മധുര തമിഴ്‌ സംഘം നടത്തിയിരുന്ന "ചെന്തമിഴ്‌' മാസികയില്‍ ശ്രദ്ധേയമായ ഗവേഷണലേഖനങ്ങള്‍ കനകസഭാപിള്ള എഴുതിയിട്ടുണ്ട്‌. കാഞ്ചീപുരത്ത്‌ ഉദ്യോഗസംബന്ധമായി സഞ്ചരിക്കവെ ഇദ്ദേഹം 1906 ഫെ. 2ന്‌ അന്തരിച്ചു.

(പ്രാഫ. അമ്പലത്തറ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍